Saturday, February 4, 2012

പ്രധാനമന്ത്രിയെ നിശ്ശബ്ദനാക്കിയ ശക്തി ഏത്: പിണറായി

സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയസെമിനാര്‍ പരമ്പരയ്ക്ക് തലസ്ഥാനത്ത് തുടക്കമായി. വിജെടി ഹാളിലെ ജ്യോതിബസു നഗറില്‍ "ലോക്പാല്‍ നിയമവും ഇന്ത്യന്‍ ജനാധിപത്യവും" സംബന്ധിച്ച സെമിനാര്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കയ്യൂരില്‍ നിന്നാരംഭിച്ച പതാകജാഥയും വയലാറില്‍ നിന്നാരംഭിച്ച കൊടിമരജാഥയും തിങ്കളാഴ്ച രാവിലെ തലസ്ഥാന ജില്ലയിലെത്തും. ഈ ജാഥകള്‍ക്ക് വന്‍വരവേല്‍പ്പാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. കാട്ടായിക്കോണം വി ശ്രീധറിന്റെ സ്മൃതിമണ്ഡപത്തില്‍നിന്നാണ് ദീപശിഖാ റാലി. 13 അനുബന്ധ ദീപശിഖാ റാലികളുമുണ്ടാകും. പതാക-കൊടിമര-ദീപശിഖാ റാലികള്‍ തിങ്കളാഴ്ച വൈകിട്ട് 4.30ന് കേശവദാസപുരത്ത് സംഗമിക്കും. തുടര്‍ന്ന്, പൊതുസമ്മേളനം നടക്കുന്ന ഇ ബാലാനന്ദന്‍ നഗറിലേക്ക് (ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം) നീങ്ങും. വൈകിട്ട് അഞ്ചിന് സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ പതാക ഉയര്‍ത്തും. പ്രതിനിധിസമ്മേളനം ആരംഭിക്കുന്ന ഏഴിന് രാവിലെ ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ (എ കെ ജി ഹാള്‍) ദീപശിഖ ജ്വലിക്കും.

"ലോക്പാല്‍ നിയമവും ഇന്ത്യന്‍ ജനാധിപത്യവും" സംബന്ധിച്ച ദേശീയ സെമിനാര്‍ ഭീകരമായ അഴിമതി ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥക്കേല്‍പ്പിക്കുന്ന ആഘാതങ്ങളെ ആഴത്തില്‍ വിശകലനം ചെയ്തു. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ അധ്യക്ഷനായി. നിയമവിദഗ്ദന്‍ പ്രൊഫ. എന്‍ ആര്‍ മാധവമേനോന്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഉപദേശക സമി തി അംഗം അരുണാറോയി, ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്‍ , ഡോ. സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. ടി എന്‍ സീമ എംപി സ്വാഗതം പറഞ്ഞു. ശനിയാഴ്ച "എന്തുകൊണ്ട് മാര്‍ക്സിസം" സെമിനാര്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് അധ്യക്ഷനാകും.

