Thursday, September 6, 2012

ക്യാംപസുകളിലെ ലിംഗവിവേചനം അവസാനിപ്പിക്കുക: എസ്എഫ്ഐ


സോമസുന്ദരം-ചെമ്പുലിംഗം നഗര്‍(മധുര): ക്യാംപസുകളിലെ ലിംഗവിവേചനം അവസാനിപ്പിക്കാനും ക്യാമ്പസുകളില്‍ സ്ത്രീ-പുരുഷ തുല്യത ഉറപ്പാക്കാനും ശക്തമായ പോരാട്ടം നടത്താന്‍ എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രമേയം സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. പുരുഷന് തുല്യമായ അവകാശങ്ങള്‍ സ്ത്രീക്കുമുണ്ട്. ജീവിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസഅവകാശങ്ങള്‍ക്കും ആവിഷ്കാരങ്ങള്‍ക്കും വിലങ്ങിടാന്‍ ആര്‍ക്കും അധികാരമില്ല. പുരുഷാധിപത്യസമൂഹം ഈ വസ്തുത അംഗീകരിക്കാതെയും രാഷ്ട്രവികസനത്തില്‍ സ്ത്രീയുടെ പ്രാധാന്യം മനസ്സിലാക്കാതെയും സ്ത്രീ സമൂഹത്തെയാകെ അടിച്ചമര്‍ത്തുകയാണ്. സന്തതികളെ ഉല്‍പ്പാദിപ്പിക്കുന്നതിനും ലൈംഗികതയ്ക്കുമുള്ള ഉപകരണം മാത്രമായി സ്ത്രീകളെ കാണുന്ന സ്ഥിതിക്ക് മാറ്റം വരുത്തണം. സമീപ കാലത്ത് തിരുപ്പതി എസ് വി യൂണിവേഴ്സിറ്റി, തിരുനെല്‍വേലി മനോന്‍മണിയം സുന്ദരനാര്‍ യൂണിവേഴ്സിറ്റി, കല്‍ക്കത്ത യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പ്രൊഫസര്‍മാര്‍ പെണ്‍കുട്ടികളെയും ഗവേഷകമാരെയും ലൈംഗികമായി പീഡിപ്പിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. രാജ്യമൊട്ടുക്ക് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വ്യാപകമാവുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ ക്യാംപസുകളിലും ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള സിമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയം ക്രാന്തി നന്ദൂരിയാണ് അവതരിപ്പിച്ചത്. നീലാഞ്ജന റോയ് പിന്തുണച്ചു.

വടക്കുകിഴക്കന്‍ വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളിലും വിവേചനത്തിലും സമ്മേളനം ശക്തിയായി അപലപിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയിലെ വാണിജ്യവല്‍ക്കരണവും കേന്ദ്രീകരണവും അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന നവലിബറല്‍ നയങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

എസ്എഫ്ഐ പ്രതിനിധി സമ്മേളനം തുടങ്ങി

സോമസുന്ദരം-ചെമ്പുലിംഗം നഗര്‍(മധുര): രാജ്യത്തെ വിദ്യാഭ്യാസ രംഗം ലാഭക്കൊതിയരായ കോര്‍പറേറ്റുകള്‍ക്ക് അടിയറ വയ്ക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെ എസ്എഫ്ഐ പതിനാലാം അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കം. മധുര തിരുപ്പറംകുണ്‍ഡ്രത്തിനടുത്ത് ജാതിശക്തികള്‍ കൊലപ്പെടുത്തിയ സോമസുന്ദരം, ചെമ്പുലിംഗം എന്നീ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പേരിട്ട സമ്മേളന നഗരി(മധുര ചേംബര്‍ ഓഫ് കൊമേഴ്സ് ഹാള്‍)യില്‍ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജു എംപി പതാക ഉയര്‍ത്തിയതോടെയാണ് മൂന്നുദിവസം നീളുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. രാജ്യത്തെ വിദ്യാഭ്യാസമേഖലയെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളും പ്രതിലോമ നയങ്ങള്‍ക്കെതിരെ നടത്തിയ പോരാട്ടവും പുതിയ വെല്ലുവിളികളും സമ്മേളനം ചര്‍ച്ചചെയ്യും.

സംഘടനയുടെ പ്രഥമ പ്രസിഡന്റ് സി ഭാസ്കരന്റെയും മുന്‍ ജനറല്‍ സെക്രട്ടറി സുഭാഷ് ചക്രവര്‍ത്തിയുടെയും ഓര്‍മ നിറഞ്ഞു നില്‍ക്കുന്ന ഭാസ്കരന്‍-സുഭാഷ് ചക്രവര്‍ത്തി വേദിയില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ സി പി ചന്ദ്രശേഖര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. ലോകമെങ്ങും നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഇരയായി വിദ്യാഭ്യാസരംഗം മാറിയിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുപ്പറംകുണ്‍ഡ്രത്തെ സോമസുന്ദരത്തിന്റെയും ചെമ്പുലിംഗത്തിന്റെയും കുംഭകോണത്ത് വെന്തുമരിച്ച കുട്ടികളുടെയും വിക്രമസിംഗപുരത്തെ രക്തസാക്ഷി കുമാറിന്റെയും സ്മൃതി മണ്ഡപങ്ങളില്‍ നിന്നുള്ള ദീപശിഖ ഉദ്ഘാടനവേദിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ ബാലകൃഷ്ണനും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി എല്‍ ഷണ്‍മുഖ സുന്ദരവും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ രാജ്മോഹനും ഏറ്റുവാങ്ങി. ഉദ്ഘാടനച്ചടങ്ങില്‍ പി കെ ബിജു അധ്യക്ഷനായി. ബിജു രക്തസാക്ഷിപ്രമേയവും ജനറല്‍ സെക്രട്ടറി റിത്തബ്രത ബാനര്‍ജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും എസ്എഫ്ഐ മുന്‍ പ്രസിഡന്റുമായ സീതാറാം യെച്ചൂരി, പിബി അംഗം കെ വരദരാജന്‍, സ്വാതന്ത്ര്യ സമര സേനാനിയും മുതിര്‍ന്ന സിപിഐ എം നേതാവുമായ എന്‍ ശങ്കരയ്യ, സിപിഐ എം സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍, സി ഭാസ്കരന്റെ ഭാര്യ തുളസി ഭാസ്കരന്‍, മകന്‍ ദിനേശ്, തമിഴ്നാട്ടിലെ എസ്എഫ്ഐ സ്ഥാപകനേതാക്കളില്‍ ഒരാളായ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ അഡ്വ. വൈഗൈ സ്വാഗതം പറഞ്ഞു. റിത്തബ്രത ബാനര്‍ജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 സംഘടനയുടെ നാല് ലക്ഷം അംഗങ്ങളെ പ്രതിനിധാനംചെയ്ത് 750 പ്രതിനിധികള്‍ പങ്കെടുക്കുന്നു. കേരളത്തില്‍നിന്ന് 191 പ്രതിനിധികളുണ്ട്. കേന്ദ്രസെക്രട്ടറിയറ്റ് അംഗങ്ങളടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയാണ് സമ്മേളനം നിയന്ത്രിക്കുന്നത്. പി കെ ബിജുവാണ് പ്രസീഡിയം കണ്‍വീനര്‍. വി ശിവദാസന്‍ പ്രമേയകമ്മിറ്റിക്കും സായന്‍ദീപ് മിത്ര ക്രഡന്‍ഷ്യല്‍ കമ്മിറ്റിക്കും കെ ചന്ദ്രമോഹന്‍ മിനിറ്റ്സ് കമ്മിറ്റിക്കും നേതൃത്വം നല്‍കുന്നു. കേരളത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍ പ്രസീഡിയത്തിലും ടി പി ബിനീഷ് ക്രഡന്‍ഷ്യല്‍ കമ്മിറ്റിയിലും ആര്‍ എസ് ബാലമുരളി മിനിറ്റ്സ് കമ്മിറ്റിയിലും ജോഷി ജോണ്‍ പ്രമേയകമ്മിറ്റിയിലുമുണ്ട്.
(എന്‍ എസ് സജിത്)

deshabhimani

1 comment:

  1. ക്യാംപസുകളിലെ ലിംഗവിവേചനം അവസാനിപ്പിക്കാനും ക്യാമ്പസുകളില്‍ സ്ത്രീ-പുരുഷ തുല്യത ഉറപ്പാക്കാനും ശക്തമായ പോരാട്ടം നടത്താന്‍ എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രമേയം സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. പുരുഷന് തുല്യമായ അവകാശങ്ങള്‍ സ്ത്രീക്കുമുണ്ട്. ജീവിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസഅവകാശങ്ങള്‍ക്കും ആവിഷ്കാരങ്ങള്‍ക്കും വിലങ്ങിടാന്‍ ആര്‍ക്കും അധികാരമില്ല.

    ReplyDelete