Thursday, September 6, 2012

ഡിവൈഎഫ്ഐ സമ്മേളനം ബെനഗല്‍ ഉദ്ഘാടനംചെയ്യും


ഉദ്യാനഗരിയായ ബംഗളൂരുവില്‍ സെപ്തംബര്‍ 11 മുതല്‍ 15 വരെ നടക്കുന്ന ഡിവൈഎഫ്ഐ ഒന്‍പതാം അഖിലേന്ത്യാ സമ്മേളനം ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗല്‍ ഉദ്ഘാടനം ചെയ്യും. ബംഗളൂരു പുട്ടണ്ണചെട്ടി ടൗണ്‍ഹാളില്‍ 11ന് വൈകിട്ട് അഞ്ചിനാണ് പ്രതിനിധിസമ്മേളനം തുടങ്ങുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 800 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

"മെച്ചപ്പെട്ട ഇന്ത്യക്കായി യുവജന ശാക്തീകരണം" എന്നതാണ് സമ്മേളന മുദ്രാവാക്യം. ഡിവൈഎഫ്ഐ രൂപീകൃതമായശേഷം ആദ്യമായാണ് ബംഗളൂരുവില്‍ ദേശീയ സമ്മേളനം നടക്കുന്നത്. കര്‍ണാടകത്തില്‍ ഡിവൈഎഫ്ഐയുടെ വളര്‍ച്ചയും കരുത്തും വിളംബരംചെയ്യുന്ന യുവജനറാലി പ്രതിനിധി സമ്മേളനത്തിനു മുന്നോടിയായി നടക്കും. ചൊവ്വാഴ്ച പകല്‍ 11ന് സിറ്റി റെയില്‍വേസ്റ്റേഷന്‍ പരിസരത്തുനിന്ന് പ്രകടനം തുടങ്ങും. ഫ്രീഡം പാര്‍ക്കില്‍ പൊതുസമ്മേളനം ചേരും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, നര്‍ത്തകി മല്ലിക സാരാഭായ് എന്നിവര്‍ പങ്കെടുക്കും. പ്രമുഖചിത്രകാരന്മാര്‍ സമ്മേളനഗരിക്ക് അരികിലായി ചിത്രപ്രദര്‍ശനമൊരുക്കും. പ്രദര്‍ശനം 10ന് ചിത്രകാരന്‍ എസ് വാസുദേവ് ഉദ്ഘാടനം ചെയ്യും. സാമ്രാജ്യത്വവിരുദ്ധ ഫോട്ടോപ്രദര്‍ശനവും നടത്തും. കര്‍ണാടകത്തിലെ മുതിര്‍ന്ന സാംസ്കാരിക പ്രതിഭകളെ ആദരിക്കും.

സമ്മേളനഗരിയിലേക്കുള്ള കൊടിമര- പതാക- ദീപശിഖാ ജാഥകള്‍ എട്ടിന് പ്രയാണമാരംഭിക്കും. വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ പൊരുതി അഞ്ച് യുവാക്കള്‍ രക്തസാക്ഷിത്വം വരിച്ച കൂത്തുപറമ്പില്‍നിന്നാണ് പതാകജാഥ. ഡിവൈഎഫ്ഐ മഹാരാഷ്ട്ര സെകട്ടറി പ്രീതി ശേഖര്‍ നയിക്കുന്ന ജാഥ എട്ടിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്യും. ദേശീയ ജോയിന്റ് സെക്രട്ടറി ശൈലേന്ദ്ര കാമ്പില്‍ നയിക്കുന്ന കൊടിമരജാഥ ചെന്നൈയില്‍നിന്നും ചിക്ബലാപുര്‍ ജില്ലാസെക്രട്ടറി ശ്രീനിവാസ്റെഡ്ഡി നയിക്കുന്ന ദീപശിഖാജാഥ കര്‍ണാടകത്തിലെ ചിക്ബലാപുരില്‍നിന്നും ആരംഭിക്കും. ജാഥകള്‍ 10ന് ബംഗളൂരു മൈസൂര്‍ബാങ്ക് സര്‍ക്കിളില്‍ സംഗമിക്കും. വര്‍ഗീയത, അഴിമതി, വിലക്കയറ്റം തുടങ്ങി യുവത നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ വെല്ലുവിളികള്‍ സമ്മേളനം ചര്‍ച്ചചെയ്യുമെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ക്രിയാത്മകമായി ഇടപെടാനും ദളിത്, ഗോത്രവിഭാഗങ്ങളിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്കും സമ്മേളനം രൂപംനല്‍കും. സംസ്ഥാന പ്രസിഡന്റ് എന്‍ എല്‍ ഭരത്രാജ്, സെക്രട്ടറി രാജശേഖരമൂര്‍ത്തി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 060912

1 comment:

  1. ഉദ്യാനഗരിയായ ബംഗളൂരുവില്‍ സെപ്തംബര്‍ 11 മുതല്‍ 15 വരെ നടക്കുന്ന ഡിവൈഎഫ്ഐ ഒന്‍പതാം അഖിലേന്ത്യാ സമ്മേളനം ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗല്‍ ഉദ്ഘാടനം ചെയ്യും. ബംഗളൂരു പുട്ടണ്ണചെട്ടി ടൗണ്‍ഹാളില്‍ 11ന് വൈകിട്ട് അഞ്ചിനാണ് പ്രതിനിധിസമ്മേളനം തുടങ്ങുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 800 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete