ബംഗളൂരു: യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും സാമ്രാജ്യത്വത്തിനും എതിരായി മറ്റ് യുവജന സംഘടനകളുമായി ചേര്‍ന്ന് യോജിച്ച പോരാട്ടം സംഘടിപ്പിക്കാന്‍ ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളനത്തില്‍ നിര്‍ദേശം. ബുധനാഴ്ച ആരംഭിച്ച പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി തപന്‍ സിന്‍ഹ അവതരിപ്പിച്ച രാഷ്ട്രീയ- സംഘടനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നവ ഉദാരവല്‍ക്കരണ നയത്തിനെതിരെ ലോകമാകെ ജനങ്ങള്‍ പ്രക്ഷോഭ പാതയിലാണ്. ഇതിനെല്ലം നേതൃത്വം നല്‍കുന്നത് യുവാക്കളാണ്. ലോകത്താകെ പടരുന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ഇന്ത്യയിലും ശക്തിപ്പെടുത്താനുള്ള മാര്‍ഗനിര്‍ദേശം ദേശീയ സമ്മേളനം ചര്‍ച്ചചെയ്ത് രൂപം നല്‍കുമെന്ന് പ്രസിഡന്റ് പി ശ്രീരാമകൃഷ്ണനും ജനറല്‍ സെക്രട്ടറി തപന്‍സിന്‍ഹയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ ഡിവൈഎഫ്ഐക്ക് സ്വാധീനമില്ലാത്ത മേഖലകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദുര്‍ബലാവസ്ഥ പരിഹരിക്കാന്‍ കൂടുതല്‍ മുഴുവന്‍സമയ പ്രവര്‍ത്തകരെ കണ്ടെത്തണമെന്നാണ് നിര്‍ദേശം. അതുപോലെ ദളിത്-ന്യൂനപക്ഷ മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യവും എടുത്തു പറയുന്നു. ത്രിപുരയില്‍ നടപ്പാക്കിയതുപോലെ ദളിത് യുവജനങ്ങളെ ഡിവൈഎഫ്ഐക്ക് കീഴില്‍ പ്രത്യേകം സംഘടിപ്പിക്കാന്‍ മറ്റു സംസ്ഥാനങ്ങളും മുന്‍കൈയെടുക്കണം. പ്രാദേശിക പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കൂടുതല്‍ ജനവിഭാഗത്തെ സംഘടനയുമായി അടുപ്പിക്കണം. തമിഴ്നാട്ടില്‍ ജാതീയതയ്ക്കും തൊട്ടുകൂടായ്മയ്ക്കും എതിരെ ഡിവൈഎഫ്ഐ ഏറ്റെടുത്ത സമരത്തിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
തൊഴിലില്ലായ്മക്കെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നതോടൊപ്പം തൊഴിലെടുക്കുന്ന യുവാക്കളുടെ പ്രശ്നങ്ങളും ഏറ്റെടുക്കണം. നോയിഡയിലും മുംബൈയിലും നേഴ്സുമാരുടെ പ്രശ്നം ഏറ്റെുത്തതുപോലെ മറ്റു പ്രശ്നങ്ങളും ഏറ്റെടുക്കണം. സഹായം ആവശ്യമുള്ള, ദുരിതമനുഭവിക്കുന്ന എല്ലാവിഭാഗത്തെയും സഹായിക്കണം. സോഷ്യല്‍ മീഡിയപോലുള്ള നൂതന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളെ സംഘടിപ്പിക്കാനും സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ ക്രിയാത്മകമായി ഇടപെടാനും കഴിയണം. പുണെയില്‍ രൂപീകരിച്ച മീഡിയ വര്‍ക്കേഴ്സ് ഫോറം മറ്റ് സ്ഥലങ്ങളിലും രൂപീകരിക്കാന്‍ മുന്‍കൈയെടുക്കണം.
രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിനൊപ്പം ഇന്ത്യയുടെ നിലവിലുള്ള സ്ഥിതിവിവരത്തെ അടിസ്ഥാനമാക്കി കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടും കഴിഞ്ഞ സമ്മേളനം രൂപം നല്‍കിയ പ്രവര്‍ത്തനങ്ങളിലുണ്ടായ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടും പ്രതിനിധികളുടെ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഭരണഘടന ഭേദഗതിയും സമ്മേളനം ചര്‍ച്ചചെയ്യും. മാറുന്ന യുവത്വത്തെ എങ്ങനെ സംബോധന ചെയ്യാമെന്നും മാറിയ സാഹചര്യത്തിലെ പ്രശ്നങ്ങളില്‍ എങ്ങനെ ഇടപെടാമെന്നുമാണ് ഡിവൈഎഫ്ഐ പരിശോധിക്കുന്നത്. പശ്ചിമ ബംഗാളില്‍ സംഘടനയ്ക്കുണ്ടായ തിരിച്ചടിക്ക് ഉടന്‍ പരിഹാരം കാണുമെന്ന് ചോദ്യത്തിനു മറുപടിയായി നേതാക്കള്‍ പറഞ്ഞു. ഒരു വര്‍ഷത്തെ തൃണമൂല്‍ഭരണംകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ശരിതെറ്റുകള്‍ മനസിലായി. കഴിഞ്ഞമാസം ചേര്‍ന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം സംഘടന വര്‍ധിതവീര്യത്തോടെ തിരിച്ചുവരുന്നതിന്റെ തെളിവായി-നേതാക്കള്‍ വ്യക്തമാക്കി.
