ഇടതുപക്ഷ ഐക്യം കൂടുതല്‍ ഊട്ടിയുറപ്പിച്ച് മുന്നേറേണ്ട സമയത്ത് സിപിഐ എമ്മിനെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്രകമ്മിറ്റിയംഗം എം എ ബേബി പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കത്തിന് ഏത് ഇവന്റ് മാനേജുമെന്റ് കമ്പനിയെയാണ് ഏല്‍പിച്ചതെന്ന് വ്യക്തമാക്കാന്‍ ചന്ദ്രപ്പന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ എം കൊടിമര ജാഥയ്ക്ക് കൊല്ലത്തും തിരുവനന്തപുരത്തും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രപ്പനെപ്പോലെ പരിണതപ്രജ്ഞനായ നേതാവ് നടത്താന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് ഉണ്ടായത്. ഒന്നുകില്‍ അറിഞ്ഞുകൊണ്ട് അദ്ദേഹം അസത്യം പറഞ്ഞു. അല്ലെങ്കില്‍ അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാവ് ആരെങ്കിലും പറയുന്നതു കേട്ട് പ്രസ്താവന നടത്തരുതായിരുന്നു. ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനെതിരെ ചന്ദ്രപ്പന്‍ നടത്തിയ പരാമര്‍ശം ശരിയായില്ല. പിണറായി എം എന്‍ ഗോവിന്ദന്‍നായരെയും ടി വി തോമസിനെയും മാതൃകയാക്കണമായിരുന്നു എന്നാണ് ചന്ദ്രപ്പന്‍ പറയുന്നത്. ഇപ്പറഞ്ഞ നേതാക്കളെപോലെ മന്ത്രിപദത്തിലിരിക്കുമ്പോഴല്ലല്ലോ പിണറായിക്കെതിരെ ആരോപണം ഉയര്‍ന്നത്. 1957ലെ ഇ എം എസ് സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രിയായിരുന്നു കെ സി ജോര്‍ജ്. അദ്ദേഹത്തിനെതിരെ ആന്ധ്ര അരികുംഭകോണവുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉയര്‍ന്നു. എന്നാല്‍ , 1960ലെ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയാക്കി ജോര്‍ജിനെ സംരക്ഷിക്കുന്ന നിലപാടാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി സ്വീകരിച്ചത്. ഈ ചരിത്രമൊന്നും ചന്ദ്രപ്പന്‍ മറക്കരുത്.
അന്ത്യഅന്താഴ ചിത്രത്തിന്റെ പേരില്‍ മനോരമ ഉയര്‍ത്തിയ വിവാദം ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇതിലൂടെ മനോരമ നടത്തിയത് പത്രഭീകരപ്രവര്‍ത്തനമാണ്. ആരോ സ്ഥാപിച്ച ബോര്‍ഡിന്റെ പേരില്‍ സിപിഐ എമ്മിനെതിരെ ഒച്ചവെയ്ക്കുന്നവര്‍ മനോരമയുടെ മുന്നിലേക്കാണ് സമരം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രപ്പന്‍ ഏതുപക്ഷത്തെന്ന് വ്യക്തമാക്കണം: വിജയകുമാര്‍ , കടകംപള്ളി
സിപിഐ എം സംസ്ഥാന സമ്മേളനത്തിനെതിരെ അപവാദപ്രചാരണവുമായി ഇറങ്ങിത്തിരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ഏതുപക്ഷത്താണ് നില്‍ക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാറും ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുഴപ്പങ്ങളില്‍ പെട്ടുലയുന്ന യുഡിഎഫിനും കോണ്‍ഗ്രസിനുമെതിരെ ഒരു വാക്കുപോലും പറയാതെ ചന്ദ്രപ്പന്‍ സിപിഐ എമ്മിനെ ആക്ഷേപിക്കാന്‍ ഇറങ്ങിത്തിരിച്ചതിന്റെ ലക്ഷ്യമെന്താണെന്നും അവര്‍ ചോദിച്ചു. സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ ജില്ലയിലെ പതിനായിരക്കണക്കിന് പ്രവര്‍ത്തകരും അനുഭാവികളും കഠിനപ്രയത്നം നടത്തുന്നു. അതാണ് സമ്മേളനത്തിന്റെ വിജയത്തിനുപിന്നില്‍ . ഈ ഘട്ടത്തില്‍ സമ്മേളനപരിപാടികള്‍ സംഘടിപ്പിക്കുന്നത് ഇവന്റ് മാനേജ്മെന്റിലൂടെയാണെന്ന ചന്ദ്രപ്പന്റെ ആക്ഷേപം അസൂയയില്‍നിന്നുടലെടുത്തതാണ്. ഇതിന് മരുന്നില്ല.
