പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ നിയമഭേദഗതി കൊണ്ടുവരികയല്ല വേണ്ടത്, മറിച്ച് കൃഷിയിറക്കാന്‍ തയ്യാറുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഹൈക്കോടതി. ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ അയല്‍സംസ്ഥാനങ്ങളെ മാതൃകയാക്കി കൃഷിക്കാര്‍ക്ക് പ്രോത്സാഹനം നല്‍കാനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ കണ്ടെത്തേണ്ടതെന്നും ജസ്റ്റിസ് എസ് സിരിജഗന്‍ വ്യക്തമാക്കി. ഇതിനുപകരം കൃഷിഭൂമിയും തണ്ണീര്‍ത്തടങ്ങളും നികത്താനുള്ള തടസ്സങ്ങളില്‍ ഇളവുവരുത്തി 2008ലെ പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തല്‍ തടയല്‍ നിയമത്തില്‍ ഭേദഗതിവരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായാണ് മാധ്യമവാര്‍ത്തകളില്‍നിന്നു മനസ്സിലാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 2008 വരെയുള്ള കൃഷിഭൂമിനികത്തല്‍ സര്‍ക്കാര്‍ സാധൂകരിക്കുകയാണെന്നും കോടതി പറഞ്ഞു. ധാന്യങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമായി അയല്‍സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കുന്ന കേരളം, കാര്യങ്ങള്‍ കൈവിട്ടുപോകും മുമ്പ് ഉണര്‍ന്നില്ലെങ്കില്‍ വരുംതലമുറയ്ക്കു കരുതിവയ്ക്കാന്‍ ഇവിടെ ഒന്നുമുണ്ടാകില്ലെന്ന് കോടതി ഓര്‍മപ്പെടുത്തി. തൃശൂര്‍ ജില്ലയിലെ പാഞ്ഞാളില്‍ വീടുവയ്ക്കാന്‍ അഞ്ചു സെന്റ് പാടം നികത്താനുള്ള അനുമതിയുടെ മറവില്‍ പാടമാകെ നികത്തിയത് ചോദ്യംചെയ്തുള്ള ഹര്‍ജിയിലാണ് കോടതി സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചത്.
65 ഹെക്ടര്‍ പാടത്ത് 180 കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന അഞ്ചാം വാര്‍ഡ് നെല്ലുല്‍പ്പാദക സമൂഹം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. കോട്ടില്‍ത്തറ സ്വദേശികളായ സുനില്‍, ബിനില്‍ എന്നിവര്‍ക്ക് പാടംനികത്താന്‍ വില്ലേജ് ഓഫീസറും തഹസില്‍ദാറും നല്‍കിയ അനുമതി കോടതി റദ്ദാക്കി. ഭൂമി മൂന്നുമാസത്തിനകം പഴയനിലയിലാക്കണമെന്നും നിര്‍ദേശിച്ചു. കാര്‍ഷിക-വ്യാവസായിക മേഖലകളിലെ വികസനം ആവശ്യമാണ്. എന്നാല്‍ സംസ്ഥാനത്ത് കൃഷി ഇല്ലാതാകുകയാണ്. വ്യവസായമേഖലയും രക്ഷപ്പെടുന്നില്ല. ആരെങ്കിലും കൃഷിചെയ്യുന്നുണ്ടെങ്കില്‍ അവരെ ദാരിദ്ര്യത്തിലേക്കു തള്ളിവിടുകയാണ്. കര്‍ഷകരിലാണ് ഭാരതത്തിന്റെ ഭാവിയെന്നു പറഞ്ഞ രാഷ്ട്രപിതാവിന്റെ ദീര്‍ഘവീക്ഷണം ഇപ്പോഴത്തെ ഭരണക്കാര്‍ക്കില്ല. പാടംനികത്തല്‍ തുടരുമ്പോഴും പ്രത്യാഘാതം കണ്ടില്ലെന്ന് അധികാരികള്‍ നടിക്കുകയാണ്. 1967ലെ ഭൂവിനിയോഗ നിയമത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. നിയമത്തിന്റെ ലക്ഷ്യം മറന്ന് വിദ്യാഭ്യാസ, വ്യാവസായിക ആവശ്യങ്ങള്‍ക്ക് വന്‍തോതില്‍ നിലംനികത്താന്‍ അനുമതി നല്‍കുകയാണ്. നിയമം ഫലപ്രദമാണെങ്കിലും നടപ്പാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കാത്തതാണ് പ്രശ്നമെന്നും കോടതി വിലയിരുത്തി.
deshabhimani 060912
No comments:
Post a Comment