Saturday, February 18, 2012

കടലിലെ വെടിവയ്പ്: മത്സ്യമേഖലയില്‍ ആശങ്ക

ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്‍റിക്ക ലക്സിയില്‍നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം മത്സ്യമേഖലയെ ആശങ്കയിലാക്കി. നീണ്ടകര, ശക്തികുളങ്ങര, തങ്കശേരി തുറമുഖങ്ങളില്‍നിന്ന് വ്യാഴാഴ്ച പതിവില്‍ കുറച്ച് ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോയത്. കേട്ടുകേഴ്വിപോലുമില്ലാത്ത സംഭവമാണ് ബുധനാഴ്ച ഉണ്ടായതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മത്സ്യബന്ധന ബോട്ടുകളില്‍ കപ്പല്‍ ഇടിച്ച് അപകടമുണ്ടാകുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം നീണ്ടകര ഉള്‍ക്കടലില്‍ വിദേശകപ്പല്‍ ഇടിച്ചു തകര്‍ന്ന ബോട്ടിലെ അഴീക്കല്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. ഒരാളെ കാണാതായി. അപകടത്തിനിടയാക്കിയ കപ്പല്‍ നിര്‍ത്താതെപോയി.

ഒരു പ്രകോപനവുമില്ലാതെ തങ്ങള്‍ക്കുനേരെ കപ്പലില്‍നിന്ന് വെടി ഉതിര്‍ക്കുകയായിരുന്നെന്ന് സെന്റ് ആന്റണി ബോട്ടിലെ രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. കടലില്‍ കപ്പല്‍ ചാലിലൂടെ പോകുന്ന വിദേശകപ്പലുകളില്‍നിന്ന് ഇത്തരമൊരു ആക്രമണം ഇതുവരെ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ ഉണ്ടായിട്ടില്ല. വിദേശകപ്പലുകള്‍ക്ക് വേണ്ട സഹായം നല്‍കുന്നതും അപകടങ്ങള്‍ കരയില്‍ അറിയിക്കുന്നതും മത്സ്യത്തൊഴിലാളികളാണ്.

കേരളത്തിന്റെ സമുദ്രാതിര്‍ത്തി തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ (22.12 കി.മീ)വരെയാണ്. എന്നാല്‍ , മത്സ്യ ലഭ്യതയനുസരിച്ച് മത്സ്യബന്ധന ബോട്ടുകള്‍ 26 നോട്ടിക്കല്‍ മൈല്‍വരെ ഉള്ളിലേക്ക് പോകാറുണ്ട്. അന്തര്‍ദേശീയ കപ്പല്‍ച്ചാല്‍ 220 നോട്ടിക്കല്‍ മൈലാണ്. ഇതുസംബന്ധിച്ച ബോധവല്‍ക്കരണം മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ , കൊല്ലം തീരത്തുനിന്ന് കടലില്‍പോകുന്നത് കൂടുതലും തമിഴ്നാട്ടില്‍നിന്നുള്ള തൊഴിലാളികളായതിനാല്‍ ഭാഷാപ്രശ്നംകൊണ്ട് ബോധവല്‍ക്കരണത്തിന് പൂര്‍ണഫലം കിട്ടാറില്ലെന്ന് ഫിഷറീസ് അധികൃതര്‍ പറയുന്നു.

മറൈന്‍ എന്‍ഫോഴ്സ്മെന്റിനാകട്ടെ ആവശ്യത്തിന് ബോട്ടുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. വാടകയ്ക്കെടുത്ത ബോട്ടുകളിലാണ് പട്രോളിങ് നടത്തുന്നത്. അപകടത്തില്‍പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരാകുന്നത് പലപ്പോഴും മറൈന്‍ എന്‍ഫോഴ്സ്മെന്റാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച നീണ്ടകര തീരദേശ പൊലീസ് സ്റ്റേഷന്റെ വിദേശ നിര്‍മിത ഹൈസ്പീഡ് ബോട്ടും രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകുന്നു. കടലിലെ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിനും തീരദേശ പൊലീസിനും കൂടുതല്‍ ബോട്ടും മറ്റ് ആധുനിക സൗകര്യങ്ങളും ഒരുക്കണമെന്നും പട്രോളിങ് ശക്തമാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.

മത്സ്യത്തൊഴിലാളികള്‍ നിരായുധര്‍ : കോസ്റ്റ്ഗാര്‍ഡ്

കൊച്ചി: ഇറ്റാലിയന്‍ കപ്പലില്‍നിന്നുള്ള വെടിവയ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികള്‍ നിരായുധരായിരുന്നുവെന്ന് കോസ്റ്റ്ഗാര്‍ഡ് വെസ്റ്റ് റീജണല്‍ കമാന്‍ഡര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ എസ് പി എസ് ബസ്ര പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ ആയുധധാരികളായിരുന്നുവെന്നത് തെറ്റായ വിലയിരുത്തലാണ്. കടല്‍ക്കൊള്ളക്കാരുടെ അക്രമത്തിനിടെയാണ് വെടിവച്ചതെന്ന ഇറ്റാലിയന്‍ വാദവും തെറ്റാണ്. കടല്‍ക്കൊള്ളക്കാരുടെ ഭീഷണി ഉണ്ടെന്ന് മുംബൈയിലെ മാരിറ്റൈം റെസ്ക്യു കോ-ഓര്‍ഡിനേഷന്‍ സെന്ററില്‍ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംഭവം ഉണ്ടായി രണ്ടരമണിക്കൂര്‍ കഴിഞ്ഞാണ് കപ്പലില്‍നിന്ന് കോസ്റ്റ്ഗാര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വിവരം അറിയിച്ചത്. ഇതിനുമുമ്പ് മത്സ്യത്തൊഴിലാളികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ്ഗാര്‍ഡ് അടിയന്തരനടപടി സ്വീകരിച്ചത്. 15ന് വൈകിട്ട് 5.40നാണ് നീണ്ടകര പൊലീസ് സ്റ്റേഷനില്‍ അജ്ഞാത കപ്പലില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ വെടിവയ്പ് ഉണ്ടായ വിവരം ലഭിച്ചത്. 5.45നു കോസ്റ്റ്ഗാര്‍ഡ് ആസ്ഥാനത്ത് വിവരം ലഭിച്ചു. ആറിന്് കോസ്റ്റ്ഗാര്‍ഡ് കപ്പലായ സമറിനെ തെരച്ചിലിനായി നിയോഗിച്ചു. അഞ്ചു മിനിറ്റിനകം മുംബൈയിലെ മാരിറ്റൈം റെസ്ക്യു കോ-ഓര്‍ഡിനേഷന്‍ സെന്ററില്‍ നിന്ന് കപ്പല്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. തീരസംരക്ഷണ സേനയുടെ ലക്ഷ്മിബായി കപ്പലും ഇതില്‍ പങ്കെടുത്തു. ഉടനെ വ്യോമനിരീക്ഷണവും ആരംഭിച്ചു. വെടിവയ്പ് ഉണ്ടാകാന്‍ ഇടയുള്ള നാല് കപ്പലുകളെ 6.30ഓടെ തിരിച്ചറിഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇറ്റാലിയന്‍ കപ്പലില്‍നിന്നാണ് വെടിവയ്പ് ഉണ്ടായതെന്ന് മനസ്സിലാക്കാനായത്.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം; 25 ലക്ഷം സഹായം അനുവദിക്കണം: ഗുരുദാസന്‍

കൊല്ലം: കടലില്‍ മത്സ്യബന്ധനത്തിനുപോകുന്ന തൊഴിലാളികള്‍ക്ക് നിര്‍ഭയം തൊഴിലെടുക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്ന് പി കെ ഗുരുദാസന്‍ എംഎല്‍എ പറഞ്ഞു. ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്‍റിക്ക ലക്സിയില്‍നിന്നുള്ള വെടിയേറ്റുമരിച്ച മുതാക്കര സ്ലം കോളനിയില്‍ ജലസ്റ്റിന്റെ മൃതദേഹം സൂക്ഷിച്ച ജില്ലാ ആശുപത്രി മോര്‍ച്ചറി വ്യാഴാഴ്ച രാവിലെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. കടല്‍ക്കൊള്ളക്കാരാണെന്ന് കരുതി വെടിവച്ചതാണെന്ന കപ്പല്‍ അധികൃതരുടെ വാദം വിശ്വസനീയമല്ല. കേരള തീരത്ത് കടല്‍ക്കൊള്ളക്കാരുടെ ആക്രമണമുണ്ടായിട്ടില്ല. കപ്പല്‍ ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ജലസ്റ്റിന്റെയും അജീഷ് പിങ്കുവിന്റെയും നിര്‍ധന കുടുംബങ്ങള്‍ നിരാശ്രയമായി. മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കുറഞ്ഞത് 25 ലക്ഷം സര്‍ക്കാര്‍ സഹായം നല്‍കണമെന്നും ഗുരുദാസന്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ഭയം മത്സ്യബന്ധനം നടത്താന്‍ സര്‍ക്കാര്‍ അവസരമൊരുക്കണമെന്ന് ക്വയിലോണ്‍ സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ. രാജേഷ് മാര്‍ട്ടിന്‍ പറഞ്ഞു. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. ഇത്തരം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊലക്കുറ്റത്തിന് കേസെടുക്കണം: കെ എന്‍ ബാലഗോപാല്‍ എംപി

കൊല്ലം: ആഴക്കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കപ്പല്‍ ജീവനക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ എന്‍ ബാലഗോപാല്‍ എംപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കപ്പലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ഇന്റര്‍ നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷനില്‍ സമ്മര്‍ദം ചെലുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണം. ലോകത്തിലെ ഏറ്റുവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നാണ് കേരളതീരം വഴി കടന്നുപോകുന്നത്. ഈ കപ്പല്‍പാതയില്‍ ചട്ടമ്പിവാഴ്ച നടമാടുന്നത് കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണ്. ഇനിയും ഇത് തുടരാന്‍ അനുവദിക്കരുത്. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണ്. കേരള തീരത്ത് കപ്പല്‍ തിരകളില്‍പെട്ട് മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും തകരുന്നതും തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവായിരിക്കുന്നു. ചട്ടം ലംഘിച്ച് കപ്പലുകള്‍ പായുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രശ്നം മാരിടൈം ഓര്‍ഗനൈസേഷന്റെ ശ്രദ്ധയില്‍പെടുത്താനോ നഷ്ടപരിഹാരം ഉറപ്പാക്കാനോ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കാറില്ല. വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അന്താരാഷ്ട്ര നിയമമനുസരിച്ചുള്ള നഷ്ടപരിഹാരം ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം- ബാലഗോപാല്‍ ആവശ്യപ്പെട്ടു.

കപ്പല്‍ ജീവനക്കാരെ ചോദ്യംചെയ്യാനായില്ല

കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ജീവനക്കാരെ വെള്ളിയാഴ്ചയും ചോദ്യംചെയ്യാന്‍ സാധിച്ചില്ല. പൊലീസ് നടപടികള്‍ക്ക് വിധേയരാകാന്‍ തയ്യാറല്ലെന്ന ഇറ്റലിയുടെ നിലപാടിനെ തുടര്‍ന്ന് സംഭവം കൂടുതല്‍ സങ്കീര്‍ണമാകുന്നു. അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് സംഭവമെന്നും അതിനാല്‍ ഇന്ത്യന്‍ നിയമപ്രകാരമുള്ള നടപടികള്‍ക്ക് വിധേയരാകാനാകില്ലെന്നുമാണ് ഇറ്റലിയുടെ നിലപാട്. എന്നാല്‍ , ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കാന്‍ ഇറ്റാലിയന്‍ അധികൃതര്‍ സമ്മതിച്ചതായി അറിയുന്നു.

ഇതിനിടെ, മരിച്ച മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ടില്‍ ഫോറന്‍സിക് വിദഗ്ധര്‍ രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തി. ബോട്ടില്‍ മൂന്നിടത്ത് വെടിയുണ്ട തുളച്ചുകയറിയ പാടുമുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ പുറങ്കടലില്‍നിന്ന് ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക്ക ലെക്സി കൊച്ചി തുറമുഖത്ത് എത്തിച്ചു. രാവിലെമുതല്‍ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എം ആര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ കപ്പലിലെ ജീവനക്കാരെ കരയ്ക്കെത്തിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. രാവിലെ കമീഷണറും ഇറ്റാലിയന്‍ കോണ്‍സല്‍ ജനറലും കപ്പലിലെത്തി. മത്സ്യത്തൊഴിലാളികളെ വെടിവച്ച സംഭവത്തില്‍ ആറുപേര്‍ കുറ്റക്കാരാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമുള്ള നിലപാടിലായിരുന്നു പൊലീസ്. എന്നാല്‍ , വെടിവയ്പു നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അല്ലെന്നും അതിനാല്‍ ക്രിമിനല്‍നടപടിക്ക് വഴങ്ങാനാവില്ലെന്നും ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ജിയാന്‍ പാലേ കുട്ടിലോ പറഞ്ഞു.

