Tuesday, September 11, 2012

ആശങ്ക തീരാതെ എമര്‍ജിങ്ങ് കേരള നാളെ


കേരളത്തിന്റെ മണ്ണും പ്രകൃതി വിഭവങ്ങളും മൂലധന ശക്തികള്‍ക്ക് തീറെഴുതുന്നതിനുള്ള എമര്‍ജിങ് കേരള സംഗമത്തിന് ബുധനാഴ്ച കുണ്ടന്നൂരിലെ ലേ-മെറിഡിയന്‍ ഹോട്ടലില്‍ തുടക്കമാകും. സംസ്ഥാന സര്‍ക്കാരിന്റെ കാര്‍മ്മികത്വത്തില്‍ മൂന്ന് ദിവസം നീളുന്ന പദ്ധതിയിലൂടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് റിയല്‍ എസ്റ്റേറ്റുകാര്‍ക്കും സമ്പന്നര്‍ക്കും കൈമാറ്റം ചെയ്യപ്പെടുക. "ഏകജാലകം" എന്ന പേരില്‍ ഇവര്‍ക്ക് വന്‍ ഇളവും ദ്രുതഗതിയില്‍ ലഭ്യമാക്കും. റിയല്‍ എസ്റ്റേറ്റ് കേരളത്തിന്റെ തന്നെ ശാപമാകുന്ന കാലത്ത് സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പില്‍ നടക്കുന്ന ഭൂവില്‍പന മേളയായാകും എമര്‍ജിങ് കേരള മാറുക.

ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ട്, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, തിരുവനന്തപുരം മോണോ റെയില്‍, പെട്രോളിയം കെമിക്കത്സ് ആന്റ് പെട്രോകെമിക്കല്‍ ഇന്‍വസ്റ്റ്മെന്റ് റീജ്യണ്‍, കൊച്ചി പാലക്കാട് വ്യവസായ മേഖല (നിംസ്), കോട്ടയം ഐഐഐടി, അതിവേഗ റെയില്‍ ഇടനാഴി, സീ പ്ലെയിന്‍ സര്‍വീസ്, ഇലക്ടോണിക് ഹബ്ബ്, ടൈറ്റാനിയം സ്പോഞ്ച് പ്രൊജക്ട്, ഓഷ്യനേറിയം, ലൈഫ് സയന്‍സ് പാര്‍ക്ക്, ചീമേനി ഗ്യാസ് അധിഷ്ഠിത പവര്‍ പ്രൊജക്ട് എന്നിവയാണ് മെഗാ പ്രൊജക്ടുകളായി മേളയില്‍ അവതരിപ്പിക്കുന്നത്.വികസനത്തിന്റെ അവസാന ബസ് എന്ന വിശേഷണത്തോടെ 2003-ല്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ ആഗോളനിക്ഷേപക സംഗമത്തിന് പിന്നാലെ അതിലേറെ വില്‍പന ചാരുതയോടെയാണ് എമര്‍ജിങ് കേരളയ്ക്ക് ഒരുങ്ങുന്നത്. കേരളത്തിന്റെ വ്യത്യസ്ത മേഖലകളെ കെട്ടുകാഴ്ചയെന്നോണം അണിനിരത്തി ആവശ്യക്കാരെ ആകര്‍ഷിക്കുകയാണ് സര്‍ക്കാര്‍. 22 സെക്ടറുകളിലായി 200ലേറെ പദ്ധതികളാണ് മേളയില്‍ അവതരിപ്പിച്ചിട്ടുള്ളത്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന വേളയില്‍ അവയെ സംരക്ഷിക്കുന്നതിന് പകരം സ്വകാര്യമേഖലയ്ക്ക് വന്‍ ഇളവാണ് നല്‍കുന്നത്.

ബുധനാഴ്ച രാവിലെ 11.45ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് എമര്‍ജിങ് കേരള ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് അധ്യക്ഷനാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിരോധമന്ത്രി എ കെ ആന്റണി, കേന്ദ്രമന്ത്രി കെ വി തോമസ്, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, ചീഫ് സെക്രട്ടറി കെ ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. 14 വരെ നീളുന്ന സംഗമത്തില്‍ 14 കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, വിവിധ കേന്ദ്രവകുപ്പ് സെക്രട്ടറിമാര്‍, സാമ്പത്തിക വിദഗ്ധര്‍, പ്രമുഖ ദേശീയ പത്രങ്ങളുടെ എഡിറ്റര്‍മാര്‍, തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. 52 രാജ്യങ്ങളില്‍ നിന്നായി നിക്ഷേപകര്‍ ഉള്‍പ്പെടെ 2500-ഓളം പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.

കോവളം കൊട്ടാരം സംരക്ഷിക്കണം: വി എസ്

കോവളം കൊട്ടാരം നാടിന്റെ പൈതൃകസ്വത്താണെന്നും അത് സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കോവളം കൊട്ടാരം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊട്ടാരം ഉള്‍പ്പെടുന്ന പ്രദേശം സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവിനെ മാനിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ കൊട്ടാരം ഉള്‍പ്പെടുന്ന ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കാന്‍ ഒരുങ്ങുന്നത്. കോടതി ഉത്തരവ് മാനിക്കാതെയാണ് ലാഭക്കൊതിയോടെ കച്ചവടക്കാര്‍ മുന്നോട്ടുപോകുന്നത്. കച്ചവടക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊട്ടാരം ഏതെങ്കിലും വ്യക്തിക്കോ സ്വകാര്യ കമ്പനിക്കോ വിട്ടുകൊടുക്കാന്‍ പാടില്ല. കൊട്ടാരത്തിന്റെ സംരക്ഷണവും സര്‍ക്കാരിനുതന്നെയാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊട്ടാരം ചരിത്രസ്മാരകമാക്കാനാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് ശ്രമിച്ചത്. ഇതിനിടെയാണ് ഗവണ്‍മെന്റ് മാറിയത്. കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം തുടങ്ങുമെന്നും വിഎസ് മുന്നറിയിപ്പ് നല്‍കി.

deshabhimani news

1 comment:


  1. കേരളത്തിന്റെ മണ്ണും പ്രകൃതി വിഭവങ്ങളും മൂലധന ശക്തികള്‍ക്ക് തീറെഴുതുന്നതിനുള്ള എമര്‍ജിങ് കേരള സംഗമത്തിന് ബുധനാഴ്ച കുണ്ടന്നൂരിലെ ലേ-മെറിഡിയന്‍ ഹോട്ടലില്‍ തുടക്കമാകും. സംസ്ഥാന സര്‍ക്കാരിന്റെ കാര്‍മ്മികത്വത്തില്‍ മൂന്ന് ദിവസം നീളുന്ന പദ്ധതിയിലൂടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് റിയല്‍ എസ്റ്റേറ്റുകാര്‍ക്കും സമ്പന്നര്‍ക്കും കൈമാറ്റം ചെയ്യപ്പെടുക. "ഏകജാലകം" എന്ന പേരില്‍ ഇവര്‍ക്ക് വന്‍ ഇളവും ദ്രുതഗതിയില്‍ ലഭ്യമാക്കും. റിയല്‍ എസ്റ്റേറ്റ് കേരളത്തിന്റെ തന്നെ ശാപമാകുന്ന കാലത്ത് സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പില്‍ നടക്കുന്ന ഭൂവില്‍പന മേളയായാകും എമര്‍ജിങ് കേരള മാറുക.

    ReplyDelete