Tuesday, February 7, 2012

ജനസമ്പര്‍ക്കം: വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കി പണം തട്ടാന്‍ യൂത്ത്കോണ്‍. നേതാക്കളുടെ ശ്രമം

കോഴിക്കോട്: ജനസമ്പര്‍ക്ക പരിപാടിയുടെ മറവില്‍ സഹായധനം കൈപ്പറ്റാനുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ പൊളിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് നോര്‍ത്ത് ബ്ലോക്ക് സെക്രട്ടറി പി റോജിത്ത്, എടക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എ പി സഞ്ജയ് എന്നിവരാണ് രോഗികളാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി സഹായധനം കൈപ്പറ്റാന്‍ ശ്രമിച്ചത്. ജോലി ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ പെട്ടിക്കടകള്‍ തുടങ്ങുന്നതിന് സാമ്പത്തിക സഹായം അനുവദിക്കണമെന്നായിരുന്നു ആവശ്യം. അപേക്ഷ പരിഗണിച്ച ഉമ്മന്‍ചാണ്ടി അന്വേഷണത്തിന് തഹസില്‍ദാര്‍ക്ക് നല്‍കി. ഇദ്ദേഹം അത് വില്ലേജ് ഓഫീസര്‍ക്കു കൈമാറി. ഈ അന്വേഷണത്തിലാണ് തട്ടിപ്പ് തെളിഞ്ഞത്.

മുഖ്യമന്ത്രിക്കു നല്‍കിയ അപേക്ഷയോടൊപ്പം ഇരുവരും മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍നിന്നും നല്‍കിയ വിടുതല്‍സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് നല്‍കിയിരുന്നു. വൃക്കരോഗമായതിനാല്‍ഭാരിച്ച ജോലികളൊന്നും ചെയ്യാന്‍ കഴിയുന്നില്ല, പത്താംക്ലാസ് ജയിച്ചിട്ടുണ്ട്, പെട്ടിക്കട തുടങ്ങാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തില്‍ നിന്നും തുക അനുവദിക്കണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി റോജിത്തിന്റെ ആവശ്യം. തൈറോയ്ഡ് രോഗം ബാധിച്ചതിനാല്‍ സ്ഥിരമായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് പെട്ടിക്കട അനുവദിക്കണമെന്നുമായിരുന്നു സഞ്ജയിന്റെ ആവശ്യം. ഇരുവര്‍ക്കും നല്‍കിയ വിടുതല്‍ സര്‍ടിഫിക്കറ്റില്‍ രക്തം കട്ടപിടിച്ചോ അമിതരക്തപ്രവാഹം മൂലമോ ഒരുഭാഗം കുഴഞ്ഞുപോവുന്ന അസുഖം ഉണ്ടെന്നാണ് പറയുന്നത്. ഈ രോഗമുള്ള ഏതോ ഒരാള്‍ക്ക് നല്‍കിയ സര്‍ടിഫിക്കറ്റിലെ വിലാസം മാറ്റി അപേക്ഷയോടൊപ്പം നല്‍കിയെന്നാണ് അധികൃതര്‍ കരുതുന്നത്. ഒരേ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉപയോഗിച്ച് ഇരുവരും വ്യാജരേഖ ചമയ്ക്കുയായിരുന്നെന്ന് വില്ലേജ് ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു.
പലര്‍ക്കും സഹായധനവും മറ്റ് ആനുകൂല്യങ്ങളും വാങ്ങിത്തരാമെന്നു പറഞ്ഞ് നിരവധി ആളുകളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. മുഖ്യന്റെ പരിപാടിക്കെത്തിയ അര്‍ഹരായ ആയിരങ്ങള്‍ നിരാശരായി മടങ്ങിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യാജരേഖകള്‍ സൃഷ്ടിച്ച് മുഖ്യനെ കബളിപ്പിച്ചത്. അര്‍ഹമല്ലാത്ത നിരവധിയാളുകള്‍ ഇതേ രീതിയില്‍ സഹായധനം കൈപ്പറ്റിയിട്ടുണ്ടെന്ന് സംശയമുണ്ട്. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. വ്യാജരേഖ ചമച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല.

സമഗ്രാന്വേഷണം വേണം: ഡിവൈഎഫ്ഐ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കി പണംതട്ടാന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. കോഴിക്കോട്ട് നടന്ന ജനസമ്പര്‍ക്ക പരിപാടിയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എടക്കാട് മണ്ഡലം പ്രസിഡണ്ട് വി സഞ്ജയും നോര്‍ത്ത് മണ്ഡലം ജനറല്‍സെക്രട്ടറി പി റോജിത്തും വ്യാജരേഖ ചമച്ച് പെട്ടിക്കട തുടങ്ങാന്‍ ധനസഹായത്തിന് അപേക്ഷ നല്‍കിയത്. ഒരു രോഗിക്ക് ആശുപത്രിയില്‍നിന്ന് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ അഡ്രസ്സ് മാറ്റി വ്യാജരേഖ നിര്‍മ്മിച്ചായിരുന്നു പണം തട്ടിയെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. ഉമ്മന്‍ചാണ്ടി വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ അരങ്ങേറിയ തട്ടിപ്പുകളില്‍ ഒന്നുമാത്രമാണ് കോഴിക്കോട് പിടിക്കപ്പെട്ടത്. അപേക്ഷകളും അര്‍ഹത തെളിയിക്കുന്ന രേഖകളും സൂക്ഷ്മമായി പരിശോധിക്കാതെ പണം വിതരണംചെയ്ത ജനസമ്പര്‍ക്ക പരിപാടിയില്‍ ഇതേരീതിയില്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി വ്യാജരേഖ ചമക്കലിനും പണാപഹരണശ്രമത്തിനും വഞ്ചനക്കും യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

deshabhimani 070212

1 comment:

  1. ജനസമ്പര്‍ക്ക പരിപാടിയുടെ മറവില്‍ സഹായധനം കൈപ്പറ്റാനുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ പൊളിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് നോര്‍ത്ത് ബ്ലോക്ക് സെക്രട്ടറി പി റോജിത്ത്, എടക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എ പി സഞ്ജയ് എന്നിവരാണ് രോഗികളാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി സഹായധനം കൈപ്പറ്റാന്‍ ശ്രമിച്ചത്. ജോലി ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ പെട്ടിക്കടകള്‍ തുടങ്ങുന്നതിന് സാമ്പത്തിക സഹായം അനുവദിക്കണമെന്നായിരുന്നു ആവശ്യം. അപേക്ഷ പരിഗണിച്ച ഉമ്മന്‍ചാണ്ടി അന്വേഷണത്തിന് തഹസില്‍ദാര്‍ക്ക് നല്‍കി. ഇദ്ദേഹം അത് വില്ലേജ് ഓഫീസര്‍ക്കു കൈമാറി. ഈ അന്വേഷണത്തിലാണ് തട്ടിപ്പ് തെളിഞ്ഞത്.

    ReplyDelete