ഭക്ഷ്യസുരക്ഷ: രാജ്യമെങ്ങും ഇടതുപക്ഷ മാര്‍ച്ച്
എല്ലാവിഭാഗം ജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ പാര്‍ടികളുടെ ആഭിമുഖ്യത്തില്‍ രാജ്യമെങ്ങും ബഹുജനമാര്‍ച്ചോടെ ഭക്ഷ്യസുരക്ഷാദിനം ആചരിച്ചു. ബിപിഎല്‍- എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും കുറഞ്ഞവിലയ്ക്ക് ഭക്ഷ്യധാന്യം നല്‍കുക, ഇതിന് അനുയോജ്യമായ ഭക്ഷ്യസുരക്ഷാ ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കുക, പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കി അവശ്യസാധനങ്ങള്‍ റേഷന്‍കടകള്‍ വഴി നല്‍കുക, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ താങ്ങുവില നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ദിനാചരണം. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് പാര്‍ടികളുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. പൊതുയോഗം സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍റെഡ്ഡി, ആര്‍എസ്പി നേതാവ് അബനിറോയ്, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ് എന്നിവര്‍ സംസാരിച്ചു. തപന്‍സെന്‍ എംപി, പുഷ്പിന്ദര്‍ ഗ്രെവാള്‍, ജോഗീന്ദര്‍സിങ്, സുധ സുന്ദരരാമന്‍, ഡി രാജ, അമര്‍ജിത്കൗര്‍, ജി ദേവരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നന്ദ നഗരിയില്‍ അസിസ്റ്റന്റ് ഫുഡ് കമീഷണര്‍ ഓഫീസിലേക്ക് നൂറുകണക്കിന് ഇടതു പാര്‍ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ശക്തിനഗറിലെ നംഗിയാ പാര്‍ക്കിലെ എഫ്സിഐ ഗോഡൗണ്‍ സിപിഐ എം പ്രവര്‍ത്തകര്‍ ഉപരോധിച്ചു. യുപിയിലെ നോയ്ഡ സെക്ടര്‍ എട്ടില്‍ അഞ്ഞൂറിലധികം സിപിഐ എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഗാസിയാബാദിലെ നവയുഗ് മാര്‍ക്കറ്റിലുള്ള ഫുഡ് സപ്ലൈ ഓഫീസിലേക്കും ലോണിയിലെ ബിഡിഒ ഓഫീസിലേക്കും മാര്‍ച്ച് നടത്തി. വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലും പ്രകടനവും ഓഫീസ് ഉപരോധവും നടന്നു. കേരളത്തിലെ മുഴുവന്‍ നിയമസഭാ കേന്ദ്രങ്ങളിലെയും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് നടത്തിയ മാര്‍ച്ചില്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ അണിനിരന്നു.
ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം: കാരാട്ട്
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ നല്‍കുന്ന ബില്‍ പാസാക്കിയില്ലെങ്കില്‍ ഇടതു പാര്‍ടികള്‍ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇടതു പാര്‍ടി നേതാക്കള്‍ ഈ ആവശ്യം പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് അറിയിക്കും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ യുപിഎ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായ പ്രക്ഷോഭത്തിന് രംഗത്തിറങ്ങാന്‍ കാരാട്ട് ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ഇടതു പാര്‍ടികളുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച ഡല്‍ഹിയിലെ എഫ്സിഐ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുത്തക കമ്പനികള്‍ക്ക് ലക്ഷക്കണക്കിനു കോടി രൂപയുടെ പൊതുസമ്പത്ത് വിട്ടുകൊടുക്കുന്ന യുപിഎ സര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷ്യധാന്യം നല്‍കാന്‍ വിമുഖത കാട്ടുന്നു. എഫ്സിഐ ഗോഡൗണുകളില്‍ ഏഴു കോടി ടണ്‍ ഭക്ഷ്യധാന്യം സൂക്ഷിച്ചിരിക്കുന്നു. ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഈ ഭക്ഷ്യധാന്യം നല്‍കുന്നില്ല. പകരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നല്‍കുന്ന വിലയ്ക്ക് വന്‍കിട കച്ചവടക്കാര്‍ക്ക് നല്‍കുകയും കയറ്റുമതി ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു. കുറഞ്ഞ വിലയ്ക്ക് കയറ്റുമതി ചെയ്യുന്ന ഈ ധാന്യം വിദേശ രാജ്യങ്ങളില്‍ കാലിത്തീറ്റയായാണ് ഉപയോഗിക്കുന്നത്. ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കണമെന്നും എല്ലാവിഭാഗം ജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഇടതു പാര്‍ടികള്‍ ജന്തര്‍മന്ദറില്‍ അഞ്ചുദിവസം തുടര്‍ച്ചയായി സമരം നടത്തി. ബിപിഎല്‍, എപിഎല്‍ വിവേചനമില്ലാതെ എല്ലാ കുടുംബത്തിനും പ്രതിമാസം 35 കിലോ അരി രണ്ടുരൂപ നിരക്കില്‍ നല്‍കണം. എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കണം. യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ രൂപംനല്‍കിയിരിക്കുന്ന ഭക്ഷ്യസുരക്ഷാ ബില്‍ ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതല്ല. യഥാര്‍ഥ ദരിദ്രരെയും ദാരിദ്ര്യരേഖയ്ക്കു മുകളിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ നല്‍കുന്നില്ല. നിയമം ഭേദഗതി ചെയ്ത് എല്ലാവര്‍ക്കും രണ്ടുരൂപ നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കണം. ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാനുള്ള സബ്സിഡി നല്‍കാന്‍ പണമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ആര്‍ക്കുവേണ്ടിയാണ് തങ്ങള്‍ ഭരിക്കുന്നതെന്ന് ഈ നയങ്ങളിലൂടെ യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ദേശങ്ങളില്ല: വൈക്കം വിശ്വന്‍
വൈദ്യുതി പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ഒറ്റയൂണിറ്റ് വൈദ്യുതിപോലും അധികമായി ഉല്‍പ്പാദിപ്പിക്കാനുള്ള നിര്‍ദേശം എമര്‍ജിങ് കേരളയിലില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷാബില്ലിനെതിരെയുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എഫ്സിഐ റീജണല്‍ ഓഫീസിലേക്ക് നടത്തിയ എല്‍ഡിഎഫ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തതയിലെത്തിയതാണ്. എന്നാല്‍, ഇടുക്കി ഡാമിലെ വെള്ളംപോലും ദീര്‍ഘവീക്ഷണമില്ലാതെ ഒഴുക്കിക്കളയുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. വൈദ്യുതി ഇല്ലാതെ എന്ത് വ്യവസായം ആരംഭിക്കാനാണ്. പൊതുമേഖലയെ തകര്‍ത്ത് എമര്‍ജിങ് കേരള നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. 24 പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടിക്കഴിഞ്ഞു. പരമ്പരാഗതമേഖലയെ മുഴുവന്‍ തകര്‍ക്കുകയാണ്. എല്ലാം തീരുമാനിച്ചുകഴിഞ്ഞ് ചര്‍ച്ചയാകാമെന്നാണ് സര്‍ക്കാര്‍ നിലപാട്. അന്ധകാരത്തിലേക്കാണ് നാടിനെ കൊണ്ടുപോകുന്നത്. നിശാക്ലബ്ബുകള്‍ തുടങ്ങാന്‍ പോകുകയാണ്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വൈദികര്‍വരെ പ്രതികരിച്ചുകഴിഞ്ഞു. ജനങ്ങളെ വെല്ലുവിളിച്ച് ഒറ്റപദ്ധതിപോലും നടപ്പാക്കാമെന്ന് വ്യാമോഹിക്കേണ്ട.
രാജ്യത്തെ ബജറ്റു തുകയേക്കാള്‍ അഴിമതി നടത്തുന്ന പ്രധാനമന്ത്രിയെന്നാണ് മന്‍മോഹന്‍സിങ് വികസിത രാജ്യങ്ങളില്‍ അറിയപ്പെടുന്നത്. ഭക്ഷ്യസംഭരണം സ്വകാര്യമേഖലയെ ഏല്‍പ്പിച്ച് വിതരണം താറുമാറാക്കി ലക്ഷക്കണക്കിനു പാവപ്പെട്ടവരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ് കേന്ദ്രം. പ്രധാനമന്ത്രി കേരളത്തിലെത്തിയതും ജനവിരുദ്ധമായ ആഗോളനയങ്ങള്‍ക്ക് ആക്കംകൂട്ടാനാണ്. ജനങ്ങളാകെ അണിനിരന്ന പോരാട്ടത്തിലൂടെ പൊതുവിതരണ സമ്പ്രദായവും പൊതുമേഖലയും സംരക്ഷിച്ച പാരമ്പര്യം കേരളത്തിനുണ്ട്. രാജ്യത്ത് മനുഷ്യനൊഴിച്ച് എല്ലാറ്റിനും വില കൂടുകയാണ്. കോര്‍പറേറ്റ് മൂലധനം സംരക്ഷിക്കാനായി ജനങ്ങളെ പട്ടിണിക്കിടുകയാണ്. ഭക്ഷ്യസുരക്ഷ എന്നാല്‍ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമാണെന്ന് ഓര്‍മവേണമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി.
യുഡിഎഫ് നാടിനെ സര്‍വനാശത്തിലേക്ക് നയിക്കുന്നു: എ കെ ബാലന്‍ എംഎല്‍എ
പാലക്കാട്: കേരളത്തെ സര്‍വനാശത്തിലേക്കാണ് യുഡിഎഫ് സര്‍ക്കാര്‍ നയിക്കുന്നതെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ്അംഗം എ കെ ബാലന്‍ എംഎല്‍എ പറഞ്ഞു. ഭക്ഷ്യസുരക്ഷാദിനാചരണത്തിന്റെ ഭാഗമായി എല്‍ഡിഎഫ് നേതൃത്വത്തില്‍ ഒലവക്കോട് എഫ്സിഐയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഊഹക്കവടക്കാര്‍ക്കും പൂഴ്ത്തിവയ്പ്പുകാര്‍ക്കും ഭൂമാഫിയക്കും നാടിനെ കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കിക്കൊടുക്കുകയാണ്. കേരളത്തിലെ മണ്ണിനും പെണ്ണിനും മലകള്‍ക്കും പുഴകള്‍ക്കും സുരക്ഷിതത്വമില്ലാതാവുകയാണ്. നിശാക്ലബുകളും ക്യാബറെനൃത്തവും കൊണ്ടുവരുന്നു. കൊച്ചി- പാലക്കാട് ക്വറിഡോര്‍ എന്ന പദ്ധതിവഴി ദേശീയപാതയ്ക്ക് ഇരുവശവുമുള്ള പാടങ്ങള്‍ മണ്ണിട്ടുനികത്തി ഭൂമാഫിയക്ക് കൈമാറാനാണ് ഉദ്ദേശ്യം. 15 കോടി രൂപ ചെലവഴിച്ച് കൊട്ടിഗ്ഘോഷിച്ചു നടത്തിയ ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റ്(ജിം)ന്റെ അതേ അവസ്ഥയാണ് എമര്‍ജിങ് കേരളയ്ക്കും ഉണ്ടാകാന്‍ പോകുന്നത്. യുഡിഎഫിലെ ഘടകകക്ഷികള്‍പോലും പിന്തുണയ്ക്കുന്നില്ല.
ഊര്‍ജമേഖലയെ അവഗണിച്ച് ഒരുപദ്ധതിയും സംസ്ഥാനത്ത് വരാന്‍പോകുന്നില്ല. വൈദ്യുതിതാരിഫ് കുത്തനെ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് നൂറോളം വ്യവസായസ്ഥാപനങ്ങള്‍ പൂട്ടലിന്റെ വക്കിലാണ്. അവയെ സംരക്ഷിച്ചു വേണം മറ്റുള്ളവരെ ആകര്‍ഷിക്കാന്‍. ഊര്‍ജമില്ലാതെ ഏതു വ്യവസായമാണ് നടത്താനാവുക. അവശ്യസാധനങ്ങളുടെ വില കുതിക്കുകയാണ്. കടുത്ത ദാരിദ്ര്യത്തിലേക്കാണ് രാജ്യം പോകുന്നത്. എല്‍ഡിഎഫ്സര്‍ക്കാര്‍ 700 കോടിരൂപ സബ്സിഡി നല്‍കി സപ്ലൈകോവഴിയും സഹകരണസ്ഥാപനങ്ങള്‍വഴിയും ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്താണ് വിലക്കയറ്റം നിയന്ത്രിച്ചു നിര്‍ത്തിയത്. ഇപ്പോഴാകട്ടെ വിലനിയന്ത്രണ സംവിധാനത്തെയാടെ തകിടംമറിച്ചിരിക്കുന്നു.
