Wednesday, September 12, 2012

കേസെടുത്തിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞത് കള്ളം


ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ കേസെടുത്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത് കള്ളമെന്ന് വെളിപ്പെട്ടു. തിങ്കളാഴ്ച മോഹന്‍ദാസ് വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിക്ക് മുമ്പാകെ ഹാജരായപ്പോഴാണ് മന്ത്രി പറഞ്ഞത് ശരിയല്ലെന്ന് വ്യക്തമായത്. അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്തില്ലാത്തതിനാല്‍ ഹാജരാകേണ്ട വിവരം പിന്നീട് അറിയിക്കാമെന്നാണ് പൊലീസ് മോഹന്‍ദാസിനോട് പറഞ്ഞത്. സിഐ പി ശശിധരന്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഹാജരാകേണ്ട ദിവസം അറിയിക്കാമെന്ന് വ്യക്തമാക്കിയത്.

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ മോഹന്‍ദാസിനെതിരെ കേസെടുത്തിട്ടില്ലെന്നാണ് ഞായറാഴ്ച തിരുവഞ്ചൂര്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അദ്ദേഹത്തിന് അറിയാവുന്ന വസ്തുതകള്‍ വെളിപ്പെടുത്താന്‍ അവസരം നല്‍കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഇക്കാര്യം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുന്നില്‍ മോഹന്‍ദാസ് ഹാജരാകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഹാജരായ മോഹന്‍ദാസിന് ഹാജരാകേണ്ട ദിവസം അറിയിക്കാമെന്ന് പൊലീസ് രേഖാമൂലം കത്ത് നല്‍കിയതോടെ കേസുണ്ടെന്ന്് വ്യക്തമായി.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി, വാര്‍ത്തയെഴുതിയതിന് സര്‍ക്കാര്‍ നിര്‍ദേശാനുസൃതം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മോഹന്‍ദാസ് തിങ്കളാഴ്ച രാവിലെയാണ് വടകര ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ഓഫീസിലെത്തിയത്. ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി, അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ്, കോഴിക്കോട് യൂണിറ്റ് മാനേജര്‍ എ കെ പത്മനാഭന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. മോഹന്‍ദാസിനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് ദേശാഭിമാനി ജീവനക്കാര്‍ വിവിധ കേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തി. ദേശാഭിമാനി കണ്ണൂര്‍, കോഴിക്കോട് എഡിഷനുകളിലെ ജീവനക്കാര്‍ വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയുടെ ഓഫീസിലേക്കു മാര്‍ച്ച് നടത്തി. തിരുവനന്തപുരം യൂണിറ്റിലെ ജീവനക്കാര്‍ സെക്രട്ടറിയറ്റിന് മുന്നിലേക്കും കൊച്ചി യൂണിറ്റിലെ ജീവനക്കാര്‍ പാലാരിവട്ടം പൊലീസ്സ്റ്റേഷനിലേക്കും തൃശൂര്‍ യൂണിറ്റിലെ ജീവനക്കാര്‍ ഐജി ഓഫീസിലേക്കും മാര്‍ച്ച് നടത്തി. കോട്ടയം ദേശാഭിമാനി ജീവനക്കാര്‍ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി പ്രകടനം നടത്തി.

deshabhimani 120912

1 comment:

  1. ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ കേസെടുത്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത് കള്ളമെന്ന് വെളിപ്പെട്ടു. തിങ്കളാഴ്ച മോഹന്‍ദാസ് വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിക്ക് മുമ്പാകെ ഹാജരായപ്പോഴാണ് മന്ത്രി പറഞ്ഞത് ശരിയല്ലെന്ന് വ്യക്തമായത്. അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്തില്ലാത്തതിനാല്‍ ഹാജരാകേണ്ട വിവരം പിന്നീട് അറിയിക്കാമെന്നാണ് പൊലീസ് മോഹന്‍ദാസിനോട് പറഞ്ഞത്. സിഐ പി ശശിധരന്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഹാജരാകേണ്ട ദിവസം അറിയിക്കാമെന്ന് വ്യക്തമാക്കിയത്.

    ReplyDelete