Saturday, September 8, 2012

ഇന്ധന സബ്സിഡി ഇക്കൊല്ലം 25,000 കോടി വെട്ടിക്കുറയ്ക്കും


നടപ്പ് സാമ്പത്തികവര്‍ഷം ഇന്ധന സബ്സിഡി ചെലവ് 25,000 കോടി രൂപ വെട്ടിക്കുറയ്ക്കും. 2011-12ല്‍ 68,481 കോടി രൂപയായിരുന്നു ഇന്ധന സബ്സിഡി ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത്. 2012-13ല്‍ ഇത് 43,580 കോടിയായി കുറയ്ക്കാനാണ് തീരുമാനം. ധനമന്ത്രി പി ചിദംബരം വെള്ളിയാഴ്ച പാര്‍ലമെന്റില്‍ വച്ച ഇടക്കാല ചെലവുറിപ്പോര്‍ട്ടിലാണ് ഈ പ്രഖ്യാപനം.

അടുത്ത രണ്ട് സാമ്പത്തികവര്‍ഷങ്ങളിലും സബ്സിഡി ചെലവ് ഒരേനിരക്കില്‍ നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സബ്സിഡി ചെലവ് ഗണ്യമായി കുറയ്ക്കുമെന്ന പ്രഖ്യാപനത്തോടെ ഇന്ധനവില വീണ്ടും കുതിക്കുമെന്ന് വ്യക്തം. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം കഴിഞ്ഞതോടെ പെട്രോള്‍- ഡീസല്‍- പാചകവാതക വില വര്‍ധിപ്പിക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പഴയപോലെ സബ്സിഡി നല്‍കാനാകില്ലെന്നും അന്താരാഷ്ട്രവിലയിലെ മാറ്റമനുസരിച്ച് ആഭ്യന്തരവില കൂട്ടാമെന്നും ധനമന്ത്രാലയം നിര്‍ദേശം നല്‍കി. ഡീസല്‍ വിലനിയന്ത്രണംകൂടി എടുത്തുകളയുന്ന കാര്യവും സര്‍ക്കാരിന്റെ സജീവപരിഗണനയിലാണ്. സബ്സിഡിയോടെ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം നിയന്ത്രിക്കും. പ്രതിവര്‍ഷം ആറുലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പാചകവാതക സബ്സിഡിയുണ്ടാകില്ല. വിപണിവിലയായ 800 രൂപ കൊടുത്ത് സിലിണ്ടര്‍ വാങ്ങണം. ഈ നിര്‍ദേശങ്ങളടങ്ങിയ കുറിപ്പ് രാഷ്ട്രീയകാര്യ മന്ത്രിസമിതി ഉടന്‍ പരിഗണിക്കും.

ജിഡിപി (ആഭ്യന്തരമൊത്ത വരുമാനം) വളര്‍ച്ചയ്ക്കനുസൃതമായ വര്‍ധന വളം- ഭക്ഷ്യസബ്സിഡികളിലും ഉണ്ടാകില്ല. നടപ്പുവര്‍ഷം ജിഡിപിയുടെ 1.9 ശതമാനമായിരിക്കും സബ്സിഡി ചെലവ്. 2014-15ഓടെ ഇത് 1.6 ശതമാനമായി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഭക്ഷ്യ സബ്സിഡി ചെലവ് 2011-12ല്‍ 72,823 കോടി രൂപയായിരുന്നത് നടപ്പുവര്‍ഷം 75,000 കോടിയായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 2014-15ല്‍ ഇത് 95,000 കോടി രൂപയായി ഉയരും. ഭക്ഷ്യസുരക്ഷാനിയമം നിലവില്‍വരുമെന്ന പ്രതീക്ഷയിലാണിത്. എന്നാല്‍, ഒരുവര്‍ഷം 20,000 കോടിമാത്രം അധികമായി വകയിരുത്തി എങ്ങനെ ഭക്ഷ്യസുരക്ഷ വിജയകരമായി നടപ്പാക്കാനാകുമെന്ന ചോദ്യമുണ്ട്. വളം സബ്സിഡി ചെലവിലും 7000 കോടി രൂപയുടെ വെട്ടിക്കുറവ് വരും. കഴിഞ്ഞവര്‍ഷം 67,199 കോടി രൂപയായിരുന്നു വളം സബ്സിഡി. നടപ്പുവര്‍ഷം ഇത് 60,974 കോടിയായി കുറയും. അടുത്ത സാമ്പത്തികവര്‍ഷം 63,264 കോടി രൂപയും 2014-15ല്‍ 65,735 കോടി രൂപയുമായിരിക്കും വളം സബ്സിഡി ചെലവെന്ന് ധനമന്ത്രാലയം റിപ്പോര്‍ട്ടില്‍ പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 080912

1 comment:

  1. നടപ്പ് സാമ്പത്തികവര്‍ഷം ഇന്ധന സബ്സിഡി ചെലവ് 25,000 കോടി രൂപ വെട്ടിക്കുറയ്ക്കും. 2011-12ല്‍ 68,481 കോടി രൂപയായിരുന്നു ഇന്ധന സബ്സിഡി ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത്. 2012-13ല്‍ ഇത് 43,580 കോടിയായി കുറയ്ക്കാനാണ് തീരുമാനം. ധനമന്ത്രി പി ചിദംബരം വെള്ളിയാഴ്ച പാര്‍ലമെന്റില്‍ വച്ച ഇടക്കാല ചെലവുറിപ്പോര്‍ട്ടിലാണ് ഈ പ്രഖ്യാപനം.

    ReplyDelete