Sunday, September 9, 2012

താക്കീതായി ജനകീയ കൂട്ടായ്മ


കേരളത്തിലെ പ്രകൃതിവിഭവങ്ങളേയും മനുഷ്യരേയും വിറ്റുതുലയ്ക്കുന്ന "എമര്‍ജിങ്ങ് കേരള"ക്കെതിരെ തൃശൂരില്‍ ചേര്‍ന്ന പ്രതിഷേധ ജനകീയകൂട്ടായ്മ ശക്തമായ താക്കീതു നല്‍കി. മാഫിയകള്‍ക്ക് നാടിനെ തീറെഴുതുന്ന പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധപ്രകടനത്തോടെയാണ് കൂട്ടായ്മക്ക് തുടക്കമായത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന കൂട്ടായ്മയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്തു. തെക്കേ ഗോപുരനടയില്‍നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനത്തില്‍ ആയിരത്തഞ്ഞൂറോളംപേര്‍ പങ്കെടുത്തു.

സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ കേരളത്തിലെ പ്രമുഖ ശാസ്ത്രജ്ഞരും സാമ്പത്തികവിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തില്‍ എം കെ പ്രസാദ് അധ്യക്ഷനായി. സി പി നാരായണന്‍, വി എസ് വിജയന്‍, വി എസ് സുനില്‍കുമാര്‍ എം എല്‍ എ, എം പി പരമേശ്വരന്‍, കെ ടി രാധാകൃഷ്ണന്‍, ടി കെ ദേവരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ സമീപനരേഖ അവതരിപ്പിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ വൈശാഖന്‍ സ്വാഗതം പറഞ്ഞു.

ഉച്ചക്ക് ശേഷം ചേര്‍ന്ന ഏഴ് സെഷനുകളില്‍ പശ്ചാത്തലമേഖല, കൃഷിയും അനുബന്ധമേഖലകളും, സംസ്കാരം, ചെറുകിട-അസംഘടിത മേഖല, സേവന മേഖല, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മേഖലകള്‍, ശാസ്ത്രസാങ്കേതിക മേഖല, ജനകീയ സമരാനുഭവങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകള്‍ക്ക് പ്രൊഫ. വി കെ ദാമോദരന്‍, ഡോ. ആര്‍ വി ജി മേനോന്‍, കെ പി രാജേന്ദ്രന്‍, ഡോ. ജിജു പി അലക്സ്, ഡോ. കെ പി മോഹനന്‍, ഡോ. കെ എന്‍ ഗണേഷ്, പ്രൊഫ. പി കെ രവീന്ദ്രന്‍, ഡോ. കെ പി കണ്ണന്‍, ശശീന്ദ്രന്‍ സി കെ, സണ്ണി കപിക്കാട്, ടി ഗംഗാധരന്‍, ഡോ. ബി ഇക്ബാല്‍, ടി ആര്‍ ചന്ദ്രദത്ത്, ഡോ. സി ടി എസ് നായര്‍, ഡോ. എം പി പരമേശ്വരന്‍, ജാസ്മിന്‍ ഷാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപനസമ്മേളനത്തില്‍ പരിഷത്ത് പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി കെ ദേവരാജന്‍ സമ്മേളന പ്രഖ്യാപനം നടത്തി. ഡോ. തോമസ് ഐസക്, എന്‍ കെ പ്രേമചന്ദ്രന്‍, ബി ആര്‍ പി ഭാസ്കര്‍, വി എസ് സുനില്‍കുമാര്‍, വി ടി ബല്‍റാം, ഡോ. ആര്‍ വി ജി മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി പി ശ്രീശങ്കര്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് അഡ്വ. രവിപ്രകാശ് നന്ദിയും പറഞ്ഞു.
(കെ രമ)

പ്രാകൃത മൂലധന സ്വരൂപം: പ്രഭാത് പട്നായിക്

തൃശൂര്‍: പ്രകൃതിസമ്പത്തും മനുഷ്യാധ്വാനവും കൊള്ളയടിക്കുന്ന പ്രാകൃത മൂലധന സ്വരൂപമാണ് "എമര്‍ജിങ് കേരള"യില്‍ പ്രകടമാകുന്നതെന്ന് സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്നായിക് പറഞ്ഞു. കേരളത്തെ വിറ്റുതുലയ്ക്കുന്ന "എമര്‍ജിങ് കേരള"ക്കെതിരെ ബദല്‍ നയം മുന്നോട്ട് വച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച തൃശൂരില്‍ നടന്ന ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലതിരിഞ്ഞ വികസന നയത്തിന്റെ ഭാഗമാണ് "എമര്‍ജിങ് കേരള" യെന്ന് സി പി നാരായണന്‍ എംപി പറഞ്ഞു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 240 ഏക്കര്‍, 60 വര്‍ഷത്തേക്കാണ് സ്വകാര്യ മേഖലക്ക് നല്‍കിയത്. ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരവും പൊളിച്ചുപണിയാനുള്ള നീക്കം നടക്കുന്നതായി സി പി പറഞ്ഞു. "എമര്‍ജിങ് കേരള"യുടെ പരിപ്രേക്ഷ്യം ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ഒന്നര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തലാണോ ജനങ്ങള്‍ക്ക് മിനിമം ഭക്ഷണവും ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കലാണോ വികസനമെന്ന്് നമ്മള്‍ തീരുമാനിക്കണമെന്ന് സി പി നാരായണന്‍ പറഞ്ഞു. പ്രൊഫ. എം കെ പ്രസാദ് അധ്യക്ഷനായി.

വിവാദങ്ങളുടെ അകമ്പടിയില്‍ എമര്‍ജിങ് കേരള 12നു തുടങ്ങും

കൊച്ചി: കൊടുമ്പിരികൊണ്ട വിവാദങ്ങളുടെ അകമ്പടിയില്‍ കൊച്ചിയില്‍ എമര്‍ജിങ് കേരള മാമാങ്കത്തിന് അരങ്ങൊരുങ്ങി. കുണ്ടന്നൂരിലെ ലേ മെറിഡിയനിലെ നാലു വേദിയിലായി 12 മുതല്‍ 14 വരെ നടക്കുന്ന ചര്‍ച്ചകളിലും ബിസിനസ് മീറ്റിലും സംസ്ഥാന മന്ത്രിമാരാകെ പങ്കെടുക്കും. 12ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എമര്‍ജിങ് കേരള ഉദ്ഘാടനംചെയ്യും. ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി എ കെ ആന്റണി, മന്ത്രി കെ എം മാണി, ഗോദ്റെജ് ചെയര്‍മാന്‍ ആദി ഗോദ്റെജ്, എം എ യൂസഫലി എന്നിവര്‍ സംസാരിക്കും. 14ന് വൈകിട്ട് 4.30നാണ് സമാപന സമ്മേളനം. വ്യവസായ സെക്രട്ടറി അല്‍കേഷ് ശര്‍മ അവലോകനം അവതരിപ്പിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനാകും. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍, ഇന്‍ഫോസിസ് കോ ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

deshabhimani 090912

1 comment:

  1. കേരളത്തിലെ പ്രകൃതിവിഭവങ്ങളേയും മനുഷ്യരേയും വിറ്റുതുലയ്ക്കുന്ന "എമര്‍ജിങ്ങ് കേരള"ക്കെതിരെ തൃശൂരില്‍ ചേര്‍ന്ന പ്രതിഷേധ ജനകീയകൂട്ടായ്മ ശക്തമായ താക്കീതു നല്‍കി. മാഫിയകള്‍ക്ക് നാടിനെ തീറെഴുതുന്ന പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധപ്രകടനത്തോടെയാണ് കൂട്ടായ്മക്ക് തുടക്കമായത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന കൂട്ടായ്മയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്തു. തെക്കേ ഗോപുരനടയില്‍നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനത്തില്‍ ആയിരത്തഞ്ഞൂറോളംപേര്‍ പങ്കെടുത്തു.

    ReplyDelete