Tuesday, September 11, 2012

വാള്‍മാര്‍ട്ട് മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയില്‍ 456 കോടി രൂപ നിക്ഷേപിച്ചു


മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സമവായത്തോടെ മാത്രമെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു.   വാള്‍മാര്‍ട്ട് ഈ മേഖലയില്‍ 2010ല്‍ നിക്ഷേപിച്ചത് 456 കോടി രൂപ. അനധികൃതമായി നടത്തിയ നിക്ഷേപം പിന്‍വലിക്കണമെന്നും വാള്‍മാര്‍ട്ടിനും ഭാരതി ഗ്രൂപ്പിനുമെതിരെ പീനല്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് സി പി ഐ രാജ്യസഭാംഗം എം പി അച്യുതന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയില്‍ ഈസി ഡേ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഭാരതീ റീട്ടെയില്‍.ഫെമ പ്രകാരം വിദേശ നിക്ഷേപ വികസന ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭാരതീ റീട്ടെയിലിന് നേരിട്ടു വിദേശ നിക്ഷേപം സ്വീകരിക്കാനാകില്ല. ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതിയില്ല. ഇത് മറിമടക്കാന്‍ ഭാരതീ ഹോള്‍ഡിംഗ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ ഭേദഗതി വരുത്തി. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കണ്‍സള്‍ട്ടന്‍സിയും രൂപകല്‍പ്പനയും നടത്തുന്ന കമ്പനിയാക്കി ഭാരതീ ഹോള്‍ഡിംഗ്‌സിനെ മാറ്റി. തുടര്‍ന്ന് കമ്പനിയുടെ പേര് സെഡാര്‍ സപ്പോര്‍ട്ട് സര്‍വ്വീസസ് ലിമിറ്റഡ് എന്നാക്കി.  സെഡാറിന്റെ ആറ് ഓഹരികള്‍ ഒഴിച്ച് ബാക്കി ഓഹരികള്‍ മുഴുവനും ഭാരതീ വെഞ്ച്വേഴ്‌സിന്റേതാണെന്ന് എം പി അച്യുതന്റെ ചോദ്യത്തിന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കിയിരുന്നു.

സര്‍ക്കാരിനെയും റിസര്‍വ്വ് ബാങ്കിനെയും കബളിപ്പിച്ച് ചട്ടങ്ങള്‍ ലംഘിച്ച് നിയമ വിരുദ്ധമായാണ് വാള്‍മാര്‍ട്ട് മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയില്‍ ഇത്തരത്തില്‍ വഴിവിട്ട് നിക്ഷേപം നടത്തിയത്. അതേസമയം ഇത്തരമൊരു വളഞ്ഞവഴിക്കു പിന്നില്‍ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും പങ്കുണ്ടെന്ന് അച്യുതന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
വാള്‍മാര്‍ട്ട്  മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയില്‍ നടത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം സര്‍ക്കാര്‍ പിന്‍വലിക്കുക, വാള്‍മാര്‍ട്ടിനും ഭാരതീ ഗ്രൂപ്പിനുമെതിരെ ഫെമ പ്രകാരം പീനല്‍ നടപടികള്‍ ആരംഭിക്കുക, വാള്‍മാര്‍ട്ടിനെയും അവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഭാരതീ ഗ്രൂപ്പിന്റെ മൊത്തവില്‍പ്പന സംരഭമായ ക്യാഷ് ആന്‍ഡ് ക്യാരിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായി നിരോധിക്കണമെന്നും അച്യുതന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

janayugom 110912

1 comment:

  1. മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സമവായത്തോടെ മാത്രമെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. വാള്‍മാര്‍ട്ട് ഈ മേഖലയില്‍ 2010ല്‍ നിക്ഷേപിച്ചത് 456 കോടി രൂപ. അനധികൃതമായി നടത്തിയ നിക്ഷേപം പിന്‍വലിക്കണമെന്നും വാള്‍മാര്‍ട്ടിനും ഭാരതി ഗ്രൂപ്പിനുമെതിരെ പീനല്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് സി പി ഐ രാജ്യസഭാംഗം എം പി അച്യുതന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

    ReplyDelete