സാമ്പത്തിക പരിഷ്ക്കാരങ്ങള്‍, പ്രത്യേകിച്ചും ചില്ലറ വില്‍പ്പനമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം അമേരിക്കന്‍ നിര്‍ദേശപ്രകാരമല്ലെന്ന പ്രധാനമന്ത്രിയുടെ വാദം കള്ളം. മറ്റുരാജ്യങ്ങളുടെ ശാസനയനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമല്ല ഇന്ത്യയെന്നും അമേരിക്കയ്ക്ക് ഈ തീരുമാനത്തിലെന്താണ് കാര്യമെന്നുമുള്ള മന്‍മോഹന്‍സിങ്ങിന്റെ വാദത്തെ ഖണ്ഡിക്കുന്നതാണ് യഥാര്‍ഥ കണക്കുകള്‍. അമേരിക്ക കുനിയാന്‍ പറയുമ്പോള്‍ പ്രധാനമന്ത്രി മുട്ടിട്ടിഴയുകയാണെന്ന് വ്യക്തം.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂലൈ 15ന് വ്യാപാരസമൂഹത്തെ അഭിസംബോധന ചെയ്യവേ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയുമായ ബറാക് ഒബാമ പറഞ്ഞതിങ്ങനെ: ""ചില്ലറവില്‍പ്പന ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇന്ത്യ പ്രത്യക്ഷ വിദേശനിക്ഷേപം നിരോധിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ഏഷ്യന്‍ രാജ്യത്ത് നിക്ഷേപാന്തരീക്ഷം തകരുകയാണ്. ഇന്ത്യ പരിഷ്ക്കാരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കണം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് സാമ്പത്തികഭാവി എങ്ങനെ രൂപീകരിക്കണം എന്നുപറയേണ്ടത് അമേരിക്കന്‍ രീതിയല്ല. അക്കാര്യം നിശ്ചയിക്കേണ്ടത് ഇന്ത്യയാണ്. എന്നാല്‍, ഇന്ത്യയില്‍ വളര്‍ന്നുവരുന്ന സമവായം മറ്റൊരു സാമ്പത്തികപരിഷ്ക്കരണ തരംഗത്തിന് അനുകൂലമാണ്. മന്‍മോഹന്‍സിങ് സുഹൃത്തും പങ്കാളിയുമാണ്. അദ്ദേഹവുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്"".
സര്‍ക്കാരിനെ അസ്ഥിരമാക്കുമെന്നറിഞ്ഞിട്ടും ഒബാമ മുന്നോട്ടുവച്ച കാര്യങ്ങള്‍ ഓരോന്നായി നടപ്പാക്കുകയായിയിരുന്നു മന്‍മോഹന്‍. നിക്ഷേപാന്തരീക്ഷം തകരുകയാണെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നികുതിവെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ മുന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി കൊണ്ടുവന്ന "ഗാര്‍ചട്ടങ്ങള്‍" പുനഃപരിശോധിക്കാന്‍ പുരുഷോത്തം ഷോം സമിതിക്ക് രൂപം നല്‍കിയത്. രണ്ടാഴ്ചക്കകം തന്നെ ഷോം സമിതി കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഗാര്‍ചട്ടങ്ങള്‍ മൂന്നുവര്‍ഷത്തേക്ക് നടപ്പാക്കരുതെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. മൗറീഷ്യസ് പാതയിലൂടെയും മറ്റും ഇന്ത്യയിലെത്തി വന്‍ നികുതിവെട്ടിപ്പ് നടത്തി കോടികള്‍ കൊയ്യുന്ന വിദേശനിക്ഷേപകര്‍ക്ക് ഇതോടെ ആശ്വാസമായി. ഷോം സമിതിയുടെ അന്തിമറിപ്പോര്‍ട്ട് തിങ്കളാഴ്ച ധനമന്ത്രി പി ചിദംബരത്തിന് സമര്‍പ്പിക്കും. ഒബാമ ആവശ്യപ്പെട്ടപോലെ ആഗസ്ത് 14ന് ചില്ലറവില്‍പ്പനമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. മറ്റുമേഖലകളില്‍ വിദേശനിക്ഷേപം നിരോധിക്കുന്നുവെന്ന പരാതി ഒഴിവാക്കാന്‍ വ്യോമമേഖലയില്‍ 49 ശതമാനവും പ്രക്ഷേപണരംഗത്ത് 74 ശതമാനവും വിദേശനിക്ഷേപം അനുവദിച്ചു. വൈദ്യുതി കൈമാറ്റ മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപവും അനുവദിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളായ നാല്‍കോ, ഓയില്‍ ഇന്ത്യ, എന്‍എംഡിസി, ഹിന്ദുസ്ഥാന്‍ കോപ്പര്‍ എന്നീ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനും തീരുമാനിച്ചു.
സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന് കെട്ടഴിക്കുമെന്ന് രണ്ടാഴ്ചക്കകം മൂന്നുതവണ പ്രധാനമന്ത്രി ആവര്‍ത്തിച്ചുപറഞ്ഞു. സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന വിജയ്കേല്‍ക്കര്‍ സമിതി റിപ്പോര്‍ട്ടും സെപ്തംബര്‍ 28ന് പുറത്തിറ ക്കി. പ്രധാനമന്ത്രി നിശബ്ദ ദുരന്തനായകനെന്നും (വാഷിങ്ടണ്‍ പോസ്റ്റ്) പരാജിതനെന്നും (ടൈം) വിശേഷിപ്പിച്ച പാശ്ചാത്യമാസികകള്‍ ഇതോടെ സ്വരം മാറ്റി. മന്‍മോഹന്‍സിങ് ശക്തി വീണ്ടെടുത്തെന്നാണ് പിന്നീട് "ഇക്കോണമിസ്റ്റ്" വാരിക വാഴ്ത്തിയത്. രണ്ട് പതിറ്റാണ്ടിനിടയില്‍ കൈക്കൊണ്ട ധീരമായ നടപടിയെന്ന് "വാഷിങ്ടണ്‍ പോസ്റ്റും" "ന്യൂയോര്‍ക്ക് ടൈംസും" ഒരുപോലെ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ നടപടി ആരെസന്തോഷിപ്പിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഈ സ്തുതി ഗീതങ്ങള്‍.
(വി ബി പരമേശ്വരന്‍)
പരിഷ്കരണ നടപടികള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകും: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സാമ്പത്തിക പരിഷ്കരണ നടപടികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം, ഡീസല്‍വില വര്‍ധന എന്നിവ പിന്‍വലിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതിഭവനിലെത്തിയതായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന് ഗുണകരമെന്നു തോന്നുന്നവയാണ് ചെയ്യുന്നത്. അത് തുടരും. എന്നാല്‍, എഫ്ഡിഐപോലുള്ള കാര്യങ്ങളില്‍ യുപിഎ സഖ്യകക്ഷികളുമായി ചര്‍ച്ചചെയ്യാന്‍ തയ്യാറാണ്. യുപിഎ സഖ്യകക്ഷികള്‍പോലും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലേ എന്നു ചോദിച്ചപ്പോള്‍, തെരഞ്ഞെടുപ്പ് വളരെ ദൂരെയാണെന്നായിരുന്നു മറുപടി.ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം അമേരിക്കയെ പ്രീണിപ്പിക്കാനാണെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ആക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇതുകൊണ്ട് അമേരിക്കയ്ക്ക് എന്താണ് പ്രയോജനമെന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. മറ്റുള്ളവരുടെ തിട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമല്ല ഇന്ത്യ. പ്രകൃതിവിഭവങ്ങള്‍ വിതരണംചെയ്യുന്നതു സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 011012