Thursday, September 6, 2012

ഗുരു ഗോപാലകൃഷ്ണന്‍ കമ്യൂണിസ്റ്റ് സഹയാത്രികന്‍


ഗുരു ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കൊടുങ്ങല്ലൂര്‍: പ്രസിദ്ധ ദക്ഷിണേന്ത്യന്‍ നൃത്താചാര്യന്‍ ഗുരു ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. രണ്ടു വര്‍ഷമായി ചെന്നൈയില്‍ സ്ഥിരതാമസമായിരുന്നു. മൃതദേഹം വൈകിട്ട് ചെന്നൈ വേളാചേരിയിലെ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു.

നന്ത്യേലത്ത് മാധവമേനോന്റെയും ചെങ്കരാടിയില്‍ അമ്മാളുഅമ്മയുടെയും മകനായി 1926 ഏപ്രില്‍ ഒമ്പതിന് കൊടുങ്ങല്ലൂരിലാണ് ജനം. നൃത്തം പഠിക്കാനായി ചെറുപ്പത്തില്‍ ചെന്നെയില്‍ എത്തിയ അദ്ദേഹം ഗുരു ഗോപിനാഥിന്റെ ശിഷ്യനായി. ഗുരു ഗോപിനാഥ്-തങ്കമണിദമ്പതികള്‍ ചിട്ടപ്പെടുത്തിയ "കേരളനടനം" ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. നീലക്കുയില്‍, മുടിയനായ പുത്രന്‍, ഡോക്ടര്‍, നിണമണിഞ്ഞ കാല്‍പാടുകള്‍, തറവാട്ടമ്മ, പരീക്ഷ, അമ്മയെ കാണാന്‍, അപരാധിനി, രമണന്‍ തുടങ്ങിയ മലയാള സിനിമകളുടെ ഉള്‍പ്പടെ നിരവധി ദക്ഷിണേന്ത്യന്‍ ചിത്രങ്ങളുടെ നൃത്തസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

മഹാകവി വള്ളത്തോളിനോടൊപ്പം ചൈന സാംസ്കാരിക പര്യടനസംഘത്തില്‍ അംഗമായി. നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന ഗോപാലകൃഷ്ണന്‍, പാര്‍ടി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി. പത്തുവര്‍ഷം മുമ്പ്് കൊടുങ്ങല്ലൂരില്‍ തിരിച്ചെത്തി പടാകുളത്തുള്ള "ശ്രീവിദ്യ" എന്ന വീട്ടില്‍ താമസിച്ചിരുന്നു. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം കുസുമം ഗോപാലകൃഷ്ണനാണ് ഭാര്യ. മക്കള്‍: വിനോദ് (നാഷണല്‍ ബാങ്ക്, വിയറ്റ്നാം), അപസ്ര (നൃത്താധ്യാപിക, കൊലാലംപുര്‍). മരുമക്കള്‍: ശ്രീലത (നര്‍ത്തകി, വിയറ്റ്നാം),രാംഗോപാല്‍ (എന്‍ജിനിയര്‍, കൊലാലംപുര്‍).

