Saturday, February 4, 2012

ലേക്ഷോറിലും കോലഞ്ചേരിയിലും സമരം തുടരുന്നു

ലേക്ഷോര്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ വെള്ളിയാഴ്ച നടന്ന ചര്‍ച്ചയും അലസി. ഒമ്പതിന് ആശുപത്രി ചെയര്‍മാന്‍എത്തിയശേഷം ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്നും അതുവരെ സമരം നിര്‍ത്തണമെന്നും ചര്‍ച്ചയില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതംഗീകരിക്കാന്‍ കഴിയില്ലെന്ന് നേഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷായും സെക്രട്ടറി സുധീപ് കൃഷ്ണനും വ്യക്തമാക്കിയതോടെ ചര്‍ച്ച പരാജയപ്പെട്ടു. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് നേഴ്സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനു മുന്നോടിയായി ശനിയാഴ്ച റിലേ നിരാഹാരം നടത്തും.

മരട് നഗരസഭാ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ലേക്ഷോര്‍ ആശുപത്രിയെ പ്രതിനിധീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ സേവ്യര്‍ , കമ്പനി സെക്രട്ടറി മുരളി എന്നിവരും നഗരസഭാ ചെയര്‍മാന്‍ അഡ്വ. ദേവരാജന്‍ , പ്രതിപക്ഷനേതാവ് പി കെ രാജു, സിഐ വേണു എന്നിവരും നേഴ്സസ് അസോസിയേഷന്‍ ജില്ല, യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു. അഞ്ചാംദിവസമായ വെള്ളിയാഴ്ചയും സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ നിരവധി സംഘടനാനേതാക്കള്‍ ലേക്ഷോറിലെ സമരപ്പന്തലിലെത്തി. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജു എംപി, കെഎസ്ആര്‍ടിസി ജീവനക്കാര്‍ , ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ചു. ബെഫി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സി ജെ നന്ദകുമാര്‍ സംസാരിച്ചു.

നേഴ്സുമാരെ അടിച്ചമര്‍ത്തുന്ന മാനേജ്മെന്റുകള്‍ക്ക് ഒത്താശചെയ്യുന്ന സര്‍ക്കാരിന് ജനകീയ വിചാരണ നേരിടേണ്ടിവരുമെന്ന് നേഴ്സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്മെന്റും സര്‍ക്കാരും തയ്യാറായില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ നേഴ്സുമാരെയും ഉള്‍പ്പെടുത്തിയുള്ള സമരം ആരംഭിക്കും. നേഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റെഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സമരംചെയ്യുന്ന നേഴ്സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന ഐഎംഎ ഭാരവാഹികളുടെ പ്രസ്താവന അവരുടെ ലാഭക്കൊതിയില്‍നിന്നുണ്ടായതാണ്. സമരത്തെക്കുറിച്ച് തൊഴില്‍മന്ത്രി നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമാണ്. മുന്‍കൂര്‍ നോട്ടീസ് നല്‍കിയതുകൊണ്ടാണ് ലേബര്‍ ഓഫീസര്‍ ചര്‍ച്ചയ്ക്കു വിളിച്ചത്. മാനേജ്മെന്റിനും തൊഴില്‍വകുപ്പിനും മറ്റും നല്‍കിയ നോട്ടീസിന്റെ പകര്‍പ്പുകള്‍ സമരക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ വിതരണംചെയ്തു. നേഴ്സുമാരുടെ സമരത്തെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. തൊഴില്‍മന്ത്രി പറയുന്നത് കേരളത്തിലെ 80 ശതമാനം ആശുപത്രികളിലും മിനിമം വേതനം നടപ്പാക്കിയെന്നാണ്. 2009ലെ മിനിമം വേതന നിയമപ്രകാരമുള്ള വേതനം കോലഞ്ചേരി ആശുപത്രിയിലെ നേഴ്സുമാരില്‍ 70 ശതമാനത്തിനും ലഭിക്കുന്നില്ല. മിനിമം വേതനം ലഭിക്കാത്തവര്‍ക്ക് മൂന്നുവര്‍ഷമായുണ്ടായ നഷ്ടത്തിന് മന്ത്രി ഉത്തരം പറയുമോയെന്നും ഭാരവാഹികള്‍ ചോദിച്ചു.

കോലഞ്ചേരിയിലെ നേഴ്സുമാര്‍ റിലേ നിരാഹാരം ആരംഭിച്ചു

കൊച്ചി: കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാവാത്തതില്‍ പ്രതിഷേധിച്ച് നേഴ്സുമാര്‍ റിലേ നിരാഹാരം ആരംഭിച്ചു. സമരം ഒത്തതീര്‍ക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് നേഴ്സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അനിശ്ചിതകാല സമരത്തിന്റെ മുന്നോടിയായാണ് റിലേ നിരാഹാരം ആരംഭിച്ചത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്മെന്റും സര്‍ക്കാരും തയ്യാറായില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ നേഴ്സുമാരെയും ഉള്‍പ്പെടുത്തിയുള്ള സമരം ആരംഭിക്കുമെന്നും നേഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റെഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

മാനേജ്മെന്റ് സത്യവാങ്മൂലം നല്‍കണം

കൊച്ചി: നേഴ്സുമാര്‍ക്ക് നിയമാനുസൃതമുള്ള വേതനം നല്‍കുന്നുണ്ടോ എന്നതു സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാന്‍ കോഴിക്കോട് നാഷണല്‍ ആശുപത്രി മാനേജ്മെന്റിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നേഴ്സുമാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പൊലീസ്സംരക്ഷണം നല്‍കാനും ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ , ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. 2009ലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനപ്രകാരമുള്ള മിനിമം വേതനം നേഴ്സുമാര്‍ക്ക് നല്‍കുന്നുണ്ടെന്ന് മാനേജ്മെന്റ് കോടതിയില്‍ ബോധിപ്പിച്ചു. സമരംചെയ്യുന്ന നേഴ്സുമാരുടെ സംഘടനയ്ക്ക് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു.

അതേസമയം, നേഴ്സുമാരുടെ പ്രശ്നങ്ങള്‍ വിശാലമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഇവര്‍ക്ക് നിയമപരമായ വേതനവും തൊഴില്‍ അന്തരീക്ഷവും ഉറപ്പുവരുത്തണം. സമരം നേരിടാന്‍ എസ്മ ബാധകമാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റം സ്വദേശി ജോസ് ആണ് കോടതിയെ സമീപിച്ചത്. നേഴ്സുമാരുടെ സമരംമൂലം തന്റെ ഡയാലിസിസ് മുടങ്ങുമെന്നും ജീവന്‍ അപകടത്തിലാണെന്നും പരാതിപ്പെട്ടാണ് ഹര്‍ജി. എന്നാല്‍ , രോഗികളുടെ കാര്യത്തില്‍ ആശുപത്രി അധികൃതരാണ് കൂടുതല്‍ ജാഗ്രത കാട്ടേണ്ടതെന്നും പൊലീസ്സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് കോടതിയെ സമീപിച്ചിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. എസ്മ ബാധകമാക്കുന്ന കാര്യത്തില്‍ ഡോക്ടര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മുന്‍ ഉത്തരവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

കോലഞ്ചേരിയില്‍ സമരം ശക്തം; പ്രതിഷേധം വ്യാപിക്കുന്നു

സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ നേഴ്സുമാര്‍ നടത്തുന്ന സമരം ശക്തമാകുന്നു. ഒരാഴ്ച പിന്നിട്ടിട്ടും ചര്‍ച്ചയ്ക്കുപോലും തയ്യാറാകാത്ത മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ചമുതല്‍ റിലേ നിരാഹാരസമരം ആരംഭിക്കാനാണ് സമരസമിതിയുടെ തീരുമാനം. വെള്ളിയാഴ്ചയും നൂറുകണക്കിന് നാട്ടുകാരും വിവിധ സംഘടനാപ്രതിനിധികളുമാണ് സമരപ്പന്തലിലെത്തിയത്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി മാമല റേഞ്ച് കള്ളുഷാപ്പ് തൊഴിലാളി യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. സിപിഐ എം ജില്ലാകമ്മിറ്റി അംഗം എം പി വര്‍ഗീസ് സംസാരിച്ചു. പ്രകടനത്തിന് എം എന്‍ മോഹനന്‍ , സി കെ വര്‍ഗീസ്, കെ കെ ഏലിയാസ് എന്നിവര്‍ സംസാരിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച മാര്‍ച്ച് നടത്തും. രാവിലെ 10ന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്യും.

ഒരാഴ്ച പിന്നിട്ടതോടെ സമരത്തിന് ലഭിച്ച ജനപിന്തുണയെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് സഭയ്ക്കുപുറമെ ആശുപത്രി മാനേജ്മെന്റില്‍ ഒരു വിഭാഗവും ഭരണസമിതിക്കെതിരായി രംഗത്തുവന്നിട്ടുണ്ട്. ആശുപത്രി എക്സിക്യൂട്ടീവ് കമ്മിറ്റിയും സിന്തൈറ്റ് ഗ്രൂപ്പ് എംഡിയും സിയാല്‍ ഡയറക്ടറുമായ സി വി ജേക്കബിനെയും ഇദ്ദേഹത്തിന്റെ മകന്‍ അജു ജേക്കബിനെയും അനുകൂലിക്കുന്ന വിഭാഗം നേഴ്സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന നിലപാടിലാണ്. എന്നാല്‍ ആശുപത്രി സെക്രട്ടറി ജോയി പി ജേക്കബിന്റെ നേതൃത്വത്തിലുള്ള വിഭാഗം സമരം പരാജയപ്പെടുത്തണമെന്ന വാശിയിലാണ്. സി വി ജേക്കബിനെ അനുകൂലിക്കുന്ന വിഭാഗത്തിനാണ് ഓര്‍ത്തഡോക്സ് സഭാനേതൃത്വത്തിന്റെയും പിന്തുണ. ഇതുകൊണ്ടാണ് ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറിയും ആശുപത്രി വൈസ് പ്രസിഡന്റുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപോലീത്ത സമരത്തിന് അനുകൂലമായി രംഗത്തുവന്നത്. ഇതിനിടെ തൊഴില്‍വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് സമരം സങ്കീര്‍ണമാക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. 2009 മുതല്‍ അനുവദിച്ച മിനിമം വേതനം ലഭ്യമാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍പോലും തയ്യാറാകാതെ ഉദ്യോഗസ്ഥര്‍ മാനേജ്മെന്റിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

നേഴ്സുമാരുടെ സമരം: ഐഎംഎ നിലപാട് കാടത്തം- കെജിഎന്‍എ

തൃശൂര്‍ : സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാര്‍ നടത്തുന്ന സമരത്തെ നേരിടാന്‍ "എസ്മ" പ്രയോഗിക്കണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിലപാട് കാടത്തമായെന്ന് കേരള ഗവ. നേഴ്സസ് അസോസിയേഷന്‍ (കെജിഎന്‍എ) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രവീന്ദ്രനാഥന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആരോഗ്യരംഗത്ത് ഏറ്റവും കൂടുതല്‍ പണിമുടക്കുകള്‍ നടത്തി ആശുപത്രികളുടെ പ്രവര്‍ത്തനം ദിവസങ്ങളോളം സ്തംഭിപ്പിച്ചവര്‍ നേഴ്സുമാര്‍ അടിമപ്പണി ചെയ്യണമെന്ന് നിഷ്കര്‍ഷിക്കുന്നത് ഡോക്ടര്‍മാരുടെ മാന്യത തകര്‍ക്കുന്നതാണ്. കൂടെ ജോലി ചെയ്യുന്നവരെ സഹോദരങ്ങളായി കാണണമെന്നാണ് കോഡ് ഓഫ് മെഡിക്കല്‍ എത്തിക്സ് പ്രകാരമുള്ള ഡോക്ടര്‍മാരുടെ സമ്മതപത്രത്തില്‍ പറയുന്നത്. എന്നിട്ടും ലക്ഷക്കണക്കിനു രൂപ മുടക്കി നേഴ്സിങ് പഠനം കഴിഞ്ഞവരെ നിസ്സാരവേതനത്തിന് അടിമവേല ചെയ്യിക്കണമെന്ന് വാദിക്കുന്നത് നീതീകരിക്കാനാവില്ല. കേരളത്തില്‍ മെഡിക്കല്‍ ബന്ദ് നടത്തിയ ഏകസംഘടനയായ ഐഎംഎക്ക്, രാജ്യം തള്ളിക്കളഞ്ഞ എസ്മ എന്ന കരിനിയമം പ്രഖ്യാപിക്കണമെന്ന് ആഹ്വാനം ചെയ്യാന്‍ ധാര്‍മികമായും അവകാശമില്ല. സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 15ന് കെജിഎന്‍എ നടത്തുന്ന അവകാശദിനാചരണം വിജയിപ്പിക്കണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani 040212

4 comments:

  1. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാവാത്തതില്‍ പ്രതിഷേധിച്ച് നേഴ്സുമാര്‍ റിലേ നിരാഹാരം ആരംഭിച്ചു. സമരം ഒത്തതീര്‍ക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് നേഴ്സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അനിശ്ചിതകാല സമരത്തിന്റെ മുന്നോടിയായാണ് റിലേ നിരാഹാരം ആരംഭിച്ചത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്മെന്റും സര്‍ക്കാരും തയ്യാറായില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ നേഴ്സുമാരെയും ഉള്‍പ്പെടുത്തിയുള്ള സമരം ആരംഭിക്കുമെന്നും നേഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റെഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

    ReplyDelete
  2. സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ലേക്ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന നേഴുസുമാരെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന നേഴ്സുമാര്‍ ഒപ്പിട്ട മെമ്മോറാണ്ടം ഭാരവാഹികള്‍ വിഎസിന് സമര്‍പ്പിച്ചു. സര്‍ക്കാരിനോടും തൊഴില്‍ മന്ത്രിയോടും പ്രശ്നത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെ തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ആശുപത്രിയിലെത്തി സമരക്കാരുമായി സംസാരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രി മാനേജ്മെന്റുമായും മന്ത്രി ചര്‍ച്ചനടത്തി.

    ReplyDelete
  3. സ്വകാര്യ നേഴ്സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ . നേഴ്സുമാരുടെ ശമ്പളം സംബന്ധിച്ച് കൃത്രിമരേഖ സമര്‍പ്പിച്ച ആശുപത്രികള്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു. നേഴ്സുമാരുടെ ശമ്പളം ബാങ്ക് വഴി നല്‍കാന്‍ സംവിധാനം ഉണ്ടാക്കും. ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

    ReplyDelete