Wednesday, September 5, 2012
ഭീഷണി ഉയര്‍ത്തി ഗ്യാസ് ടാങ്കറുകള്‍ കൊച്ചിയിലൂടെ കുതിക്കുന്നു
ഐഒസിയുടെ കൊച്ചി റിഫൈനറിയില്‍നിന്നു ഗ്യാസ് കൊണ്ടുപോകുന്ന ടാങ്കറുകള്‍ ഉയര്‍ത്തുന്ന സുരക്ഷാഭീഷണി ഏറെ. റോഡ്മാര്‍ഗത്തേക്കാള്‍ സുരക്ഷിതമായ റെയില്‍ മാര്‍ഗമോ, പൈപ്പുകള്‍ വഴിയോ പ്ലാന്റുകളില്‍ എല്‍പിജി എത്തിക്കുന്ന സംവിധാനമൊരുക്കണമെന്ന ആവശ്യവും അധികൃതര്‍ അവഗണിക്കുകയാണ്.
സംസ്ഥാനത്ത് കോഴിക്കോട്, കൊല്ലം, പാലക്കാട് കേന്ദ്രങ്ങളിലുള്ള ഗ്യാസ് ഫില്ലിങ് സ്റ്റേഷനുകളിലേക്ക് നിത്യവും 30ഓളം ടാങ്കറുകളാണ് എല്‍പിജിയുമായി എത്തുന്നത്. ഇവയില്‍ അധികവും ബംഗളൂരു, കൊച്ചി റിഫൈനറികളില്‍നിന്നുള്ളവയാണ്. ഉദയംപേരൂര്‍ ഐഒസിയില്‍ ദിവസേന മുപ്പതിലധികം ബുള്ളറ്റ് ടാങ്കറുകളും എല്‍പിജിയുമായി എത്തുന്നു. എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് എല്‍പിജി സിലിന്‍ഡറുകള്‍ എത്തിക്കുന്നതും ഇവിടെനിന്നാണ്. സംസ്ഥാനത്തെ പല റോഡുകളുടെയും അവസ്ഥ മോശമായത് വന്‍ ദുരന്തസാധ്യതയാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും ജനസാന്ദ്രതയേറിയ ഇടങ്ങളിലാണ് ഈ ടാങ്കറുകള്‍ പാര്‍ക്ക്ചെയ്യുന്നതും. വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പാചകം നടത്തുന്നതും ഈ വാഹനത്തിനടുത്തുതന്നെ. ഗ്യാസ് രാത്രി കൊണ്ടുപോകുന്നതിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വാഹനത്തില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്ന് കര്‍ശന നിബന്ധനയുണ്ടെങ്കിലും ഐഒസിയില്‍ ഇത് പാലിക്കുന്നില്ല. വണ്ടിയിലെ ഡ്രൈവറും ജീവനക്കാരും രക്ഷാപ്രവര്‍ത്തന പരിശീലനം പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധനയുണ്ടെങ്കിലും ഇക്കാര്യവും പരിശോധിക്കുന്നില്ല. ബോട്ട്ലിങ് പ്ലാന്റുകളിലും റിഫൈനറിയിലും സുരക്ഷാസംവിധാനങ്ങള്‍ ശക്തമാണെങ്കിലും പുറത്തുണ്ടാകുന്ന അപകടത്തെ നേരിടാന്‍ ഫലപ്രദമായ സംവിധാനങ്ങളില്ല. അപകടത്തില്‍പ്പെടുന്ന വാഹനം ഉയര്‍ത്തുന്നതിനുള്ള ക്രെയിന്‍, ആംബുലന്‍സ് തുടങ്ങിയവപോലും ഇവിടെയില്ല. ഗ്യാസ് ഒരു ടാങ്കില്‍നിന്ന് മറ്റൊരു ടാങ്കിലേക്ക് മാറ്റുന്നതിനുള്ള ഒരു എമര്‍ജന്‍സി വാന്‍ മാത്രമാണ് ഉദയംപേരൂര്‍ ഐഒസിയിലുള്ളത്.
എല്‍പിജി കൊണ്ടുപോകുന്നതിന് റോഡ്മാര്‍ഗത്തേക്കാള്‍ സുരക്ഷ റെയില്‍മാര്‍ഗത്തിനാണെങ്കിലും കേരളത്തില്‍ ഒരിടത്തും ഈ സൗകര്യം ഉപയോഗിക്കുന്നില്ല. ഇത് തമിഴ്നാട്ടിലെ ബുള്ളറ്റ് ടാങ്കര്‍ ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണെന്ന ആരോപണം ശക്തമാണ്. ഉദയംപേരൂര്‍ ഐഒസിയില്‍ റെയില്‍പ്പാളം ഇല്ല. കൊച്ചി റിഫൈനറിയില്‍ പാളമുണ്ടെങ്കിലും ടാങ്കറില്‍നിന്ന് ഗ്യാസ് പകര്‍ത്തുന്നതിനുള്ള സംവിധാനമില്ലാത്തതിനാലാണ് റെയില്‍മാര്‍ഗം എല്‍പിജി എത്തിക്കാത്തതെന്നാണ് വിശദീകരണം. കൊച്ചി റിഫൈനറിയില്‍നിന്ന് പൈപ്പുവഴി എല്‍പിജി എത്തിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് ആലോചനയുണ്ടായിരുന്നെങ്കിലും പദ്ധതിക്ക് നേതൃത്വംനല്‍കിയ ഉദ്യോഗസ്ഥന്‍ സ്ഥലംമാറിയതോടെ ആ ആലോചനയും മുടങ്ങി.
(പി ആര്‍ പുഷ്പാംഗദന്‍)
deshabhimani 040912
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment