Friday, September 7, 2012

പെട്രോളിനും ഡീസലിനും 5 രൂപ കൂട്ടും


പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം വെള്ളിയാഴ്ച അവസാനിക്കുന്നതിനു പിന്നാലെ പെട്രോള്‍-ഡീസല്‍ വില കുത്തനെ കൂട്ടുന്നു. പെട്രോള്‍വില കൂട്ടാന്‍ പെട്രോളിയം മന്ത്രാലയം അനുമതി നല്‍കി. ഡീസല്‍വില കൂട്ടുന്നതിന് ക്യാബിനറ്റ് കുറിപ്പും തയ്യാറായി. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ചുരൂപ കൂട്ടാനാണ് നീക്കം.

ശനിയാഴ്ചയ്ക്കുള്ളില്‍ പെട്രോള്‍ വില ഉയര്‍ത്തുമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന സൂചന. പാചകവാതകത്തിന് സിലിണ്ടറിന് നൂറുരൂപ കൂട്ടുന്നതിനും നിര്‍ദേശമുണ്ട്. ഇതോടൊപ്പം സബ്സിഡി സിലിണ്ടറുകളുടെ എണ്ണം നിയന്ത്രിക്കാനും ക്യാബിനറ്റ് കുറിപ്പ് ശുപാര്‍ശചെയ്യുന്നു. ഒരു കുടുംബത്തിന് പ്രതിവര്‍ഷം സബ്സിഡി നിരക്കില്‍ നാലുസിലിണ്ടര്‍മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് ശുപാര്‍ശ. പ്രതിവര്‍ഷം ആറുലക്ഷംവരെ വരുമാനമുള്ളവര്‍ക്കാണ് സബ്സിഡി നിരക്കില്‍ നാലു സിലിണ്ടര്‍ അനുവദിക്കുക. കൂടുതല്‍ വേണ്ടവര്‍ സബ്സിഡി കൂടാതെയുള്ള സിലിണ്ടര്‍ വിലയായ 800 രൂപ നല്‍കേണ്ടി വരും.

കഴിഞ്ഞ മെയ് മാസത്തില്‍ പെട്രോള്‍വില ലിറ്ററിന് ഏഴുരൂപ കൂട്ടിയിരുന്നു. ഡീസല്‍വില അവസാനം വര്‍ധിപ്പിച്ചത് 2011 ജൂലൈയിലാണ്. അന്ന് ലിറ്ററിന് മൂന്നുരൂപയാണ് കൂട്ടിയത്. സാധാരണ ഗതിയില്‍ മാസാദ്യമോ പകുതിയിലോ ആണ് വിലകളില്‍ മാറ്റം വരുത്താറുള്ളത്. എന്നാല്‍, പാര്‍ലമെന്റ് സമ്മേളനം കാരണം കഴിഞ്ഞ മാസം വില വര്‍ധിപ്പിക്കാന്‍ സാധിക്കാഞ്ഞത് ചൂണ്ടിക്കാട്ടിയാണ് അടിയന്തരമായി വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നത്. രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയുടെ പരിഗണനയ്ക്കായാണ് പെട്രോളിയം മന്ത്രാലയം ക്യാബിനറ്റ് കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്.

ഡീസല്‍- എല്‍പിജി- മണ്ണെണ്ണ സബ്സിഡികള്‍ പൂര്‍ണമായും എടുത്തുകളയാന്‍ സമ്മര്‍ദം ശക്തമാണെങ്കിലും തല്‍ക്കാലം കുറിപ്പില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. എല്‍പിജി വില്‍പ്പനയില്‍ നിലവില്‍ സിലിണ്ടറൊന്നിന് 347 രൂപ നഷ്ടമുണ്ടെന്നാണ് എണ്ണക്കമ്പനികളുടെ വാദം.

2011 മെയ് മാസത്തിലാണ് സര്‍ക്കാര്‍ പാചകവാതക വില അവസാനമായി കൂട്ടിയത്. സിലിണ്ടറിന് അമ്പതുരൂപ അന്ന് വര്‍ധിപ്പിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിവിലയും ആഭ്യന്തര വില്‍പ്പനവിലയും തമ്മിലുള്ള അന്തരത്തെ നഷ്ടമായി ചൂണ്ടിക്കാണിച്ചാണ് വീണ്ടും വില വലിയതോതില്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രവും എണ്ണക്കമ്പനികളും ഒരുങ്ങുന്നത്. എണ്ണക്കമ്പനികള്‍ "അണ്ടര്‍ റിക്കവറി"യെന്ന് വിശേഷിപ്പിക്കുന്ന ഇറക്കുമതി- ആഭ്യന്തര വിലകളിലെ അന്തരം 2011-12 ല്‍ 1,38,541 കോടിയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. നടപ്പുസാമ്പത്തികവര്‍ഷത്തിലെ ആദ്യ മൂന്നുമാസത്തില്‍ ഈ തുക 47,811 കോടി രൂപയായെന്നാണ് എണ്ണക്കമ്പനികളുടെ കണക്ക്.

deshabhimani 070912

1 comment:

  1. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം വെള്ളിയാഴ്ച അവസാനിക്കുന്നതിനു പിന്നാലെ പെട്രോള്‍-ഡീസല്‍ വില കുത്തനെ കൂട്ടുന്നു. പെട്രോള്‍വില കൂട്ടാന്‍ പെട്രോളിയം മന്ത്രാലയം അനുമതി നല്‍കി. ഡീസല്‍വില കൂട്ടുന്നതിന് ക്യാബിനറ്റ് കുറിപ്പും തയ്യാറായി. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ചുരൂപ കൂട്ടാനാണ് നീക്കം.

    ReplyDelete