ഗുരു ഗോപാലകൃഷ്ണന്‍ കമ്യൂണിസ്റ്റ് സഹയാത്രികന്‍

കൊടുങ്ങല്ലൂര്‍: നടനകലയെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തിയ ആദ്യകാല കമ്യൂണിസ്റ്റുകാരനായിരുന്നു നര്‍ത്തകാചാര്യന്‍ ഗുരു ഗോപാലകൃഷ്ണന്‍, വിദ്യാര്‍ഥിയായിരിക്കെ 1942ലാണ് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ആദ്യമായി ബാലറ്റ് പേപ്പറിലൂടെ തിരു-കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റുകാരന്‍ ഇ ഗോപാലകൃഷ്ണമേനോനൊപ്പമായിരുന്നു പ്രവര്‍ത്തനം. രഹസ്യമായി രാത്രി കൊടുങ്ങല്ലൂരിലെ ഗ്രാമങ്ങളിലുള്ള കര്‍ഷക കുടുംബങ്ങളില്‍ നടത്തുന്ന പാര്‍ടി ക്ലാസിലേക്ക് പങ്കെടുക്കാന്‍ വരുന്ന പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, സി അച്യുതമേനോന്‍ തുടങ്ങിയ നേതാക്കളെ കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നത് ഗോപാലകൃഷ്ണനാണ്. പരിയാരത്ത് കര്‍ഷകസമ്മേളനം നടന്നപ്പോള്‍ കര്‍ഷകരുടെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കര്‍ഷകനൃത്തം ആവിഷ്കരിച്ച് അവതരിപ്പിച്ചു. കാളവണ്ടിയിലാണ് പരിയാരത്തേക്ക് കുട്ടികളെ കൊണ്ടുപോയത്. കമ്യൂണിസ്റ്റ് ആശയങ്ങളെ സാധാരണ ജനങ്ങളിലെത്തിക്കാനുള്ള നല്ല ഉപാധി നാടകമാണെന്ന് മനസിലാക്കി "പാട്ടബാക്കി" എന്ന നാടകം അവതരിപ്പിച്ചു. നാടകത്തിലെ നായകന്‍ കിട്ടുണ്ണിയുടെ വേഷമായിരുന്നു ഗുരു ഗോപാലകൃഷ്ണന്‍. ആലുവായില്‍ നടന്ന സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ക്യാമ്പില്‍ ബംഗാള്‍ ക്ഷാമത്തെക്കുറിച്ചുള്ള നൃത്തനാടകം അവതരിപ്പിച്ചു. രാത്രി പോസ്റ്ററുകളെഴുതി റോഡുവക്കിലെ വന്‍മരങ്ങളില്‍ പതിക്കും. കൊടുങ്ങല്ലൂരില്‍ കമ്യൂണിസ്റ്റുപാര്‍ടി സജീവമാകുന്നത് കണ്ട് സന്തോഷത്തോടെയാണ് നൃത്തരംഗത്ത് ഉയരങ്ങളിലെത്താനായി മദ്രാസിലേക്ക് ഗോപാലകൃഷ്ണന്‍ വണ്ടി കയറിയത്.

കൊടുങ്ങല്ലൂരില്‍ ജനിച്ചു; ചെന്നൈ വളര്‍ത്തി

1946ല്‍ ചെന്നൈയില്‍ തീവണ്ടിയിറങ്ങുമ്പോള്‍ ആ മനസ്സ് ഒന്നു മാത്രം മന്ത്രിച്ചു, ഗുരു ഗോപിനാഥിനെ കണ്ടെത്തുക. നൃത്തത്തെ ജീവിതമാക്കി മാറ്റിയ ഗുരു ഗോപാലകൃഷ്ണന്റെ വളര്‍ച്ചയ്ക്ക് കളമൊരുക്കിയത് അന്നത്തെ മദിരാശി പട്ടണം. തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ചെന്നൈയിലേക്ക് തീവണ്ടി കയറുമ്പോള്‍ എന്തു ത്യാഗം സഹിച്ചും നൃത്തം പഠിക്കണമെന്ന ആഗ്രഹമായിരുന്നു മനസ്സു നിറയെ. അന്ന് യാത്രയയക്കാനെത്തിയത് മലയാളത്തിന്റെ പ്രിയ കവി പി ഭാസ്കരന്‍. ഭാസ്കരന്‍ മാസ്റ്ററോട് കൈവീശി യാത്രപറഞ്ഞ് തീവണ്ടിയിലെ മൂന്നാം ക്ലാസ് കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്ത് കരിയും പുകയുമേറ്റ് ചെന്നൈയിലെ ടി നഗറില്‍ വന്നിറങ്ങുമ്പോള്‍ മനസ്സ് തേടിയത് ഗുരു ഗോപിനാഥിനെ. ശിഷ്യത്വം സ്വീകരിക്കണം, അതിന് മുമ്പ് വിശപ്പടക്കാന്‍ ഒരു പണി വേണം.

