Sunday, June 10, 2012

സ്മാര്‍ട്ട് സിറ്റി: പദ്ധതിച്ചെലവ് 500 കോടിയോളം ഉയര്‍ന്നതായി മുഖ്യമന്ത്രി


സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തിന്റെ ഭാഗമായി പദ്ധതിച്ചെലവ് 500 കോടിയോളം ഉയര്‍ന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, 24 മാസമെടുക്കുമെന്നാണ് ടീകോം സിഇഒ അബ്ദുള്‍ ലത്തീഫ് അല്‍മുല്ല പറഞ്ഞത്. ഒന്നാംഘട്ട നിര്‍മാണത്തിന് ശിലയിട്ടശേഷം ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് യോഗത്തിനു പിന്നാലെ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് പദ്ധതിയുടെ മുഖ്യരക്ഷാധികാരിയായ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാനും വ്യത്യസ്തമായി പ്രതികരിച്ചത്. ഒന്നാംഘട്ടത്തിലെ മൂന്നരലക്ഷം ചതുരശ്ര അടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി ശിലയിട്ടു. നിര്‍മാണം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് ടീകോം സിഇഒ 24 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു വ്യക്തമാക്കിയത്. പദ്ധതിക്കു മുന്നിലുള്ള ശേഷിക്കുന്ന കടമ്പകള്‍കൂടി കടന്ന് നിര്‍മാണം ആരംഭിച്ചാല്‍ 18 മാസത്തിനുള്ളില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാകുമെന്നാണ് താന്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍ ടീകോം സിഇഒ ഇതിനോടു പ്രതികരിച്ചില്ല.

ജനുവരിയില്‍ ഒന്നാംഘട്ടത്തിന്റെ നിര്‍മാണം തുടങ്ങുമെന്നാണ് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നതെങ്കിലും നാലുമാസം വൈകിയാണ് ശിലയിട്ടത്. പദ്ധതിപ്രദേശത്തെ ഒറ്റ സെസ്സിനു കീഴില്‍ കൊണ്ടുവരാനുള്ള കേന്ദ്രാനുമതി ഒരാഴ്ചയ്ക്കുള്ളില്‍ കിട്ടുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെടുത്തി അടിസ്ഥാനസൗകര്യ വികസനം വേഗത്തിലാക്കും. സ്മാര്‍ട്ട് സിറ്റിയില്‍നിന്ന് കൊച്ചി നഗരത്തിലേക്ക് പുതിയ റോഡ് ഉണ്ടാക്കും. നിര്‍മാണം പൂര്‍ത്തിയാക്കിയ പവിലിയന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 10,900 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഓഫീസ്, മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായാണ് പവിലിയന്‍ നിര്‍മിച്ചിട്ടുള്ളത്. ടീകോമിന് സാമ്പത്തികപ്രശ്നമൊന്നുമില്ലെന്ന് സിഇഒ അബ്ദുള്‍ ലത്തീഫ് അല്‍മുല്ല പറഞ്ഞു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. മന്ത്രിമാരായ കെ എം മാണി, വി കെ ഇബ്രാഹിംകുഞ്ഞ്, കെ ബാബു, കെ പി ധനപാലന്‍ എംപി, എംഎല്‍എമാരായ എസ് ശര്‍മ, ബെന്നി ബഹനാന്‍, വി പി സജീന്ദ്രന്‍, സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് പ്രത്യേക ക്ഷണിതാവ് എം എ യൂസഫലി, ഐടി സെക്രട്ടറി പി എച്ച് കുര്യന്‍, എംഡി ഡോ. ബാജു ജോര്‍ജ്, പി എ മുഹമ്മദ് അലി, രമ സാജു, ഷൈല നൗഷാദ്, കലക്ടര്‍ ഷേഖ് പരീത് സംസാരിച്ചു.

deshabhimani 100612

1 comment:

  1. സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തിന്റെ ഭാഗമായി പദ്ധതിച്ചെലവ് 500 കോടിയോളം ഉയര്‍ന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, 24 മാസമെടുക്കുമെന്നാണ് ടീകോം സിഇഒ അബ്ദുള്‍ ലത്തീഫ് അല്‍മുല്ല പറഞ്ഞത്.

    ReplyDelete