Friday, February 10, 2012

സഹകരണമേഖല തകരും

ജില്ലാ സഹകരണബാങ്കുകളുടെ ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കും. കടലാസ് സംഘങ്ങളടക്കം എല്ലാപ്രാഥമിക സഹകരണസംഘങ്ങള്‍ക്കും ജില്ലാ സഹകരണബാങ്കില്‍ വോട്ടവകാശം നല്‍കുന്ന ഭരണഘടനാ ഭേദഗതിക്കുള്ള ഓര്‍ഡിനന്‍സാണ് പുറപ്പെടുവിക്കുന്നത്. ഇതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കാര്‍ഷികവായ്പ നല്‍കുന്ന പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കും മാത്രമാണ് നിലവില്‍ ജില്ലാ ബാങ്കിലേക്ക് വോട്ടവകാശം. 14 ജില്ലാ സഹകരണബാങ്കില്‍ മലപ്പുറവും വയനാടും ഒഴികെയുള്ളവ എല്‍ഡിഎഫ് ഭരണത്തിലാണ്. സഹകരണമേഖലയില്‍ യുഡിഎഫ് താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിന് ഇതു തടസ്സമാണെന്നു കണ്ടാണ് ഭരണസമിതികളെ അട്ടിമറിക്കുന്നത്.

ജില്ലാ ബാങ്കിലേക്ക് വോട്ടവകാശമുള്ള 1603 പ്രാഥമിക സഹകരണസംഘവും 60 അര്‍ബന്‍ ബാങ്കുമാണുള്ളത്. നിലവില്‍ വോട്ടവകാശമുള്ള സംഘങ്ങളില്‍ 70 ശതമാനത്തിലേറെയും എല്‍ഡിഎഫ് നിയന്ത്രണത്തിലാണ്. മുന്‍ യുഡിഎഫ് ഭരണകാലത്ത് തട്ടിക്കൂട്ടിയ ആയിരക്കണക്കിന് കടലാസ് സംഘങ്ങളടക്കം സഹകരണ രജിസ്ട്രാറുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സംഘത്തിനും വോട്ടവകാശം നല്‍കി ഭരണം പിടിക്കാനാണ് നീക്കം. സഹകരണനിയമത്തില്‍ സംഘങ്ങളെ നിര്‍വചിച്ച രണ്ടാം വകുപ്പും നാമമാത്ര-അസോസിയറ്റ് അംഗങ്ങളെ പരമര്‍ശിക്കുന്ന 18-ാം വകുപ്പും ഭരണസമിതി തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള 28-ാം വകുപ്പുമാണ് ഭേദഗതി ചെയ്യുന്നത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചാല്‍ , ഭവനനിര്‍മാണ സംഘങ്ങളും വനിതാ സഹകരണസംഘങ്ങളും എംപ്ലോയീസ് സഹകരണസംഘങ്ങളും അടക്കം പതിനായിരത്തിലേറെ സംഘത്തിന് പുതുതായി വോട്ടവകാശം കൈവരും. അതോടെ, ഭൂരിപക്ഷം അംഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നതല്ലെന്ന വാദമുയര്‍ത്തി നിലവിലുള്ള ഭരണസമിതികളെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്താനാണ് നീക്കം. പിന്നീട് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ , കടലാസ് സംഘങ്ങളുടെ വോട്ടിലൂടെ അധികാരം പിടിക്കാമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. ജില്ലാ ബാങ്കുകള്‍ നിയന്ത്രണത്തിലാക്കി സംസ്ഥാന സഹകരണബാങ്കും പിടിച്ചെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

കഴിഞ്ഞ ജനുവരി 12നു രാഷ്ട്രപതി ഒപ്പുവച്ച ഭരണഘടനാ ഭേദഗതി പ്രകാരം അഞ്ചുവര്‍ഷമാണ് സഹകരണ ഭരണസമിതികളുടെ കാലാവധി. ഇതിനു വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. സാമ്പത്തിക വര്‍ഷാന്ത്യത്തിലുള്ള അട്ടിമറി നീക്കം ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കും.
(ആര്‍ സാംബന്‍)

deshabhimani 100212

1 comment:

  1. ജില്ലാ സഹകരണബാങ്കുകളുടെ ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കും. കടലാസ് സംഘങ്ങളടക്കം എല്ലാപ്രാഥമിക സഹകരണസംഘങ്ങള്‍ക്കും ജില്ലാ സഹകരണബാങ്കില്‍ വോട്ടവകാശം നല്‍കുന്ന ഭരണഘടനാ ഭേദഗതിക്കുള്ള ഓര്‍ഡിനന്‍സാണ് പുറപ്പെടുവിക്കുന്നത്. ഇതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കാര്‍ഷികവായ്പ നല്‍കുന്ന പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കും മാത്രമാണ് നിലവില്‍ ജില്ലാ ബാങ്കിലേക്ക് വോട്ടവകാശം. 14 ജില്ലാ സഹകരണബാങ്കില്‍ മലപ്പുറവും വയനാടും ഒഴികെയുള്ളവ എല്‍ഡിഎഫ് ഭരണത്തിലാണ്. സഹകരണമേഖലയില്‍ യുഡിഎഫ് താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിന് ഇതു തടസ്സമാണെന്നു കണ്ടാണ് ഭരണസമിതികളെ അട്ടിമറിക്കുന്നത്.

    ReplyDelete