Wednesday, September 12, 2012

നേരിന്റെ പുലരിയിലേക്ക്


നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി സിപിഐ എമ്മിനെ തകര്‍ക്കാമെന്ന് ധരിച്ച് സ്ഥാപിത രാഷ്ട്രീയശക്തികള്‍ നടത്തിപ്പോരുന്ന ശ്രമപരമ്പരകളില്‍ ഒന്നുകൂടി പൊളിഞ്ഞിരിക്കുന്നു- ലാവ്ലിന്‍ കരാറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒരുവിധ സാമ്പത്തികനേട്ടവും ഉണ്ടാക്കിയിട്ടില്ല എന്ന് സമഗ്രമായ അന്വേഷണത്തിനുശേഷം സിബിഐ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുന്നു. നേതാക്കള്‍ കൊള്ളില്ലാത്തവരാണ് എന്നു വരുത്തിത്തീര്‍ത്താല്‍ അവരാല്‍ നയിക്കപ്പെടുന്ന പ്രസ്ഥാനവും കൊള്ളില്ല എന്നു ജനങ്ങളെ എളുപ്പത്തില്‍ ധരിപ്പിക്കാമല്ലോ. ആ വഴിക്കുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ സിപിഐ എമ്മിനെതിരെ നിരന്തരം അരങ്ങേറിക്കൊണ്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ ചില മാസങ്ങളായി കള്ളക്കഥകളുടെ ഇത്തരം ചീട്ടുകൊട്ടാരങ്ങള്‍ തകര്‍ന്നടിയുന്നത് കേരളം കാണുന്നു.

ത്യാഗധനരായ നേതാക്കള്‍ ഊതിക്കാച്ചിയ പൊന്നുപോലെ അഗ്നിപരീക്ഷ കടന്ന് ജനഹൃദയങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്നു. അടിച്ചമര്‍ത്തപ്പെടുന്നവരും ചൂഷണംചെയ്യപ്പെടുന്നവരുമായ നിസ്വജനകോടികളുടെ മോചനത്തിനുവേണ്ടി, അവര്‍ക്കു ജീവിതയോഗ്യമായ ഒരു സാമൂഹ്യാവസ്ഥയുണ്ടാക്കിയെടുക്കാന്‍ സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് പതിറ്റാണ്ടുകളായി കര്‍മരംഗത്ത് അനവരതം വ്യാപരിച്ചുപോരുന്നവരാണ് സിപിഐ എം നേതാക്കള്‍. അവരുടെ പ്രതിച്ഛായ തകര്‍ത്ത് പാര്‍ടിയെ വിശ്വാസ്യതയില്ലാത്ത പ്രസ്ഥാനമാക്കി ജനസമൂഹത്തിലവതരിപ്പിക്കാനും അങ്ങനെ ജനങ്ങളെ പാര്‍ടിയില്‍നിന്നകറ്റാനുമുള്ള ആസൂത്രിതമായ നീക്കങ്ങളാണ് കുറെക്കാലമായി നടന്നുവരുന്നത്. അതാണ് ഒന്നൊന്നായി ഇപ്പോള്‍ തകരുന്നത്. കവിയൂര്‍ മുതല്‍ ലാവ്ലിന്‍ വരെയുള്ള കേസുകളില്‍ സിപിഐ എം നേതാക്കളെ കുരുക്കിയിടാന്‍ നിരന്തരം കോടതികള്‍ കയറിയിറങ്ങിപ്പോരുന്നത് കോഴിക്കോട്ടുനിന്നുള്ള ഒരു അശ്ലീലവാരികയുടെ പത്രാധിപരാണ്. കോടിക്കണക്കിനു രൂപ ഇയാള്‍ ഈ രാഷ്ട്രീയദൗത്യത്തിനായി ചെലവഴിക്കുന്നു. ഇയാള്‍ക്കുപിന്നിലുള്ള വമ്പന്മാരുടെ നിര ഇരുട്ടില്‍ത്തന്നെ ഇപ്പോഴും നില്‍ക്കുന്നുവെന്നതാണ് സത്യം. ആ നിരയില്‍, സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്ക് അരുനില്‍ക്കാത്തതുകൊണ്ട് സിപിഐ എം നേതാക്കളെ ശത്രുവായി പ്രഖ്യാപിച്ചവരുണ്ട്; വിരുദ്ധ രാഷ്ട്രീയ ശക്തികളുണ്ട്; അധികാരദല്ലാളന്മാരുണ്ട്; വമ്പന്‍ കോടീശ്വരന്മാരുണ്ട്; മാധ്യമ പ്രഭുക്കളുണ്ട്; കേരളത്തിന്റെ എല്ലാ പുരോഗമന താല്‍പ്പര്യങ്ങളെയും പ്രവൃത്തികളിലൂടെ തകര്‍ത്തുകൊണ്ട് പുരോഗമനവേഷം ധരിച്ചു നടക്കുന്നവരുമുണ്ട്. ഇവരെക്കൂടി വെളിച്ചത്തുകൊണ്ടുവരേണ്ടതുണ്ട്. ലാവ്ലിന്‍ എന്നൊരു കേസ് തല്ലിക്കൂട്ടിയതുപോലും ഈ സംഘത്തിന്റെ ശ്രമഫലമായിട്ടായിരുന്നു. കേരളത്തെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാനുള്ള ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആവിഷ്കരിച്ച് ധീരമായി നടപ്പാക്കിയതിന്റെ പേരില്‍ പിണറായി വിജയനെ ക്രൂശിക്കാമെന്നവര്‍ നിശ്ചയിച്ചു. യുഡിഎഫ് രാഷ്ട്രീയവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എല്ലാ രാഷ്ട്രീയ നൈതികതകളുംവിട്ട് അത് നടപ്പാക്കിയെടുക്കുന്നതിനുള്ള കര്‍മരംഗത്തിറങ്ങി. യുഡിഎഫ് ഭരണത്തിലെ വിജിലന്‍സ് തന്നെ അന്വേഷിച്ച് ഒരു ക്രമക്കേടുമില്ലാത്തത് എന്ന് റിപ്പോര്‍ട്ടുകൊടുത്ത കേസാണ് ലാവ്ലിനെ സംബന്ധിച്ചുള്ളത്.

വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് സിബിഐ അന്വേഷണത്തിന് ആ കേസ് വിട്ടത് സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താനും തെരഞ്ഞെടുപ്പില്‍ ജയിക്കാനുമുള്ള ഇരട്ടലാക്കോടെയായിരുന്നു. തെരഞ്ഞെടുപ്പുപ്രഖ്യാപനം വന്ന നാളില്‍ത്തന്നെയാണ് സിബിഐ അന്വേഷണത്തിനായി കേസ് വിടുന്നു എന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനവും ഉണ്ടായത് എന്നോര്‍ക്കുക. പിന്നീട് അധികാരത്തിന്റെ ഏതെല്ലാം ഇടനാഴികളില്‍ ആരെല്ലാം ഉള്‍പ്പെട്ട ഉപജാപങ്ങള്‍ നടന്നു എന്നത് കേരളത്തിനിന്ന് വ്യക്തമായി അറിയാം. തങ്ങള്‍ അന്വേഷിക്കാന്‍ യോഗ്യമായ, കാര്യമായ ഒന്നുമില്ലാത്ത കേസാണത് എന്ന് പ്രാഥമികാന്വേഷണത്തെത്തുടര്‍ന്ന് റിപ്പോര്‍ട്ടുകൊടുത്ത സിബിഐയെത്തന്നെ ഈ കേസ് അടിച്ചേല്‍പ്പിക്കാന്‍ നടന്ന വൃത്തികെട്ട കളികള്‍ അറപ്പുളവാക്കുന്നതാണ്. എങ്ങനെയെങ്കിലും കേസില്‍ കുരുക്കി കഴിയുന്നത്ര കാലം കരിനിഴലില്‍ നിര്‍ത്തുക എന്നതായിരുന്നു കണക്കുകൂട്ടല്‍. കേസ് വലിച്ചുനീട്ടാന്‍ ഇടയ്ക്കിടെ കള്ളസാക്ഷികളെ കൊണ്ടുവരിക, പുതിയ ആരോപണങ്ങള്‍ കെട്ടിച്ചമച്ചവതരിപ്പിക്കുക, അങ്ങനെ കോടതിയുടെ സമയം കളയുക. അരുതാത്തത് എന്തെല്ലാം ഇവിടെ നിരന്തരം നടന്നു! സിംഗപ്പൂരില്‍ കമ്പനി നടത്തുന്നു. കോടികളുടെ അനധികൃത സ്വത്തുണ്ടാക്കിയിരിക്കുന്നു എന്നെല്ലാം പറഞ്ഞ് അന്വേഷണം നീട്ടിച്ചുകൊണ്ടിരുന്നു. ഒടുവില്‍, ഇന്ത്യയിലും വിദേശത്തും അന്വേഷിച്ച എന്‍ഫോഴ്സ്മെന്റ് അധികൃതരും ആദായനികുതി അധികൃതരും ഇതെല്ലാം പച്ചക്കള്ളമാണെന്നും കെട്ടിച്ചമച്ച കഥകളാണെന്നും കോടതിയെ അറിയിച്ചു. ഇപ്പോഴിതാ 2011ല്‍ കോടതിയില്‍ നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചുകൊണ്ട് സിബിഐയും പിണറായി വിജയന്‍ സാമ്പത്തികനേട്ടമുണ്ടാക്കിയിട്ടില്ലെന്ന് ആവര്‍ത്തിച്ചിരിക്കുന്നു. ഇതേപോലെയാണ് കവിയൂര്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, പി കെ ശ്രീമതി എന്നിവരെ കുരുക്കാന്‍ ശ്രമിച്ചതും. ഇത് സംബന്ധിച്ച് കോടതിയില്‍ കള്ളക്കഥകളാണ് അവതരിപ്പിക്കപ്പെട്ടത്. എന്നു മാത്രമല്ല, ഈ നേതാക്കളെ കുരുക്കാന്‍ കേസില്‍ പ്രതിയായ ലതാനായര്‍ക്ക് അശ്ലീല പ്രസിദ്ധീകരണക്കാരന്‍ ഒരു കോടി രൂപ വച്ചുനീട്ടുകപോലുംചെയ്തു എന്ന് സിബിഐ കണ്ടെത്തി.

