Friday, September 7, 2012

എവിടെ ജിമ്മിലെ 26000 കോടി?

ദേശാഭിമാനി 070912

എവിടെ ജിമ്മിലെ 26,000 കോടി

തിരു: യുഡിഎഫ് സര്‍ക്കാര്‍ 2003 ജനുവരിയില്‍ സംഘടിപ്പിച്ച ജിം ആഗോളനിക്ഷേപകസമ്മേളനത്തില്‍ 26,000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടാകുമെന്നാണ് പ്രഖ്യാപിച്ചത്. 11,159.45 കോടി രൂപ നിക്ഷേപമുള്ള 93 പദ്ധതികളുടെ ധാരണാപത്രവും ജനുവരി 18,19 തീയതികളില്‍ കൊച്ചിയില്‍ നടന്ന മാമാങ്കത്തില്‍ ഒപ്പിട്ടു. ജിം കഴിഞ്ഞ് ഒരു വര്‍ഷത്തിനിടയില്‍ കിട്ടിയത് 121.25 കോടി രൂപയുടെ നിക്ഷേപംമാത്രമാണെന്ന് 2004 ജനുവരിയില്‍ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ തുറന്നുസമ്മതിച്ചു. 11 പദ്ധതിമാത്രമാണ് തുടങ്ങിയതെന്നും വെറും 857 പേര്‍ക്കാണ് ഇതില്‍നിന്ന് പുതുതായി തൊഴില്‍ കിട്ടിയതെന്നും കുഞ്ഞാലിക്കുട്ടി ഏറ്റുപറഞ്ഞു.

വന്‍നിക്ഷേപസാധ്യത ഉറപ്പായതായി കൊട്ടിഘോഷിച്ച ജിമ്മിനു പിന്നാലെയുള്ള മൂന്നു വര്‍ഷംകൊണ്ട്(2003-2006) സംസ്ഥാനത്തെ വ്യവസായമേഖലയിലെ നിക്ഷേപം 700 കോടി രൂപ കുറയുകയാണുണ്ടായത്. ഇതും കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ വെളിപ്പെടുത്തിയതാണ്. വന്‍ പ്രചാരണക്കൊടുങ്കാറ്റാണ് ജിമ്മിന്റെ പേരില്‍ യുഡിഎഫും അനുകൂല മാധ്യമങ്ങളും അഴിച്ചുവിട്ടത്. നിക്ഷേപകരെ തേടി അന്നും വിദേശരാജ്യങ്ങളിലേക്ക് മന്ത്രിമാര്‍ പരിവാരസമേതം യാത്ര നടത്തി. റോഡ്ഷോയും മാമാങ്കങ്ങളും അരങ്ങേറി. വികസനത്തിന്റെ അവസാന ബസ് എന്ന് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി ജിമ്മിനെ വിശേഷിപ്പിച്ചു. ഉമ്മന്‍ചാണ്ടിയായിരുന്നു അന്ന് യുഡിഎഫ് കണ്‍വീനര്‍. ഇന്നത്തെപ്പോലെ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുംതന്നെ ജിമ്മിനു പിന്നിലെ നിഗൂഢലക്ഷ്യങ്ങളുടെ ചരടുവലിച്ചു. നിസ്സാര വിലയ്ക്കും സൗജന്യമായും ഭൂമി കൈമാറ്റമായിരുന്നു മുഖ്യപരിപാടി. വാഗമണ്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ഒട്ടേറെ പദ്ധതികള്‍ക്ക് രൂപം നല്‍കി. അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അന്ന് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതില്‍ 26,000 കോടി ധാരണയായെന്നും അവകാശപ്പെട്ടു. ധാരണാപത്രം ഒപ്പിട്ടതില്‍ 6846 കോടി രൂപയുടെ 40 പദ്ധതികള്‍ക്ക് 2003 ജൂണ്‍ 11ന് മന്ത്രിസഭ അംഗീകാരം നല്‍കി. അന്ന് രൂപീകരിച്ച ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് ശുപാര്‍ശചെയ്തതായിരുന്നു ഈ പദ്ധതികള്‍. രണ്ടു വര്‍ഷത്തിനകം 40 പദ്ധതികളും പ്രാവര്‍ത്തികമാകുമെന്ന് ആന്റണി അവകാശപ്പെടുകയുംചെയ്തു. മന്ത്രിസഭാ തീരുമാനത്തിനുശേഷം തുടര്‍നടപടികളൊന്നുമുണ്ടായില്ല. സൗജന്യമായി വന്‍തോതില്‍ ഭൂമി കിട്ടുമെന്ന സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ച് വന്ന നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ കാര്യം നടക്കില്ലെന്ന് കണ്ടതോടെ മുങ്ങി. അരനൂറ്റാണ്ടിലില്ലാത്ത വികസനക്കുതിപ്പ്, കേരളം ഉറക്കത്തില്‍ നിന്നുണര്‍ന്നു എന്നൊക്കെ വിളിച്ചുകൂവിയ മാധ്യമങ്ങളും ജിമ്മിനെ കൈവിട്ടു. ആന്റണിയെ മാറ്റി മുഖ്യമന്ത്രിപദത്തിലേറിയ ഉമ്മന്‍ചാണ്ടിയും ജിമ്മിനെ ഉപേക്ഷിച്ചു.

ജിം ഉദ്ഘാടനംചെയ്ത അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയി പതിനായിരം കോടിയുടെ പദ്ധതി സംസ്ഥാനത്തിന് വാഗ്ദാനംചെയ്തിരുന്നു. ഇതില്‍ പത്തു രൂപയെങ്കിലും വാങ്ങാന്‍ യുഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞില്ല. പ്രമുഖ ആഭരണശാലാ ഗ്രൂപ്പിന്റെ വെഡ്ഡിങ് സെന്ററുകള്‍ (സ്വര്‍ണവും വസ്ത്രവും) സംസ്ഥാനത്ത് പലയിടത്ത് തുടങ്ങിയത് ജിമ്മിന്റെ നേട്ടമായി കൊണ്ടാടിയാണ് യുഡിഎഫ് ആശ്വാസംകൊണ്ടത്. സര്‍ക്കാരിന്റെ 15 കോടി രൂപ ധൂര്‍ത്തടിച്ച ജിമ്മിനെ ഉപേക്ഷിച്ച യുഡിഎഫ്, പിന്നീട് ബിസിനസ് ടു ബിസിനസ് മീറ്റ് തുടങ്ങിയ തട്ടിപ്പ് പെരുമ്പറകളടിച്ച് തലയൂരി. എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ പ്രത്യേക സമിതി(ഇന്‍വെസ്റ്റ്മെന്റ് ക്ലിയറന്‍സ് ബോര്‍ഡ്)രൂപീകരിച്ചിട്ടുണ്ട്. ജിമ്മിലുമുണ്ടായിരുന്നു ഇങ്ങനെയൊരു സമിതി- ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ കൗണ്‍സില്‍. എന്നാല്‍, ജിമ്മിനുശേഷം ഈ സമിതിയെക്കുറിച്ച് ആരും കേട്ടിട്ടില്ല. അന്നത്തെ പ്രഖ്യാപനങ്ങളില്‍ ചിലത്: ധാതുമണല്‍ ഖനം ചെയ്ത് സിന്തെറ്റിക് റൂടൈല്‍ ഉല്‍പ്പാദിപ്പിക്കാന്‍ ചവറയില്‍ നാഷണല്‍ മിനറല്‍ ഡവ. കോര്‍പറേഷന്‍ പദ്ധതി (1500 കോടി), ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് സ്പിരിറ്റും ഡീസലും ഇറക്കുമതി ചെയ്ത് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കാന്‍ കൊച്ചിയില്‍ പദ്ധതി (2600 കോടി), കൊച്ചിക്കും വിഴിഞ്ഞത്തിനുമിടയില്‍ ദക്ഷിണാഫ്രിക്കന്‍ കമ്പനിയുടെ സൂപ്പര്‍ തുറമുഖം (3500 കോടി), കൊറിയന്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡ് (500 കോടി), കൊച്ചി ബിനാനി സിങ്കില്‍ വൈദ്യുതപദ്ധതിയടക്കം വികസനം (1000 കോടി), കൊച്ചിയില്‍ യുഎഇയുടെ ഐടി സിറ്റി (500കോടി), ഏഷ്യാനെറ്റ് ചെയര്‍മാന്‍ വക അഞ്ജലി ടെക്നോളജി ഹോള്‍ഡിങ് (500 കോടി), തിരുവനന്തപുരത്ത് എന്‍ആര്‍ഐ മെഡിക്കല്‍ യൂണിവേഴ്സിറ്റി (500 കോടി) , കടല്‍ മണല്‍ ഖനത്തിന് ക്രൗണ്‍ മാരിടൈം കമ്പനി പദ്ധതി(180 കോടി), കണ്ണൂരില്‍ സ്വകാര്യ മുതല്‍മുടക്കില്‍ വിമാനത്താവളം (400 കോടി), കൊച്ചിയിലും പാലക്കാട്ടും തിരുവനന്തപുരത്തും യൂണിവേഴ്സല്‍ എംപയര്‍ മെഡിക്കല്‍ കോളേജ് (1500 കോടി), ജെയില്‍ ഗ്രൂപ്പ് രാജ്യാന്തര വിദ്യാഭ്യാസ ക്യാമ്പസ് (90 കോടി), വാഗമണ്‍ ഹോളിസ്റ്റിക് ടൂറിസം പദ്ധതി (50 കോടി), തിരുവനന്തപുരം-മംഗലാപുരം ചങ്ങാടം സര്‍വീസ് (50 കോടി).
(കെ എം മോഹന്‍ദാസ്)

2 comments:

  1. എവിടെ ജിമ്മിലെ 26000 കോടി?

    ReplyDelete
  2. ‘വികസനത്തിന്റെ ലാസ്റ്റ് ബസ്സി’ല്‍ കയറി ആന്റണി ദില്ലിക്കു പോയി. എന്നാല്‍ പുതിയ ബസ്സ് കത്തു നില്‍ക്കുന്ന ചാണ്ടി കുഞ്ഞിന് കൂട്ടായി കുഞ്ഞാലി കുട്ടി ‘പച്ച’പിടിച്ചു നില്‍ക്കുന്നുണ്ട്.

    ReplyDelete