Wednesday, September 12, 2012

കേന്ദ്രപദ്ധതികള്‍ ഉപയോഗപ്പെടുത്തണം: പ്രധാനമന്ത്രി


കേന്ദ്ര പദ്ധതികള്‍ കേരളം വേണ്ടരീതിയില്‍ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശം. എമര്‍ജിങ് കേരള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഉപദേശം. ഉദ്ഘാടന പ്രസംഗത്തില്‍ കേരളത്തിനായി പുതിയ പദ്ധതികളൊന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചില്ല. കേന്ദ്രം കേരളത്തിനായി പ്രഖ്യാപിച്ച പഴയ പദ്ധതികള്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. കേരളത്തിന് ഐഐടി അനുവദിക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിനെന്ന പേരില്‍ കേരളത്തിന്റെ മണ്ണും പ്രകൃതിവിഭവങ്ങളും മൂലധന ശക്തികള്‍ക്ക് തീറെഴുതുന്നതിനുള്ള എമര്‍ജിങ് കേരള സംഗമത്തിന് ബുധനാഴ്ച എറണാകുളം കുണ്ടന്നൂരിലെ ലേ-മെറിഡിയന്‍ ഹോട്ടലില്‍ തുടക്കമായി. ഉദ്ഘാടനച്ചടങ്ങില്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് അധ്യക്ഷനായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിരോധമന്ത്രി എ കെ ആന്റണി, കേന്ദ്രമന്ത്രി കെ വി തോമസ്, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, ചീഫ് സെക്രട്ടറി കെ ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവാദങ്ങള്‍ സംസ്ഥാനതാല്‍പര്യങ്ങളെ ബാധിക്കുന്നതായും യുക്തിസഹജമായ അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും എ കെ ആന്റണി ചടങ്ങില്‍ പറഞ്ഞു. കേരളത്തില്‍ സെന്റര്‍ഓഫ് എക്സലന്‍സ് ആരംഭിക്കുമെന്ന് ഗോദ്റേജ് ഗ്രൂപ്പ് തലവന്‍ ആദി ഗോദറേജ് ചടങ്ങിനിടെ പ്രഖ്യാപിച്ചു.

മൂന്നുദിവസം നീളുന്ന പരിപാടിയിലൂടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി റിയല്‍ എസ്റ്റേറ്റുകാര്‍ക്കും സമ്പന്നര്‍ക്കും കൈമാറും. "ഏകജാലകം" എന്ന പേരില്‍ വന്‍ ഇളവും ഇവര്‍ക്ക് ദ്രുതഗതിയില്‍ ലഭ്യമാക്കും. 14 വരെ നീളുന്ന സംഗമത്തില്‍ 14 കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, വകുപ്പ് സെക്രട്ടറിമാര്‍, സാമ്പത്തിക വിദഗ്ധര്‍, പ്രമുഖ ദേശീയ പത്രങ്ങളുടെ എഡിറ്റര്‍മാര്‍ തുടങ്ങിയവരും അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രേലിയ സ്ഥാനപതിമാരും സംബന്ധിക്കും. 52 രാജ്യങ്ങളില്‍നിന്നായി നിക്ഷേപകര്‍ ഉള്‍പ്പെടെ 2500-ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ആന്റണി സര്‍ക്കാര്‍ 2003-ല്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമ(ജിം)ത്തെക്കാള്‍ വില്‍പ്പന ചാതുര്യത്തോടെയാണ് എമര്‍ജിങ് കേരള സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പില്‍ നടക്കുന്ന ഭൂമിവില്‍പ്പന മേളയാകും എമര്‍ജിങ് കേരള. 22 മേഖലകളിലായി 200ലേറെ പദ്ധതികളാണ് എമര്‍ജിങ് കേരളയിലുള്ളത്.

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ബുധനാഴ്ച രാവിലെയാണ് കൊച്ചിയിലെത്തിയത്. എമര്‍ജിങ് കേരള ഉദ്ഘാട പരിപാടിയ്ക്ക് ശേഷം ലേ-മെറിഡിയനില്‍ നിന്ന് വെല്ലിങ്ടണ്‍ ഐലന്റിലെ താജ് വിവാന്റയിലേക്കാണ് പ്രധാനമന്ത്രി പോകുക. 3.05ന് വിവാന്റയില്‍ നിന്നും നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലിക്കോപ്റ്ററില്‍ തൃശൂരിലേക്ക് തിരിക്കും. തുടര്‍ന്ന് കലാമണ്ഡലത്തിലെ ചടങ്ങിനു ശേഷം 5.25ന് കൊച്ചിയില്‍ തിരിച്ചെത്തും. വ്യാഴാഴ്ച രാവിലെ 9.40ന് വിവാന്റയില്‍ നിന്നും മറൈന്‍െ്രഡെവിലേക്ക് റോഡ് മാര്‍ഗമെത്തുന്ന പ്രധാനമന്ത്രി 10.35ന് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് തറക്കല്ലിടും. തുടര്‍ന്ന് മറൈന്‍െ്രഡെവില്‍ നിന്നും റോഡ് മാര്‍ഗം ഫൈന്‍ ആര്‍ട്സ് ഹാളിലെത്തുന്ന പ്രധാനമന്ത്രി 10.55ന് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. 11.50ന് നാവിക വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിക്ക് യാത്രയയപ്പ്.

deshabhimani news

No comments:

Post a Comment