ജനപങ്കാളിത്തം കൊണ്ട് സമ്മേളനം സമാനതകളില്ലാത്തതായി മാറി. പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ചരിത്രപ്രദര്‍ശനം കാണാന്‍ ഞായറാഴ്ച മാത്രം എത്തിയത് മുപ്പതിനായിരത്തിലധികം പേരാണ്. സമ്മേളനത്തിന്റെ തിളങ്ങുന്ന വിജയം പാര്‍ടി ശത്രുക്കളെ വല്ലാതെ അസ്വസ്ഥരാക്കി. മതസ്പര്‍ധ സൃഷ്ടിക്കുന്ന കുപ്രചാരണങ്ങളിലടക്കം ഇക്കൂട്ടര്‍ ഏര്‍പ്പെടുന്നു. ഇവന്റ് മാനേജ്മെന്റിലൂടെ സമ്മേളനം നടത്തേണ്ട അവസ്ഥ സിപിഐ എമ്മിനില്ല. മൂന്നുലക്ഷത്തോളം വീടുകളില്‍ പതാകദിനത്തില്‍ പതാക ഉയര്‍ന്നു. ഇത് ഇവന്റ് മാനേജ്മെന്റല്ലെന്ന് ചന്ദ്രപ്പന്‍ ഓര്‍ക്കണം.
പാര്‍ടി ഘടകങ്ങളും വര്‍ഗബഹുജനസംഘടനകളുമാണ് സമ്മേളനവിജയത്തിന് പ്രവര്‍ത്തിക്കുന്നത്. പാര്‍ടി അംഗമായ ആര്‍ക്കിടെക്റ്റ് ശങ്കര്‍ , പാര്‍ടി ഏരിയകമ്മിറ്റി അംഗം ശ്രീകാര്യം അനില്‍ , നേമം പുഷ്പരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമ്മേളന ഗേറ്റുകള്‍ , പ്രദര്‍ശന നഗര്‍ , പ്രധാന കമാനങ്ങള്‍ എന്നിവയെല്ലാം രൂപകല്‍പ്പന ചെയ്തത്. അവരടക്കമാണ് നിര്‍മാണം നടത്തുന്നതും. നവകേരള യാത്രയുടെ സമാപനവേദിയായ ശംഖുംമുഖത്ത് പായ്ക്കപ്പലിന്റെ മാതൃകയില്‍ മനോഹരമായ വേദി രൂപകല്‍പ്പന ചെയ്ത ആര്‍ട്ടിസ്റ്റ് ഹൈലേഷാണ് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ കിഴക്കേകോട്ടയുടെ മാതൃകയില്‍ വേദിയൊരുക്കുന്നത്. നാട്ടിലെങ്ങുമുയര്‍ന്ന സംഘാടകസമിതി ഓഫീസുകളും കമാനങ്ങളും പാര്‍ടി പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ ഫലമാണ്. അവരുടെ അര്‍പ്പണബോധത്തെയും ആത്മാര്‍ഥതയെയും ചന്ദ്രപ്പന്‍ അപഹസിക്കുകയാണ്. ആരോപണമുന്നയിക്കുംമുമ്പ് പുത്തരിക്കണ്ടത്തെ പ്രദര്‍ശനത്തെയും സമ്മേളനപരിപാടികളെയും കുറിച്ച് ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കുകയെങ്കിലും ചെയ്യണമായിരുന്നു.
ചന്ദ്രപ്പന്റെ പാര്‍ടിയുടെ ആദ്യകാലവും അവര്‍ കൂടി പങ്കാളികളായ ഇടതുപക്ഷ സര്‍ക്കാരുകളുടെ നേട്ടങ്ങളും വരച്ചുകാട്ടുന്നതാണ് പ്രദര്‍ശനം. അവിടെ പ്രദര്‍ശിപ്പിച്ച ഒരു പോസ്റ്റര്‍ തല്‍പ്പരകക്ഷികള്‍ വിവാദമാക്കിയപ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കാനാണ് ചന്ദ്രപ്പന്‍ മുതിര്‍ന്നത്. കമ്യൂണിസ്റ്റുകാരന് ചേരാത്ത രീതിയില്‍ പ്രചാരണം നടത്തുന്ന ചന്ദ്രപ്പന്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്. ജില്ലയില്‍ സിപിഐ എമ്മിന്റെ കരുത്താണ് സിപിഐക്ക് ഒരു നിയമസഭാംഗം ഉണ്ടാകാന്‍ കാരണം. 198 ബൂത്തില്‍ മുപ്പതിലധികം എണ്ണത്തില്‍ ഇരിക്കാന്‍പോലും സിപിഐയുടെ പ്രതിനിധി ഉണ്ടായിരുന്നില്ല. സിപിഐ എം പ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമാണ് സിപിഐയുടെ വിജയം. ഇടതുപക്ഷഐക്യം ദുര്‍ബലമാക്കുന്ന ഇത്തരം ഏര്‍പ്പാടുകളില്‍നിന്ന് ചന്ദ്രപ്പനെ സിപിഐ നേതൃത്വം പിന്തിരിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നതായി അവര്‍ പറഞ്ഞു.
deshabhimani 070212
ഇടതുപക്ഷ ഐക്യം കൂടുതല്‍ ഊട്ടിയുറപ്പിച്ച് മുന്നേറേണ്ട സമയത്ത് സിപിഐ എമ്മിനെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്രകമ്മിറ്റിയംഗം എം എ ബേബി പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കത്തിന് ഏത് ഇവന്റ് മാനേജുമെന്റ് കമ്പനിയെയാണ് ഏല്‍പിച്ചതെന്ന് വ്യക്തമാക്കാന്‍ ചന്ദ്രപ്പന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ എം കൊടിമര ജാഥയ്ക്ക് കൊല്ലത്തും തിരുവനന്തപുരത്തും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ReplyDelete