Tuesday, February 7, 2012

ക്രിസ്തുവിന്റെ നേരവകാശികളാകാന്‍ കോണ്‍ഗ്രസിനാകില്ല: എം എ ബേബി

കൊല്ലം: കോണ്‍ഗ്രസുകാര്‍ക്കല്ല അധഃസ്ഥിതരുടെയും പീഡിതരുടെയും മോചനത്തിനായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമാണ് ക്രിസ്തുവിന്റെ നേരവകാശം പ്രഖ്യാപിക്കാനുള്ള അവകാശമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം എ ബേബി പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥയ്ക്ക് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ ചരിത്ര പ്രദര്‍ശനത്തില്‍ "ക്രിസ്തു മുതല്‍ ചെഗുവേര വരെ" എന്ന തലക്കെട്ടിലുള്ള ചിത്രത്തില്‍ യേശുക്രിസ്തുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയതാണ് ഇപ്പോള്‍ വലിയ വിമര്‍ശനത്തിന് കാരണമായത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ എം മാണിയും വലിയ അപരാധമെന്ന തരത്തിലാണ് അഭിപ്രായം പറയുന്നത്. മാര്‍ക്സും ഏംഗല്‍സും ആദിമ ക്രിസ്തുമതവും സോഷ്യലിസ്റ്റ് പ്രസ്ഥാനവും തമ്മിലുള്ള സാദൃശ്യത്തെക്കുറിച്ച് ലേഖനങ്ങളെഴുതിയിട്ടുണ്ട്.അന്നത്തെ പൗരോഹിത്യ വര്‍ഗത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ യേശുക്രിസ്തു ശബ്ദമുയര്‍ത്തി. സോഷ്യലിസ്റ്റ് ആശയങ്ങളുടെ ആദ്യസന്ദേശങ്ങളാണ് യേശുക്രിസ്തു നല്‍കിയത്. ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിക്കുന്നവര്‍ക്ക് സ്വര്‍ഗരാജ്യമെന്നും സമ്പന്നര്‍ക്ക് അവിടെ ഇടമില്ലെന്നും പറഞ്ഞു. ഒട്ടകത്തിന് സൂചിക്കുഴലിലൂടെ കടക്കാന്‍ കഴിയുമെങ്കില്‍ മാത്രമെ ധനികര്‍ക്ക് സ്വര്‍ഗരാജ്യം പ്രാപിക്കാന്‍ കഴിയൂ എന്ന് പറഞ്ഞത്മുതലാളിത്തത്തിനെതിരായ ആശയപ്രകടനമാണ്. ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിച്ചതിന് കമ്യൂണിസ്റ്റുകാരും ക്രിസ്തുവിന്റെ അനുയായികളും ലോകത്തെല്ലായിടത്തും വേട്ടയാടപ്പെട്ടിട്ടുണ്ടെന്നതാണ് ചരിത്രം. കോണ്‍ഗ്രസുകാര്‍ക്കോ മാണിക്കോ അതൊന്നും മനസ്സിലാകില്ല.

ക്രിസ്തുവിനെക്കുറിച്ച് സംസ്ഥാന സെക്രട്ടറി പിണറായിയുടെ അഭിപ്രായം പൂര്‍ണമായി അംഗീകരിക്കുന്നെന്ന് വലിയ മെത്രാപോലീത്താ മാര്‍ ക്രിസോസ്റ്റം തിരുമേനി പറഞ്ഞു. ക്രിസ്തു ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും വ്യക്തമാക്കി. ക്രിസോസ്റ്റം തിരുമേനിയേക്കാള്‍ വലിയ മെത്രാപോലീത്താ ചമയുകയാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മാണിയുമൊക്കെ. മതന്യൂനപക്ഷങ്ങള്‍ മുമ്പെങ്ങും ഇല്ലാത്തവിധം ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് കൂടുതല്‍ അടുക്കുന്നതിലുള്ള അസഹിഷ്ണുതയാണ് കോണ്‍ഗ്രസിനും മനോരമയ്ക്കും. മതവിശ്വാസം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമല്ല. ഒറീസയില്‍ മതഭ്രാന്തരുടെ ആക്രമണത്തിന് വൈദികരും കന്യാസ്ത്രീകളും ഇരയായപ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കിയത് സിപിഐ എം മാത്രമാണ്.