കപ്പലിലെ രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കുക, ജീവനക്കാരെ ചോദ്യംചെയ്യാനും കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ അറസ്റ്റ്ചെയ്യാനും അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കമീഷണര്‍ പ്രത്യേക ദൂതന്‍ മുഖേന ക്യാപ്റ്റന്‍ ഉമ്പര്‍ട്ടോ വിറ്റേലിക്ക് കത്തു നല്‍കി. ഇത് ക്യാപ്റ്റന്‍ ഇറ്റാലിയന്‍ എംബസിക്ക് കൈമാറിയതായി അറിയുന്നു. എംബസിയുടെയോ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയത്തിന്റെയോ നിര്‍ദേശപ്രകാരമല്ലാതെ തുടര്‍നടപടികള്‍ സ്വീകരിക്കാനാവില്ലെന്നാണ് ക്യാപ്റ്റന്റെയും കോണ്‍സല്‍ ജനറലിന്റെയും നിലപാട്.

ഇറ്റാലിയന്‍ സര്‍ക്കാര്‍ നടപടി ന്യായീകരിക്കാനാകില്ല: വയലാര്‍ രവി

ആലപ്പുഴ: കപ്പലില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ എംബസിയും സര്‍ക്കാരും കാണിക്കുന്ന നടപടി ന്യായീകരിക്കാനാവുന്നതല്ലെന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത നടപടി ശരിയായരീതിയില്‍ ഉള്ളതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് കുറേക്കൂടി ജാഗ്രത പുലര്‍ത്തണമെന്നും വയലാര്‍ രവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം പ്രത്യേകം അന്വേഷിക്കും

കൊച്ചി: ഇറ്റാലിയന്‍ കപ്പലില്‍നിന്നുണ്ടായ വെടിവയ്പ് കേസില്‍ മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് (എംഎംഡി) പ്രത്യേക അന്വേഷണം ആരംഭിക്കും. ഇതുസംബന്ധിച്ച് ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്റെ ഉത്തരവ് ഇറങ്ങി. എംഎംഡി കൊച്ചി യൂണിറ്റിലെ നോട്ടിക്കല്‍ സര്‍വേയര്‍ ക്യാപ്റ്റന്‍ എസ് കെ സിംഗാളിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ച്ചന്റ് ഷിപ്പിങ് ആക്ട്പ്രകാരമായിരിക്കും അന്വേഷണം നടത്തുക. കപ്പലിന്റെയും മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ടിന്റെയും നിയമസാധുത, ലൈസന്‍സുകള്‍ , അനുവദനീയ പരിധിയിലാണോ സഞ്ചരിച്ചത് എന്നിവ പരിശോധിക്കുന്ന സംഘം ബോട്ടിലെയും കപ്പലിലെയും തൊഴിലാളികളില്‍നിന്ന് തെളിവും ശേഖരിക്കും. സംഘത്തിന്റെ അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് എംഎംഡി കൊച്ചി പ്രിന്‍സിപ്പല്‍ ഓഫീസര്‍ എം ബി ജോണ്‍ പറഞ്ഞു.

deshabhimani 180212

1 comment:

  1. ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്‍റിക്ക ലക്സിയില്‍നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം മത്സ്യമേഖലയെ ആശങ്കയിലാക്കി. നീണ്ടകര, ശക്തികുളങ്ങര, തങ്കശേരി തുറമുഖങ്ങളില്‍നിന്ന് വ്യാഴാഴ്ച പതിവില്‍ കുറച്ച് ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോയത്. കേട്ടുകേഴ്വിപോലുമില്ലാത്ത സംഭവമാണ് ബുധനാഴ്ച ഉണ്ടായതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മത്സ്യബന്ധന ബോട്ടുകളില്‍ കപ്പല്‍ ഇടിച്ച് അപകടമുണ്ടാകുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം നീണ്ടകര ഉള്‍ക്കടലില്‍ വിദേശകപ്പല്‍ ഇടിച്ചു തകര്‍ന്ന ബോട്ടിലെ അഴീക്കല്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. ഒരാളെ കാണാതായി. അപകടത്തിനിടയാക്കിയ കപ്പല്‍ നിര്‍ത്താതെപോയി.

    ReplyDelete