Sunday, September 23, 2012

ദേവസ്വം ബോര്‍ഡ് പിടിക്കാന്‍ ഹിന്ദുനിര്‍വചനം മാറ്റുന്നു


ദേവസ്വംബോര്‍ഡ് പിടിക്കാന്‍ ഹിന്ദുനിര്‍വചനം മാറ്റാനുള്ള ദേവസ്വം നിയമഭേദഗതിക്ക് ഓര്‍ഡിനന്‍സ് ഇറക്കുന്നു. ഇതിനുള്ള കരടിന് രൂപം നല്‍കി. ഈശ്വരവിശ്വാസമുണ്ടെന്നും ഹിന്ദുമതത്തില്‍ വിശ്വാസമുണ്ടെന്നും സത്യവാങ്മൂലം നല്‍കുന്നവര്‍ക്കേ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കൂ എന്നതാണ് നിയമഭേദഗതിയുടെ കാതല്‍. ജന്മംകൊണ്ടു ഹിന്ദുവായാല്‍ മതി എന്നതായിരുന്നു മൂലനിയമം. നിയമസഭയുടെ പ്രതിനിധികളായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും കൊച്ചി ദേവസ്വം ബോര്‍ഡിലും ഓരോ പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ ഹിന്ദു എംഎല്‍എമാര്‍ക്ക് വോട്ടവകാശമുണ്ട്. നിയമസഭയില്‍ എല്‍ഡിഎഫിന് 46 ഉം യുഡിഎഫിന് 27 ഉം അംഗസഖ്യയുണ്ട്. ഇതിനെ മറികടക്കാനാണ് ഈശ്വരവിശ്വാസിയാണെന്ന സത്യവാങ്മൂലം നിബന്ധനയായി ചേര്‍ക്കുന്നത്. ദൃഢപ്രതിജ്ഞ എടുത്ത എംഎല്‍എമാരെ ഒഴിവാക്കുക എന്ന നിര്‍ദേശവും കരടിലുണ്ട്. ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത, ഹിന്ദുസമുദായത്തില്‍ ജനിച്ച എംഎല്‍എമാര്‍ക്ക് മാത്രം വോട്ടവകാശം നല്‍കുക എന്നതാണ് ഉദ്ദേശ്യം. ദേവസ്വം ബോര്‍ഡിലെ രണ്ടു സ്ഥാനം പിടിച്ചെടുക്കാന്‍ ഹിന്ദുനിര്‍വചനം മാറ്റുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നടപടി വലിയ പ്രതിഷേധത്തിനും വിവാദത്തിനും നിയമയുദ്ധത്തിനും വഴിതെളിക്കും.

ദേവസ്വംബോര്‍ഡ് അംഗങ്ങളുടെ എണ്ണം മൂന്നില്‍നിന്ന് അഞ്ചാക്കാനുള്ള ഭേദഗതി നിര്‍ദേശവും ഓര്‍ഡിനന്‍സിലുണ്ട്. അംഗങ്ങളുടെ പ്രായപരിധി 35 ആക്കാനുള്ള ഭേദഗതിയുമുണ്ട്. നിലവിലെ നിയമപ്രകാരം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ മൂന്ന് അംഗങ്ങളില്‍ രണ്ടുപേരെ മന്ത്രിസഭയിലെ ഹിന്ദുഅംഗങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. നിയമസഭയില്‍നിന്ന് ഹിന്ദു എംഎല്‍എമാര്‍ക്ക് ഒരാളെയും തെരഞ്ഞെടുക്കാം. ഈ മൂന്നുപേര്‍ ചേര്‍ന്ന് പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ദേവസ്വം നിയമഭേദഗതി എന്തായാലും അതിന് രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുമതി വേണ്ടിവരും. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ഓര്‍ഡിനന്‍സ് ഇറക്കുന്നതിനുള്ള തീരുമാനം എടുത്തേക്കും. ശബരിമല തീര്‍ഥാടനം തുടങ്ങുംമുമ്പ് പുതിയ ദേവസ്വംബോര്‍ഡ് വരണമെന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. കോട്ടയം ഡിസിസിയൂടെ മുന്‍ പ്രസിഡന്റ് എം പി ഗോവിന്ദന്‍നായരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കാനാണ് മുഖ്യമന്ത്രിക്ക് താല്‍പ്പര്യം. ഗ്രൂപ്പ് അങ്കത്തില്‍ സജീവമല്ലെങ്കിലും എ ഗ്രൂപ്പിന്റെ വിശ്വസ്തനാണ് തിരുവഞ്ചൂര്‍ സ്വദേശിയായ ഗോവിന്ദന്‍നായര്‍.

deshabhimani 230912

1 comment:

  1. ദേവസ്വംബോര്‍ഡ് പിടിക്കാന്‍ ഹിന്ദുനിര്‍വചനം മാറ്റാനുള്ള ദേവസ്വം നിയമഭേദഗതിക്ക് ഓര്‍ഡിനന്‍സ് ഇറക്കുന്നു. ഇതിനുള്ള കരടിന് രൂപം നല്‍കി. ഈശ്വരവിശ്വാസമുണ്ടെന്നും ഹിന്ദുമതത്തില്‍ വിശ്വാസമുണ്ടെന്നും സത്യവാങ്മൂലം നല്‍കുന്നവര്‍ക്കേ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കൂ എന്നതാണ് നിയമഭേദഗതിയുടെ കാതല്‍.

    ReplyDelete