തൃശൂര്‍ : അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആറാം നാള്‍ തീക്ഷ്ണമായ രാഷ്ട്രീയ ചിന്തയുടെയും മനുഷ്യമനസ്സിന്റെ ആഴമുള്ള അവലോകനത്തിനും വേദിയായി. ടോള്‍സ്റ്റോയിയുടെ മികച്ച കഥയുടെ രംഗാവിഷ്കാരമായ ക്രൂറ്റ്സര്‍ സൊനാറ്റ പാളിയപ്പോള്‍ പോളണ്ടിലെ തിയറ്ററോ ബുയ്റോ പെട്രോസി അവതരിപ്പിച്ച കാര്‍മല്‍ ഫുണബ്രെ അവതരണത്തിന്റെ സവിശേഷതയും ശക്തിയും കൊണ്ട് പ്രേക്ഷകരെ ഉണര്‍ത്തി.
പ്രണയം ചിലപ്പോഴൊക്കെ കലഹമാണ്. ഒരു വ്യക്തിയോടുള്ള ഇഷ്ടം എന്ന അര്‍ഥത്തില്‍ ചില ജീവിതങ്ങളില്‍ പ്രണയത്തിന് നിലനില്‍പ്പില്ല. ലിത്വാനിയയിലെ യോസാസ് മിലിറ്റിനസ് ഡ്രാമ തിയറ്റര്‍ അവതരിപ്പിച്ച ക്രൂറ്റ്സര്‍ സൊനാറ്റ ശക്തമായ മാനസികാപഗ്രഥനം സാധ്യമാവേണ്ട ഒന്നായിരുന്നിട്ടും വേദിയില്‍ കൈവിട്ടുപോവുകയായിരുന്നു. സൂക്ഷ്മതലത്തിലുള്ള മാനസികാപഗ്രഥനം ആവശ്യമാവേണ്ട കഥയുടെ തന്തു പലപ്പോഴും നഷ്ടമായി. ഒരു ട്രെയിന്‍യാത്രക്കിടെ സഹയാത്രികര്‍ പ്രേമം, വിവാഹം, മോചനം എന്നിവയെക്കുറിച്ച് നടത്തുന്ന സംഭാഷണത്തില്‍ പോസ്നിഷേവ് ഇടപെടുന്നു. യഥാര്‍ഥ പ്രേമത്തിന്റെ അടിസ്ഥാനത്തിലാകണം വിവാഹം എന്ന ഒരു സ്ത്രീയുടെ വാദത്തെ അയാള്‍ നേരിടുന്നത് പ്രേമം എന്താണെന്ന ചോദ്യം കൊണ്ടാണ്. ഒരാളോടു മാത്രം എപ്പോഴും തോന്നുന്ന ഇഷ്ടം എന്ന നിലയില്‍ പ്രണയത്തിന് നിലനില്‍പ്പില്ലെന്ന് അയാള്‍ സ്വന്തം ജീവിതം മുന്‍നിര്‍ത്തി പറയുന്നു. എങ്കിലും പ്രണയം എക്കാലവും നിലനില്‍ക്കുന്നെന്നും സംവിധായകന്‍ സൗലിയസ് വര്‍ണാസ് പറയുന്നു.
നാടകോത്സവത്തില്‍ ഏറ്റവും ശക്തമായി സമകാലികത കൈകാര്യം ചെയ്ത നാടകമായി പോളണ്ടിലെ തിയറ്ററോ ബുയ്റോ പെട്രോസി അവതരിപ്പിച്ച കാര്‍മല്‍ ഫുണബ്രെ. ബോസ്നിയന്‍ യുദ്ധവും വംശീയകലാപവുമാണ് നാടകത്തിന് പ്രചോദനം. യൂഗോസ്ലാവിയന്‍ അഭയാര്‍ഥികളെ നാടകപ്രവര്‍ത്തകര്‍ നേരിട്ടുകണ്ടാണ് നാടകം തയ്യാറാക്കിയത്. നഷ്ടത്തിന്റെയും വിരഹത്തിന്റെയും വേദനകളാണ് പല രംഗങ്ങളുടെയും അടിസ്ഥാനം. ഭാഷയെ മറികടന്ന കരുത്തുറ്റ ദൃശ്യചിത്രങ്ങളിലൂടെ ഭയവും കരുണയും പ്രേക്ഷകനില്‍ ഉണര്‍ത്തിവിട്ട നാടകം നിറഞ്ഞ മനസ്സോടെ അവര്‍ ഏറ്റുവാങ്ങി. യുദ്ധങ്ങളുടെ മഹാദുരന്തങ്ങളെ ഓര്‍മിപ്പിച്ചും അതൊരുവേദനയും പ്രതിഷേധവുമായി പ്രേക്ഷകനില്‍ നിറച്ചുമാണ് പവേല്‍ സ്കോടക് സംവിധാനം ചെയ്ത കാര്‍മല്‍ ഫുണബ്രെ എന്ന തുറന്നവേദിയിലെ അവതരണം അവസാനിച്ചത്. രംഗതലത്തെക്കുറിച്ചുള്ള പുതിയ അന്വേഷണത്തോടൊപ്പം പുരുഷനോട്ടത്തിന്റെയും സ്ത്രീശരീരത്തോടുള്ള സമീപനത്തിന്റെയും രാഷ്ട്രീയം കൂടി വെളിവാക്കിയ കെന്റ് യൂണിവേഴ്സിറ്റിയുടെ ഇമേജിനിങ്ങ് ഒ യുടെ രണ്ടവതരണം കൂടി നടന്നു. നഗ്ന നാടകവേദിയുടെ ഘടകങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തവതരിപ്പിച്ച "ഇമാജിനിങ്ങ് ഒ" പുരുഷനോട്ടത്തിന്റെയും സ്പര്‍ശത്തിന്റെയും രാഷ്ട്രീയവും അതിന്റെ സാംസ്കാരികസമസ്യകളും വെളിവാക്കി. രാവിലെ മുഖാമുഖവും "നാടകത്തിലെ സ്ത്രീസാന്നിധ്യം" സെമിനാറും ശ്രദ്ധേയമായി.
വര്‍ത്തമാനകാലത്തിന്റെ നേര്‍ചിത്രമായി "ദ ഇന്റര്‍വ്യൂ"
കോഴിക്കോട്: കോര്‍പറേറ്റ് ലോകത്തിലെ ഇന്റര്‍വ്യൂകളില്‍ നടക്കുന്ന അപഹാസ്യമായ ചോദ്യങ്ങളെയും കമ്പനികള്‍ തമ്മിലുള്ള മത്സരത്തിനിടയില്‍ നഷ്ടമാകുന്ന മാനുഷിക മൂല്യങ്ങളെയും കുറിച്ച് പരാമര്‍ശിക്കുന്നതായി മുംബൈയിലെ അക്വരിയസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അവതരിപ്പിച്ച ആകര്‍ഷ് ഖുരാനയുടെ "ദ ഇന്റര്‍വ്യൂ" ഇംഗ്ലീഷ് നാടകം. രാജ്യത്തെ പ്രമുഖ സ്ഥാപനത്തില്‍ ഇന്റവ്യൂവിന് കാത്തുനില്‍ക്കുന്ന യുവാവിന്റെ മാനസിക സംഘര്‍ഷങ്ങള്‍ അവതരിപ്പിച്ചാണ് നാടകം ആരംഭിക്കുന്നത്. അക്കാദമിക് നേട്ടങ്ങളോ മുന്‍കാല തൊഴില്‍ പരിചയങ്ങളോ ഒന്നും അയാള്‍ക്ക് സഹായകമാകുന്നില്ല. പലപ്പോഴും ബോസിന്റെ പരിഹാസവും അരോചകമുണര്‍ത്തുന്നതായ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിയും വരുന്നു. മറ്റൊരുദ്യോഗാര്‍ഥിയുടെ ബയോഡാറ്റ വിശദമായി നോക്കാന്‍ പോലും മെനക്കെടാതെ ഉദ്യോഗസ്ഥന്‍ കീറിക്കളയുന്നു. 80 മിനുട്ട് ദൈര്‍ഘ്യമുള്ള നാടകത്തിന്റെ രചന സിദ്ധാര്‍ഥ് കുമാറിന്റെതാണ്. കരണ്‍ പണ്ഡിറ്റ്, താരിഖ് വാസുദേവ, പ്രേര്‍ന ചൗള, കാഷിന്‍ ഷെട്ടി എന്നിവരാണ് അഭിനേതാക്കള്‍ . ദൗലത്ത് വെയ്ദിന്റെ എ മിഡ്സമ്മര്‍ നൈറ്റ്സ് ഡ്രീം ഹിന്ദി നാടകം ചൊവ്വാഴ്ച അരങ്ങേറും.
deshabhimani 070212
അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആറാം നാള്‍ തീക്ഷ്ണമായ രാഷ്ട്രീയ ചിന്തയുടെയും മനുഷ്യമനസ്സിന്റെ ആഴമുള്ള അവലോകനത്തിനും വേദിയായി. ടോള്‍സ്റ്റോയിയുടെ മികച്ച കഥയുടെ രംഗാവിഷ്കാരമായ ക്രൂറ്റ്സര്‍ സൊനാറ്റ പാളിയപ്പോള്‍ പോളണ്ടിലെ തിയറ്ററോ ബുയ്റോ പെട്രോസി അവതരിപ്പിച്ച കാര്‍മല്‍ ഫുണബ്രെ അവതരണത്തിന്റെ സവിശേഷതയും ശക്തിയും കൊണ്ട് പ്രേക്ഷകരെ ഉണര്‍ത്തി.
ReplyDelete