തൊഴിലെടുക്കുന്നവന്റെ വിയര്‍പ്പുണങ്ങുംമുമ്പ് അവന് പ്രതിഫലം നല്‍കണമെന്നാണ് പ്രവാചകനായ നബി തിരുമേനി പറഞ്ഞത്. ആ മഹത്തായ ആശയം പ്രാവര്‍ത്തികമാക്കാനാണ് കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്നത്. തലശേരിയില്‍ മുസ്ലീം പള്ളി ആക്രമിക്കാനുള്ള മത തീവ്രവാദികളുടെ ശ്രമത്തെ ചെറുത്ത സിപിഐ എം ലോക്കല്‍കമ്മിറ്റി സെക്രട്ടറി കുഞ്ഞിരാമന് രക്തസാക്ഷിയാകേണ്ടിവന്നു. ഹിന്ദുമത വിശ്വാസികളില്‍ അധഃസ്ഥിതരെന്നു മുദ്രകുത്തിയവര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആരാധനയ്ക്ക് അവസരം നേടിയെടുക്കാനുള്ള പ്രക്ഷോഭത്തിന് നേതൃത്വംനല്‍കിയത് കെ കേളപ്പനും എ കെ ജിയും പി കൃഷ്ണപിള്ളയുമായിരുന്നു. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. നുണപ്രചാരണങ്ങളെ അതിജീവിച്ച് കൂടുതല്‍ കരുത്തോടെ മുന്നേറിയ ചരിത്രമാണ് സിപിഐ എമ്മിനുള്ളതെന്നും എം എ ബേബി പറഞ്ഞു.

പാര്‍ടി കോണ്‍ഗ്രസിന് പ്രാധാന്യമേറെ: ഇ പി ജയരാജന്‍

കൊല്ലം: ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ ലോകവ്യാപകമായി ശക്തിപ്പെടുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് ചേരുന്ന സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് രാഷ്ട്രീയപ്രാധാന്യം ഏറെയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ടികളും ഇടതുപക്ഷപ്രസ്ഥാനങ്ങളും ലോകവ്യാപകമായി ശക്തിപ്പെടുന്ന ആവേശകരമായ പശ്ചാത്തലത്തിലാണ് പാര്‍ടികോണ്‍ഗ്രസ് ചേരുന്നത്. ഇക്കാരണത്താല്‍ പാര്‍ടി കോണ്‍ഗ്രസിനെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഇ പി പറഞ്ഞു. തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാകജാഥയ്ക്ക് കൊട്ടാരക്കര കച്ചേരിമുക്കില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാക്യാപ്റ്റന്‍ കൂടിയായ ഇ പി.

അമേരിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ ശക്തിപ്പെട്ടുവരികയാണ്. ലാറ്റിനമേരിക്കയില്‍ ക്രൈസ്തവപുരോഹിതന്മാര്‍ ഒരു കൈയില്‍ ബൈബിളും മറുകൈയില്‍ കമ്യൂണിസ്റ്റുകാരെ കൂട്ടുപിടിച്ചുമാണ് ഈ പോരാട്ടങ്ങളില്‍ പങ്കെടുക്കുന്നത്. സ്വാഭാവികമായും ക്രൈസ്തവപുരോഹിതന്മാരുടെ ഈ മാതൃക നമ്മുടെ നാട്ടിലും പരീക്ഷിക്കാവുന്നതാണ്. അധ്വാനിക്കുന്നവരുടെ മോചനത്തിനുവേണ്ടിയും ചൂഷണരഹിതമായ ഒരു സമൂഹത്തിനുവേണ്ടിയും പോരാടിയ യേശുക്രിസ്തുവിനെ ഇന്നത്തെ പശ്ചാത്തലത്തില്‍ ക്രൈസ്തവപുരോഹിതന്മാര്‍ കൂടുതല്‍ തിരിച്ചറിയുകയാണ്. ലാറ്റിനമേരിക്കയിലെ അനുഭവം ഇതിന് ഉദാഹരണമാണ്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പാര്‍ടി കോണ്‍ഗ്രസില്‍അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയപ്രമേയം സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ്കാരാട്ട് പ്രസിദ്ധീകരണത്തിന് നല്‍കിയത്. നമ്മുടെ രാജ്യവും ജനങ്ങളും ഇന്ന് അഭിമുഖീകരിക്കുന്ന മൗലികമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതാണ് ഈ പ്രമേയം. ഇതിനൊപ്പം പ്രത്യയശാസ്ത്ര പ്രമേയവും പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം ലോകത്ത് ഉരുത്തിരിഞ്ഞുവരുന്ന പുതിയ നിരവധി രാഷ്ട്രീയസംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഐ എം സ്വീകരിക്കാന്‍പോകുന്ന നിലപാടുകള്‍ ഈ പ്രമേയങ്ങളെ ആസ്പദമാക്കിയാണ്. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ നടപ്പാക്കിവരുന്ന സാമ്രാജ്യത്വനയങ്ങള്‍ക്കെതിരെ ലോകവ്യാപകമായി പ്രക്ഷോഭം ശക്തിപ്പെട്ടുവരികയാണ്. അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ഇതില്‍ പ്രധാനപ്പെട്ടതാണ്. ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് കരുത്തുപകരുന്നതിനും രാജ്യത്ത് ജനകീയപ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിനും സിപിഐ എമ്മും ഇടതുപക്ഷവും ശക്തമായ നേതൃത്വം നല്‍കും.