ലാവ്ലിന്‍ കേസില്‍ ദീപക്കുമാര്‍ എന്ന കള്ളസാക്ഷിയെ കൊണ്ടുവന്ന അതേ ആള്‍തന്നെയാണ് ലതാനായരെ ഒരു കോടി രൂപ വാഗ്ദാനവുമായി സമീപിച്ചതും. അനാവശ്യമായി രാഷ്ട്രീയ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനും വ്യക്തികളെ ഭീഷണിപ്പെടുത്തിയതിനും അനഘ എന്ന പെണ്‍കുട്ടിയുടെ കുടുംബത്തെ അപമാനിച്ചതിനും ഒക്കെ ജയിലിലടയ്ക്കപ്പെടേണ്ടതാണ് ഇയാള്‍. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ക്ക് മുതിരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കാരണം രാഷ്ട്രീയ കൂട്ടുകച്ചവടമാണല്ലോ നേതാക്കള്‍ക്കെതിരായ കേസുകള്‍ക്കും ഹര്‍ജികള്‍ക്കും പിന്നില്‍ നടക്കുന്നത്. എന്തായാലും ഉത്തരവാദിത്തബോധത്തോടെ രാഷ്ട്രീയ കര്‍മരംഗത്തുള്ള ത്യാഗധനരായ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതും അവരെ സംശയത്തിന്റെ കരിനിഴല്‍ പരത്തി രാഷ്ട്രീയ മുഖ്യധാരയില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതും ഇങ്ങനെയൊക്കെ ചെയ്യുന്നവര്‍ക്ക് രാഷ്ട്രീയ- മാധ്യമഭരണങ്ങളില്‍ രക്ഷാകര്‍ത്താക്കളുണ്ടാകുന്നതും ഒക്കെ ആരോഗ്യകരമായ ഒരു പൊതുജനാധിപത്യ മണ്ഡലത്തിന്റെ സൂചകങ്ങളല്ല. ഇത് തിരിച്ചറിഞ്ഞ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു കേരളത്തിലെ ജനാധിപത്യ സമൂഹം.

deshabhimani editorial 120912

1 comment:

  1. നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി സിപിഐ എമ്മിനെ തകര്‍ക്കാമെന്ന് ധരിച്ച് സ്ഥാപിത രാഷ്ട്രീയശക്തികള്‍ നടത്തിപ്പോരുന്ന ശ്രമപരമ്പരകളില്‍ ഒന്നുകൂടി പൊളിഞ്ഞിരിക്കുന്നു- ലാവ്ലിന്‍ കരാറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒരുവിധ സാമ്പത്തികനേട്ടവും ഉണ്ടാക്കിയിട്ടില്ല എന്ന് സമഗ്രമായ അന്വേഷണത്തിനുശേഷം സിബിഐ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുന്നു. നേതാക്കള്‍ കൊള്ളില്ലാത്തവരാണ് എന്നു വരുത്തിത്തീര്‍ത്താല്‍ അവരാല്‍ നയിക്കപ്പെടുന്ന പ്രസ്ഥാനവും കൊള്ളില്ല എന്നു ജനങ്ങളെ എളുപ്പത്തില്‍ ധരിപ്പിക്കാമല്ലോ. ആ വഴിക്കുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ സിപിഐ എമ്മിനെതിരെ നിരന്തരം അരങ്ങേറിക്കൊണ്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ ചില മാസങ്ങളായി കള്ളക്കഥകളുടെ ഇത്തരം ചീട്ടുകൊട്ടാരങ്ങള്‍ തകര്‍ന്നടിയുന്നത് കേരളം കാണുന്നു.

    ReplyDelete