"ലോക്പാല്‍ നിയമവും ഇന്ത്യന്‍ ജനാധിപത്യവും" എന്ന വിഷയത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്ത സെമിനാറോടെ വെള്ളിയാഴ്ചയാണ് ദേശീയ സെമിനാറുകള്‍ക്ക് തുടക്കമായത്. "മതേതര ജനാധിപത്യ സംസ്ക്കാരത്തിനു വേണ്ടി" എന്ന വിഷയത്തിലാണ് ഞായറാഴ്ചത്തെ സെമിനാര്‍ . വിജെടി ഹാളില്‍ (സ. ജ്യോതിബസു നഗര്‍) വൈകിട്ട് മൂന്നിന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും. ഡോ. കെ എന്‍ പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തും. മാലശ്രീ ഹാഷ്മി, ഹമീദ് ചേന്നമംഗലൂര്‍ , ടി വി ചന്ദ്രന്‍ , പ്രഭാവര്‍മ, പി ടി കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിക്കും. എം എ ബേബി അധ്യക്ഷനാകും.
ദേശീയതലത്തില്‍ പ്രതിരോധം ശക്തമാക്കണം: പട്നായിക്
ആഗോളവല്‍ക്കരണത്തിനെതിരായ പോരാട്ടത്തിന്റെ ദേശീയസാധ്യതകള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. കര്‍ഷകരുടെയും തൊഴിലാളികളുടെയും ഐക്യവും യോജിപ്പും വളര്‍ത്തിയെടുത്ത് പ്രതിരോധം ശക്തമാക്കാനാകും. മാര്‍ക്സിനെയും മാര്‍ക്സിസത്തെയും കാലാനുസൃതമായും ചരിത്രപരമായും വിശകലനംചെയ്തും വിലയിരുത്തിയും മാത്രമേ ആഗോളവല്‍ക്കരണവിപത്തിന് പരിഹാരം തേടാനാകൂ. അന്താരാഷ്ട്രതലത്തില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ കണ്ണിചേര്‍ക്കാനുള്ള സാധ്യത വിരളമാണ്. ദേശീയതലത്തിലാണ് സമരപ്രതിരോധം വിപുലമാക്കാനാവുക. ഇതിനായി ഇന്ത്യന്‍ സാഹചര്യങ്ങളെ കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കാനും ഇടപെടാനും ഇടതുപക്ഷത്തിന്, വിശിഷ്യാ സിപിഐ എമ്മിന് സാധിക്കണം. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "എന്തുകൊണ്ട് മാര്‍ക്സിസം" സെമിനാറില്‍ പ്രഭാത് പറഞ്ഞു.
ലോകമുതലാളിത്തം അതിന്റെ ചരിത്രത്തിലെ സവിശേഷഘട്ടം താണ്ടിയിരിക്കയാണ്. മുമ്പ് തൊഴിലാളിവര്‍ഗ പ്രസ്ഥാനവും സോഷ്യലിസവും ശക്തമായിരുന്ന ഘട്ടത്തിലായിരുന്നു മുതലാളിത്തത്തിന് തിരിച്ചടി നേരിട്ടത്. അതിനാല്‍തന്നെ ക്ഷേമപ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്കരിക്കാന്‍ അവര്‍ നിര്‍ബന്ധിതമായി. എന്നാല്‍ , ഇന്ന് അത്തരം സ്ഥിതിവിശേഷമില്ല. മുതലാളിത്തം അധ്വാനിക്കുന്ന വര്‍ഗത്തിനുനേരെ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ്. മുതലാളിത്തപൂര്‍വ ചൂഷണത്തിന്റെ ഭാരംപേറുന്ന ഇന്ത്യയില്‍ സ്ഥിതി ക്രൂരമാണ്. ജാത്യാചാരങ്ങളും ദുരഭിമാനഹത്യയും ദാരിദ്ര്യവുമെല്ലാം അനുഭവിക്കുന്നവനാണ് ഈ നയങ്ങളുടെയും കെടുതിക്കിരയാകുന്നത്. വളര്‍ച്ചയിലും വികസനത്തിലും പുരോഗതിയുണ്ടെന്ന് ഭരണാധികാരികള്‍ വാദിക്കുമ്പോള്‍ , തൊഴിലില്ലായ്മയും ദാരിദ്ര്യവും പോഷകാഹാരക്കുറവും വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍തൊഴിലാളി- കര്‍ഷകാദി ബഹുജനങ്ങളുടെ കൂട്ടായ്മയില്‍ വിപുലമായ ദേശീയപോരാട്ടങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരണം- അദ്ദേഹം പറഞ്ഞു.
ബദലിന് സാര്‍വദേശീയ സാഹചര്യങ്ങളും വികസിക്കണം: ലിയോപാനിച്ച്
ആഗോളവല്‍ക്കരണത്തിനെതിരെ ദേശീയബദല്‍ സാധ്യമാക്കാന്‍ സാര്‍വദേശീയതലത്തില്‍ സാഹചര്യങ്ങള്‍ വികസിക്കേണ്ടതുണ്ടെന്ന് മാര്‍ക്സിസ്റ്റ് പണ്ഡിതനും സോഷ്യലിസ്റ്റ് രജിസ്റ്റര്‍ പത്രാധിപരുമായ പ്രൊഫ. ലിയോ പാനിച്ച്. ദേശീയമായ പോരാട്ടങ്ങളിലൂടെയേ മാറ്റത്തിന് വഴിതുറക്കൂ എന്നത് വസ്തുതയാണ്. എന്നാല്‍ , ഇതിന് അനുഗുണമായി അന്താരാഷ്ട്രതലത്തില്‍ അവസ്ഥ മാറേണ്ടതുണ്ട്. ധനമൂലധനം വികസിത-അവികസിത ഭേദങ്ങളില്ലാതെ എല്ലാ രാഷ്ട്രത്തിലും കടന്നുചെല്ലും. അതിനാല്‍ത്തന്നെ പ്രതിസന്ധി പരിഹാരം എളുപ്പമല്ല. ചരിത്രപരമായി വിശകലനംചെയ്താല്‍ സാര്‍വദേശീയമായി മുതലാളിത്തം നാലാമത്തെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലായിരുന്നു ആദ്യ കുഴപ്പം. 1930കളിലെ രണ്ടാമത്തെ പ്രതിസന്ധി ഫാസിസത്തിലേക്കും യുദ്ധത്തിലേക്കുമാണ് നയിച്ചത്. മൂന്നാമത്തെ കുഴപ്പത്തിന്റെ തുടര്‍ച്ചയാണ് ക്ഷേമരാഷ്ട്രസങ്കല്‍പ്പം.
ആഗോളവല്‍ക്കരണകാലം നേരിടുന്ന പ്രതിസന്ധിയുടെ സവിശേഷത എല്ലാദേശത്തും മുതലാളിത്തം കടന്നുചെല്ലുന്നു എന്നതാണ്. തടസ്സങ്ങള്‍ തട്ടിമാറ്റിയാണ് ആഗോളവല്‍ക്കരണത്തിന്റെ കടന്നാക്രമണം. അതിനാല്‍ പ്രതിസന്ധി എല്ലായിടത്തെയും ബാധിക്കുന്നു. മാത്രമല്ല, ഈ നയങ്ങളോട് ആഭിമുഖ്യമുള്ള ഉപരിവര്‍ഗം വളര്‍ന്നുവരുന്നതും ശ്രദ്ധേയമാണ്. യൂറോപ്പിലെ പ്രതിഷേധങ്ങള്‍ക്ക് ഇപ്പോള്‍ കൃത്യമായ രാഷ്ട്രീയകാഴ്ചപ്പാടില്ലെങ്കിലും സമീപഭാവിയില്‍ അത് കൈവരികതന്നെ ചെയ്യും. പ്രതിസന്ധിയുടെ നാളുകളില്‍ മാര്‍ക്സ് യൂറോപ്പിലും പുറത്തും കൂടുതല്‍ വായിക്കപ്പെടുന്നുണ്ട്. മാര്‍ക്സിന്റെ പ്രസക്തിക്ക് കൈവരുന്ന ഈ സവിശേഷത വരാന്‍പോകുന്ന മാറ്റത്തിലും നിര്‍ണായകമാകും- അദ്ദേഹം പറഞ്ഞു.
യേശുവിന്റെ ചിത്രം വച്ചതിന് എതിരേ പ്രകടനം നടത്തിയതാണ് അനാദരവ്: തോമസ് ഐസക്
സി പി എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്രപ്രദര്‍ശനത്തില്‍ യേശുവിന്റെ ചിത്രം വച്ചതിലല്ല, അതിനെതിരെ പ്രകടനം നടത്തിയതിലാണ് അനാദരവെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. സി പി എമ്മിന് ജനപിന്തുണ കുറഞ്ഞതിനാലാണ് മതവിശ്വാസികളെ പിടിക്കുന്നതെന്ന് പറയുന്നവര്‍ക്ക് മാര്‍ക്‌സിസത്തിന്റെയും മതത്തിന്റെയും ചരിത്രമറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'എന്തുകൊണ്ട് മാര്‍ക്സിസം' എന്ന സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ മയക്കാനുള്ള ഉപായമായല്ല മതത്തെ മാര്‍ക്‌സിസം കാണുന്നത്. അടിച്ചമര്‍ത്തപ്പെട്ടതും അന്യവല്‍ക്കരിക്കപ്പെട്ടതുമായ മനുഷ്യന്റെ അസ്ഥിത്വത്തിന്റെ നിശ്വാസവും വിശ്വാസവുമായാണ് മാര്‍ക്‌സിസം മതത്തെ നോക്കിക്കാണുന്നത്. ഏംഗല്‍സ് 1890ല്‍ എഴുതിയ ഗ്രന്ഥത്തിന്റെ പേരുതന്നെ 'ആദ്യകാല ക്രിസ്തുമത ചരിത്രത്തെപ്പറ്റി'യെന്നാണ്. ആദ്യകാല ക്രിസ്തുമത ചരിത്രത്തിന് തൊഴിലാളിവര്‍ഗ പ്രസ്ഥാനവുമായി പല സംഗതികളിലും ശ്രദ്ധേയമായ സാദൃശ്യമുണ്ടെന്ന് ലേഖനത്തില്‍ വിവരിക്കുന്നു.
ക്രിസ്തുമതം ആദ്യകാലത്ത് അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രസ്ഥാനമായിരുന്നുവെന്നും സാമൂഹിക പരിവര്‍ത്തനങ്ങളിലൂടെയാണ് സോഷ്യലിസം മോചനം ലക്ഷ്യമാക്കുന്നതെന്നും ഏംഗല്‍സ് വ്യക്തമാക്കിയിരുന്നു. സി പി എം യേശുവിന്റെ ചിത്രം വെയ്ക്കുന്നത് ആളെക്കൂട്ടാനുള്ള ഉപായമായിട്ടല്ല. മറിച്ച് മാര്‍ക്‌സിസ്റ്റ് ആചാര്യന്മാരുടെ വിശകലനങ്ങളുമായി ബന്ധപ്പെട്ടതാണിത്.
