ജനദ്രോഹ സാമ്പത്തികനയങ്ങളും അഴിമതിയും തുടരുന്ന കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ ജനങ്ങള്‍ക്കു മുന്നിലെ പോംവഴി ഇടതുപക്ഷം മാത്രമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം മുന്‍കൈയെടുത്ത് മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ സഹായത്തോടെ ശക്തമായ ബദല്‍ ഉയര്‍ത്തും. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് സ. ഇ ബാലാനന്ദന്‍നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു കാരാട്ട്.
യുപിഎ സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ ഭരണം രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കി. ആയിരക്കണക്കിന് കൃഷിക്കാരെ യുപിഎ ഭരണം ആത്മഹത്യയിലേക്ക് നയിച്ചു. ആന്ധ്രയില്‍ ജനുവരിയില്‍മാത്രം 160 കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ , കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ , ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നശേഷം 31 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. കേരളത്തിലേതുപോലെ, പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ രണ്ടുമാസത്തെ ഭരണത്തിനിടയില്‍ 31 കര്‍ഷകര്‍ ആത്മഹത്യചെയ്തു. 34 വര്‍ഷത്തെ ഇടതുപക്ഷഭരണത്തില്‍ ബംഗാളില്‍ കര്‍ഷക ആത്മഹത്യയെപ്പറ്റി കേട്ടുകേള്‍വിയില്ലായിരുന്നു. കാര്‍ഷികപ്രതിസന്ധി അവസാനിപ്പിക്കാനും നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ ശക്തമായ ബദല്‍ ഉയര്‍ത്താനും സിപിഐ എമ്മിനും ഇടതുപക്ഷത്തിനും മാത്രമേ കഴിയൂ എന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
തൊഴിലെടുക്കുന്ന എല്ലാവരുടെയും ജീവിതം കടുത്ത കടന്നാക്രമണങ്ങള്‍ക്ക് ഇരയാവുകയാണ്. യുപിഎ സര്‍ക്കാരിന് അതില്‍ വേവലാതിയില്ല. ബഹുരാഷ്ട്രകുത്തകകളുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും പിന്തുണ ഉറപ്പാക്കുന്നതില്‍മാത്രമാണ് താല്‍പ്പര്യം. കേരളത്തിലടക്കം വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടും, വാള്‍മാര്‍ട്ടടക്കമുള്ള ബഹുരാഷ്ട്രകുത്തകകളെ ചില്ലറവില്‍പ്പന മേഖലയിലേക്ക് ക്ഷണിച്ചുവരുത്താനുള്ള തീരുമാനത്തില്‍നിന്ന് മന്‍മോഹന്‍സിങ് പിന്മാറിയിട്ടില്ല. ലക്ഷക്കണക്കിന് ചെറുകിടവ്യാപാരികളുടെ ഉപജീവനം മുടക്കുന്ന ഈ നയത്തിനെതിരെ സിപിഐ എം വന്‍പ്രക്ഷോഭം സംഘടിപ്പിക്കും.
കോണ്‍ഗ്രസിന്റെ അതേസാമ്പത്തികനയമാണ് ബിജെപിയും പിന്തുടരുന്നത്. അഴിമതിയിലും ബിജെപി കോണ്‍ഗ്രസിനെപ്പോലെതന്നെയാണെന്ന് തെളിയിക്കുന്നതാണ് കര്‍ണാടകത്തിലെ സംഭവവികാസങ്ങള്‍ . നവ ഉദാരനയങ്ങള്‍ക്കും അമേരിക്കയുമായി യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കുന്ന ബന്ധങ്ങള്‍ക്കും എതിരെ നില്‍ക്കുന്നതിനാലാണ് സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്. പശ്ചിമബംഗാളില്‍ ക്രൂരമായ ആക്രമണം നടക്കുന്നു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 19ന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റാലി ബംഗാളില്‍ സിപിഐ എമ്മിന്റെ കഥകഴിഞ്ഞെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാവും. സിപിഐ എമ്മിന്റെ മുന്നേറ്റം തടയാന്‍ കഴിയില്ലെന്ന് റാലി പ്രഖ്യാപിക്കും.
കേരളത്തിലെ ഏറ്റവും വലിയ പാര്‍ടിയായ സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ വന്‍തോതില്‍ ബഹുജനശ്രദ്ധയും മാധ്യമശ്രദ്ധയുമുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ,മാധ്യമങ്ങളില്‍ സമ്മേളനത്തെപ്പറ്റി വന്നതെല്ലാം വിശ്വസിക്കരുത്. രാഷ്ട്രീയ അനുഭവങ്ങളും സംഘടനാകാര്യങ്ങളും അവലോകനംചെയ്ത് ചര്‍ച്ചചെയ്യുന്ന സമ്മേളനം, വിമര്‍ശവും സ്വയംവിമര്‍ശവും നടത്തി കൂട്ടായ തീരുമാനത്തിലെത്തുകയാണ് ചെയ്യുന്നത്. വളരെയേറെ ഐക്യത്തോടെയും പ്രശ്നങ്ങളെ ശരിയായ രീതിയില്‍ സമീപിച്ചും നടത്തിയ ഈ സമ്മേളനം നാഴികക്കല്ലാണ്- കാരാട്ട് പറഞ്ഞു.
സിപിഐ എമ്മിന്റെ വളര്‍ച്ചയില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല: പിണറായി
സിപിഐ എമ്മിന്റെ വളര്‍ച്ചയിലും ബഹുജനപിന്തുണയിലും ആരും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സമ്മേളന സമാപനപൊതുയോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഒരു ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യവെ "പാര്‍ടിയുടെ ശക്തി 50 ശതമാനത്തില്‍ കൂടുതലാക്കണ"മെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു.
ഒരു പാര്‍ടിയെന്നാല്‍ ഏതാനും ആളുകള്‍ മാത്രം മതിയെന്നാണോ നിലപാട്. സഹകരിപ്പിക്കാന്‍ കഴിയാവുന്ന മുഴുവന്‍ ആളുകളെയും സഹകരിപ്പിക്കുകയല്ലേ വേണ്ടത്. സിപിഐ എമ്മിന് കൂടുതല്‍ ശക്തികിട്ടിയാല്‍ അതിന്റെ പ്രയോജനം എല്‍ഡിഎഫിനല്ലേ. ഇതില്‍ അസഹിഷ്ണുത എന്തിന്. അത് ഞങ്ങള്‍ കാര്യമാക്കിയില്ല. എന്നാലിപ്പോള്‍ സമ്മേളനം ധൂര്‍ത്താണെന്ന് പറയാന്‍ ചിലര്‍ തയ്യാറാകുന്നു. ചുവപ്പ് വളന്റിയര്‍മാരെ സംഘടിപ്പിക്കുന്നതെന്തിനെന്ന് ചിന്തിക്കാം. ഈ ചുവപ്പ് വളന്റിയര്‍മാരെ അടുക്കും ചിട്ടയുമുള്ള വളന്റിയര്‍മാരായി വളര്‍ത്തും. അവരെ സേവന, ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും നിയോഗിക്കും. ഇതെങ്ങനെ ധൂര്‍ത്താകും. ഏതെങ്കിലും പാര്‍ടിക്ക് ഇത്ര ആളില്ലെങ്കില്‍ അസൂയപ്പെട്ടിട്ട് കാര്യമെന്ത്? എന്തിന് ഇത്രയും ആളെ പങ്കെടുപ്പിച്ച് പ്രകടനം എന്ന് ചോദിച്ചാല്‍ കുഴങ്ങും. നാല് വര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍ സംസ്ഥാന സമ്മേളനം നടത്തുന്നത്. ഞങ്ങളോടൊപ്പം നില്‍ക്കുന്ന ആളുകളെ അണിനിരത്തേണ്ടേ. ഒരു ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ മാത്രമാണ് കേന്ദ്രീകരിച്ചത്. എന്നിട്ടും ഈ സ്റ്റേഡിയത്തില്‍ എന്നല്ല, നഗരത്തിന് പോലും ഉള്‍ക്കൊളളാനായില്ല. ഇത്തരത്തില്‍ ഞങ്ങളുടെ ബഹുജനപിന്തുണ വര്‍ധിക്കുമ്പോള്‍ അതിനെ വല്ലാത്ത രീതിയില്‍ നേരിടുന്നത് ശരിയാണോ. വിവരം ഉണ്ടെന്ന് മറ്റുള്ളവര്‍ കരുതുന്നയാള്‍ ഇങ്ങനെ പറഞ്ഞാല്‍ ജനങ്ങള്‍ എന്ത് ധരിക്കും. ഇതിന് ഒരു മറുപടിയേ ഉള്ളൂ-അസൂയക്കും കുശുമ്പിനും മരുന്നില്ല.
സമ്മേളനം ഇവന്റ് മാനേജ്മെന്റ് ടീമാണ് നടത്തുന്നതെന്ന് പറയാനുള്ള നെറികേട് എങ്ങനെ ഉണ്ടായി. സിപിഐ എമ്മിന് അത്തരം ഗതികേട് ഉണ്ടോ. ഇവന്റ് മാനേജ്മെന്റ് ആണെങ്കില്‍ അത് തെളിയിക്കാന്‍ സംഘാടകര്‍ വെല്ലുവിളിച്ചില്ലേ? എന്തേ നാക്ക് അനങ്ങാതിരുന്നത്. ഇത്തരം ഒരു സമ്മേളനം സംഘടിപ്പിക്കുന്നതിന് പതിനായിരക്കണക്കിന് പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളുമാണ് ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിച്ചത്. അതിനെ പരസ്യമായി പുച്ഛിക്കാനും ആക്ഷേപിക്കാനും എങ്ങനെ കഴിയുന്നു. അല്‍പ്പത്വം പറഞ്ഞെന്ന് മാത്രമേ നാട്ടുകാര്‍ ഇതിനെ കാണൂ. അതല്ലാതെ എല്‍ഡിഎഫ് ശത്രുക്കള്‍ എന്തെങ്കിലും കണ്ട് ആഹ്ലാദിക്കേണ്ട.
എല്‍ഡിഎഫ് ഐക്യത്തിന് ഒരു കോട്ടവും തട്ടാന്‍ പോകുന്നില്ല. സിപിഐ എമ്മും സിപിഐയും ആര്‍എസ്പിയും നല്ല ഐക്യത്തിലാണ്. എന്നുവച്ച് ആരെങ്കിലും പറയുന്ന വിടുവായത്തം അംഗീകരിക്കാനാകില്ല. നല്ല മറുപടി ഉണ്ട്. ചിലര്‍ ശക്തി പ്രകടിപ്പിക്കുന്നു എന്ന് കേട്ടു. അത് നല്ലതാണ്. ഞങ്ങള്‍ എവിടെയും വല്യേട്ടന്‍ പ്രകടിപ്പിക്കാന്‍ പോയിട്ടില്ല. എല്‍ഡിഎഫ് യോഗത്തില്‍ ആരെങ്കിലും എന്തെങ്കിലും എഴുതി വായിച്ചത് അംഗീകരിച്ച് പോയിട്ടില്ല. കൂട്ടായ തീരുമാനമാണ് എടുക്കാറ്. ഒരു മേധാവിത്വവും സിപിഐ എം പ്രകടിപ്പിച്ചില്ല. എല്‍ഡിഎഫ് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും പിണറായി പറഞ്ഞു.