(എം ഒ വര്‍ഗീസ്)
ഭാവി ഇന്ത്യക്കായി യുവശക്തി പ്രയോജനപ്പെടുത്തുക
ബംഗളൂരു: നാളത്തെ ഇന്ത്യക്കായി യുവശക്തി ഫലപ്രദമായി ഉപയോഗിക്കണമെന്ന് ഡിവൈഎഫ്ഐ ഒമ്പതാം ദേശീയ സമ്മേളനം ആഹ്വാനംചെയ്തു. യുവശക്തിയെ ശാസ്ത്രീയമായി വിനിയോഗിക്കാന്‍ കഴിഞ്ഞാല്‍ രാജ്യം അഭൂതപൂര്‍വമായ വികസനം കൈവരിക്കും. എന്നാല്‍, ഭരണാധികാരികള്‍ കോര്‍പറേറ്റ് മൂലധനശക്തികളുടെ താല്‍പ്പര്യ സംരക്ഷണത്തിനായി യുവാക്കളെ എല്ലാ മേഖലയില്‍നിന്നും അകറ്റുകയാണ്. ആവശ്യത്തിന് വിഭവങ്ങളും മനുഷ്യശേഷിയും ഉണ്ടായിട്ടും ഭരണാധികാരികളുടെ ജനവിരുദ്ധ നയങ്ങള്‍മൂലം അതെല്ലാം പാഴാകുന്നു. ഇത് വീണ്ടെടുക്കാനുള്ള പോരാട്ടം രാജ്യ പുരോഗതിക്ക് അനിവാര്യമാണെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.
ബുധനാഴ്ച രാവിലെ ആരംഭിച്ച പ്രതിനിധി സമ്മേളനത്തില്‍ രാഷ്ട്രീയ-സംഘടനാറിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി തപന്‍ സിന്‍ഹ അവതരിപ്പിച്ചു. ഇതിന്‍മേല്‍ വിവിധ സംസ്ഥാന പ്രതിനിധികളുടെ ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് ശേഷം പൊതുചര്‍ച്ച ആരംഭിച്ചു. 24 സംസ്ഥാനത്തുനിന്നായി 705 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 26 വനിതകള്‍ ഉള്‍പ്പെടെ 179 പേര്‍ കേരളത്തില്‍നിന്നുള്ളവരാണ്. ലക്ഷദ്വീപില്‍നിന്ന് സൗഹാര്‍ദ പ്രതിനിധികളായി രണ്ടുപേരും ആദ്യമായി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. നേപ്പാള്‍, ലെബനന്‍, സിറിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബ്രിട്ടന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള സൗഹാര്‍ദ പ്രതിനിധികളും പങ്കെടുക്കുന്നു. പി ശ്രീരാമകൃഷ്ണന്‍, എം ബി രാജേഷ്, തപസ് ദത്ത, ജാമീര്‍ മൊള്ളാഹ്, റോമ ദേവി, പ്യാരൂള്‍ ഇസ്ലാം, കൃഷ്ണദേബ് ബര്‍മ, വേല്‍ മുരുകന്‍, പവന്‍ ദുഗാല്‍ എന്നിവരടങ്ങിയ പ്രസീഡീയമാണ് സമ്മേളന നടപടി നിയന്ത്രിക്കുന്നത്. പുഷ്പേന്ദ്ര ത്യാഗി കണ്‍വീനറായി പ്രമേയ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. കേരളത്തില്‍നിന്ന് ടി വി രാജേഷ്(സ്റ്റിയറിങ്), എം സ്വരാജ്(പ്രമേയം) കെ എസ് സുനില്‍കുമാര്‍(ക്രഡന്‍ഷ്യല്‍), എ എന്‍ ഷംസീര്‍(മിനിറ്റ്സ്) എന്നിവരും കമ്മിറ്റികളില്‍ അംഗങ്ങളാണ്.
ഡിവൈഎഫ്ഐ മുന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം ബുധനാഴ്ച സമ്മേളനത്തെ അഭിവാദ്യംചെയ്തു. വ്യാഴാഴ്ച രാവിലെ പ്രതിനിധികളുടെ പൊതുചര്‍ച്ച തുടരും. ഉച്ചയ്ക്ക് ശേഷം ഇടതു യുവജനനേതാക്കളെ പങ്കെടുപ്പിച്ച് പ്രത്യേക സമ്മേളനം ചേരും. വൈകിട്ട് മുന്‍കാല നേതാക്കളെ ആദരിക്കും.
deshabhimani 130912

ഇന്ത്യയില്‍ ഡിവൈഎഫ്ഐക്ക് സ്വാധീനമില്ലാത്ത മേഖലകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദുര്‍ബലാവസ്ഥ പരിഹരിക്കാന്‍ കൂടുതല്‍ മുഴുവന്‍സമയ പ്രവര്‍ത്തകരെ കണ്ടെത്തണമെന്നാണ് നിര്‍ദേശം. അതുപോലെ ദളിത്-ന്യൂനപക്ഷ മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യവും എടുത്തു പറയുന്നു. ത്രിപുരയില്‍ നടപ്പാക്കിയതുപോലെ ദളിത് യുവജനങ്ങളെ ഡിവൈഎഫ്ഐക്ക് കീഴില്‍ പ്രത്യേകം സംഘടിപ്പിക്കാന്‍ മറ്റു സംസ്ഥാനങ്ങളും മുന്‍കൈയെടുക്കണം. പ്രാദേശിക പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കൂടുതല്‍ ജനവിഭാഗത്തെ സംഘടനയുമായി അടുപ്പിക്കണം. തമിഴ്നാട്ടില്‍ ജാതീയതയ്ക്കും തൊട്ടുകൂടായ്മയ്ക്കും എതിരെ ഡിവൈഎഫ്ഐ ഏറ്റെടുത്ത സമരത്തിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ReplyDelete