Friday, September 7, 2012

എമര്‍ജിങ് കേരള കുഴഞ്ഞുമറിയുന്നു


"എമര്‍ജിങ് കേരള" വെബ്സൈറ്റില്‍നിന്ന് ചില വിവാദപദ്ധതികള്‍ നീക്കിയ സര്‍ക്കാര്‍ വൈകിട്ട് ഇവയില്‍ ചിലത് വീണ്ടും ഉള്‍പ്പെടുത്തി. ഇതോടെ പദ്ധതിസംബന്ധിച്ച ആശയക്കുഴപ്പം രൂക്ഷമായി. വിവാദവിഷയം ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കുമെതിരെ കടുത്ത വിമര്‍ശമുണ്ടായി. വികസനത്തിന്റെ മറവില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടവും പൊതുമുതല്‍ വിറ്റുതുലയ്ക്കലും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന എമര്‍ജിങ് കേരള പരിപാടി കുഴഞ്ഞുമറിയുകയാണ്.

കടുത്ത എതിര്‍പ്പിനിടയാക്കിയ ചില പദ്ധതികള്‍ വെബ്സൈറ്റില്‍നിന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് അപ്രത്യക്ഷമായത്. എന്നാല്‍, വൈകിട്ട് ഇവയില്‍ പലതും തിരിച്ചെത്തി. നെല്ലിയാമ്പതി, വാഗമണ്‍, ധര്‍മടം തുടങ്ങിയ സ്ഥലങ്ങളിലെ ടൂറിസം പദ്ധതികളാണ് വെബ്സൈറ്റില്‍നിന്ന് നീക്കുകയും പിന്നീട് ഉള്‍പ്പെടുത്തുകയും ചെയ്തത്. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയവും വെള്ളയമ്പലം നീന്തല്‍ക്കുളവും വില്‍ക്കാനുള്ള പദ്ധതികളും വെബ്സൈറ്റില്‍നിന്ന് അപ്രത്യക്ഷമാകുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു. ചീമേനി വാതകാധിഷ്ഠിത വൈദ്യുതിപദ്ധതിക്ക് 1621 ഏക്കര്‍ ഭൂമി നല്‍കുമെന്നാണ് വെബ്സൈറ്റില്‍ പറഞ്ഞത്. വിവാദമായപ്പോള്‍ ഇത് 200 ഏക്കര്‍ എന്നാക്കി. വീണ്ടും 1621 ഏക്കറെന്ന് തിരുത്തി. പദ്ധതികള്‍ പരിശോധിക്കാന്‍ മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. പദ്ധതിയെന്തെന്ന് തനിക്കുപോലും മനസ്സിലായിട്ടില്ലെന്ന് യുഡിഎഫ് യോഗത്തില്‍ കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. പാര്‍ടിയിലും യുഡിഎഫിലും ചര്‍ച്ചചെയ്യാതെയാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും തങ്കച്ചന്‍ ചൂണ്ടിക്കാട്ടി. യുഡിഎഫ് യോഗത്തിനുശേഷം പതിവിന് വിപരീതമായി കണ്‍വീനര്‍ പി പി തങ്കച്ചന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഒന്നിച്ചാണ് വാര്‍ത്താസമ്മേളനം നടത്തിയത്. എമര്‍ജിങ് കേരളയില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് ഇവര്‍ ആവര്‍ത്തിച്ചെങ്കിലും വിവാദപദ്ധതികളുടെ കാര്യത്തില്‍ യോജിച്ച നിലപാട് വ്യക്തമാക്കിയില്ല. പാട്ടക്കാലാവധി കുറയ്ക്കാന്‍ യുഡിഎഫ് യോഗം നിര്‍ദേശിച്ചിട്ടുണ്ട്. എമര്‍ജിങ് കേരള വെറും ആശയം മാത്രമാണെന്നും ഒരു കാര്യത്തിലും അന്തിമതീരുമാനമെടുക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എമര്‍ജിങ് കേരളയെക്കുറിച്ച് കെപിസിസി ഉടന്‍ ചര്‍ച്ചചെയ്യണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ഇതുവരെ ചര്‍ച്ച നടക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

ഭരണകക്ഷി എംഎല്‍എമാരെപ്പോലും ബോധ്യപ്പെടുത്താന്‍ കഴിയാതെ സര്‍ക്കാര്‍ എങ്ങനെയാണ് വികസനപദ്ധതികള്‍ കൊണ്ടുവരുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റുകൂടിയായ കെ മുരളീധരന്‍ ചോദിച്ചു. അതിനിടെ, ഇന്‍കെല്‍ എംഡി ടി ബാലകൃഷ്ണനെ മാറ്റണമെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ ബുധനാഴ്ച ആവശ്യപ്പെട്ടെങ്കിലും വ്യാഴാഴ്ച ഹരിത എംഎല്‍എമാര്‍ ചുവടുമാറി എമര്‍ജിങ് കേരളയ്ക്ക് പിന്തുണയുമായി രംഗത്തെത്തി നാണംകെട്ടു. സംസ്ഥാനത്തെ തന്ത്രപ്രധാന മേഖലകള്‍ ഉള്‍പ്പെടെ 50,000 ഏക്കറിലധികം ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് ചുളുവിലയ്ക്ക് കൈമാറാനുള്ള നീക്കമാണ് ഇതിനകം പുറത്തുവന്നത്. 99 വര്‍ഷത്തേക്ക് പാട്ടത്തിനെന്ന് പറഞ്ഞാണ് ഈ ഭൂമി നല്‍കുന്നതെങ്കിലും പണയാവകാശം ഉള്‍പ്പെടെ അനുവദിച്ച് നല്‍കുന്നതിനാല്‍ ഇത് വിറ്റുതുലയ്ക്കുന്നതിനുതുല്യമാണ്.

കുടുംബശ്രീയെ ലക്ഷ്യമിട്ട് സ്വകാര്യ കമ്പനി

കുടുംബശ്രീ അടക്കമുള്ള അയല്‍ക്കൂട്ടങ്ങളുടെയും സ്വാശ്രയ സംഘങ്ങളുടെയും ഉല്‍പ്പാദന-വിപണന സാധ്യതകള്‍ മുതലാക്കാനായി എമര്‍ജിങ് കേരളയില്‍ പദ്ധതികളുമായി എന്‍ആര്‍ഐ കമ്പനി രംഗത്ത്. സംസ്ഥാനത്തെ കാര്‍ഷികമേഖലയുടെ ഉല്‍പ്പാദനശേഷി മുന്നില്‍ക്കണ്ടാണ് ആട്, മാഞ്ചിയം മോഡല്‍ പദ്ധതിയുമായി "അഗ്രോണമി ഫാംസ്" എന്ന കമ്പനി ഒരു ഡസനിലേറെ പദ്ധതികള്‍ എമര്‍ജിങ് കേരളയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. വിദേശ മലയാളികളുടെ സംരംഭം എന്ന പേരിലാണ് പദ്ധതി വരുന്നത്. മൃഗസംരക്ഷണം, കൃഷി, തേനീച്ചവളര്‍ത്തല്‍, മത്സ്യക്കൃഷി, മാംസ സംസ്കരണം, അറവുശാല, ഡെയ്റി ഫാമിങ് എന്നീ വിഭാഗങ്ങളില്‍ 1473.24 കോടി മുതല്‍മുടക്കുമെന്ന വാഗ്ദാനവുമായാണ് പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍, പദ്ധതിക്കുള്ള ഭൂമിയെപ്പറ്റി പറയുന്നില്ല. കണ്ണൂര്‍ ആറളത്ത് പശുവളര്‍ത്താന്‍ 110 ഏക്കര്‍ ഉണ്ടെന്നാണ് അവകാശവാദം.

കുടുംബശ്രീ, സ്വയം സഹായ സംഘങ്ങള്‍, ആദിവാസികള്‍, കര്‍ഷകര്‍ എന്നിവരുമായി സഹകരിച്ചായിരിക്കും പദ്ധതിയെന്ന് കമ്പനി വിശദീകരിച്ചിട്ടുണ്ട്. കുടുംബശ്രീ അടക്കമുള്ള സ്വാശ്രയസംഘങ്ങളെ കൊണ്ട് പണിയെടുപ്പിച്ച് വിപണനം കമ്പനിയുടെ പേരിലാക്കാനാണ് നീക്കം. ആട്, പശു, കോഴി, തേനീച്ച എന്നിവ ജനങ്ങളുമായി സഹകരിച്ച് വളര്‍ത്തുകയും ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ കമ്പനി ശേഖരിക്കാനുമാണ് നീക്കം. "ഹാരോള്‍" എന്ന പേരില്‍ പാലും പച്ചക്കറികളും "ലിസാന്‍" എന്ന പേരില്‍ മുട്ടയും ഇറച്ചിയും അന്താരാഷ്ട്ര നിലവാരത്തില്‍ വിപണിയിലെത്തിക്കുമെന്നും കമ്പനി പറയുന്നു. കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ പാരന്റ്സ് സ്റ്റോക് ഹോമും തുടങ്ങും. സ്വാശ്രയ സംഘങ്ങളുമായി സഹകരിച്ചുനടത്തുന്ന ഈ പദ്ധതി പൊളിഞ്ഞാല്‍ ആട്, മാഞ്ചിയം, തേക്ക് പദ്ധതികളുടെ സ്ഥിതിയായിരിക്കും സംസ്ഥാനത്ത് ഉടലെടുക്കുകയെന്ന് കാര്‍ഷിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. പരിസ്ഥിതിക്ക് ഇണങ്ങിയ ഇത്രയും വലിയ പദ്ധതി കേരളത്തില്‍ ആദ്യമാണെന്ന് അവകാശപ്പെടുന്ന സ്വകാര്യ കമ്പനിയുടെ സാങ്കേതിക ഉപദേഷ്ടാവ് സംസ്ഥാന മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥനാണ്. ഇദ്ദേഹമാണ് വിദേശ ഇന്ത്യക്കാരെ ചട്ടംകെട്ടി മൃഗസംരക്ഷണമേഖലയില്‍ വന്‍പദ്ധതികള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്.
(എം വി പ്രദീപ്)

വാഗമണും വില്‍പ്പനയ്ക്ക്

എമര്‍ജിങ് കേരള പദ്ധതിയില്‍പ്പെടുത്തി വാഗമണ്ണിലെ നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തിക്കാന്‍ നീക്കം. ജിമ്മില്‍ ഉള്‍പ്പെടുത്തുകയും വന്‍ എതിര്‍പ്പിനെ തുടര്‍ന്ന് നടക്കാതെ പോയതുമാണ് ഈ പദ്ധതി. ഏറെ ജൈവപ്രാധാന്യമുള്ള വാഗമണ്‍ മൊട്ടക്കുന്ന്, ചോലവനം, ആത്മഹത്യാമുനമ്പ്, പൈന്‍കാട്, ഉളുപ്പൂണി എന്നിവിടങ്ങളിലെ കണ്ണായ ഭൂമിയാണ് സ്വകാര്യ കമ്പനികളുടെ താല്‍പ്പര്യമനുസരിച്ച് എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയത്. ടൂറിസം വകുപ്പിന്റെ നൂറ് ഏക്കറില്‍ ഗോള്‍ഫ് കോഴ്സ്, ഇക്കോ റിസോര്‍ട്ട്, സാഹസിക സ്പോര്‍ട്സ് കേന്ദ്രം എന്നിവയാണ് നിര്‍മ്മിക്കുക. പീരുമേട് ഗസ്റ്റ് ഹൗസിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ ഭൂമി മിസ്റ്റ് വാലി ഹെല്‍ത്ത് റിസോര്‍ട്ട് ആന്‍ഡ് സ്പാ എന്ന പേരില്‍ വില്‍ക്കാനും പീരുമേട്ടില്‍ ടൂറിസം വകുപ്പിന്റെ 20 ഏക്കര്‍ ഭൂമിയുംകെട്ടിടങ്ങളും റിസോര്‍ട്ട് മാഫിയകള്‍ക്ക് തീറെഴുതാനും പദ്ധതിയുണ്ട്.

വാഗമണ്ണില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള സ്ഥലത്ത് സാഹസിക സ്പോര്‍ട്സ് കേന്ദ്രം സ്ഥാപിക്കാന്‍ നേരത്തെ നിര്‍ദേശമുള്ളതാണ്. എന്നാലിപ്പോഴിത് എമര്‍ജിങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതില്‍ ദുരൂഹതയുണ്ട്. ടൂറിസം വകുപ്പിന്റെ നൂറ് ഏക്കറിലാണ് ഗോള്‍ഫ് കോഴ്സ് ആരംഭിക്കുന്നത്. ഇക്കോ റിസോര്‍ട്ട് എന്ന് പേരിട്ട് സ്വകാര്യ റിസോര്‍ട്ട് ലോബികളെ ലക്ഷ്യംവച്ച് നിക്ഷേപകരെയും തേടുന്നുണ്ട്. 120 കോടിയില്‍പ്പരം രൂപ കണ്ടെത്താനാണ് ശ്രമം. ഗ്ലൈഡിംങ്, ട്രെക്കിംങ്, റിപ്പെല്ലിങ്, സൈക്ലിംങ്, സോര്‍ബിങ്, കാരവന്‍ ക്യാമ്പിങ് മുതലായവ ഇതിനോടനുബന്ധിച്ച് ഒരുക്കുമെന്നും സര്‍ക്കാര്‍ പരസ്യത്തില്‍ പറയുന്നു. ഈ മേഖലയിലെ വന്‍കിട കൈയേറ്റക്കാരുടെ സമ്മര്‍ദമാണ് മൊട്ടക്കുന്നുകളും ചോലവനങ്ങളും എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തുന്നതിന് പിന്നില്‍.

കോട്ടയത്തെ ഐഐഐടിയും സ്വകാര്യമേഖലയില്‍

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോട്ടയത്ത് അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐഐഐടി)യും എമര്‍ജിങ് കേരളയുടെ മറവില്‍ സ്വകാര്യമേഖലയ്ക്ക്. ഇതോടൊപ്പം "റൈസ് ബയോ പാര്‍ക്ക്" പദ്ധതിയുടെ പേരില്‍ കോഴായിലെ സര്‍ക്കാര്‍ കൃഷിത്തോട്ടത്തിന്റെ ഭൂമിയും വില്‍പ്പനയ്ക്ക് വച്ചു. രാജ്യത്തെ 20 കേന്ദ്രങ്ങളില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പുതുതായി അനുവദിക്കുന്ന ഐഐഐടികളിലൊന്നാണ് കോട്ടയത്ത് സ്ഥാപിക്കുന്നത്. ഐടി വ്യവസായം-വിദ്യാഭ്യാസം, ഗവേഷണം എന്നിവ അടങ്ങുന്നതാണ് പദ്ധതി. പാലായിലെ വലവൂരിലുള്ള പാലാഴി ടയേഴ്സ് ലിമിറ്റഡിന്റെ ഭൂമിയില്‍ പദ്ധതി ആരംഭിക്കാനാണ് മന്ത്രി കെ എം മാണിയുടെ സമ്മര്‍ദം. നിക്ഷേപകരില്‍ നിന്ന് കോടികള്‍ സമാഹരിച്ചശേഷം പ്രവര്‍ത്തനം തുടങ്ങാത്ത പാലാഴി ടയേഴ്സ് മാണിയെ തിരിഞ്ഞുകൊത്തുന്ന പദ്ധതിയാണ്. കമ്പനിയുടെ പേരിലുള്ള 50 ഏക്കര്‍ ഭൂമിയാണ് ഐഐഐടിയ്ക്കായി ചൂണ്ടിക്കാണിക്കുന്നത്. 128 കോടി രൂപയാണ് ഐഐഐടിയുടെ മുതല്‍മുടക്ക്. 19.20 കോടിരൂപ മുടക്കുന്ന സ്വകാര്യ സംരംഭകര്‍ക്ക് പദ്ധതിയില്‍ പങ്കാളിത്തം ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ 50 ശതമാനവും സംസ്ഥാനം 35 ശതമാനം തുകയും വഹിക്കും. എമര്‍ജിങ് കേരളയുടെ വമ്പന്‍ പദ്ധതികളുടെ പട്ടികയില്‍ ഇതും ഉള്‍പ്പെടുത്തി. പാലാഴിയുടെ ഭൂമിയ്ക്കൊപ്പം സമീപത്തെ അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമിയും 60 ഏക്കര്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയും പദ്ധതിയ്ക്ക് ഏറ്റെടുക്കുന്നുണ്ട്. പാലാഴിയുടെ ഭൂമി ഉയര്‍ന്ന വില നല്‍കി സര്‍ക്കാരിനെ കൊണ്ട് ഏറ്റെടുപ്പിക്കാനാണ് നീക്കം.

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച റൈസ് ബയോപാര്‍ക്കിനുവേണ്ടിയാണ് കോഴായിലെ കൃഷിത്തോട്ടത്തിന്റെ ഭൂമി കൈമാറ്റം. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതി കോട്ടയത്ത് വെച്ചൂര്‍, ആലപ്പുഴയില്‍ കുട്ടനാട്, പാലക്കാട്ട് ആലത്തൂര്‍, മലമ്പുഴ എന്നിവിടങ്ങളിലും നടപ്പാക്കും. കേരള കാര്‍ഷിക സര്‍വകലാശാലയാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. പത്തു കോടിയാണ് പദ്ധതിക്ക് സര്‍ക്കാര്‍ വിഹിതം. നെല്ലില്‍നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാണ് റൈസ് ബയോപാര്‍ക്കില്‍ നിര്‍മിക്കുന്നത്. കോഴായില്‍ ജില്ലാ കൃഷിത്തോട്ടവും കൃഷി വകുപ്പിന്റെ വിത്തുല്‍പ്പാദനകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. എമര്‍ജിങ് കേരളയില്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതിയെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് ഫാം സൂപ്രണ്ടിന്റെ വിശദീകരണം.

2 പദ്ധതിക്ക് 37,560 ഏക്കര്‍ ഭൂമി തീറെഴുതും

എമര്‍ജിങ് കേരളയില്‍ പ്രഖ്യാപിച്ച പെട്രോളിയം കെമിക്കല്‍സ് ആന്‍ഡ് പെട്രോ കെമിക്കല്‍ ഇന്‍വെസ്റ്റ്മെന്റ് റീജിയണ്‍ (പിസിപിഐആര്‍), കൊച്ചി-പാലക്കാട് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ ആന്‍ഡ് മാനുഫാക്ചറിങ് സോണ്‍ (എന്‍ഐഎംസെഡ്) എന്നീ പദ്ധതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്ക് വാഗ്ദാനംചെയ്യുന്നത് വഴിവിട്ട സഹായങ്ങള്‍. പിസിപിഐആറിന് കൊച്ചി അമ്പലമുകളില്‍ 24,710 ഏക്കര്‍ ഭൂമിയും എന്‍എംപിക്ക് എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലായി 12,849 ഏക്കര്‍ ഭൂമിയുമാണ് തീറെഴുതുക. വളം, നിര്‍മാണവസ്തുക്കള്‍, മരുന്ന്, ടെക്സ്റ്റൈല്‍ മേഖലകളില്‍ വന്‍ സാധ്യതയുള്ള പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ 9,000 കോടി രൂപയുടെ പദ്ധതിയാണ് എമര്‍ജിങ് കേരള പ്രഖ്യാപിച്ചത്. ഭൂമിയുടെ വില, കോംപ്ലക്സിന് അകത്തും പുറത്തും റെയില്‍, റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളൊരുക്കല്‍ എന്നിവ ഉള്‍പ്പെടെയാണിത്. ബിപിസിഎല്‍-കൊച്ചി റിഫൈനറിയുടെ പക്കലുള്ള ഭൂമിയാണ് സ്വകാര്യസംരംഭകര്‍ക്ക് നല്‍കുന്നത്. വാഗ്ദാനംചെയ്യുന്ന 24,710 ഏക്കറില്‍ 9,884 ഏക്കറാണ് പ്രോസസിങ് ഏരിയ. ഇതില്‍ 5,436 ഏക്കറും ബിപിസിഎല്‍ ഏറ്റെടുത്തു. ബാക്കി 4,447 ഏക്കറില്‍ 494 ഏക്കറിന്റെ ഏറ്റെടുക്കല്‍ ജോലി ബിപിസിഎല്‍ പൂര്‍ത്തിയാക്കിവരുന്നു.

അമ്പലമുകള്‍ വ്യവസായമേഖലയിലെ ഇതര രാസവ്യവസായശാലകളുടെയും തുറമുഖം, കണ്ടെയ്നര്‍ ടെര്‍മിനല്‍ തുടങ്ങിയവയുടെയും സാമീപ്യം തുടങ്ങിയവ പ്രധാന ആകര്‍ഷണമായും ഉയര്‍ത്തിക്കാട്ടുന്നു. എമര്‍ജിങ് കേരളയിലെ മറ്റു പദ്ധതികളിലെന്നപോലെ ഇവിടെയും പാരിസ്ഥിതിക പഠനത്തിന്റെ ആവശ്യത്തെക്കുറിച്ച് പറയുന്നില്ല. ഭൂമിയും സൗകര്യങ്ങളും നല്‍കുന്നതിലെ വ്യവസ്ഥകളോ തൊഴില്‍സാധ്യതയോ മിണ്ടുന്നില്ല. ബിപിസിഎല്ലിന്റെ കൈവശമുള്ള ഭൂമിക്കു പുറമെ ആവശ്യമുള്ള ഭൂമി എവിടെ കണ്ടെത്തുമെന്നും വിശദീകരിക്കുന്നില്ല. അമ്പലമുകള്‍ വ്യവസായമേഖലയില്‍ വീണ്ടും ഭൂമി കണ്ടെത്താന്‍ വന്‍ ജനവാസകേന്ദ്രങ്ങളാകെ ഒഴിപ്പിക്കേണ്ടിവരുമെന്ന കാര്യവും മറച്ചുവയ്ക്കുന്നു. കൊച്ചി-പാലക്കാട് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണ്‍ (എന്‍ഐഎംസെഡ്) 50 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 8,000 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന 12,849 ഏക്കര്‍ കണ്ണായ ഭൂമിയിലാണ് ആസൂത്രണം ചെയ്യുന്നത്. ഇതില്‍ 4200 ഏക്കര്‍ ഭൂമി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ കൈവശമാണെന്നും ബാക്കിയുള്ള 8648 ഏക്കര്‍ ഏറ്റെടുക്കുകയോ സ്വകാര്യപങ്കാളിത്തത്തില്‍ കണ്ടെത്തുകയോ വേണമെന്നും പറയുന്നു.

deshabhimani 070912

1 comment:

  1. "എമര്‍ജിങ് കേരള" വെബ്സൈറ്റില്‍നിന്ന് ചില വിവാദപദ്ധതികള്‍ നീക്കിയ സര്‍ക്കാര്‍ വൈകിട്ട് ഇവയില്‍ ചിലത് വീണ്ടും ഉള്‍പ്പെടുത്തി. ഇതോടെ പദ്ധതിസംബന്ധിച്ച ആശയക്കുഴപ്പം രൂക്ഷമായി. വിവാദവിഷയം ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കുമെതിരെ കടുത്ത വിമര്‍ശമുണ്ടായി. വികസനത്തിന്റെ മറവില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടവും പൊതുമുതല്‍ വിറ്റുതുലയ്ക്കലും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന എമര്‍ജിങ് കേരള പരിപാടി കുഴഞ്ഞുമറിയുകയാണ്

    ReplyDelete