ഇടതുമുന്നേറ്റം തകര്‍ക്കാന്‍ നീക്കം: എസ്ആര്‍ പി
സിപിഐ എമ്മിനെതിരായ കള്ളപ്രചാരണം വിലപ്പോകില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. രാജ്യത്ത് വളര്‍ന്നുവരുന്ന ഇടതുപക്ഷമുന്നേറ്റം തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ഇതിന് പിന്നില്‍ -സിപിഐ എം സംസ്ഥാന സമ്മേളന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലുദിവസമായി തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനം പാര്‍ടിയുടെ കരുത്തും സംഘശക്തിയും ഐക്യവും കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ , ചില പ്രത്യേക സംഘടനാവിഷയം മാത്രമാണ് ചര്‍ച്ച ചെയ്തതെന്ന് എതിരാളികളും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചത് സമ്മേളനത്തിന്റെ ഗൗരവം കുറച്ചുകാട്ടാനാണ്. തികഞ്ഞ ജനാധിപത്യപാര്‍ടിയാണ് സിപിഐ എം. എല്ലാനയങ്ങളും സമീപനങ്ങളും പാര്‍ടിഘടകങ്ങള്‍ ചര്‍ച്ച ചെയ്താണ് തീരുമാനിക്കുന്നത്. കരട് രാഷ്ട്രീയപ്രമേയം ഇപ്പോള്‍ വിപുലമായ ചര്‍ച്ചയ്ക്കായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. പാര്‍ടി അംഗങ്ങളുടെയും പാര്‍ടി ബന്ധുക്കളുടെയുമെല്ലാം അഭിപ്രായം ആരാഞ്ഞശേഷമാകും പ്രമേയം പാര്‍ടികോണ്‍ഗ്രസ് അംഗീകരിക്കുക. പ്രത്യയശാസ്ത്രരേഖയും ഇതേപോലെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും മുന്നേറ്റവും നേട്ടവും കോട്ടവുമെല്ലാം സമ്മേളനം പരിശോധിച്ചു. ദേശീയ അന്തര്‍ദേശീയ സ്ഥിതിഗതി മാത്രമല്ല കേരളത്തില്‍ പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ സ്വീകരിക്കേണ്ട നയങ്ങള്‍ക്കും സമ്മേളനം രൂപം നല്‍കി. ഏകകണ്ഠമായ തീരുമാനമാണ് എല്ലാ കാര്യത്തിലും ഉണ്ടായത്. പാര്‍ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളുമായാണ് സമ്മേളനം പിരിഞ്ഞത്. ഇതെല്ലാം മറച്ചുവച്ചുള്ള പ്രചാരണമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. രാജ്യത്തിനാകെ മാതൃകയായ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കും ജനക്ഷേമനടപടികള്‍ക്കും തുടക്കമിട്ടതും നടപ്പാക്കിയതും ഇടതുപക്ഷ സര്‍ക്കാരുകളാണ്. ഇത് കേരളീയസമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ല. കേരളം ഇതുവരെ നേടിയ നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുവിതരണസമ്പ്രദായവും മറ്റ് ക്ഷേമപദ്ധതികളും യുഡിഎഫ് അട്ടിമറിക്കുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുടരുന്ന തെറ്റായ നയങ്ങള്‍ക്കെതിരെ ബഹുജനപ്രക്ഷോഭവും ഐക്യവും കൂടുതല്‍ ശക്തമാക്കണമെന്നും എസ് ആര്‍ പി പറഞ്ഞു.