ബാബുജോണ്‍ എഴുതി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച "പാര്‍ടി കോണ്‍ഗ്രസുകളുടെ ചരിത്രം" എന്ന പുസ്തകം പിണറായി വിജയന്‍ പ്രകാശനംചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബി പുസ്തകം സ്വീകരിച്ചു. യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് "കേരളത്തിന്റെ നവോത്ഥാന മുന്നേറ്റം" ചരിത്രചിത്രപ്രദര്‍ശനം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നേമം പുഷ്പരാജാണ് പ്രദര്‍ശനം ഒരുക്കിയത്. വിവിധ കലാപരിപാടികള്‍ എം കെ പന്ഥെ നഗറിലും (പുത്തരിക്കണ്ടം മൈതാനി) ഇ കെ നായനാര്‍ പാര്‍ക്കിലുമായി തുടരുന്നു. സര്‍വകലാശാല പ്രതിഭകളുടെ കലാപരിപാടികളായിരുന്നു പ്രധാന ആകര്‍ഷണം. എം കെ പന്ഥെ നഗറില്‍ "മാര്‍ക്സാണ് ശരി" ചരിത്ര പ്രദര്‍ശനത്തിന് അഭൂതപൂര്‍വമായ ജനത്തിരക്കാണ്. ധീരവിപ്ലവകാരി ഭഗത്സിങിന്റെ ജീവിതം അടിസ്ഥാനമാക്കിയ ഹിന്ദി സിനിമ ഭഗത്സിങും പ്രദര്‍ശിപ്പിച്ചു. പാലക്കാട് തൃപ്തി ആര്‍ട്സ് രംഗത്ത് എത്തിച്ച വി ടി ഭട്ടതിരിപ്പാടിന്റെ "അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്" നാടകം കാണാന്‍ വിജെടി ഹാള്‍ നിറഞ്ഞുകവിഞ്ഞു. മണമ്പൂര്‍ ഡി രാധാകൃഷ്ണനും സീന പള്ളിക്കരയും കഥാപ്രസംഗവും അവതരിപ്പിച്ചു.

പ്രധാനമന്ത്രിയെ നിശ്ശബ്ദനാക്കിയ ശക്തി ഏത്: പിണറായി

2ജി സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രിയെ നിശ്ശബ്ദനാക്കിയ ശക്തി ഏതെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇടപാടില്‍ 1,76,000 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ഉയര്‍ന്ന ആരോപണം. ഈ പ്രശ്നത്തില്‍ ജയിലില്‍ കിടക്കുന്ന രാജയും മന്ത്രിസ്ഥാനം പോയ ദയാനിധിമാരനും മാത്രമാണ് കുറ്റക്കാര്‍ എന്ന് പറഞ്ഞ് ആര്‍ക്കും ഒഴിയാന്‍ കഴിയില്ല. സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച ദേശീയ സെമിനാര്‍ പരമ്പരയിലെ ആദ്യ സെമിനാര്‍ "ലോക്പാല്‍ നിയമവും ഇന്ത്യന്‍ ജനാധിപത്യവും" ജ്യോതിബസുനഗറില്‍ (വിജെടി ഹാള്‍) ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

പ്രധാനമന്ത്രിയുമായി ആലോചിച്ചാണ് എല്ലാ കാര്യവും തീരുമാനിച്ചതെന്ന് രാജ ആവര്‍ത്തിക്കുന്നു. ഇടപാടിന്റെ തുടക്കത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, പിന്നീട് എന്തുകൊണ്ട് നിശബ്ദനായി. സിപിഐ എം ആദ്യമേ ഇക്കാര്യം ചോദിച്ചിരുന്നു. പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഈ വിഷയം പലതവണ ഉന്നയിച്ചു. അതാണ് സുപ്രീംകോടതിയും ചോദിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിനുമാത്രമേ പ്രധാനമന്ത്രിയെ നിശബ്ദനാക്കാന്‍ കഴിയൂ. അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം വിചാരിച്ചിരുന്നെങ്കില്‍ അഴിമതി തടയാന്‍ കഴിയുമായിരുന്നുവെന്നാണ് പ്രണബ്കുമാര്‍ മുഖര്‍ജി ധനമന്ത്രിയായശേഷം ധനമന്ത്രാലയം റിപ്പോര്‍ട്ട് നല്‍കിയത്. അന്ന് വഴിവിട്ട കാര്യങ്ങള്‍ നടന്നുവെന്നും പറഞ്ഞു. എന്നിട്ടും ചിദംബരം ഇടപെട്ടില്ല. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് എല്ലാം മൂടിവയ്ക്കാന്‍ തീരുമാനിച്ചു. ചിദംബരത്തിന് ക്ലീന്‍ചിറ്റ് കൊടുത്തു. ധനമന്ത്രാലയം ഇങ്ങനെ കുറ്റപ്പെടുത്തിയ ഒരാളെ ഏതെങ്കിലും പാര്‍ടി സംരക്ഷിക്കുമോ? തെറ്റുചെയ്ത ചിദംബരത്തെ ഒഴിവാക്കാത്തത് എന്തുകൊണ്ട്? തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നു. ചിദംബരത്തെ പിടികൂടിയാല്‍ പ്രധാനമന്ത്രിയെ പിടികൂടേണ്ടിവരും. അത് പ്രധാനമന്ത്രിയിലും തീരില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലാണ് ചെന്നെത്തുക. ചിദംബരത്തിന്റെ പങ്ക് വിചാരണക്കോടതി തീരുമാനിക്കട്ടെ എന്ന സുപ്രീംകോടതി പരാമര്‍ശം അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക് സൂചിപ്പിക്കുന്നതാണ്. അഴിമതിക്ക് നേതൃത്വം കൊടുത്തവരുടെ പങ്ക് പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