നൃത്ത കലയുടെ ഉയരങ്ങള്‍ കീഴടക്കുക എന്ന മോഹവുമായി എത്തിയ ഗോപാലകൃഷ്ണന് നിരാശപ്പെടേണ്ടി വന്നില്ല. ചെന്നൈയില്‍ താമസിക്കുന്ന നാട്ടുകാരനായ ശങ്കരന്‍കുട്ടി ഒരാളെ പരിചയപ്പെടുത്തി. പ്രശസ്തമായ ജെമിനി സ്റ്റുഡിയോയിലെ അസി. ഡയറക്ടര്‍ രാമമൂര്‍ത്തിയെ. ആ സമയത്ത് ജെമിനി സ്റ്റുഡിയോയിലേക്ക് ധാരാളം നര്‍ത്തകരെ ആവശ്യമുണ്ടായിരുന്നു. എം എസ് വാസന്‍ സംവിധാനം ചെയ്യുന്ന "ചന്ദ്രലേഖ" എന്ന ഹിറ്റ് ചിത്രത്തിലെ ഡ്രം ഡാന്‍സിന് വേണ്ടിയാണ് നര്‍ത്തകരെ എടുത്തിരുന്നത്. രാമമൂര്‍ത്തി ഡാന്‍സ് ഡയറക്ടര്‍ ജയശങ്കറിനെ പരിചയപ്പെടുത്തി. ജെമിനിയിലെ ഒരു വലിയ തീയറ്ററിലേക്കാണ് അവര്‍ ഗോപാലകൃഷ്ണനെ കൊണ്ടുപോയത്. നര്‍ത്തകരും ഓര്‍ക്കെസ്ട്രയുമെല്ലാമായി തീയറ്റര്‍ സജീവം. പെട്ടെന്നാണ് ജയശങ്കര്‍ നൃത്തം ചെയ്യാനാവശ്യപ്പെടുന്നത്. കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്കൂളിലെ ആനിവേഴ്സറിക്ക് ബാലന്‍ എന്ന ചിത്രത്തിലെ ഷോക്, ഷോക് ഗാനത്തിനൊപ്പം ചുവട് വച്ചത് ഓര്‍മിച്ചു. കവി പി ഭാസ്കരനാണ് ഡസ്കില്‍ താളമിട്ട് അന്ന് പിന്നണി പാടിയത്. എന്തു വന്നാലും നൃത്തം ചെയ്യാന്‍ തീരുമാനിച്ചു. പാമ്പാട്ടി നൃത്തമാണ് ചെയ്തത്. നൃത്തം കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായി. ജെമിനി സ്റ്റുഡിയോയില്‍ നര്‍ത്തകനും നടനുമായി നിയമനം. മാസം 110 രൂപ ശമ്പളമെന്ന് കേട്ടപ്പോള്‍ ഞെട്ടി. 110 രൂപ അന്ന് വലിയ ഒരു തുകയായിരുന്നു.