യുഡിഎഫിന്റെ നുണപ്രചാരണം പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ : കോടിയേരി
പ്രതിസന്ധികളില്‍നിന്ന് രക്ഷതേടാന്‍ യുഡിഎഫ് സര്‍ക്കാര്‍ സിപിഐ എമ്മിനെതിരെ കള്ളപ്രചാരവേല സംഘടിപ്പിക്കുകയാണെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ടിയെ തകര്‍ക്കാന്‍ പണ്ടുമുതലേ കള്ളപ്രചാരവേല സംഘടിപ്പിക്കുന്നവരുണ്ട്. ഇതുകൊണ്ടൊന്നും പാര്‍ടിയെ തകര്‍ക്കാനാകില്ല. കേരളം കണ്ട ഏറ്റവും ദുര്‍ബലമായ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. കോണ്‍ഗ്രസിനുള്ളിലും ഘടക കക്ഷികള്‍ തമ്മിലും കക്ഷികള്‍ക്കുള്ളിലും തര്‍ക്കങ്ങളാണ്. ഒരു എംഎല്‍എയുള്ള പാര്‍ടിയില്‍ അച്ഛനും മകനും തമ്മിലാണ് തര്‍ക്കം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍പോലും യുഡിഎഫിന് കഴിയുന്നില്ല. പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷത്തിനുനേരെ തിരിയുന്നത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസ് കൊണ്ടുവന്നത് ഇതിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ഇതുപോലുള്ള ക്യാപ്പിറ്റല്‍ പണിഷ്മെന്റ് കാട്ടി പേടിപ്പിക്കേണ്ടെന്ന് വി എസ് പറയുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ലാവ്ലിന്‍ കേസ് കൊണ്ടുവന്നതും ഇതുപോലൊരു സാഹചര്യത്തിലായിരുന്നു. മുത്തങ്ങ സമരത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍നിന്ന് തലയൂരാനാണ് അന്ന് യുഡിഎഫ് സര്‍ക്കാര്‍ കേസ് ഉയര്‍ത്തിയത്. എന്നാല്‍ , സമരം ആളിക്കത്തി യുഡിഎഫ് സര്‍ക്കാര്‍ നിലംപതിച്ചതാണ് ചരിത്രം. ഇപ്പോള്‍ വി എസിനെതിരെ കള്ളക്കേസുണ്ടാക്കി പാര്‍ടിയുടെയും എല്‍ഡിഎഫിന്റെയും മുന്നേറ്റം തടയാനുള്ള നീക്കം തീക്കട്ടകൊണ്ട് തലചൊറിയുന്നതിനു തുല്യമാണ്. കേസും ജയിലറയും കാണിച്ച് ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ട.
ഏതെങ്കിലും നേതാവിനെ ഒതുക്കാനോ വെട്ടിനിരത്താനോ അല്ല സിപിഐ എം സമ്മേളനം നടത്തുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ടികളില്‍നിന്ന് വ്യത്യസ്തമാണ് ഈ പാര്‍ടിയെന്ന് ഇനിയെങ്കിലും കെപിസിസി പ്രസിഡന്റ് മനസ്സിലാക്കണം. സമ്മേളനം കഴിയുന്നതോടെ വി എസിനെ വീട്ടിലേക്ക് അയക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രവചനം. എന്നാല്‍ , ചെന്നിത്തലയുടെ പ്രവചനം തെറ്റി. എല്ലാവരും ഒത്തൊരുമയോടെ ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയ സമ്മേളനമായി ഇതുമാറി. സിപിഐ എമ്മിനെപ്പോലെ അച്ചടക്കത്തോടെയുള്ള പരേഡോ റാലിയോ സമ്മേളനമോ കേരളത്തില്‍ എവിടെയെങ്കിലും സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ? നാലു കോണ്‍ഗ്രസുകാര്‍ ഒന്നിച്ചാല്‍ അഞ്ചു ഗ്രൂപ്പാണ്. സംഘട്ടനം ഭയന്ന് സംഘടനാ തെരഞ്ഞെടുപ്പും വേണ്ടെന്നുവച്ചു. തെരഞ്ഞെടുപ്പിന് ചേര്‍ന്ന യോഗത്തിലാണ് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിനെ സെക്രട്ടറി ചവിട്ടിക്കൊന്നത്. സിപിഐ എമ്മിന്റെ സമ്മേളനങ്ങള്‍ കെട്ടുറപ്പിന്റെയും കൂട്ടായ തീരുമാനങ്ങളുടെയും പിന്‍ബലത്തോടെ വിജയകരമായാണ് പൂര്‍ത്തിയാക്കിയത്- കോടിയേരി പറഞ്ഞു.
കള്ളപ്രചാരവേലയിലൂടെ പാര്‍ടിയെ തകര്‍ക്കാനാകില്ല: വി എസ്
കള്ളപ്രചാരണങ്ങളിലൂടെ സിപിഐ എമ്മിനെ താറടിക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല തരത്തിലുള്ള ആക്ഷേപങ്ങളും കള്ളപ്രചാരവേലകളും മാധ്യമങ്ങളില്‍ വരാറുണ്ട്. അതിനെയെല്ലാം അതിജീവിച്ച് വളര്‍ന്ന പ്രസ്ഥാനമാണിത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുമ്പോള്‍ മര്‍ദനവും ജീവത്യാഗവുമെല്ലാം കമ്യൂണിസ്റ്റുകാര്‍ക്ക് സാധാരണസംഭവം പോലെയാണ്. അങ്ങനെയുള്ള പ്രസ്ഥാനത്തെ ജനങ്ങള്‍ അതിരറ്റ് സ്നേഹിക്കുന്നതും സ്വാഭാവികം. കള്ളപ്രചാരവേലയിലൂടെ പാര്‍ടിയെ അവഹേളിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ടിയെ സ്നേഹിക്കുന്നവര്‍ തിരിച്ചറിയും. ക്രൂരമര്‍ദനവും തൂക്കുകയറുമെല്ലാം വെല്ലുവിളിയോടെ നേരിട്ട ഞങ്ങളെ ക്യാപ്പിറ്റല്‍ പണിഷ്മെന്റ് പറഞ്ഞാണ് ഇപ്പോള്‍ ആക്ഷേപിക്കുന്നത്. ഇതൊന്നും ജനങ്ങള്‍ വിശ്വസിക്കില്ല. നിരവധി ക്യാപ്പിറ്റല്‍ പണിഷ്മെന്റ് നേരിട്ട പ്രസ്ഥാനമാണിത്. കയ്യൂര്‍ , പുന്നപ്ര വയലാര്‍ സമരങ്ങളോട് അനുബന്ധിച്ച് നിരവധി കര്‍ഷകയുവാക്കളാണ് ഇത്തരത്തില്‍ ശിക്ഷയ്ക്കു വിധേയരായത്. ജനങ്ങള്‍ക്ക് ത്യാഗത്തിന്റെ മഹത്തായ സേവനം ഭാവിയിലും നല്‍കുന്ന പ്രസ്ഥാനത്തെ സമൂഹമധ്യത്തില്‍ താറടിച്ച് കാണിക്കുന്നത് ഗുണകരമാണോയെന്ന് ഇതിന് തുനിയുന്നവര്‍ ഓര്‍മിക്കണം. എത്രപേര്‍ താറടിക്കാന്‍ ശ്രമിച്ചാലും അതിനെ അതിജീവിക്കാന്‍ പ്രസ്ഥാനത്തിന് കഴിയുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിപ്പിക്കാനുള്ള ഭരണമാണ് നടത്തുന്നത്. ബിജെപിയും ഇവരുടെ പാതയില്‍നിന്ന് വിഭിന്നമല്ല. എന്നാല്‍ , ഇതില്‍നിന്നെല്ലാം വേറിട്ട ഭരണമാണ് സംസ്ഥാനത്ത് അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാരുകള്‍ കാഴ്ചവച്ചത്. ജനങ്ങള്‍ക്ക് പരമാവധി ആശ്വാസമേകാന്‍ ഈ ഭരണങ്ങള്‍ക്ക് കഴിഞ്ഞതായും വി എസ് പറഞ്ഞു.
deshabhimani 110212
ജനദ്രോഹ സാമ്പത്തികനയങ്ങളും അഴിമതിയും തുടരുന്ന കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ ജനങ്ങള്‍ക്കു മുന്നിലെ പോംവഴി ഇടതുപക്ഷം മാത്രമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം മുന്‍കൈയെടുത്ത് മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ സഹായത്തോടെ ശക്തമായ ബദല്‍ ഉയര്‍ത്തും. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് സ. ഇ ബാലാനന്ദന്‍നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു കാരാട്ട്. സിപിഐ എമ്മിന്റെ വളര്‍ച്ചയിലും ബഹുജനപിന്തുണയിലും ആരും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ReplyDelete