Wednesday, September 12, 2012
ഏറ്റവും നേട്ടം കോണ്‍. എംപി നവീന്‍ ജിന്‍ഡാലിന്റെ കമ്പനിക്ക്
കല്‍ക്കരി കുംഭകോണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒരാള്‍ കോണ്‍ഗ്രസ് എംപി നവീന്‍ ജിന്‍ഡാലാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഒരു മുതല്‍മുടക്കുമില്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ സ്വന്തമാക്കിയ ജിന്‍ഡാലിന്റെ കമ്പനി പിന്നീട് ഇവിടെനിന്നുള്ള കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വലിയ തുകയ്ക്ക് വിറ്റു. ഇഷ്ടമുള്ള വിലയ്ക്ക് വൈദ്യുതി വില്‍ക്കുന്നതിനായി ജിന്‍ഡാല്‍ കമ്പനിക്ക് അനുകൂലമായി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ മാറ്റുകയുംചെയ്തു. 258 കോടി ടണ്‍ ശേഖരമുള്ള കല്‍ക്കരിപ്പാടങ്ങളാണ് ജിന്‍ഡാല്‍ കമ്പനിക്ക് നിലവില്‍ സ്വന്തമായുള്ളത്. സാധാരണ കല്‍ക്കരി ഊര്‍ജത്തിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഏതു വിലയ്ക്ക് വില്‍ക്കണമെന്ന കാര്യത്തില്‍ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ ഒപ്പിടാറുണ്ട്. എന്നാല്‍, ജിന്‍ഡാല്‍ കമ്പനിയുടെ കാര്യത്തില്‍ ഈ കരാര്‍ ഉണ്ടായില്ല. പകരം വിപണിയില്‍ താല്‍പ്പര്യം അറിയിക്കുന്ന ഏതൊരു ഉപയോക്താവിനും ഇഷ്ടമുള്ള വിലയ്ക്ക് വൈദ്യുതി വില്‍ക്കാന്‍ ജിന്‍ഡാല്‍ കമ്പനിക്ക് അനുമതി നല്‍കി. ഛത്തീസ്ഗഢിലെ റായ്ഗഡ് ജില്ലയില്‍ ജിന്‍ഡാല്‍ കമ്പനിയുടെ ആയിരം മെഗാവാട്ട് യൂണിറ്റ് 2008ല്‍ പ്രവര്‍ത്തനക്ഷമമായതാണ്. യൂണിറ്റിന് ആറു രൂപയിലേറെ നിരക്കിലാണ് ജിന്‍ഡാല്‍ വൈദ്യുതി വിറ്റത്. 2010 ആയപ്പോള്‍ത്തന്നെ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനും മറ്റുമുള്ള മുടക്കുമുതല്‍ തിരിച്ചുപിടിച്ച ജിന്‍ഡാല്‍ കമ്പനി 4338 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുകയുംചെയ്തു. സാധാരണ ഊര്‍ജ പദ്ധതികളില്‍ മുടക്കുമുതല്‍ തിരിച്ചുകിട്ടാന്‍ ഏഴു വര്‍ഷംവരെ വേണ്ടിവരുമ്പോള്‍ രണ്ടുവര്‍ഷം കൊണ്ടുതന്നെ ജിന്‍ഡാല്‍ കമ്പനി കോടികളുടെ ലാഭം നേടി തുടങ്ങിയത് നിക്ഷേപ വിദഗ്ധരെപ്പോലും അത്ഭുതപ്പെടുത്തുന്നു.
സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കാമെന്ന നയം മാറ്റത്തിലൂടെ ഏറ്റവും നേട്ടം ലഭിച്ചത് ജിന്‍ഡാല്‍ കമ്പനിക്കാണ്. 258.9 കോടി ടണ്‍ കല്‍ക്കരിശേഖരമുള്ള പാടങ്ങള്‍ ജിന്‍ഡാല്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാമതുള്ള കമ്പനിക്ക് 150 കോടി ടണ്ണിന്റെ ഖനികളാണ് സ്വന്തമാക്കാനായത്. 2011-12 കാലയളവില്‍ ജിന്‍ഡാല്‍ കമ്പനി യൂണിറ്റിന് 3.85 രൂപ നിരക്കില്‍ വൈദ്യുതി വിറ്റപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി വൈദ്യുതി വിറ്റത് 2.20 രൂപ നിരക്കില്‍ മാത്രമായിരുന്നു. 2010-11 കാലയളവിലാകട്ടെ യൂണിറ്റിന് 4.30 രൂപ നിരക്കിലായിരുന്നു ജിന്‍ഡാലിന്റെ വൈദ്യുതി വില്‍പ്പന. തുച്ഛമായ മുതല്‍മുടക്കില്‍ കല്‍ക്കരി ലഭിച്ചതിനൊപ്പം ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വില്‍ക്കുക കൂടി ചെയ്തതോടെ മറ്റ് കമ്പനികള്‍ക്കൊന്നും സ്വപ്നം കാണാനാവാത്ത ലാഭം ജിന്‍ഡാല്‍ കൊയ്തു. വൈദ്യുതി വില്‍പ്പനയിലൂടെ 1,765 കോടി രൂപയുടെ ലാഭമാണുണ്ടായത്. കുറഞ്ഞ മുതല്‍മുടക്കില്‍ കല്‍ക്കരിപ്പാടങ്ങള്‍ കിട്ടിയതുകൊണ്ടല്ല തന്റെ കമ്പനി നേട്ടമുണ്ടാക്കിയതെന്ന് നവീന്‍ ജിന്‍ഡാല്‍ പ്രതികരിച്ചു. കഠിനാധ്വാനത്തിലൂടെ ലാഭം കൊയ്തുവെന്നാണ് ജിന്‍ഡാല്‍ നല്‍കുന്ന വിശദീകരണം.
deshabhimani 120912
Subscribe to:
Post Comments (Atom)
കല്‍ക്കരി കുംഭകോണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒരാള്‍ കോണ്‍ഗ്രസ് എംപി നവീന്‍ ജിന്‍ഡാലാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഒരു മുതല്‍മുടക്കുമില്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ സ്വന്തമാക്കിയ ജിന്‍ഡാലിന്റെ കമ്പനി പിന്നീട് ഇവിടെനിന്നുള്ള കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വലിയ തുകയ്ക്ക് വിറ്റു. ഇഷ്ടമുള്ള വിലയ്ക്ക് വൈദ്യുതി വില്‍ക്കുന്നതിനായി ജിന്‍ഡാല്‍ കമ്പനിക്ക് അനുകൂലമായി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ മാറ്റുകയുംചെയ്തു.
ReplyDelete