ഇന്ത്യയില്‍ കോണ്‍ഗ്രസും ബിജെപിയും അഴിമതിയുടെ കാര്യത്തില്‍ ഒരേനാണയങ്ങളാണെന്ന് വ്യക്തമായിരിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന വന്‍അഴിമതികള്‍ ഒന്നിനുപിറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആഗോളവല്‍ക്കരണനയങ്ങളുടെ ഫലമാണ് ഇത്തരം അഴിമതികള്‍ . സ്വാഭാവികമായും അഴിമതിഭരണത്തിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ സിപിഐ എം നയിക്കുന്ന ഇടതുപക്ഷത്തിന് കഴിയുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ പാര്‍ടി കോണ്‍ഗ്രസ് വലിയതോതില്‍ സഹായിക്കുമെന്ന് ഇ പി പറഞ്ഞു.

deshabhimani 070212

1 comment:

  1. മതന്യൂനപക്ഷങ്ങള്‍ മുമ്പെങ്ങും ഇല്ലാത്തവിധം ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് കൂടുതല്‍ അടുക്കുന്നതിലുള്ള അസഹിഷ്ണുതയാണ് കോണ്‍ഗ്രസിനും മനോരമയ്ക്കും. മതവിശ്വാസം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമല്ല. ഒറീസയില്‍ മതഭ്രാന്തരുടെ ആക്രമണത്തിന് വൈദികരും കന്യാസ്ത്രീകളും ഇരയായപ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കിയത് സിപിഐ എം മാത്രമാണ്.

    തൊഴിലെടുക്കുന്നവന്റെ വിയര്‍പ്പുണങ്ങുംമുമ്പ് അവന് പ്രതിഫലം നല്‍കണമെന്നാണ് പ്രവാചകനായ നബി തിരുമേനി പറഞ്ഞത്. ആ മഹത്തായ ആശയം പ്രാവര്‍ത്തികമാക്കാനാണ് കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്നത്. തലശേരിയില്‍ മുസ്ലീം പള്ളി ആക്രമിക്കാനുള്ള മത തീവ്രവാദികളുടെ ശ്രമത്തെ ചെറുത്ത സിപിഐ എം ലോക്കല്‍കമ്മിറ്റി സെക്രട്ടറി കുഞ്ഞിരാമന് രക്തസാക്ഷിയാകേണ്ടിവന്നു. ഹിന്ദുമത വിശ്വാസികളില്‍ അധഃസ്ഥിതരെന്നു മുദ്രകുത്തിയവര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആരാധനയ്ക്ക് അവസരം നേടിയെടുക്കാനുള്ള പ്രക്ഷോഭത്തിന് നേതൃത്വംനല്‍കിയത് കെ കേളപ്പനും എ കെ ജിയും പി കൃഷ്ണപിള്ളയുമായിരുന്നു. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്.

    ReplyDelete