Monday, September 10, 2012

പ്രധാനമന്ത്രി സ്ഥാനാര്‍ഥി: ശിവസേന ബിജെപിയെ വെട്ടിലാക്കി


എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തില്‍ നിതീഷ്കുമാറിന് പിന്നാലെ ശിവസേനയും അഭിപ്രായപ്രകടനം നടത്തിയതോടെ ബിജെപി വീണ്ടും വെട്ടിലായി. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ സഖ്യം വിടുമെന്ന നിതീഷ്കുമാറിന്റെ ഭീഷണി നിലനില്‍ക്കെയാണ് സുഷമ സ്വരാജിന്റെ പേര് മുന്നോട്ടുവച്ച് ശിവസേന തലവന്‍ ബാല്‍താക്കറെ രംഗത്തെത്തിയത്. സഖ്യകക്ഷികള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്ന് പറയുമ്പോഴും ഓരോ തവണയും ഇത്തരം തുറന്നടിക്കലുകളില്‍ ഉലയുകയാണ് ബിജെപിയുടെ ആഭ്യന്തര രാഷ്ട്രീയം.

ശിവസേന മുഖപത്രമായ സാമ്ന പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് സുഷമ സ്വരാജ് മികച്ച സ്ഥാനാര്‍ഥിയാണെന്ന് ബാല്‍ താക്കറെ അഭിപ്രായപ്പെട്ടത്. എന്‍ഡിഎയിലെ ബുദ്ധിമതിയും സമര്‍ഥയുമായ ഒരേ ഒരു വ്യക്തി എന്നാണ് സുഷമ സ്വരാജിനെ താക്കറെ വിശേഷിപ്പിച്ചത്. അടുത്തിടെ സുഷമ സ്വരാജും താക്കറെയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. യുപിഎ സഖ്യകക്ഷി എന്‍സിപിയുമായി ശിവസേനയും ശിവസേനയില്‍നിന്ന് പിളര്‍ന്നുണ്ടായ നവനിര്‍മാണ്‍ സേനയുമായി ബിജെപിയും മഹാരാഷ്ട്രയില്‍ അനൗപചാരികമായ ബന്ധം പുലര്‍ത്തുന്നുവെന്നത് പരസ്യമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയെ സമ്മര്‍ദത്തിലാക്കാന്‍ ലക്ഷ്യമിട്ട് താക്കറെയുടെ പ്രസ്താവന. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം സ്വപ്നം കാണുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് പ്രതിബന്ധമായി നിതീഷ്കുമാര്‍ എത്തിയത് ബിജെപി നേതാക്കളായ സുഷമ സ്വരാജിനെയും അരുണ്‍ജയ്റ്റ്ലിയെയും സന്തോഷിപ്പിച്ചിരുന്നു. ഇരുവരും അടുത്ത തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.

deshabhimani 100912

1 comment:

  1. എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തില്‍ നിതീഷ്കുമാറിന് പിന്നാലെ ശിവസേനയും അഭിപ്രായപ്രകടനം നടത്തിയതോടെ ബിജെപി വീണ്ടും വെട്ടിലായി. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ സഖ്യം വിടുമെന്ന നിതീഷ്കുമാറിന്റെ ഭീഷണി നിലനില്‍ക്കെയാണ് സുഷമ സ്വരാജിന്റെ പേര് മുന്നോട്ടുവച്ച് ശിവസേന തലവന്‍ ബാല്‍താക്കറെ രംഗത്തെത്തിയത്. സഖ്യകക്ഷികള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്ന് പറയുമ്പോഴും ഓരോ തവണയും ഇത്തരം തുറന്നടിക്കലുകളില്‍ ഉലയുകയാണ് ബിജെപിയുടെ ആഭ്യന്തര രാഷ്ട്രീയം

    ReplyDelete