Monday, September 3, 2012
യുപിഎ സര്‍ക്കാരിന്റെ ഒളിച്ചോട്ടം
കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച വിഷയത്തില്‍ തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനം തുടരവെ, വന്‍കിട കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഭരണകക്ഷിയും മുഖ്യ പ്രതിപക്ഷകക്ഷിയും ഒത്തുകളിക്കുകയാണെന്ന സംശയമാണ് ബലപ്പെടുന്നത്. ബിജെപിയുടെ മൂന്ന് വ്യത്യസ്ത സ്വരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കെതിരെ ഏകസ്വരത്തില്‍ നീങ്ങാന്‍ ബിജെപിക്ക് കഴിയാതെ വരുന്നത്, ആ പാര്‍ടിയും കോര്‍പറേറ്റുകളുമായുള്ള ഗാഢബന്ധംകൊണ്ടാണ്. പാര്‍ലമെന്റ് മാത്രമല്ല, കല്‍ക്കാരിപ്പാടങ്ങള്‍ക്കുള്ള തെറ്റായ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും സ്തംഭനത്തിലാണ്. ഇതിലൂടെ ഓരോ ദിവസവും കോടാനുകോടികള്‍ കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അവസരം ലഭിക്കുകയാണ്. സെപ്തംബര്‍ ഏഴിന് അവസാനിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പൂര്‍ണമായും സ്തംഭിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പാര്‍ലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെടുത്തുന്നതാണ് സ്തംഭനത്തിന് കാരണം.
സഭ നടത്തിക്കൊണ്ടുപോകേണ്ടത് സഭാധ്യക്ഷന്‍മാരുടെ ചുമതലയാണ്. എന്നാല്‍, ഇക്കാര്യത്തില്‍ തുല്യ ഉത്തരവാദിത്തം കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനുമുണ്ട്. ആ ഉത്തരവാദിത്തം പാലിക്കാന്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഇതുവരെയായും തയ്യാറായിട്ടില്ല. സഭ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന ബിജെപിയുമായി മാത്രമാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുന്ന മറ്റ് കക്ഷികളുമായി ഒരുവേളപോലും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സ്പീക്കര്‍ മീരാകുമാര്‍ നടത്തിയ ശ്രമമാകട്ടെ വിജയിച്ചതുമില്ല.
ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ പാര്‍ലമെന്റ് തടസ്സപ്പെട്ടുകാണാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മനസിലാക്കേണ്ടത്. അഴിമതിയുടെ കാര്യത്തിലും ഈ രണ്ട് പാര്‍ടികളും ഒരേ തട്ടിലാണ്. കല്‍ക്കരിഖനികള്‍ നല്‍കുന്നതില്‍ 1.86 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നടത്തിയതെങ്കില്‍, ഛത്തീസ്ഗഢിലും മറ്റും കമ്പനി രൂപീകരിച്ച് മണിക്കൂറുകള്‍ക്കകംതന്നെ കല്‍ക്കരി ഖനാനുമതി നല്‍കാന്‍ ബിജെപി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുകയുണ്ടായി. കര്‍ണാടകത്തില്‍ ഇരുമ്പയിര് ഖനത്തിന് നിയമവിരുദ്ധമായി അനുവാദം നല്‍കിയതും ബിജെപി സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച് ഒരു ചര്‍ച്ച ഇരുപാര്‍ടികളും ആഗ്രഹിക്കുന്നില്ല. നിയമവിരുദ്ധമായി നല്‍കപ്പെട്ട കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സുകള്‍ റദ്ദാക്കണമെന്നാണ് തുടക്കംമുതല്‍ ഇടതുപക്ഷം കൈക്കൊണ്ട സമീപനം. ടൂജി സ്പെക്ട്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ഈ നടപടിയെങ്കിലും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ടൂജി സ്പെക്ട്രം കേസില്‍ ആദ്യം നഷ്ടം ഉണ്ടായിട്ടില്ലെന്നും നിയമവിരുദ്ധമായി ഒന്നുംതന്നെ നടന്നിട്ടില്ലെന്നും പറഞ്ഞ സര്‍ക്കാര്‍, 122 ലൈസന്‍സും നിയമവിരുദ്ധമെന്ന് പറഞ്ഞ് സുപ്രീം കോടതി തള്ളിയപ്പോഴാണ് കണ്ണുതുറക്കേണ്ടി വന്നത്. അതേ ഗതികേട് ഒഴിവാക്കാനായെങ്കിലും കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കണം. മാത്രമല്ല ഉന്നതതല അന്വേഷണത്തിന് ഉത്തരവിടാനും തയ്യാറാകണം. ജുഡീഷ്യല്‍ അന്വേഷണം, സുപ്രീം കോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ടുള്ള അന്വേഷണം തുടങ്ങി പല ആവശ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഏത് അന്വേഷണമായാലും അത് വിശ്വസനീയവും നിശ്ചിതകാലപരിധിക്കകത്ത് പൂര്‍ത്തിയാകുമെന്നുറപ്പുള്ളതും കുറ്റക്കാരായ വ്യക്തികളെ കണ്ടെത്തി ശിക്ഷിക്കുന്നതുമായിരിക്കണം. പ്രാഥമികമായി ഈ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായാല്‍മാത്രമേ പാര്‍ലമെന്റ് സമ്മേളനത്തിലെ സ്തംഭനം ഒഴിവാക്കാന്‍ വഴിയൊരുങ്ങൂ. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുകതന്നെ വേണം.
ലേലത്തിലൂടെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതിന് എട്ട് വര്‍ഷം കാലതാമസം എന്തുകൊണ്ട് ഉണ്ടായി എന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്. കല്‍ക്കരിമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഈ അഴിമതിയിലുള്ള പങ്കാളിത്തം എന്തെന്നും വ്യക്തമാക്കപ്പെടേണ്ടതുണ്ട്. അതിന് പാര്‍ലമെന്റില്‍ ഇതേക്കുറിച്ച് ചര്‍ച്ച വേണം. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു പറയുന്ന യുപിഎ നേതൃത്വം അതിനുവേണ്ടി ഒരു ശ്രമവും നടത്തിയില്ല. ഈ പശ്ചാത്തലത്തിലാണ് ലേലം കൂടാതെ സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതിലെ അഴിമതി സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ പാര്‍ടികള്‍, സമാജ്വാദി പാര്‍ടി, തെലുഗുദേശം പാര്‍ടി എന്നിവയിലെ എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ വെള്ളിയാഴ്ച ധര്‍ണ നടത്തിയത്.
കല്‍ക്കരി ഇടപാട് ഉചിതമായ രീതിയില്‍ അന്വേഷിപ്പിച്ചില്ലെങ്കില്‍ ദേശീയതലത്തില്‍ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിനിറങ്ങുമെന്നാണ് ആ ധര്‍ണയില്‍ പങ്കെടുത്ത സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവ് മുന്നറിയിപ്പ് നല്‍കിയത്. നാല് ഇടതുപക്ഷ പാര്‍ടികള്‍ക്ക് പുറമെ സമാജ്വാദി പാര്‍ടിയും ടിഡിപിയും മറ്റും ഈ ധര്‍ണയില്‍ പങ്കെടുത്ത ആ സമരം, കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയപരമായ ഐക്യത്തിനെതിരെ ഉയര്‍ന്നുവരുന്ന ജനവികാരത്തിന്റെ പ്രതീകമാണ്. പാര്‍ലമെന്റിലെ ചര്‍ച്ച ഒഴിവാക്കിയതുകൊണ്ടോ അന്വേഷണം വൈകിപ്പിച്ചതുകൊണ്ടാ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാരിന് ഒഴിയാനാവില്ല. അങ്ങനെ ഒഴിയാനുള്ള ഏതു ശ്രമവും അഴിമതിവിരുദ്ധ പോരാട്ടത്തിന് കരുത്ത് പകരുകയേ ഉള്ളൂ.
deshabhimani 030912
Subscribe to:
Post Comments (Atom)

ReplyDelete