Thursday, September 13, 2012

യൂത്ത് കോണ്‍ഗ്രസുകാര്‍ യോഗം അലങ്കോലമാക്കി


മുനിസിപ്പല്‍ കൗണ്‍സില്‍ യോഗഹാളില്‍ അതിക്രമിച്ചുകയറിയ യൂത്ത് കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസുകാരനായ ചെയര്‍മാനെ അസഭ്യംകൊണ്ട് മൂടി. ഹാളിലേക്ക് തള്ളിക്കയറിയ ഇവര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ വാര്‍ഷികപദ്ധതി അംഗീകരിക്കുന്നതിനായി ചേര്‍ന്ന കൗണ്‍സില്‍ യോഗവും അലങ്കോലപ്പെടുത്തി. റോഡരികില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കംചെയ്തു എന്നാരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ പരാക്രമം.

വാര്‍ഷികപദ്ധതി അംഗീകരിക്കുന്നതിനായി ചേര്‍ന്ന രണ്ടാംദിവസത്തെ തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ അലങ്കോലപ്പെടുത്തിയത്. കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണായിരുന്ന അഡ്വ. എസ് എച്ച് താജ്മോള്‍ രാജിവച്ച ഒഴിവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനാല്‍ വാര്‍ഷികപദ്ധതി ബുധനാഴ്ച അംഗീകരിക്കേണ്ടയിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ബുധനാഴ്ച യോഗം നടക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കൗണ്‍സില്‍ ഹാളിലേക്ക് തള്ളിക്കയറിയത്. കോണ്‍ഗ്രസുകാരനായ ചെയര്‍മാനെതിരെ അസഭ്യമുദ്രാവാക്യങ്ങള്‍ മുഴക്കുകയും കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ പൊലീസിനെ ഉപയോഗിച്ച് നടപടിയെടുപ്പിക്കാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും ചെയര്‍മാന്‍ അതിന് തയ്യാറായില്ല. യൂത്തുകോണ്‍ഗ്രസുകാരുടെ അസഭ്യമത്രയും കേട്ട് ചെയര്‍മാന്‍ നിശബ്ദനായിരുന്നു. ഇതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങി. അവര്‍ ടൗണില്‍ പ്രകടനവും നടത്തി.

യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് സമ്മേളനത്തിന്റെ തൊടുപുഴ ടൗണില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റാതിരിക്കാന്‍ യൂത്തുകോണ്‍ഗ്രസുകാരും ചെയര്‍മാനും ഒത്തുകളിക്കുകയായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്. ടൗണില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും പരസ്യസാമഗ്രികളും മാറ്റണമെന്ന ആവശ്യം ശക്തമായതിനെതുടര്‍ന്ന് കഴിഞ്ഞദിവസം മുനിസിപ്പല്‍ ജീവനക്കാര്‍ അവ മാറ്റാന്‍ നടപടി സ്വീകരിച്ചിരുന്നു. എല്‍ഡിഎഫ് ഈ നീക്കത്തിന് പിന്തുണയും നല്‍കി. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ഇതിന് വിരുദ്ധമായ നിലപാട് കൈക്കൊണ്ടു. മാറ്റിയ ബോര്‍ഡുകള്‍ വീണ്ടുംസ്ഥാപിക്കാനുള്ള ശ്രമവും നടന്നു. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കൗണ്‍സില്‍യോഗം തന്നെ അലങ്കോലപ്പെടുത്താന്‍ രംഗത്തിറങ്ങിയത്. വാര്‍ഷികപദ്ധതി അംഗീകരിക്കുന്നതിനായി ചേര്‍ന്ന യോഗം അലങ്കോലപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് ആര്‍ ഹരി പറഞ്ഞു.

deshabhimani 130912

1 comment:

  1. മുനിസിപ്പല്‍ കൗണ്‍സില്‍ യോഗഹാളില്‍ അതിക്രമിച്ചുകയറിയ യൂത്ത് കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസുകാരനായ ചെയര്‍മാനെ അസഭ്യംകൊണ്ട് മൂടി. ഹാളിലേക്ക് തള്ളിക്കയറിയ ഇവര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ വാര്‍ഷികപദ്ധതി അംഗീകരിക്കുന്നതിനായി ചേര്‍ന്ന കൗണ്‍സില്‍ യോഗവും അലങ്കോലപ്പെടുത്തി. റോഡരികില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കംചെയ്തു എന്നാരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ പരാക്രമം.

    ReplyDelete