Sunday, February 5, 2012

നേഴ്സ് സമരം തുടരുന്നു: എസ്മ ഇല്ലെന്ന് ഷിബു ബേബി ജോണ്‍


നേഴ്സിങ് മേഖലയില്‍ ചൂഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമരംചെയ്യുന്നവര്‍ക്കെതിരെ എസ്മ (എസന്‍ഷ്യല്‍ സര്‍വീസ് മെയിന്റനന്‍സ് ആക്ട്) പ്രയോഗിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മേഖലയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അതേസമയം, ലേക്ഷോര്‍ ആശുപത്രിയിലെ നേഴ്സുമാരുടെ സമരം അവസാനിപ്പിക്കാനായി മന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മാനേജ്മെന്റ് പ്രതിനിധികളും സമരസമിതിനേതാക്കളുമായി മന്ത്രിയും റീജണല്‍ ജോയിന്റ് ലേബര്‍ കമീഷണര്‍ വിന്‍സന്റ് അലക്സ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ നാരായണന്‍നമ്പൂതിരി എന്നിവരും നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. മിനിമം വേജസ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ചര്‍ച്ച തിങ്കളാഴ്ചയും തുടരും. പ്രശ്നം പൂര്‍ണമായി പരിഹരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് സമരസമിതിനേതാക്കള്‍ അറിയിച്ചു.

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സമരംചെയ്യുന്ന നേഴ്സുമാരുമായി മന്ത്രി നടത്തിയ ചര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടായി. മിനിമം വേജസില്‍ നേരിയ വര്‍ധന അനുവദിക്കാമെന്ന് ആശുപത്രി മാനേജ്മെന്റ് സമ്മതിച്ചു. എന്നാല്‍ , ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് നേഴ്സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹി എല്‍ദോസ് സി റോയ് അറിയിച്ചു. മിനിമം വേജസ് നല്‍കാത്ത ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാതിരിക്കാനുള്ള സ്റ്റേ ഓര്‍ഡര്‍ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ജനുവരി 31നുമുമ്പ് മിനിമം വേജസ് നടപ്പാക്കാത്ത ആശുപത്രികള്‍ അരിയേഴ്സ് നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പെറ്റീഷന്‍ നല്‍കും. നേഴ്സുമാരുടെ ശമ്പളം ബാങ്കുകള്‍വഴി വിതരണംചെയ്യണമെന്നത് നിര്‍ബന്ധമാക്കും. കേരളത്തിലെ 480 സ്വകാര്യ ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ 24 എണ്ണംമാത്രമേ നിയമങ്ങള്‍ പാലിക്കുന്നുള്ളു. കൃത്രിമ രേഖകളും കണക്കും സമര്‍പ്പിച്ച മാനേജ്മെന്റുകള്‍ക്കെതിരെ ക്രിമിനല്‍കേസെടുക്കും-മന്ത്രി പറഞ്ഞു.

അതേസമയം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാരുടെ സമരം ഒരാഴ്ച പിന്നിട്ടതോടെ റിലേ സത്യഗ്രഹം ആരംഭിച്ച് സമരം ശക്തമാക്കി. ശനിയാഴ്ച രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് സമരപ്പന്തലില്‍ നിരാഹാരസത്യഗ്രഹം ഇരുന്നത്. റിലേ സത്യഗ്രഹം തുടരുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. സമരത്തിന്റെ എട്ടാംദിവസമായ ശനിയാഴ്ച പിന്തുണയുമായി നാട്ടുകാരും വിവിധ സംഘടനാ പ്രതിനിധികളുമടക്കം നൂറുകണക്കിനുപേര്‍ സമരപ്പന്തലിലെത്തി. ഡിവൈഎഫ്ഐ, കേരള യൂത്ത് ഫ്രണ്ട് ജേക്കബ്, തേന്നിക്ക പൗരാവലി തുടങ്ങിയ സംഘടനകള്‍ക്കുപുറമെ കെ പി ധനപാലന്‍ എംപി, എംഎല്‍എമാരായ വി പി സജീന്ദ്രന്‍ , ഇ എസ് ബിജിമോള്‍ എന്നിവരും സമരപ്പന്തലിലെത്തി.

deshabhimani 050212

1 comment:

  1. നേഴ്സിങ് മേഖലയില്‍ ചൂഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമരംചെയ്യുന്നവര്‍ക്കെതിരെ എസ്മ (എസന്‍ഷ്യല്‍ സര്‍വീസ് മെയിന്റനന്‍സ് ആക്ട്) പ്രയോഗിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete