Thursday, September 13, 2012

കൈയേറ്റം പൊളിച്ചത് തൊഴിലാളികള്‍ ഇടപെട്ട്


റാന്നി: തോട്ടം തൊഴിലാളികളുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടല്‍ ളാഹ എസ്റ്റേറ്റിലെ അനധികൃത കൈയേറ്റം ഒഴിവാക്കാനായി. ഭൂമിയും വീടും നല്‍കാമെന്ന് പറഞ്ഞ് നൂറോളം കുടുംബങ്ങളെയാണ് തോട്ടം കൈയേറ്റത്തിന് സാധുജന മുന്നണി ഉപയോഗിച്ചത്. കൈയേറ്റം നടത്തിയശേഷം ഇവരില്‍നിന്ന് മാസംതോറും പണം പിരിക്കാനുള്ള സാധുജന വിമോചന മുന്നണി നേതാവ് ളാഹ ഗോപാലന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്.

കൈയേറ്റം നടക്കാന്‍ സാധ്യതയുണ്ടന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന് നേരത്തെ വിവരം ലഭിച്ചിരുന്നു. എഎസ്ഐ ജോര്‍ജ്കുട്ടി അറിയിച്ചതനുസരിച്ച് പെരുനാട് എസ്ഐ സദാശിവനും സംഘവും ചൊവ്വാഴ്ച രാത്രി പത്തോടെതന്നെ മണക്കയം ഭാഗത്ത് കേന്ദ്രീകരിച്ചു. എന്നാല്‍, പുലര്‍ച്ചെ രണ്ടോടെ കൈയേറ്റസംഘം പൊലീസിനെ തള്ളിമാറ്റി മണക്കയം തോടിനരികിലൂടെ എസ്റ്റേറ്റിന്റെ കപ്പക്കാട് ഡിവിഷനിലേക്ക് അതിക്രമിച്ചു കയറി. എല്ലാവരുടെ കൈയിലും തോട്ടയും മാരകായുധങ്ങളും ഉണ്ടായിരുന്നു. ഭക്ഷണ സാധനങ്ങളും മണ്ണെണ്ണയും മദ്യക്കുപ്പികളും മരുന്നുകളും ഇവര്‍ കരുതിയിരുന്നു. തോട്ടത്തില്‍ കടന്ന ഉടന്‍തന്നെ ടാര്‍പാളിന്‍ ഉപയോഗിച്ച് നൂറോളം ഷെഡുകള്‍ കെട്ടി. ടാപ്പു ചെയ്യുന്ന റബര്‍ തോട്ടം നോക്കിയായിരുന്നു കൈയേറ്റം. നിസ്സഹായരായ പൊലീസ് എസ്റ്റേറ്റ് മാനേജര്‍ ഹരിയെ വിവരം അറിയിച്ചതനുസരിച്ച് തൊഴിലാളികളും നാട്ടുകാരുമടക്കം മുന്നൂറോളം പേര്‍ കൈയേറ്റ സ്ഥലത്തേക്കു പാഞ്ഞു. അപ്പോഴേക്കും വടശേരിക്കര സിഐ രവികുമാറും മറ്റു സ്റ്റേഷനുകളില്‍നിന്ന് പൊലീസ് സംഘവുമെത്തി. സംഘടിച്ചെത്തിയ തൊഴിലാളികളും നാട്ടുകാരും രണ്ടായി തിരിഞ്ഞ് തോട്ടത്തില്‍ പ്രവേശിച്ചു. ഇത് കൈയേറ്റക്കാരുടെ പദ്ധതി തെറ്റിച്ചു. തോട്ടം യുദ്ധക്കളമായി. ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ കൈയേറ്റക്കാര്‍ക്ക് ചെറുത്തുനില്‍ക്കാനായില്ല. ഭക്ഷണം പാകം ചെയ്യാന്‍ കൊണ്ടുവന്ന സാധനങ്ങള്‍ തോട്ടത്തില്‍ ചിതറിക്കിടന്നുണ്ട്. കൈയേറ്റക്കാര്‍ കൊണ്ടുവന്ന അഞ്ചോളം നാടന്‍ തോട്ടകള്‍ നാട്ടുകാര്‍ കണ്ടെടുത്തു. ഇവ പൊലീസിനു കൈമാറി. കൈയേറ്റക്കാര്‍ കെട്ടിയ താല്‍ക്കാലിക ഷെഡുകള്‍ തൊഴിലാളികള്‍ തീയിട്ടു നശിപ്പിച്ചു. പ്രദേശങ്ങള്‍ പുലര്‍ച്ചെ തന്നെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് മോഹനന്‍ സന്ദര്‍ശിച്ച് തൊഴിലാളികള്‍ക്കും മാനേജ്മെന്റിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.

ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ ഉണ്ടായ കൈയേറ്റശ്രമത്തില്‍ പ്രതിഷേധിച്ച് തോട്ടം തൊഴിലാളി സംയുക്ത ട്രേഡ് യൂണിയനുകള്‍ കപ്പക്കാട്ടില്‍ പ്രകടനവും യോഗവും നടത്തി. യോഗം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ഹരിദാസ് ഉദ്ഘാടനംചെയ്തു. വി എസ് സുരേഷ് അധ്യക്ഷനായി. പി കെ സോമരാജന്‍, അഡ്വ. വി ജി സുരേഷ്, വി കെ വാസുദേവന്‍, എസ് എസ് സുരേഷ്, കെ ടി സജി, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. തിരുവല്ല ആര്‍ഡിഒ ആന്റണി ഡൊമിനിക്, ജില്ലാ പൊലീസ് ചീഫ് കെ കെ ബാലചന്ദ്രന്‍, ഡിവൈഎസ്പിമാരായ സാബു ഇടിക്കുള, രാജീവന്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം പി രാജേന്ദ്രന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.

തോട്ടം തൊഴിലാളികളുടെ തൊഴിലിനും ജീവനും സംരക്ഷണം നല്‍കണം: സിഐടിയു

പത്തനംതിട്ട: തോട്ടം തൊഴിലാളികളുടെ തൊഴിലിനും ജീവനും സംരക്ഷണം നല്‍കണമെന്ന് സിഐടിയു ജില്ലാ സെക്രട്ടറി കെ സി രാജഗോപാലന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

2007 ആഗസ്ത് നാല് മുതല്‍ ചെങ്ങറ തോട്ടത്തിന്റെ 350 ഏക്കര്‍ സ്ഥലം കൈയേറുകയും അതില്‍ ഉണ്ടായിരുന്ന 42000 റബര്‍ മരങ്ങള്‍ ടാപ്പ് ചെയ്ത് കോടികണക്കിന് രൂപയുടെ റബര്‍ ഇപ്പോഴും കൊള്ളയടിച്ചുകൊണ്ടിരിക്കുകയുമാണ് ഒരു വിഭാഗം ആളുകള്‍. ഇതോടെ ഇവിടെ പണി ചെയ്തുവന്നിരുന്ന 179 തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെട്ടു. തുടര്‍ന്ന് ജില്ലയിലെ മറ്റു തോട്ടങ്ങളും കൈയേറാനുള്ള പരിശ്രമത്തിലാണ് ഈ സംഘം. മാരകായുധങ്ങളും സ്ഫോടകവസ്തുക്കളുമായി തീവ്രവാദ പരിശീലനം ലഭിച്ചവര്‍ ഭീഷണിയുമായി മുന്നോട്ടു പോകുന്ന സ്ഥിതിയാണ് തുടര്‍ന്നുവരുന്നത്.

ജില്ലയിലെ തോട്ടങ്ങളില്‍ പാട്ടക്കാലാവധി കഴിഞ്ഞവ, ഗവണ്‍മെന്റ് ഏറ്റെടുത്ത് തോട്ടമായി നിലനിര്‍ത്തുകയും മറ്റുള്ളവ ആളന്നു തിട്ടപ്പെടുത്തി മിച്ചഭൂമിയുണ്ടെങ്കില്‍ തോട്ടം തൊഴിലാളികളില്‍ ഭൂമിയില്ലാത്തവര്‍ക്ക് മുന്‍ഗണന നല്‍കുകയും ബാക്കിയുണ്ടെങ്കില്‍ ജില്ലയില്‍ ഭൂമി ഇല്ലാത്തവര്‍ക്ക് അര്‍ഹത മാനദണ്ഡമാക്കി നല്‍കുകയും വേണം. ഇപ്പോള്‍ ഭീഷണിയുടെ നിഴലില്‍ കഴിയുന്ന തോട്ടം തൊഴിലാളികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ ജില്ലാ ഭരണം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കയ്യേറ്റക്കാരും ഭരണവിഭാഗവും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും കെ സി രാജഗോപാലന്‍ അഭ്യര്‍ഥിച്ചു.

deshabhimani 130912

1 comment:

  1. തോട്ടം തൊഴിലാളികളുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടല്‍ ളാഹ എസ്റ്റേറ്റിലെ അനധികൃത കൈയേറ്റം ഒഴിവാക്കാനായി. ഭൂമിയും വീടും നല്‍കാമെന്ന് പറഞ്ഞ് നൂറോളം കുടുംബങ്ങളെയാണ് തോട്ടം കൈയേറ്റത്തിന് സാധുജന മുന്നണി ഉപയോഗിച്ചത്. കൈയേറ്റം നടത്തിയശേഷം ഇവരില്‍നിന്ന് മാസംതോറും പണം പിരിക്കാനുള്ള സാധുജന വിമോചന മുന്നണി നേതാവ് ളാഹ ഗോപാലന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്.

    ReplyDelete