Thursday, September 13, 2012

പ്രക്ഷോഭം ഉയര്‍ത്തുക: പിണറായി


ഡീസലിന് 5 രൂപ കൂട്ടി; ഗ്യാസിനും ചെലവേറും

ന്യൂഡല്‍ഹി: ഡീസല്‍വില ലിറ്ററിന് അഞ്ചുരൂപ കൂട്ടി. സബ്സിഡിയോടെയുള്ള പാചകവാതക സിലിണ്ടറിന്റെ എണ്ണം ഒുവര്‍ഷം ആറാക്കി ചുരുക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയാണ് വ്യാഴാഴ്ച വൈകിട്ട് ഈ തീരുമാനമെടുത്തത്.

ഡീസല്‍വില വര്‍ധനവ് അര്‍ധരാത്രിയില്‍ നിലവില്‍ വരും. തലക്കാലം പെട്രോളിനും മണ്ണെണ്ണയ്ക്കും വിലവര്‍ധനവില്ല. സബ്സിഡിയോടെയുള്ള പാചകവാതക സിലിണ്ടറിന്റെ എണ്ണം കുറച്ചതോടെ ആറില്‍ കുടുതലുള്ള ഓരോ സിലിണ്ടറിനും ഇനി ആയിരം രൂപവരെ നല്‍കേണ്ടിവരും.

പ്രക്ഷോഭം ഉയര്‍ത്തുക: പിണറായി

ഡീസല്‍-പാചകവാതക വിലവര്‍ധനവ് റദ്ദാക്കാന്‍ അതിശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ത്താന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ഥിച്ചു. ഇന്ധനവില വര്‍ധിപ്പിച്ചതിനെതിരെ എല്‍ഡിഎഫ് ആഹ്വാനംചെയ്ത ശനിയാഴ്ചത്തെ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ വിജയിപ്പിക്കാനും പിണറായി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കൂട്ടാനും സബ്സിഡിയോടുകൂടിയ പാചകവാതക സിലിണ്ടറിന്റെ എണ്ണം പരിമിതപ്പെടുത്താനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സ്വകാര്യ എണ്ണക്കമ്പനികളെയടക്കം സഹായിക്കാനാണ്. ബഹുരാഷ്ട്ര കുത്തകകളുടെയും വന്‍കിട കമ്പനികളുടെയും ചൂഷണത്തിന് ജനങ്ങളെ വിട്ടുകൊടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന വിലനിയന്ത്രണസംവിധാനം മന്‍മോഹന്‍സിങ് സര്‍ക്കാര്‍ എടുത്തുകളഞ്ഞത് ആരെ സഹായിക്കാനാണെന്ന് വ്യക്തമായിരിക്കുകയാണ്. എമര്‍ജിങ് കേരള ഉദ്ഘാടനംചെയ്ത് ഡല്‍ഹിക്ക് മടങ്ങിയ പ്രധാനമന്ത്രി കേരളീയരെ കഠിനമായി ദ്രോഹിച്ചിരിക്കുകയാണ്. ഡീസല്‍ വിലവര്‍ധനയുടെ ഭാരം ഏറ്റവും കൂടുതല്‍ പേറേണ്ടിവരുന്നത് കേരളമാണ്. ചരക്കുകൂലി സ്വാഭാവികമായും വര്‍ധിക്കും. ഭക്ഷ്യധാന്യമുള്‍പ്പെടെയുള്ളവയ്ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഇത് വലിയ ആഘാതമാണ്. പെട്രോളിന് അഞ്ച് രൂപയുടെ വര്‍ദ്ധനവ് ഒറ്റയടിക്ക് വരുത്തിയതിനെതിരെ ദേശവ്യാപകമായി കരുത്തുറ്റ പ്രക്ഷോഭം നടന്നിട്ടും അതിന്റെ വികാരം മാനിക്കാതെയാണ് ഡീസലിന് ഒറ്റയടിക്ക് അഞ്ച് രൂപ കൂട്ടിയിരിക്കുന്നത് ഇത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. .

deshabhimani 140912

1 comment:

  1. ഡീസല്‍-പാചകവാതക വിലവര്‍ധനവ് റദ്ദാക്കാന്‍ അതിശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ത്താന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ഥിച്ചു. ഇന്ധനവില വര്‍ധിപ്പിച്ചതിനെതിരെ എല്‍ഡിഎഫ് ആഹ്വാനംചെയ്ത ശനിയാഴ്ചത്തെ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ വിജയിപ്പിക്കാനും പിണറായി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

    ReplyDelete