പാചകവാതക പൈപ്പുലൈന്‍ , എസ് ബാന്‍ഡ്, ആദര്‍ശ് ഫ്ളാറ്റ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ അഴിമതികളിലെല്ലാം കോണ്‍ഗ്രസ് പാര്‍ടിയുടെയും നേതൃത്വത്തിന്റെയും പങ്ക് വ്യക്തമാണ്. നവ ഉദാരവല്‍ക്കരണത്തിലും അഴിമതിയിലും കോണ്‍ഗ്രസിനും ബിജെപിക്കും ഒരേമനസ്സാണ്. കര്‍ണാടകത്തില്‍ 5000 കോടി രൂപയുടെ ഭൂമി സ്വന്തക്കാര്‍ക്ക് നല്‍കിയതും ബല്ലാരി സഹോദരന്മാരുടെ ഖനി ഇടപാടും ഉദാഹരണങ്ങളാണ്.

ഭരണകര്‍ത്താക്കളുടെ അഴിമതിയുടെ മറ്റൊരു മുഖമാണ് വിദേശബാങ്കുകളിലുള്ള ലക്ഷക്കണക്കിന് കോടിയുടെ കള്ളപ്പണം. കള്ളപ്പണക്കാരുടെ പട്ടിക ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. സുപ്രീംകോടതി ചോദിച്ചിട്ടുപോലും അതു നല്‍കിയില്ല. ഒരു കാരണവശാലും പട്ടിക പൂര്‍ണമായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. കോണ്‍ഗ്രസിന്റെ പഴയതും പുതിയതുമായ നേതാക്കളുടെ വിദേശനിക്ഷേപത്തിന്റെ കണക്ക് പുറത്തുവരുമെന്നതിനാലാണിത്. ഈ പണം ഇവര്‍ക്ക് എവിടെനിന്ന് കിട്ടി? മറുപടി പറയേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. സാധാരണനിലയില്‍ നാടിന്റെ ക്ഷേമ- വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കേണ്ടുന്ന പണം എങ്ങനെ വിദേശത്തെത്തി. കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരംകൂടി പുറത്തുവരുന്നതോടെ കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന മുഖംകൂടി നഷ്ടമാകും- പിണറായി പറഞ്ഞു.

സെമിനാറില്‍ നിയമവിദഗ്ധന്‍ പ്രൊഫ. എന്‍ ആര്‍ മാധവമേനോന്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഉപദേശക സമിതി അംഗം അരുണാറോയി, ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്‍ , ഡോ. സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ അധ്യക്ഷനായി. ഡോ. ടി എന്‍ സീമ എംപി സ്വാഗതം പറഞ്ഞു.

ക്രിസ്തുവിനെ ആദരിക്കുന്നതില്‍ ആര്‍ക്കും വിഷമം വേണ്ട

ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപോരാളിയായ യേശുക്രിസ്തുവിനെ കമ്യൂണിസ്റ്റുകാര്‍ എക്കാലവും ആദരിക്കുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ക്രിസ്തുവിനെ കുറിച്ചുള്ള പരാമര്‍ശങ്ങളെ ചില കേന്ദ്രങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച സാഹചര്യത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നും പിണറായി വ്യക്തമാക്കി. കള്ളന്മാരുടെ ഗുഹയായി മാറിയ ആരാധനാലയത്തില്‍നിന്ന് പലിശക്കാരെയും കള്ളവാണിഭക്കാരെയും ചാട്ടവാര്‍ കൊണ്ട് അടിച്ചുപുറത്താക്കിയത് ക്രിസ്തുവാണ്. അത് ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ സ്വാഭാവികമായും ആദരിക്കുന്നു, അങ്ങനെ ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ വിമോചനപോരാളിയായി കണക്കാക്കുന്നു. അതില്‍ ഏതെങ്കിലും വിധത്തില്‍ അറച്ചുനില്‍ക്കേണ്ട കാര്യമില്ല.

ദശാബ്ദങ്ങള്‍ക്കുമുമ്പ് കമ്യൂണിസ്റ്റ് നേതാവ് കെ ദാമോദരനും ഫാദര്‍ വടക്കനും തമ്മില്‍ നടന്ന സംവാദം കേരളീയസമൂഹം ഏറെ ശ്രദ്ധയോടെയാണ് കണ്ടത്. ക്രൈസ്തവ മതമൂല്യങ്ങള്‍ അസമത്വങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും അനീതിക്കുമെതിരായ ആശയ പോരാട്ടമായിരുന്നെന്നും അത് ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്നും അന്ന് കെ ദാമോദരന്‍ വ്യക്തമാക്കി. ആത്മീയമായ കാര്യങ്ങള്‍ക്കുമപ്പുറം പരസ്പരസഹകരണം വളരേണ്ടതുണ്ടെന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം. എല്ലാ കാലത്തും ഈ വിഷയം ഉയരുകയും ചെയ്തിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തവുമാണ്. ചൂഷണങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങളില്‍ കമ്യൂണിസവും ക്രിസ്തുമതവും സഹകരിക്കണമെന്ന ചിന്ത ലോകത്താകെ പടര്‍ന്ന കാലം കൂടിയാണിത്. വിമോചന ദൈവശാസ്ത്രം വിവക്ഷിക്കുന്നത് അതാണ്. ലാറ്റിന്‍ അമേരിക്കന്‍ പോരാട്ടങ്ങളിലെ ഈ കൈകോര്‍ക്കല്‍ നമ്മുടെ കണ്‍മുന്നിലുള്ള ഉദാഹരണങ്ങളാണ്.

അന്നത്തെ വ്യവസ്ഥാപിതസംവിധാനത്തിനും അതിന് കൂട്ടുനിന്ന പൗരോഹിത്യത്തിനുമെതിരെ ശക്തമായ നിലപാടെടുത്തതിനാലാണ് യേശുക്രിസ്തുവിനെ കുരിശിലേറ്റിയത്. ഒട്ടകം സൂചിക്കുഴയില്‍ കടക്കുന്ന കാലത്തുമാത്രമേ ധനവാന് സ്വര്‍ഗരാജ്യത്തെത്താന്‍ കഴിയൂ എന്ന് ക്രിസ്തു പറഞ്ഞു. ഇത് അടിച്ചമര്‍ത്തപ്പെട്ടവന്റെയും ചൂഷണം ചെയ്യപ്പെട്ടവന്റെയും വിമോചനത്തിന്റെ ശബ്ദമാണ്. ഇങ്ങനെ പ്രതിഷേധിച്ച ക്രിസ്തുവിനെ ഞങ്ങള്‍ ആദരിക്കുന്നു. അതില്‍ മറ്റാര്‍ക്കും വിഷമം തോന്നേണ്ടെന്നും പിണറായി പറഞ്ഞു.

വിവാദക്കാര്‍ പ്രദര്‍ശനം കാണണം: കോടിയേരി

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിന്റെ ചിത്രംവച്ചത് വിവാദമാക്കുന്നവര്‍ പ്രദര്‍ശനം കാണാന്‍ തയ്യാറാകണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. എം കെ പന്ഥെനഗറില്‍ "മാര്‍ക്സാണ് ശരി" എന്ന ചരിത്ര പ്രദര്‍ശനം കാണാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.

