Tuesday, February 7, 2012

ഇപ്പോള്‍ ചര്‍ച്ച മുതലാളിത്തത്തിന്റെ ഭാവി: കാരാട്ട്

സംസ്ഥാന സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം

പുതിയ കുതിപ്പുകള്‍ക്ക് ഊര്‍ജം തേടുമെന്ന പ്രതിജ്ഞയോടെ രക്തസാക്ഷികളുടെ ഊഷ്മളമായ സ്മരണയില്‍ സിപിഐ എം ഇരുപതാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി.
ചൊവ്വാഴ്ച രാവിലെ ആശാന്‍ സ്ക്വയറില്‍ യൂണിവേഴ്സിറ്റി സെന്ററിന് മുന്നില്‍ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി ബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട്, കെ വരദരാജന്‍ , സംസ്ഥാന സെക്രട്ടറി പിണറായി വജയന്‍ , കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്ര കമ്മറ്റിയംഗം വി എസ് അച്യുതാനന്ദന്‍ തുടങ്ങിയ നേതാക്കള്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു. സമ്മേളന പ്രതിനിധികളെല്ലാം ധീര രക്തസാക്ഷികള്‍ക്ക് രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചു. സമ്മേളന നഗരിയില്‍ നിന്ന് റെഡ് വളണ്ടിയര്‍മാരുടെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെയാണ് പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തിലേക്ക് പോയത്.

പ്രതിനിധിസമ്മേളന നഗറില്‍ പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തി. രാവിലെ 9.30 ന് പൊതുസമ്മേളനം നടക്കുന്ന ബാലാനന്ദന്‍ നഗറില്‍(ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം) നിന്ന് ദീപശിഖ സ. ഹര്‍കിഷന്‍ സിങ് സുര്‍ജിത് നഗറില്‍(എ കെ ജി ഹാള്‍) എത്തിച്ചു. കാട്ടായിക്കോണം വി ശ്രീധരന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് സംസ്ഥാന കമ്മറ്റി അംഗം ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ പൊതുസമ്മേളന നഗരിയിലെത്തിച്ച ദീപശിഖയാണ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് നഗറിലെത്തിച്ചത്. ദീപശിഖ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഏറ്റുവാങ്ങി സുര്‍ജിത് നഗറിന് മുന്നില്‍ ഒരുക്കിയ ബലികുടീരത്തില്‍ സ്ഥാപിച്ചു.

3,70,000 പാര്‍ടി അംഗങ്ങളെ പ്രതിനിധാനം ചെയ്ത് സംസ്ഥാന കമ്മിറ്റി അംഗങ്ങളും നിരീക്ഷകരും ഉള്‍പ്പെടെ 565 പ്രതിനിധികളാണ് പ്രതിനിധിസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. വൈകിട്ട് കാല്‍ലക്ഷം ചുവപ്പുസേനാംഗങ്ങളുടെ പരേഡും ലക്ഷം സ്ത്രീകള്‍ ഉള്‍പ്പെടെ രണ്ടുലക്ഷംപേര്‍ അണിനിരക്കുന്ന റാലിയും നടക്കും.

പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ താല്‍ക്കാലിക അധ്യക്ഷതയിലാണ് സമ്മേളനം ആരംഭിച്ചത്. കോടിയേരി അധ്യക്ഷനായ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് സ്റ്റിയറിങ്കമ്മറ്റി. എം എ ബേബി അധ്യക്ഷനായ പ്രമേയ കമ്മിറ്റിയും ജി സുധാകരന്റെ നേതൃത്വത്തില്‍ ക്രഡന്‍ഷ്യല്‍ കമ്മറ്റിയും വരദരാജന്‍ അധ്യക്ഷനായി മിനിറ്റ്സ് കമ്മറ്റിയും പ്രവര്‍ത്തിക്കുന്നു.

ഇപ്പോള്‍ ചര്‍ച്ച മുതലാളിത്തത്തിന്റെ ഭാവി: കാരാട്ട്

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സോഷ്യലിസവും തകര്‍ന്നുവെന്ന് പറഞ്ഞവര്‍ മുതലാളിത്തത്തിന്റെ തകര്‍ച്ചയ്ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന കാഴ്ചയാണ് നിലവിലുള്ളതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അമേരിക്കയിലും യൂറോപ്പിലും വീശിയടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ നാലു വര്‍ഷമായിട്ടും മുതലാളിത്തത്തിന് കഴിഞ്ഞിട്ടില്ല. മുതലാളത്ത വ്യവസ്ഥിതിക്ക് ഭാവിയുണ്ടോ എന്നതാണ് നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ഇരുപതാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാന്ദ്യത്തില്‍ നിന്നും കരകയറാനുള്ള നടപടിയെന്ന് പറഞ്ഞ് ചൂഷക ഭരണാധികാരികള്‍ തൊഴിലാളി വിരുദ്ധ നടപടികളാണ് കൈക്കൊള്ളുന്നത്. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഓരോന്നായി കവരുന്ന നടപടിക്കെതിരെ മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങള്‍ തെരുവിലിറങ്ങുന്ന കാഴ്ചയാണ് ലോകം കാണുന്നത്. എന്നാല്‍ നവ ഉദാരവല്‍ക്കരണ നയങ്ങളില്‍ നിന്നും വ്യത്യസ്തമായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷം കരുത്താര്‍ജ്ജിക്കുന്നു. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്കുള്ള ബദലാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മുന്നേറ്റം.

ഇന്ത്യയിലെ ഭരണാധികാരികള്‍ നവഉദാരവല്‍ക്കരണ നയങ്ങളുടെ വക്താക്കളാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ശതകോടീശ്വരന്‍മാരുടെ എണ്ണത്തിലാണ് വര്‍ദ്ധനയുണ്ടായത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയസമീപനങ്ങളില്‍ മാറ്റമൊന്നുമില്ല. കര്‍ണ്ണാടകയിലെ ഭൂമി, ഖനി അഴിമതികള്‍ ഉദാഹരണങ്ങളാണ്. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുന്നതുകൊണ്ടാണ് സിപിഐ എം നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ഉണ്ടാക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ കേസുകള്‍ പടച്ചുവിട്ടാല്‍ പാര്‍ട്ടിയുടെ പോരാട്ടങ്ങള്‍ക്ക് ശക്തികുറയില്ലെന്നും കാരാട്ട് പറഞ്ഞു. പിണറായിക്കെതിരായ ലാവ്ലിന്‍ ആരോപണങ്ങള്‍ക്ക് പുറമെ വി എസ് അച്യുതാനന്ദനെതിരെ ഭൂമി വിവാദമാണ് പുതുതായി ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം ഗൂഢാലോചനകള്‍ക്കെതിരെ പാര്‍ട്ടി ഒറ്റക്കെട്ടായി പൊരുതുമെന്നും കാരാട്ട് പറഞ്ഞു.

ക്രിസ്തുമതത്തിന് പൊരുത്തമേറെ കമ്യൂണിസവുമായി: കാരാട്ട്

മതത്തെയല്ല; വര്‍ഗീയതയെയും മതമൗലിക വാദത്തെയുമാണ് സിപിഐ എം എതിര്‍ക്കുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. തിരുവനന്തപുരത്ത് പാര്‍ട്ടി ഇരുപതാം സംസ്ഥാന സമ്മേളനം ഉല്‍ഘാടനം ചെയ്യവേയാണ് അടുത്തിടെ കേരളത്തിലുണ്ടായ വിവാദങ്ങളെ പരാമര്‍ശിച്ച് കാരാട്ട് പാര്‍ട്ടി നിലപാട് ആവര്‍ത്തിച്ചത്.

ഇക്കാര്യത്തില്‍ അനാവശ്യ വിവാദമാണ് ഉയര്‍ത്തുന്നത്. ക്രൈസ്തവ സഭയെക്കുറിച്ച് പാര്‍ട്ടിക്കുള്ള നിലപാടിനെക്കുറിച്ചു പറയുമ്പോള്‍ , 1971ല്‍ ക്യൂബയിലെ ക്രൈസ്തവ മത നേതാക്കളെ അഭിസംബോധന ചെയ്ത് മഹാനായ നേതാവ് ഫിദല്‍ കാസ്ട്രോ പറഞ്ഞതാണ് ഉദ്ധരിക്കാനുള്ളത്. അദ്ദേഹം പറഞ്ഞു: "മുതലാളിത്തവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമ്യുണിസത്തിന് ക്രൈസ്തവ സഭയുമായി പതിനായിരത്തിലേറെ പൊരുത്തങ്ങളുണ്ട്". കേരളത്തിലെ കാര്യത്തിലും ഇതുതന്നെയാണ് പറയാനുള്ളതെന്ന് കാരാട്ട് തുടര്‍ന്നു.

ഇന്ത്യയിലെ ഭരണക്കാര്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ്. ഇതുവരെ കാണാത്ത അഴിമതിയാണ് യുപിഎ ഭരണത്തില്‍ . ലോക്പാല്‍ കൊണ്ടു മാത്രം ഇതിനെ നേരിടാനാവില്ല. അഴിമതിക്കു കാരണമായ നവ ഉദാവല്‍ക്കരണ നയങ്ങളെയും എതിര്‍ത്തു തോല്‍പ്പിക്കണമെന്ന് അദ്ദേഹം തുടര്‍ന്നു. കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. സ്വാഗത സംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ സ്വാഗതം ചെയ്തു.

deshabhimani news

1 comment:

  1. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സോഷ്യലിസവും തകര്‍ന്നുവെന്ന് പറഞ്ഞവര്‍ മുതലാളിത്തത്തിന്റെ തകര്‍ച്ചയ്ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന കാഴ്ചയാണ് നിലവിലുള്ളതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അമേരിക്കയിലും യൂറോപ്പിലും വീശിയടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ നാലു വര്‍ഷമായിട്ടും മുതലാളിത്തത്തിന് കഴിഞ്ഞിട്ടില്ല. മുതലാളത്ത വ്യവസ്ഥിതിക്ക് ഭാവിയുണ്ടോ എന്നതാണ് നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ഇരുപതാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete