Friday, September 7, 2012

ഡിഎംആര്‍സിക്കെതിരായ നീക്കം ശക്തമെന്നതിന്റെ സൂചന


മെട്രോ റെയില്‍ പദ്ധതിയിലെ ഉദ്യോഗസ്ഥ അലംഭാവത്തെക്കുറിച്ചുള്ള ഇ ശ്രീധരന്റെ വെളിപ്പെടുത്തല്‍ കൊച്ചി മെട്രോ നിര്‍മാണച്ചുമതലയില്‍നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാനുള്ള പിന്നാമ്പുറ നീക്കം ഇപ്പോഴും ശക്തമാണെന്നതിന്റെ സൂചന. ടോം ജോസ് കൊച്ചി മെട്രോ റെയില്‍ (കെഎംആര്‍എല്‍) എംഡിയായിരിക്കെ സമര്‍പ്പിച്ച ധാരണപത്രത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതിലും ടോം ജോസ് പുറത്തായശേഷം ഇതിലെ വ്യവസ്ഥകള്‍ പലതും മാധ്യമങ്ങളില്‍ ചര്‍ച്ചയായതിലും ഡിഎംആര്‍സി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഡിഎംആര്‍സിക്കെതിരെ ടോം ജോസ് നടത്തിവന്ന ഒളിപ്പോര് തുടരുന്നുവെന്നതിന്റെ സൂചനയാണ് കെഎംആര്‍എല്‍ പുനഃസംഘടനയ്ക്കുശേഷവും ധാരണപത്രം ഒപ്പുവയ്ക്കാത്തതിനു പിന്നില്‍. ജനുവരിയിലാണ് ഡിഎംആര്‍സി ധാരണപത്രം സമര്‍പ്പിച്ചത്. ഇതുവരെ ഇതിലെ വ്യവസ്ഥകളോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ധാരണപത്രം ഒപ്പിട്ടാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍മാണം തുടങ്ങുമെന്ന് ശ്രീധരന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. മെട്രോയ്ക്ക് കേന്ദ്രാനുമതി കിട്ടട്ടെ എന്നായിരുന്നു അപ്പോഴൊക്കെ സര്‍ക്കാരിന്റെ മറുപടി. കേന്ദ്രാനുമതി ലഭിച്ചിട്ട് രണ്ടുമാസം കഴിഞ്ഞു. കെഎംആര്‍എലിന്റെ പുനഃസംഘടിപ്പിച്ച ബോര്‍ഡ് തീരുമാനിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ധാരണപത്രത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാനാകുമെന്ന ഡിഎംആര്‍സിയുടെ അഭിപ്രായത്തോട് സര്‍ക്കാര്‍ പ്രതികരിച്ചില്ല.

ടോം ജോസ് എംഡിയായിരിക്കെ ഡിഎംആര്‍സി സമര്‍പ്പിച്ച ധാരണപത്രത്തിലെ വ്യവസ്ഥ സംബന്ധിച്ച് ഒരു ഇംഗ്ലീഷ് പത്രത്തില്‍ തുടര്‍വാര്‍ത്തകള്‍ വരികയും ചെയ്തു. ഡിഎംആര്‍സിയുമായുള്ള നിര്‍മാണകരാര്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുമെന്നും കെഎംആര്‍എല്‍ വെറും നോക്കുകുത്തിയാകുമെന്നുമായിരുന്നു ആരോപണങ്ങളുടെ സാരം. ഡിഎംആര്‍സിയെ ഒഴിവാക്കി പദ്ധതിക്ക് സ്വകാര്യമേഖലയില്‍നിന്ന് ജനറല്‍ കണ്‍സള്‍ട്ടന്റിനെ കൊണ്ടുവരാനായിരുന്നു എംഡിയായിരിക്കെ ടോം ജോസിന്റെ നീക്കം. പുറത്തായശേഷവും സര്‍ക്കാര്‍ പിന്തുണയോടെ ആ നീക്കം തുടരുന്നു എന്നതിനു തെളിവാണിത്. 11ന് കെഎംആര്‍എലിന്റെ പുതിയ ബോര്‍ഡ് യോഗം ചേരുന്നുണ്ടെങ്കിലും നിര്‍മാണച്ചുമതല ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്നതില്‍ തീരുമാനമാകില്ലെന്നാണ് സൂചന. പുതിയ ബോര്‍ഡില്‍ ഡിഎംആര്‍സിയുടെ പ്രതിനിധിയുമുണ്ട്. മറ്റു കേന്ദ്ര പ്രതിനിധികളുടെ പിന്തുണയോടെ പദ്ധതിക്ക് ആഗോള ടെന്‍ഡര്‍ വിളിച്ച് സ്വകാര്യ ഏജന്‍സിയെ ജനറല്‍ കണ്‍സള്‍ട്ടന്റായി കൊണ്ടുവരാനാകുമോ എന്ന അവസാന ശ്രമത്തിലാണ് സര്‍ക്കാര്‍.

കൊച്ചി മെട്രോ നിര്‍മാണം വൈകുന്നതിന് പ്രധാന കാരണം ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്നാണ് കഴിഞ്ഞദിവസം ഇ ശ്രീധരന്‍ വെളിപ്പെടുത്തിയത്. 2005ല്‍ സമര്‍പ്പിച്ച പദ്ധതിക്ക് ഏഴുവര്‍ഷത്തിനുശേഷം ജൂലൈ മൂന്നിനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. അതും ആദ്യ പ്ലാനില്‍ കാര്യമായ മാറ്റമില്ലാതെ. കേന്ദ്രാനുമതി കിട്ടി രണ്ടുമാസം പിന്നിട്ടപ്പോഴാണ് ശ്രീധരന്‍ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചത് എന്നതും ശ്രദ്ധേയം. കെഎംആര്‍എല്‍ പുനഃസംഘടന മാത്രമാണ് ഈ രണ്ടുമാസത്തിനുള്ളില്‍ ആകെ നടന്നത്. കേന്ദ്ര നഗരവികസന മന്ത്രാലയം സെക്രട്ടറി സുധീര്‍ കൃഷ്ണയെ കെഎംആര്‍എല്‍ എംഡിയായി നിയമിച്ചശേഷം സംസ്ഥാന പ്രതിനിധികളെ തീരുമാനിക്കാന്‍ ഒരാഴ്ചയിലേറെ കാത്തിരിക്കേണ്ടിവന്നു.

deshabhimani 060912

No comments:

Post a Comment