Tuesday, February 7, 2012

സി പി ഐ കൊല്ലം സമ്മേളനം ചരിത്രപ്രധാനം

ഫെബ്രുവരി ഏഴു മുതല്‍ 11 വരെ കൊല്ലത്ത് ചേരുന്ന സി പി ഐ സംസ്ഥാന സമ്മേളനം കേരള രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായകതീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഒന്നായിരിക്കും.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാനസമ്മേളനങ്ങളെല്ലാം കേരളീയ സാമൂഹ്യജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടവയായിരുന്നുവെന്ന് ചരിത്രം ശരിയായ നിലയില്‍ പരിശോധിക്കുന്നവര്‍ക്ക് തിരിച്ചറിയാനാവും. സാര്‍വത്രികവും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസവും ഭൂപരിഷ്‌കരണവും കേരളവികസനമാതൃക എന്ന് വാഴ്ത്തപ്പെട്ട മറ്റു പുരോഗമനനടപടികളുമെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിവിധ സംസ്ഥാനസമ്മേളനങ്ങള്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ കൂടി ഫലമായിരുന്നു. അതുകൊണ്ടുതന്നെ സി പി ഐ കൊല്ലം സംസ്ഥാന സമ്മേളനത്തിനും അതിന്റേതായ ചരിത്രപ്രാധാന്യം ഉണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എക്കാലവും നേരിന്റെയും നന്മയുടെയും പക്ഷത്തായിരുന്നു. നീതിനിഷേധിക്കപ്പെടുന്നവര്‍ക്കും അശരണര്‍ക്കും വേണ്ടി കമ്മ്യുണിസ്റ്റ് പാര്‍ട്ടി പോരാടിക്കൊണ്ടിരുന്നു. അത് എക്കാലവും പാര്‍ട്ടിയും വര്‍ഗബഹുജനപ്രസ്ഥാനങ്ങളും തുടര്‍ന്നുകൊണ്ടിരിക്കും. വര്‍ത്തമാനകാലം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ് ശരിയെന്ന് അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. കാറല്‍ മാര്‍ക്‌സിനെയും കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും  സോഷ്യലിസ്റ്റ് സമ്പദ്ഘടനയെയും പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തവര്‍ അവര്‍ക്ക് പറ്റിയ പാളിച്ച ഏറ്റുപറയുന്നത് ഇന്ന് ലോകം കാണുന്നു. വാള്‍സ്ട്രീറ്റില്‍ തുടങ്ങിയ പ്രക്ഷോഭം ലോകവ്യാപകമായി പടര്‍ന്നുപിടിച്ചത് സാമ്രാജ്യത്വത്തിനും മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ക്കും എതിരായി വിപുലപ്പെടുന്ന ജനകീയ പ്രതിഷേധത്തിന്റെ ഭാഗമാണ്. സാമ്രാജ്യത്വ സാമ്പത്തിക അജണ്ട അതിവേഗതയില്‍  നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ ഇന്ത്യന്‍ ഭരണാധികാരികള്‍ക്കെതിരായും വിപുലമായ നിലയിലുള്ള പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്.  ആ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എ ഐ ടി യു സി അടക്കമുള്ള വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളും നിലകൊള്ളുന്നുണ്ട്. 1925-ല്‍ രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിവിധ ചരിത്ര ഘട്ടങ്ങളിലൂടെയാണ് മുന്നേറിയത്. പ്രതിസന്ധികളും പ്രത്യാഘാതങ്ങളും ധാരാളം ഉണ്ടായിരുന്നു. ബ്രിട്ടീഷ് മേധാവിത്വത്തിന്റെയും സ്വദേശഭരണകൂടഭീകരതയുടെയും ക്രൂരതകളെയും ആക്രമണങ്ങളെയും അതിജീവിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒമ്പതു പതിറ്റാണ്ടോളം പ്രായമെത്തുന്നത്. ഗൂഢാലോചനകേസുകളും വിചാരണകളും ഒളിവുജീവിതവും ജയില്‍വാസവും  മാത്രമല്ല നൂറ് കണക്കിന് രക്തസാക്ഷിത്വങ്ങളും ഉണ്ടായി. പില്‍ക്കാലത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ പി സി ജോഷിയും അജയഘോഷും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന്  പാര്‍ട്ടിനേതാക്കള്‍ സ്വാതന്ത്ര്യ സമ്പാദന പ്രക്ഷോഭത്തില്‍ നിസ്തുലമായ പങ്കാണ് വഹിച്ചത്.

കേരളത്തിന്റെ അനുഭവവും വ്യത്യസ്തമല്ല.  സഖാവ് പി കൃഷ്ണപിള്ളയും എം എന്‍ ഗോവിന്ദന്‍ നായരും കെ ദാമോദരനും സി അച്ചുതമേനോനും ടി വി തോമസും ആര്‍ സുഗതനും  ഉള്‍പ്പെടെയുള്ളവര്‍ സ്വാതന്ത്ര്യ സമര ഭൂമിയിലൂടെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാക്കന്മാരായി മാറിത്തീര്‍ന്നത്. അവര്‍ വെട്ടിത്തെളിച്ച പോരാട്ടങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പാതയിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഞ്ചരിക്കുന്നത്. മനുഷ്യപക്ഷത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നുള്ളതുകൊണ്ട് മഹാഭൂരിപക്ഷം ഭാരതീയരെ മനുഷ്യരായിപ്പോലും പരിഗണിക്കാത്ത വിപല്‍ക്കരമായ സാമ്പത്തികനയങ്ങള്‍ക്കും ജനദ്രോഹനയങ്ങള്‍ക്കും  എതിരെ നമ്മുടെ പാര്‍ട്ടി തുടര്‍ച്ചയായ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു.  ഇന്ത്യ കാര്‍ഷിക രാജ്യമാണ്. പക്ഷേ കര്‍ഷക ആത്മഹത്യാപരമ്പരകള്‍ക്ക് ശമനമില്ലാത്ത ദുരിതാവസ്ഥ ഇന്ത്യ അഭിമൂഖീകരിക്കാന്‍ തുടങ്ങിയിട്ട് ദശകങ്ങളായി. ഇതിന് കാരണം തെറ്റായ സാമ്പത്തിക നയങ്ങളും ഭരണകൂട നിലപാടുകളുമാണ്. ദശലക്ഷക്കണക്കിന് കര്‍ഷകത്തൊഴിലാളികളുടെ രാജ്യം കൂടിയാണ് ഇന്ത്യ. അവര്‍ ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്തവരും അടിമകളെപ്പോലെ പണിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നവരുമാണ്. ശതകോടീശ്വരന്മാരെയും സഹസ്രകോടീശ്വരന്മാരെയും സൃഷ്ടിക്കുന്നതില്‍ മാത്രം ആഹ്ലാദം കണ്ടെത്തുന്ന മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളികള്‍ അടക്കമുള്ള ബഹുഭൂരിപക്ഷം വരുന്ന ഭാരതീയരെ അവജ്ഞയോടെ അവഗണിക്കുകയാണ്. പാവപ്പെട്ടവരെ അവഗണിക്കുന്ന ക്രൂരസമീപനം തുടരുന്നതിനൊപ്പം രാജ്യം ഇന്നേവരെ കേട്ടിട്ടില്ലാത്ത അഴിമതിയുടെയും കുംഭകോണങ്ങളുടെയും ഞെട്ടിക്കുന്ന കഥകള്‍ ഒന്നിനുപുറകെ  ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു.  ഇതിനെല്ലാം എതിരായ കരുത്തേറിയ പ്രക്ഷോഭവും ചെറുത്തുനില്‍പും ആവശ്യമായിരിക്കുന്ന ഘട്ടത്തിലാണ് 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് പട്‌നയില്‍ ചേരുന്നത്.

കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും സാര്‍ക്കാരുകള്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ ആകെ അട്ടിമറിച്ച് കേന്ദ്രത്തില്‍ യു പി എ സര്‍ക്കാര്‍ നടപ്പാക്കുന്നതുപോലെ വരേണ്യ- സമ്പന്ന സമൂഹത്തിന് വേണ്ടി നാടു ഭരിക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരും തുനിയുന്നത്. അഴിമതിക്കാരെ ചുറ്റുമിരുത്തി 'അഴിമതിരഹിതഭരണം' വാഗ്ദാനം ചെയ്ത ഉമ്മന്‍ചാണ്ടി തന്നെ  സംശയത്തിന്റെ നിഴലിലാണ് കഴിഞ്ഞുകൂടുന്നത്. സി പി ഐ കൊല്ലം സംസ്ഥാന സമ്മേളനം ഈ രാഷ്ട്രീയ- സാമൂഹ്യ സാഹചര്യങ്ങള്‍ ആകെ ചര്‍ച്ച ചെയ്യുകയും വിശകലനം നടത്തുകയും ജനപക്ഷത്തുനിന്നുള്ള പോരാട്ടങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യും.

2008 മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിനുശേഷം കൊല്ലം സമ്മേളനത്തില്‍ എത്തുമ്പോള്‍ പാര്‍ട്ടിയും വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളും കൂടുതല്‍ കരുത്ത് ആര്‍ജിച്ചു എന്നാണ് അനുഭവം തെളിയിക്കുന്നത്. ഫെബ്രുവരി 11-ന് നടക്കുന്ന കൊല്ലം ജില്ല കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രകടനം ആ സത്യത്തിന്റെ വിളംബരമാവും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിപ്പെടുന്നതുവഴി സാധാരണ ജനവിഭാഗത്തിന്റെ ശക്തിയാണ് വര്‍ധിക്കുന്നത് എന്നുള്ളതുകൊണ്ട് കൊല്ലം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനങ്ങളും ജനപക്ഷത്തുനിന്നുള്ള കേരളത്തിന്റെ മുന്നേറ്റത്തിന്റേതായിരിക്കും.

കെ ഇ ഇസ്മയില്‍ എം പി janayugom 070212

No comments:

Post a Comment