Sunday, June 10, 2012

അനീഷ് രാജന്‍ വധം; പ്രതികളെ സംരക്ഷിക്കുന്നത് പി ടി തോമസ്


കോണ്‍ഗ്രസിന്റെ ഉപവാസം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍

കട്ടപ്പന: എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജനെ കൊലചെയ്തവര്‍ കൊലപാതകത്തിനെതിരെ ഉപവാസസമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച നെടുങ്കണ്ടത്ത് നടത്തുന്ന ഉപവാസ സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കത്തിന്റെ ഭാഗമാണ്. സമരത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പങ്കെടുക്കുന്നുണ്ട്. മാര്‍ച്ച് 18 നാണ് എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റും ഡിവൈഎഫ്ഐ നേതാവുമായ അനീഷ് രാജനെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ക്രമിനലുമായ അറയ്ക്കപ്പറമ്പില്‍ അഭിലാഷിന്റെയും രൂപേഷിന്റെയും നേതൃത്വത്തില്‍ ഒന്‍പതംഗ സംഘമാണ് അനീഷിനെ നെടുങ്കണ്ടം മഞ്ഞപ്പെട്ടി കാമാക്ഷി വിലാസം എസ്റ്റേറ്റില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയത്. തൊഴിലാളികളോടും പ്രവര്‍ത്തകരോടും സംസാരിച്ചുനില്‍ക്കവെ പിന്നില്‍നിന്ന് കുത്തി വീഴ്ത്തുകയായിരുന്നു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മറ്റു പ്രതികളെ സംരഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസും സര്‍ക്കാരും സ്വീകരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പി ടി തോമസിന്റെയും ഇടപെടലുകള്‍ ഈ കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. അനീഷ് രാജനെ കൊലപ്പെടുത്തിയിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി പൊലീസ് മാറുകയാണ്.

മുല്ലപ്പെരിയാര്‍ പ്രശ്നത്തെതുടര്‍ന്ന് തമിഴ്തൊഴിലാളികളെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ക്രിമിനലുകള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലെത്തിച്ച ശേഷം തിരികെ വീട്ടിലേക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് രാത്രി ഒന്‍പതോടെ അനീഷ് ആക്രമിക്കപ്പെട്ടത്. ഇരുട്ടിന്റെ മറവിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള ഗുണ്ടാസംഘമാണ് അനീഷിനെ കുത്തിവീഴ്ത്തിയത്. സംഘത്തിലുണ്ടായിരുന്നവര്‍ അറിയപ്പെടുന്ന ക്രിമനലുകളാണ്. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം രക്തസാക്ഷിയായ അനീഷിന്റെ പേരിലും മറ്റ് പ്രവര്‍ത്തകരുടെ പേരിലും ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുകയാണ്. പി ടി തോമസ് എംപിയുടെ സംരക്ഷണയില്‍ അനീഷിനെ കൊലപാതകികള്‍ ഇപ്പോഴും നാട്ടില്‍ വിലസുകയാണ്.

മുല്ലപ്പെരിയാര്‍ പ്രശ്നം തമിഴ്-മലയാളി സംഘര്‍ഷമാക്കി മാറ്റാന്‍ യൂത്ത് കോണ്‍ഗ്രസ് നേരത്തെ ശ്രമം നടത്തിയിരുന്നു. ഇവിടെ ആക്രമണം നടത്തിയവരാണ് കഴിഞ്ഞ നവംബറില്‍ കമ്പംമെട്ട് ചെക്ക്പോസ്റ്റിലും തമിഴ്തൊഴിലാളികളെ ആക്രമിച്ച് മുല്ലപ്പെരിയാര്‍ പ്രശ്നം ആളിക്കത്തിച്ചതും. ജില്ലയില്‍ കൊലപാതക പരമ്പരകള്‍ക്ക് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് ഇപ്പോള്‍ സമരത്തിലൂടെ നടത്തുന്നത് കാപട്യവും തട്ടിപ്പുമാണ്. വണ്ടിപ്പെരിയാറ്റില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന അയ്യപ്പദാസിനെ വെട്ടിക്കൊലപ്പെടുത്തതിയത് കോണ്‍ഗ്രസുകാരാണ.് യുവ വാഗ്ദാനമായിരുന്ന ഇരട്ടയാറ്റിലെ കെ കെ വിനോദിനെ നടുറോഡിലിട്ട് കുത്തി കൊലപ്പെടുത്തിയതും കോണ്‍ഗ്രസുകാരാണ്. ഡിവൈഎഫ്ഐ നേതാവ് ടി എ നസീറിനെ സ്വന്തം നാട്ടില്‍ വച്ച് വെട്ടി കൊലപ്പെടുത്തിയതും കോണ്‍ഗ്രസുകാരാണ്. അനീഷ് രാജന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ വമ്പിച്ച പ്രക്ഷോഭങ്ങളാണ് പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നത്. തൊടുപുഴയില്‍ എസ്എഫ്ഐ നടത്തിയ മാര്‍ച്ച് ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസുകാരുടെയും നിര്‍ദേശങ്ങള്‍ക്ക് വഴങ്ങി പൊലീസ് അടിച്ചൊതുക്കി. എസ്എഫ്ഐയുടെ അഞ്ചോളം പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. അനീഷ് രാജനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അനീഷിന്റെ അമ്മ സബിതാ രാജന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

deshabhimani 100612

No comments:

Post a Comment