Sunday, September 9, 2012

വാഹനാപകടത്തില്‍ 2 എസ്എഫ്ഐ നേതാക്കള്‍ മരിച്ചു


മധുരയില്‍ എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ രണ്ട് എസ്എഫ്ഐ നേതാക്കള്‍ തമിഴ്നാട്ടിലെ രാമനാഥപുരത്ത് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കൂടെയുള്ളവര്‍ക്കും പരിക്കുണ്ട്. എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗവും എംജി സര്‍വകലാശാല യൂണിയന്‍ മുന്‍ ചെയര്‍മാനുമായ ജിനീഷ് ജോര്‍ജ് (25), മുന്‍ സംസ്ഥാന കമ്മിറ്റിയംഗം സതീഷ് പോള്‍ (29) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എസ്എഫ്ഐ ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് സാജന്‍ മാത്യു, എസ്എഫ്ഐ കോട്ടയം മുന്‍ ജില്ലാ സെക്രട്ടറി സതീഷ് വര്‍ക്കി, ഡിവൈഎഫ്ഐ കോത്തല മേഖലാ പ്രസിഡന്റ് രാഹുല്‍ എന്നിവര്‍ക്കാണ് പരിക്ക്.

ശനിയാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ടവേര കാര്‍ നിയന്ത്രണം വിട്ട് റോഡരുകിലെ കുഴിയിലേയ്ക്ക് മറിഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എട്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ജിനീഷിന്റെയും സതീഷിന്റെയും മൃതദേഹം രാമനാഥപുരം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് കോട്ടയത്തുനിന്ന് സിപിഐ എം-ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കള്‍ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

പാലാ പരമലക്കുന്ന് മറ്റത്തില്‍ ജോര്‍ജ്-എത്സി ദമ്പതികളുടെ മകനാണ് ജിനീഷ്. സഹോദരങ്ങള്‍: അനു, ജിനു. എസ്എഫ്ഐ പാലാ മുന്‍ ഏരിയ സെക്രട്ടറിയുമായിരുന്ന ജിനീഷ്, സിപിഐ എം വെള്ളഞ്ചൂര്‍ ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ പാലാ ടൗണ്‍ മേഖലാ ജോയിന്റ് സെക്രട്ടറിയുമാണ്. എസ്എഫ്ഐ കോട്ടയം ഏരിയ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ച സതീഷ് ഇപ്പോള്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്.

deshabhimani

No comments:

Post a Comment