ക്രിസ്തുവിനു പുറമെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, സോക്രട്ടീസ് തുടങ്ങി മനുഷ്യചരിത്രത്തില്‍ നീതിക്കായി പോരാടിയവരുടെയെല്ലാം ചിത്രം പ്രദര്‍ശനത്തിലുണ്ട്. ഇതില്‍നിന്ന് ക്രിസ്തുവിനെ അടര്‍ത്തിമാറ്റേണ്ടതില്ല. അടിമത്തത്തിനെതിരായ പോരാട്ടമാണ് ക്രിസ്തു നടത്തിയത്. അത്തരം സമരങ്ങളാണ് സോഷ്യലിസത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് വിത്തുപാകിയതെന്നും കോടിയേരി പറഞ്ഞു.

ലോക്പാല്‍ നിയമം സമഗ്രമാക്കണം: അരുണ റോയ്

ദളിതര്‍ അടക്കം സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് അകന്നു കഴിയുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന നിയമനിര്‍മാണങ്ങളാണ് രാജ്യത്ത് വേണ്ടതെന്ന് അരുണാ റോയ് പറഞ്ഞു. "ലോക്പാല്‍ നിയമവും ഇന്ത്യന്‍ ജനാധിപത്യവും" എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍ .

എല്ലാ തരത്തിലുള്ള അഴിമതിയും തടയാന്‍ കഴിയുന്ന ലോക്പാല്‍ നിയമമാണ് വരേണ്ടത്. ലോക്പാല്‍ വേണ്ടത്ര സ്വതന്ത്രമാക്കാനും അഴിമതിമുക്ത സംവിധാനമാക്കാനും കഴിയണം. അഴിമതികേസുകള്‍ കണ്ടെത്താനും വിചാരണചെയ്യാനും കഴിയുന്ന ഒരു സംവിധാനമായി അത് മാറിയാലേ സമൂഹത്തിന് പ്രയോജപ്പെടൂ. പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ മുന്‍കൂറായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് ജനാഭിപ്രായം തേടണം. ഇപ്പോള്‍ പല നിയമങ്ങളും പാസായ ശേഷമാണ് ജനങ്ങളിലെത്തുന്നത്. പതിനായിരക്കണക്കിനാളുകളുടെ കിടപ്പാടം ഇല്ലാതാക്കുന്ന തീരദേശ സംരക്ഷണ നിയമം പാസാക്കുന്നതിനുമുമ്പ് വ്യാപക ചര്‍ച്ച നടത്തേണ്ടതായിരുന്നു. തങ്ങള്‍ പാസാക്കുന്ന നിയമങ്ങളുടെ വിവിധ വശങ്ങളും പ്രത്യാഘാതങ്ങളും സംബന്ധിച്ചും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ധാരണയില്ലാത്ത സ്ഥിതിയുണ്ട്. അത് പരിഹരിക്കാന്‍ പാശ്ചാത്യരാജ്യങ്ങളിലേതുപോലുള്ള പിന്തുണാസംവിധാനം ലഭ്യമാക്കണമെന്നും അരുണ റോയ് നിര്‍ദേശിച്ചു.

deshabhimani 040212

1 comment:

  1. കള്ളന്മാരുടെ ഗുഹയായി മാറിയ ആരാധനാലയത്തില്‍നിന്ന് പലിശക്കാരെയും കള്ളവാണിഭക്കാരെയും ചാട്ടവാര്‍ കൊണ്ട് അടിച്ചുപുറത്താക്കിയത് ക്രിസ്തുവാണ്. അത് ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ സ്വാഭാവികമായും ആദരിക്കുന്നു, അങ്ങനെ ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ വിമോചനപോരാളിയായി കണക്കാക്കുന്നു. അതില്‍ ഏതെങ്കിലും വിധത്തില്‍ അറച്ചുനില്‍ക്കേണ്ട കാര്യമില്ല.

    ReplyDelete