പിന്നീട് ഗുരുഗോപിനാഥിനെ കണ്ടെത്താനായി ശ്രമം. ലോയിഡ് റോഡില്‍ ഗുരു ഗോപിനാഥിന്റെ നൃത്ത കേന്ദ്രമായ നടനികേതത്തിലെത്തി. ഗുരു ഗോപിനാഥ്- തങ്കമണി ദമ്പതികള്‍ നൃത്തനാടകങ്ങളും ബാലെയുമായി തമിഴകത്ത് നിറഞ്ഞു നില്‍ക്കുന്ന കാലം. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് നടന നികേതത്തിന്റെ നൃത്ത നാടകങ്ങളിലും നൃത്ത ശില്‍പ്പങ്ങളിലും അവിഭാജ്യ ഘടകമായി. ഗോപിനാഥിന്റെ സംഘത്തിന് ഇന്ത്യയുടെ പല ഭാഗങ്ങളിലും വേദികളുണ്ടായിരുന്നു. ഗുരുജിയോടൊപ്പം പ്രധാന വേഷങ്ങളില്‍ ഓരോ വേദികളിലും ഗോപാലകൃഷ്ണന്‍ നിറഞ്ഞാടി. ലോകം അറിയപ്പെടുന്ന നര്‍ത്തകനിലേക്കുള്ള വളര്‍ച്ചയായിരുന്നു അത്. ഉദയശങ്കര്‍, രാമഗോപാല്‍, കാമിനി കുമാര്‍ സിന്‍ഹ, ബോലോനാഥ് തുടങ്ങിയ പ്രശസ്തരായ നര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്തു. നാട്ടിലെത്തി വാഴേങ്കട കുഞ്ചുനായരാശാന്റെ കീഴില്‍ കഥകളിയും പഠിച്ചു. പിന്നെ സ്വതന്ത്ര നര്‍ത്തകനും നൃത്ത സംവിധായകനുമായി.

ചന്ദ്രതാരയുടെ ബാനറില്‍ നിര്‍മിക്കുന്ന നീലക്കുയില്‍ എന്ന സിനിമക്ക് നൃത്തം സംവിധാനം ചെയ്യാന്‍ ടി കെ പരീക്കുട്ടി ആവശ്യപ്പെട്ടു. തുടര്‍ന്ന് നിരവധി മലയാളം, തെലുങ്ക്, കന്നട, സിംഹള സിനിമകളില്‍ നൃത്തസംവിധാനം. നര്‍ത്തകി കുസുമത്തെ വിവാഹം കഴിച്ചതോടെ ഗോപിനാഥ് - തങ്കമണി ദമ്പതികളെപ്പോലെ ഗുരുഗോപാലകൃഷ്ണനും കുസുമവും ചേര്‍ന്ന് അനവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചു. ഇവരുടെ നൃത്തം കണ്ട് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന പൂണെയിലെ പാഞ്ച്ഗണിയിലുള്ള എസ്എം ബാത്താ സ്കൂളില്‍ നൃത്താധ്യാപകരാകാന്‍ ക്ഷണം ലഭിച്ചു. നൃത്തത്തിന് വേണ്ടി ഒരു ജീവിതം മുഴുവന്‍ അര്‍പ്പിച്ച ഗുരു ഗോപാലകൃഷ്ണന്റെ ജീവിതത്തിന്റെ സായാഹ്നത്തില്‍ ജന്മനാടായ കൊടുങ്ങല്ലൂരിലെ ശ്രീവിദ്യയെന്ന വീട്ടില്‍ തിരിച്ചെത്തി. വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്നും "ദൃശ്യകല" വിദ്യാര്‍ഥികള്‍ക്കായി അവതരിപ്പിച്ചു. അടുത്തിടെയാണ് തന്റെ നൃത്തജീവിതത്തിന് ഊടും പാവും നല്‍കിയ ചെന്നെ പട്ടണത്തിലേക്ക് തിരിച്ച് പോയതും ഭാരതീയ നൃത്തകലാരംഗത്തെ കണ്ണീരിലാഴ്ത്തി കാലയവനികയില്‍ മറഞ്ഞതും.

deshabhimani 060912

1 comment:

  1. നടനകലയെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തിയ ആദ്യകാല കമ്യൂണിസ്റ്റുകാരനായിരുന്നു നര്‍ത്തകാചാര്യന്‍ ഗുരു ഗോപാലകൃഷ്ണന്‍, വിദ്യാര്‍ഥിയായിരിക്കെ 1942ലാണ് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.

    ReplyDelete