ജനങ്ങളെ കോര്‍പറേറ്റുകള്‍ വെല്ലുവിളിക്കുമ്പോള്‍ നിലപാട് എടുക്കാന്‍ കഴിയാത്ത സര്‍ക്കാരായി കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ മാറി. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പാര്‍ലമെന്റില്‍ ഭക്ഷ്യസുരക്ഷാനിയമം സമഗ്രമായി അവതരിപ്പിക്കാന്‍ സാധിക്കുന്നില്ല. ബില്ല് സ്റ്റാന്റിങ്കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് പ്രധാനമന്ത്രി പറയുന്നു. സര്‍ക്കാരിന് താല്‍പ്പര്യമുണ്ടെങ്കില്‍ ഭക്ഷ്യസുരക്ഷാനിയമം ഓര്‍ഡിനന്‍സായി കൊണ്ടുവരാം. അതുപോലും ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് എല്ലാവര്‍ക്കും ജീവിക്കാനുള്ള ഭക്ഷണം ലഭ്യമാക്കണമെന്ന മുദ്രാവാക്യവുമായി രാജ്യമെമ്പാടും പ്രക്ഷോഭം നടത്തുന്നത്-എ കെ ബാലന്‍ പറഞ്ഞു. സിപിഐ എം പുതുശേരി ഏരിയ സെക്രട്ടറി വി കാര്‍ത്തികേയന്‍ അധ്യക്ഷനായി.
പാചകത്തിനുപോലും നിയന്ത്രണം: പന്ന്യന്‍ രവീന്ദ്രന്‍
തിരു: ഭക്ഷണം പാകംചെയ്യുന്നതുപോലും നിയന്ത്രിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷാ ബില്ലിനെതിരെയുള്ള ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി കേശവദാസപുരത്ത് എഫ്സിഐ റീജണല്‍ ഓഫീസിലേക്ക് നടന്ന എല്‍ഡിഎഫ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു പന്ന്യന്‍. ഭരണകേന്ദ്രമായ ഡല്‍ഹിയില്‍പ്പോലും ആളുകള്‍ പട്ടിണിയില്‍ മരിച്ചുവീഴുകയാണ്. എല്ലാത്തിനും തീവില. അടുക്കളയിലെ പാചകം നിയന്ത്രിക്കാന്‍ പാചകവാതക സിലിണ്ടറിന്റെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്. കേന്ദ്രത്തിലെ അഴിമതി പിന്തുടര്‍ന്ന് കേരളം ഭാഗിച്ചുവില്‍ക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. പ്രകൃതിവിഭവങ്ങള്‍ മുഴുവന്‍ വിറ്റശേഷം വിനോദസഞ്ചാരികള്‍ക്കായി നഗ്നനൃത്തകേന്ദ്രങ്ങള്‍ തുടങ്ങാനാണ് നീക്കം. ഇങ്ങനെ സംസ്ഥാനത്തെ വിറ്റുതീര്‍ക്കാന്‍ അനുവദിക്കില്ല- പന്ന്യന്‍ പറഞ്ഞു.
സര്‍ക്കാരിന്റേത് ദരിദ്രരെ ഉന്മൂലനം ചെയ്യുന്ന നയം: കെ ജെ തോമസ്
പാലാ: ദരിദ്രരുടെ ഉന്മൂലനം ലക്ഷ്യമിടുന്ന നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് പറഞ്ഞു. ചെറുന്യൂനപക്ഷം വരുന്ന കുത്തകകള്‍ക്കും ഒരു വിഭാഗം സമ്പന്നര്‍ക്കും ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്ന ജനവിരുദ്ധ ഭരണമാണിത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ പാലാ ഹെഡ് പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ ജെ തോമസ്.
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് പണമില്ലെന്ന് പറഞ്ഞ മന്‍മോഹന്‍സിങിന്റെ ഭരണത്തില്‍ രാജ്യത്തിന്റെ പൊതുസ്വത്ത് കൊള്ളയടിക്കുന്നത് തുടരുകയാണ്. ചെറുകിട വ്യവസായ മേഖലയെ വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുത്ത് ആത്മഹത്യാ നിരക്ക് വര്‍ധിപ്പിക്കാനാണ് കേന്ദ്രനീക്കം. മന്‍മോഹന്‍സിങിന്റെ പാത പിന്തുടര്‍ന്ന് സംസ്ഥാനത്തിന്റെ പൊതുസ്വത്ത് കുത്തകകള്‍ക്ക് തീറെഴുതി അതിലൂടെ വന്‍ അഴിമതിക്കുള്ള സാധ്യത തുറക്കുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ എമര്‍ജിങ് കേരള തട്ടിപ്പ്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ വിലകുറഞ്ഞ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. കര്‍ഷക ആത്മഹത്യകള്‍ പുനഃസ്ഥാപിച്ചതാണ് ഉമ്മന്‍ചാണ്ടി ഭാരണത്തിലെ ഏക"നേട്ടം". ക്ഷേമ പദ്ധതികള്‍ ഇല്ലാതാക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും ചികിത്സാ സൗകര്യങ്ങളും നല്‍കാതെ ജനങ്ങളുടെ ആരോഗ്യ സുരക്ഷപോലും അവഗണിക്കുന്നു. പൊതുമേഖലാ വ്യവസായങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ജീവനക്കാരുടെ പെന്‍ഷന്‍ അട്ടിമറിച്ച് ഈ രംഗം സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് കൊള്ളലാഭം കൊയ്യാനുള്ള മേഖലയാക്കുകയാണെന്നും കെ ജെ തോമസ് പറഞ്ഞു. യോഗത്തില്‍ ലാലിച്ചന്‍ ജോര്‍ജ് അധ്യക്ഷനായി.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ പ്രക്ഷോഭം: കെ രാജഗോപാല്‍
കുണ്ടറ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും കേരളത്തെ ഭൂമാഫിയകള്‍ക്കു തീറെഴുതുകയാണ് എമര്‍ജിങ് കേരള പരിപാടിക്കു പിന്നിലുള്ളതെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ പറഞ്ഞു. കുണ്ടറ പോസ്റ്റ് ഓഫീസിനു മുന്നില്‍ എല്‍ഡിഎഫ് ഉപരോധം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റത്തിനുമെതിരെ നടത്തിയ ഉപരോധത്തില്‍ ജി ബാബു അധ്യക്ഷനായി.
കുറ്റമറ്റ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കണം: എ എ അസീസ്
കൊല്ലം: കുറ്റമറ്റനിലയില്‍ ഭക്ഷ്യസുരക്ഷാബില്‍ പാസാക്കണമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് എംഎല്‍എ പറഞ്ഞു. എല്‍ഡിഎഫ് കൊല്ലം, ഇരവിപുരം മണ്ഡലംകമ്മിറ്റികളുടെ നേതൃത്വത്തില്‍ കൊല്ലം എഫ്സിഐ ഗോഡൗണിനു മുന്നില്‍ നടന്ന ബഹുജനമാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അസീസ്. സാങ്കല്‍പ്പിക ദാരിദ്ര്യരേഖയുണ്ടാക്കി ബിപിഎല്‍ വിഭാഗത്തിന്റെ എണ്ണം പരമാവധി കുറയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കാലക്രമേണ ബിപിഎല്‍ വിഭാഗത്തെ പാടേ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. എമര്‍ജിങ് കേരളയുടെ മറവില്‍ പൊതുസ്വത്ത് വിറ്റ് കമീഷന്‍ വാങ്ങാനുള്ള നീക്കമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്നും അസീസ് പറഞ്ഞു.
deshabhimani 130912

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ നല്‍കുന്ന ബില്‍ പാസാക്കിയില്ലെങ്കില്‍ ഇടതു പാര്‍ടികള്‍ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇടതു പാര്‍ടി നേതാക്കള്‍ ഈ ആവശ്യം പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് അറിയിക്കും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ യുപിഎ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായ പ്രക്ഷോഭത്തിന് രംഗത്തിറങ്ങാന്‍ കാരാട്ട് ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ഇടതു പാര്‍ടികളുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച ഡല്‍ഹിയിലെ എഫ്സിഐ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete