Sunday, September 23, 2012

സാമ്പത്തിക നിയമങ്ങളിലും ആഗോളവല്‍ക്കരണം വേണമെന്ന് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: രാജ്യത്തെ കോര്‍പറേറ്റ് നിയമങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ആഗോള സാമ്പത്തികസാഹചര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യയിലെ സാമ്പത്തികനിയമങ്ങള്‍ മാറ്റണം. ഇതിനുമുന്നോടിയായി പുതിയ കമ്പനിനിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ഏഷ്യയിലെ സാമ്പത്തികവളര്‍ച്ചയും കോര്‍പറേറ്റ് അന്തരീക്ഷത്തിലെ മാറ്റവും" എന്ന വിഷയത്തില്‍ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഓഹരിവിപണി, ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളെ ആഗോളനിക്ഷേപകരുടെ പ്രതീക്ഷയ്ക്കനുസരിച്ച് മാറ്റിയെടുക്കാന്‍ നിയമസംവിധാനങ്ങളില്‍ മാറ്റംവരുത്തണം. നിലവിലെ നിയമങ്ങളും നിയന്ത്രണങ്ങളും ആഗോളസാഹചര്യങ്ങള്‍ക്കനുസൃതമായി രാജ്യത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ ഉതകുന്നതല്ല. ആഗോള സാമ്പത്തികസാഹചര്യങ്ങളെ ഉപയോഗിക്കാന്‍ കഴിയുംവിധം നിയമനിര്‍മാണസഭ, ഭരണനിര്‍വഹണവിഭാഗം, നീതിന്യായസംവിധാനം എന്നിവയെല്ലാം കാലത്തിനുസരിച്ച് മാറണം. ഇന്ത്യയിലുണ്ടാകുന്ന കോടതിവിധിക്ക് ആഗോളപ്രത്യാഘാതമുണ്ടാകുമെന്ന് മനസ്സിലാക്കണം. ഇരുപത്തൊന്നാംനൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടാണ്. വികസിത പാശ്ചാത്യരാജ്യങ്ങളുടെ വളര്‍ച്ചനിരക്ക് വന്‍തോതില്‍ കുറഞ്ഞപ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചനിരക്ക് 2012ല്‍ 6.9 ശതമാനവും 2013ല്‍ 7.3 ശതമാനവുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2050ല്‍ ലോകത്തിലെ ആകെ സമ്പത്തിന്റെ പകുതി ഏഷ്യയിലായിരിക്കും. ഇപ്പോള്‍ ഏഷ്യയുടെ പങ്ക് 27 ശതമാനമാണ്. ലോകത്തെ സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കരകയറ്റുന്നതില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 230912

No comments:

Post a Comment