എം എം ഹസനോ രമേശ് ചെന്നിത്തലയോ മറ്റു പ്രസ്താവന ഇറക്കുന്നവര്‍ക്കോ മാര്‍ക്‌സിസത്തിന്റെ ചരിത്രത്തെക്കുറിച്ച് ഒന്നുമറിയില്ല. യേശുവിനെ ആദരിക്കാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം. മാര്‍ക്‌സിസം ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യേക ചിന്താധാരയുടെയും വിശകലനത്തിന്റെയും ഭാഗമാണ് യേശുവിന് നല്‍കുന്ന ആദരമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ക്‌സിസം ദേശീയ സവിശേഷതകള്‍ക്ക് അനുസൃതമാവണം: പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം: ഇന്ത്യന്‍ പൈതൃകം ഉള്‍കൊണ്ട് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം നടപ്പാക്കിയിരുന്നുവെങ്കില്‍ രാജ്യത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കൂറേക്കൂടി മുന്നോട്ടുപോകാന്‍ കഴിയുമായിരുന്നുവന്ന് സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സോവിയേറ്റ് മാതൃകയാണോ ചൈനീസ് മാതൃകയാണോ സ്വീകരിക്കേണ്ടത് എന്നതായിരുന്നു ഇവിടത്തെ തര്‍ക്കം. മാര്‍ക്‌സിസ്റ്റ് പ്രത്യയ ശാസ്ത്രത്തെ അതാത് രാജ്യത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ചാണ് പ്രയോഗിക്കേണ്ടത്. പ്രത്യയശാസ്ത്രം ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. അത്തരം പിഴവുകള്‍ ഇനി ഉണ്ടാകരുതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി പി എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'എന്തുകൊണ്ട് മാര്‍ക്സിസം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണം കൈയ്യില്‍ വരുമ്പോള്‍ നേതാക്കള്‍ക്കിടയില്‍ ആര്‍ത്തിയും സ്ഥാനമോഹവും ഉണ്ടാകും. ഇക്കാര്യം പൂര്‍ണമായി തിരിച്ചറിഞ്ഞാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരെ ജനങ്ങള്‍ സസൂക്ഷമം നിരീക്ഷിക്കുക്കുന്നുവെന്ന് തിരിച്ചറിയണം. കമ്മ്യൂണിസ്റ്റുകാരുടെ വീട്, അവന്‍ ബന്ധപ്പെടുന്ന ആളുകള്‍, അവര്‍ ധരിക്കുന്ന വസ്ത്രം ഇവയെല്ലാം ചൂഴ്ന്നുപരിശോധിച്ചുകൊണ്ടിരിക്കുന്നു. തികഞ്ഞ ഐക്യത്തോടെയും നിശ്ചയ ദാര്‍ഢ്യത്തോടെയും കളങ്കിതമല്ലാത്ത വിധത്തില്‍ മുന്നോട്ടുപോകണം. സമൂഹത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്നവരാണ് യഥാര്‍ഥ കമ്മയൂണിസ്റ്റുകാര്‍. 1954 മുതല്‍ 57 വരെ പി ടി ഭാസ്‌കര പണിക്കരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച മലബാര്‍ ജില്ലാ ബോര്‍ഡാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് അടികൊള്ളാനും ജയിലില്‍ കിടക്കാനും മാത്രമവല്ല ഭരിക്കാനും അറിയാമെന്നും ആദ്യമായി തെളിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുതലാളിത്ത വ്യവസ്ഥിതി നേരിടുന്ന പ്രതിസന്ധിക്ക് മാര്‍ക്‌സിസം അല്ലാതെ മറ്റ് പരിഹാരമാര്‍ഗമില്ല. മാര്‍ക്‌സിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ലോകമാകമാനം മാര്‍ക്‌സിസത്തിന് അനുകൂലമായ കാറ്റ് വീശുകയാണ്. മുതലാളിത്തത്തിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നു. മാര്‍ക്‌സിസം അജയ്യമാണെന്ന് തെളിഞ്ഞുവരുന്നതായും അദ്ദേഹം പറഞ്ഞു. തകര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്തത്തെ രാജ്യത്ത് അരക്കിട്ടുറപ്പിക്കാനാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ശ്രമിക്കുന്നത്. ഈ മാസം 28 ന് നടക്കുന്ന പൊതുപണിമുക്ക് ഇതിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണെന്നും പന്ന്യന്‍ പറഞ്ഞു.
deshabhimani/janayugom 050212
മാര്‍ക്സിസത്തിന്റെ വര്‍ധിച്ചു വരുന്ന പ്രസക്തിയിലേക്ക് വിരല്‍ചൂണ്ടി സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് "എന്തുകൊണ്ട് മാര്‍ക്സിസം" എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നടന്നു. കമ്യൂണിസവും മാര്‍ക്സും കാലഹരണപ്പെട്ടെന്ന് പ്രചരിപ്പിച്ച മുതലാളിത്ത രാജ്യങ്ങളിലടക്കം പുതിയ ശക്തിയായി ഇടതുപക്ഷം മുന്നേറുന്നത് മാര്‍ക്സിസത്തിന്റെ അജയ്യത വിളംബരം ചെയ്യുന്നതായി സെമിനാര്‍ വ്യക്തമാക്കി.
ReplyDelete