Thursday, September 6, 2012
കുഞ്ഞാലിക്കുട്ടിക്കുവേണ്ടി പോസ്റ്റര്‍ വീണ്ടും അച്ചടിക്കുന്നു
എമര്‍ജിങ് കേരളയുടെ പ്രചാരണാര്‍ഥം അച്ചടിച്ച ലക്ഷക്കണക്കിന് പോസ്റ്റര്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി പിന്‍വലിച്ചു. ലക്ഷങ്ങള്‍ ചെലവഴിച്ച് അച്ചടിച്ച് സംസ്ഥാനമൊട്ടുക്ക് പതിക്കാന്‍ പുറത്തിറക്കിയ ബഹുവര്‍ണ പോസ്റ്ററുകളാണ് പിന്‍വലിച്ചത്. ആദ്യം അച്ചടിച്ച പോസ്റ്ററുകളില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ചിത്രം ഇല്ലെന്ന കാരണത്താലാണ് വീണ്ടും പോസ്റ്റര്‍ അച്ചടിക്കുന്നത്. ഇതിനായി ലക്ഷങ്ങളാണ് സര്‍ക്കാര്‍ഖജനാവില്‍ നിന്ന് ചോര്‍ന്നത്. ആദ്യം അച്ചടിച്ച പോസ്റ്ററില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ ചിത്രങ്ങള്‍മാത്രമേ ഉണ്ടായിരുന്നുള്ളു. തിരുവനന്തപുരത്തെ ഒരു പരസ്യ ഏജന്‍സിയാണ് പോസ്റ്റര്‍ രൂപകല്‍പ്പനചെയ്തത്. ഇതിനൊപ്പം കുഞ്ഞാലിക്കുട്ടിയുടെകൂടി ഫോട്ടോ ചേര്‍ത്തുള്ള പുതിയ പോസ്റ്റര്‍ പരസ്യ ഏജന്‍സി രൂപകല്‍പ്പന ചെയ്തുകഴിഞ്ഞു.
ആദ്യം അച്ചടിച്ച ലക്ഷക്കണക്കിന് പോസ്റ്റര്‍ പിന്‍വലിക്കുകയും പുതുതായി അത്രതന്നെ പോസ്റ്റര്‍ അച്ചടിക്കുകയും ചെയ്യുകവഴി സംസ്ഥാന ഖജനാവില്‍ നിന്ന് ദശലക്ഷക്കണക്കിന് രൂപയാണ് ചോര്‍ന്നത്. യുഡിഎഫ് മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പിആര്‍ഡി പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ലേഖനം രണ്ടാമത് പ്രസിദ്ധീകരിച്ചില്ലെന്ന് പറഞ്ഞ് ലക്ഷത്തിലേറെ വരുന്ന സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ പിന്‍വലിച്ചിരുന്നു. ജനപഥം, ജനപഥം പ്രത്യേക പതിപ്പ് എന്നിവയടക്കമുള്ള എല്ലാ പ്രസിദ്ധീകരണങ്ങളും പിന്‍വലിച്ച നടപടി യുഡിഎഫില്‍തന്നെ കടുത്ത അതൃപ്തിക്ക് വഴിയൊരുക്കുകയുംചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുശേഷം രണ്ടാമത് മന്ത്രി കെ സി ജോസഫിന്റെ ലേഖനമായിരുന്നു അന്ന് പ്രസിദ്ധീകരിച്ചത്. ഇതില്‍ പ്രകോപിതനായ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് പ്രത്യേകപതിപ്പ് പൂര്‍ണമായും പിന്‍വലിച്ചത്.
പരിശോധനാ സമിതി രൂപീകരിക്കണം: വി എം സുധീരന്‍
ചേര്‍ത്തല: എമേര്‍ജിങ് കേരള പദ്ധതികള്‍ സുതാര്യമാക്കുന്നതിന് സര്‍ക്കാര്‍ പ്രതിനിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെട്ട പരിശോധനാസമിതി രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. മേഴ്സി രവി അനുസ്മരണ ചടങ്ങിനെത്തി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപകമായ ആക്ഷേപമാണ് പദ്ധതിയെക്കുറിച്ച് ഉയര്‍ന്നത്. പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടിയാകരുത് പദ്ധതികള്‍. ഭൂമി പാട്ടത്തിന് കൈമാറുകയാണെങ്കില്‍ വ്യവസ്ഥകള്‍ ലംഘിക്കാതിരിക്കാന്‍ കര്‍ശനിലപാട് ഉണ്ടാകണം. ദോഷകരമായ പദ്ധതികള്‍ ഒഴിവാക്കി ഗുണകരമായവ ഉള്‍പ്പെടുത്തണം. അതുവഴി സര്‍ക്കാര്‍ ആത്മാര്‍ഥത തെളിയിക്കണം. പരിസ്ഥിതിയെ തകര്‍ക്കില്ലെന്ന് ഉറപ്പ് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരെ കെഎസ്യുവും
കൊച്ചി: എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പദ്ധതികളുടെ സുതാര്യത വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാവണമെന്ന് കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി വി ഷാജഹാന്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസിലെ ഒരുവിഭാഗം എമര്‍ജിങ് കേരളയ്ക്കെതിരെ രംഗത്തുവന്നതിനു പിന്നാലെയാണ് കെഎസ്യുവിലെ ഒരുവിഭാഗവും രംഗത്തുവന്നിരിക്കുന്നത്. വികസനം കേരളത്തിന് ആവശ്യമാണെങ്കിലും വിവാദങ്ങള്‍ക്ക് കൃത്യമായി മറുപടി പറയേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് അവര്‍ മുഖ്യമന്ത്രിയെ ഓര്‍മപ്പെടുത്തി. ഭരണപക്ഷ എംഎല്‍എമാര്‍ ഉയര്‍ത്തുന്ന ആശങ്കയ്ക്ക് മറുപടിനല്‍കി പദ്ധതിയുടെ സത്യസന്ധതയും സുതാര്യതയും ഉറപ്പുവരുത്തണം. മുന്‍കാലങ്ങളില്‍ ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് ഉപേക്ഷിച്ച പല വിവാദ പരിപാടികളും മറ്റു പേരുകളില്‍ എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയതിനെ സംബന്ധിച്ച് വി എം സുധീരനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ നടത്തിയ വിമര്‍ശങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. ജിസിഡിഎയും എതിര്‍പ്പുമായി രംഗത്തുവന്ന സാഹചര്യത്തില്‍ വിവാദങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയില്ലെന്നും കെഎസ്യു നേതാക്കള്‍ പറഞ്ഞു. കെഎസ്യു നേതാക്കളായ ജിനോ ജോണ്‍, എ എ അജ്മല്‍, മുഹമ്മദ് നൗഫാസ് എന്നിവരും ഈ ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്.
എമര്‍ജിങ് വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
കൊച്ചി: കേരളത്തിന്റെ പ്രകൃതിസമ്പത്തും ഭൂമിയുമെല്ലാം വിറ്റുതുലയ്ക്കുന്ന എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിനെതിരെ ജനകീയ താക്കീതായി ബഹുജന കണ്‍വന്‍ഷന്‍. സംഗമം ആരംഭിക്കുന്ന 12ന് പകല്‍ മൂന്നിന് ലേ മെറിഡിയനിലെ വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ജോസ് ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ വിവിധ സംഘടനകളുടെ പ്രവര്‍ത്തകരും അണിനിരക്കും. സംഗമത്തിന്റെ ജനവിരുദ്ധത തുറന്നുകാട്ടി വിവിധ പ്രദേശങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ച, പ്രചാരണജാഥ എന്നിവ സംഘടിപ്പിക്കാനും ഹൈക്കോടതികവലയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. എമര്‍ജിങ് കേരളയ്ക്കെതിരായ ജനകീയ കൂട്ടായ്മയ്ക്കു പുറമെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി, ദേശീയപാത സംയുക്ത സമരസമിതി, അതിവേഗ റെയില്‍പ്പാത വിരുദ്ധ സമിതി, ബിഒടി വിരുദ്ധ സമിതി, പ്ലാച്ചിമട ഐക്യദാര്‍ഢ്യ സമിതി, ശാസ്താംകോട്ട തടാകസംരക്ഷണ സമിതി, വേമ്പനാട് കായല്‍ സമിതി എന്നിവയും പ്രക്ഷോഭത്തില്‍ അണിനിരക്കും.
തന്റെ വസതിയായ സദ്ഗമയയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്തു. ഹൈക്കോടതികവലയില്‍ ചേര്‍ന്ന തുടര്‍ ചടങ്ങില്‍ പ്രൊഫ. കെ അരവിന്ദാക്ഷന്‍ അധ്യക്ഷനായി. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ്, എം എസ് ജയകുമാര്‍, പ്രൊഫ. എം കെ പ്രസാദ്, ഡോ. വി എസ് വിജയന്‍, ഡോ. കെ എന്‍ ഹരിലാല്‍, ജോസഫ് സി മാത്യു എന്നിവര്‍ സംസാരിച്ചു. സമിതി ജനറല്‍ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് സ്വാഗതം പറഞ്ഞു. ഉച്ചയ്ക്കുശേഷം നടന്ന ചടങ്ങില്‍ പി സി ഉണ്ണിച്ചെക്കന്‍ അധ്യക്ഷനായി. വി എസ് സുനില്‍കുമാര്‍ എംഎല്‍എ, ഡോ. സെബാസ്റ്റ്യന്‍പോള്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ടി എന്‍ ജോയി, ജോജി കൂട്ടുമ്മല്‍, കെ എം സലീംകുമാര്‍, ഹാഷിം ചേന്നമ്പിള്ളി, എം കെ തങ്കപ്പന്‍, ബാബുജി, വിളയോടി വേണുഗോപാല്‍, പുരുഷന്‍ ഏലൂര്‍, പി ജെ മോന്‍സി, വി കെ ദീപു തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. ടി ബി മിനി നന്ദി പറഞ്ഞു.
എമര്‍ജിങ് കേരള തട്ടിപ്പ്: ഡിവൈഎഫ്ഐ
തിരു: കോടികളുടെ അഴിമതി ലക്ഷ്യമിട്ട് നടത്തുന്ന എമര്‍ജിങ് കേരള എന്ന തട്ടിപ്പിനെതിരെ മുഴുവനാളുകളും രംഗത്തുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. എമര്‍ജിങ് കേരളയുടെ മറവില്‍ കേരളത്തെ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് തീറെഴുതാന്‍ അനുവദിക്കില്ല. 2003ല്‍ യുഡിഎഫ് സര്‍ക്കാര്‍ ജിം എന്ന് പേരിട്ട് നടത്തിയ ആഗോളനിക്ഷേപസംഗമത്തിന്റെ അനുഭവം കേരളജനതയുടെ മുന്നിലുണ്ട്. നാടിന്റെ പ്രകൃതിസമ്പത്ത് വിറ്റുതുലയ്ക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍നീക്കം ഒരുകാരണവശാലും അനുവദിക്കാനാകില്ല. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആരും എതിരല്ല. കേരളത്തിന്റെ പ്രകൃതിസമ്പത്ത് കൊള്ളയടിക്കാന്‍ പൊള്ളയായ പദ്ധതികള്‍ അവതരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. വനഭൂമി, റവന്യൂഭൂമി, പുഴകള്‍, മലനിരകള്‍ തുടങ്ങി ജൈവസമ്പത്ത് ഇല്ലാതാക്കുന്ന ഏതൊരു ഇടപെടലിനെയും ചെറുത്തുതോല്‍പ്പിക്കുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നല്‍കി.
എമര്‍ജിങ് കേരള സംസ്ഥാനത്തെ വില്‍ക്കുന്നതാകരുത്: പി സി തോമസ്
പത്തനംതിട്ട: ഏറെ കൊട്ടിഘോഷിച്ചതും ഭരണകക്ഷിയില്‍ തന്നെ രൂക്ഷമായ അഭിപ്രായ വ്യത്യാസമുള്ളതുമായ "എമര്‍ജിങ് കേരള" കേരളത്തെ അന്യാധീനപ്പെടുത്തുകയും വില്‍ക്കുകയും ചെയ്യുന്ന പരിപാടിയാകരുതെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എതിര്‍പ്പുകള്‍ മൂലം എഴുതിത്തള്ളിയ പദ്ധതികള്‍ പിന്‍വാതിലില്‍ കൂടി തിരുകിക്കയറ്റാനാണ് സര്‍ക്കാര്‍ നീക്കം. ഭൂമി ചുളുവില്‍ വില്‍ക്കുന്നതിനും നെല്‍വയല്‍, വനം ഇവ അന്യാധീനപ്പെടുത്തുന്നതിനും ഈ മാമാങ്കം വേദിയൊരുക്കുന്നതായി പരാതി ഉയര്‍ന്നിട്ടും അത് ചെവിക്കൊള്ളാതെ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജെറി ഈശോ ഉമ്മനും പങ്കെടുത്തു.
"ഹരിത" എംഎല്‍മാര്‍ പിന്‍മാറി
എമര്‍ജിംഗ് കേരളയ്ക്കെതിരെയുള്ള പ്രതിഷേധത്തില്‍ നിന്നും രംഗത്ത് വന്ന "ഹരിത" എംഎല്‍എമാര്‍ പിന്‍മാറി. എമര്‍ജിംഗ് കേരളയ്ക്ക് തങ്ങള്‍ എതിരല്ലെന്ന് എം എല്‍ എമാര്‍ ബ്ലോഗിലെഴുതി. നിക്ഷേപം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമത്തെ വിമര്‍ശിക്കുകയായിരുന്നില്ലെന്നും ഈ എം എല്‍ എമാര്‍ വ്യക്തമാക്കി. ഒരിഞ്ചുഭഭൂമി പോലും സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറില്ലെന്നും പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പിന്‍മാറുകയാണ്. ഹരിത എംഎല്‍എ ബ്ലോഗ് ഗ്രീന്‍ തോട്ട്സില്‍ പറയുന്നു.
deshabhimani 060912
Labels:
അഴിമതി,
എമര്‍ജിങ് കേരള
Subscribe to:
Post Comments (Atom)
ആദ്യം അച്ചടിച്ച ലക്ഷക്കണക്കിന് പോസ്റ്റര്‍ പിന്‍വലിക്കുകയും പുതുതായി അത്രതന്നെ പോസ്റ്റര്‍ അച്ചടിക്കുകയും ചെയ്യുകവഴി സംസ്ഥാന ഖജനാവില്‍ നിന്ന് ദശലക്ഷക്കണക്കിന് രൂപയാണ് ചോര്‍ന്നത്. യുഡിഎഫ് മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പിആര്‍ഡി പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ലേഖനം രണ്ടാമത് പ്രസിദ്ധീകരിച്ചില്ലെന്ന് പറഞ്ഞ് ലക്ഷത്തിലേറെ വരുന്ന സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ പിന്‍വലിച്ചിരുന്നു. ജനപഥം, ജനപഥം പ്രത്യേക പതിപ്പ് എന്നിവയടക്കമുള്ള എല്ലാ പ്രസിദ്ധീകരണങ്ങളും പിന്‍വലിച്ച നടപടി യുഡിഎഫില്‍തന്നെ കടുത്ത അതൃപ്തിക്ക് വഴിയൊരുക്കുകയുംചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുശേഷം രണ്ടാമത് മന്ത്രി കെ സി ജോസഫിന്റെ ലേഖനമായിരുന്നു അന്ന് പ്രസിദ്ധീകരിച്ചത്. ഇതില്‍ പ്രകോപിതനായ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് പ്രത്യേകപതിപ്പ് പൂര്‍ണമായും പിന്‍വലിച്ചത്.
ReplyDelete