Thursday, September 13, 2012

കോടികളുടെ കിലുക്കം നടക്കുന്നിടത്ത് കൈത്തറിക്കെന്തു കാര്യം...


പരമ്പരാഗത വ്യവസായങ്ങളായ കൈത്തറിയെയും കശുവണ്ടിയെയും ഭക്ഷ്യമേഖലയെയും എമര്‍ജിംഗ് കേരളയില്‍ പ്രവേശിപ്പിച്ചില്ലെങ്കിലും പ്രവേശനകവാടത്തിനടുത്തായി ഒരുക്കിയ പ്രദര്‍ശന സ്റ്റാളില്‍ അവയ്ക്ക് ഇടംകിട്ടി. കരകൗശല ഉല്‍പ്പനങ്ങളും സ്റ്റാളില്‍ ഇടംപിടിച്ചിരുന്നു. കയറിനെ മാത്രമാണ് പരമ്പരാഗത വ്യവസായങ്ങളില്‍  പേരിനെങ്കിലും ഒന്ന് തൊട്ടു തലോടിയത്. ഹരിപ്പാട് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന കയര്‍റെറ്റിംഗ് യൂണിറ്റാണ് ആ ഏക പദ്ധതി. എമര്‍ജിംഗ് കേരളയ്ക്ക് തൊട്ടുമുമ്പ് നടന്ന കയര്‍ടെക്കിലെ നിര്‍ദ്ദേശങ്ങളും പദ്ധതികളും പൂര്‍ണമായും ഉപേക്ഷിച്ചു.

എമര്‍ജിംഗ് കേരളയ്‌ക്കെത്തിയ വിദേശ പ്രതിനിധികളില്‍ ചിലരെങ്കിലും ഓര്‍ത്തുപോയത് 2003-ലെ ആഗോള നിക്ഷേപ സംഗമ (ജിം)ത്തെ. അന്ന് മുഖ്യമന്ത്രിയായിരുന്ന കേന്ദ്രപ്രതിരോധ മന്ത്രി എ കെ ആന്റണിയുടെയും അന്നത്തെയും ഇന്നത്തെയും വ്യവസായവകുപ്പ് നോക്കി നടത്താന്‍ ഭരമേല്‍പ്പിക്കപ്പെട്ട മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും ഉല്‍ഘാടന വേദിയിലെ സാന്നിധ്യത്തില്‍ പ്രത്യേകിച്ചും.

50000 കോടിയുടെ നിക്ഷേപങ്ങളെക്കുറിച്ചാണ് അന്ന് എ കെ ആന്റണി പറഞ്ഞത്. പ്രധാനമന്ത്രിയായ എ ബി വാജ്‌പേയിയുടെ 10000 കോടിയുടെ നിക്ഷേപം പുറമെ. അഞ്ച് വര്‍ഷം കൊണ്ട് ഐ ടി രംഗത്ത് പത്ത് ലക്ഷം തൊഴിലവസരങ്ങള്‍. സ്വദേശിയും വിദേശിയുമായ കുത്തക കമ്പനികള്‍ കൊണ്ടുവന്ന 95 പദ്ധതികളുടെ പ്രായോഗികത നോക്കാതെ ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു. ആറുമാസം പിന്നിട്ടപ്പോള്‍ ധാരണാപത്രങ്ങളുടെ കാലാവധി കഴിഞ്ഞു. വാഗ്ദാനങ്ങള്‍ പലതും പാഴായി. ധാരണാ പത്രങ്ങള്‍ പരണത്തുമായി. 60000 കോടിയുടെ സ്ഥാനത്ത് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കിട്ടിയത് 121.25 കോടിയുടെ നിക്ഷേപം. തൊഴിലവസരങ്ങള്‍ 857. ജിമ്മിന്‌ശേഷം ശേഷം നാല് വര്‍ഷം കൊണ്ട് വ്യവസായ മേഖലയിലെ നിക്ഷേപത്തില്‍ 700 കോടിയുടെ കുറവുണ്ടായെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് ഒടുവില്‍ നിയമസഭയില്‍ സമ്മതിക്കേണ്ടിവന്നു. റോഡ്‌ഷോയ്ക്കും മറ്റുമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 145 കോടി രൂപ പാഴായിപ്പോയത് മിച്ചം.

പദ്ധതികള്‍ക്കെല്ലാം 90 ദിവസത്തിനകം അംഗീകാരം എന്ന പ്രഖ്യാപനം നടപ്പില്‍ വരുത്തുന്നതിന് കടമ്പകളേറെയുണ്ട്. പരിസ്ഥിതിയെ ബാധിക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കേണ്ടത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയങ്ങളാണ്. കേന്ദ്രത്തിന്റെ ദയയ്ക്കായി നാളുകള്‍ കാത്തിരിക്കേണ്ടതായി വരുമെന്ന് ചുരുക്കം. എല്ലാ വിദേശരാജ്യങ്ങളുടെയും നിക്ഷേപം സ്വീകരിക്കാനുമാവില്ല. പ്രത്യേകിച്ച് ചൈനയുടെ നിക്ഷേപത്തിന്റെ കാര്യത്തില്‍. അവയ്ക്ക് കേന്ദ്ര സുരക്ഷാ അനുമതിവേണം. ഉദാഹരണത്തിന് വിഴിഞ്ഞം പദ്ധതിയുടെ കാര്യമോര്‍ക്കുക.
52 വിദേശരാജ്യങ്ങളില്‍ നിന്നായി 2500ലധികം പ്രതിനിധികളെയാണ് പ്രതീക്ഷിച്ചത്. 28 മുന്തിയ ഹോട്ടലുകളും ഏര്‍പ്പാടാക്കി. പിന്നീട് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. രജിസ്‌ട്രേഷനില്‍ എണ്ണം 2000 ആയി കുറഞ്ഞു. ഒടുവില്‍ പ്രതിനിധികളും കാഴ്ചക്കാരായി വരുന്ന വിദേശരാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമടക്കം 1000-1200 എന്നായി. കൃത്യം കണക്കെടുപ്പ് പരിപാടി കഴിഞ്ഞേ ഉണ്ടാവൂ എന്ന് ഇപ്പോള്‍.
(ബേബി ആലുവ)

janayugom 130912

1 comment:

  1. 52 വിദേശരാജ്യങ്ങളില്‍ നിന്നായി 2500ലധികം പ്രതിനിധികളെയാണ് പ്രതീക്ഷിച്ചത്. 28 മുന്തിയ ഹോട്ടലുകളും ഏര്‍പ്പാടാക്കി. പിന്നീട് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. രജിസ്‌ട്രേഷനില്‍ എണ്ണം 2000 ആയി കുറഞ്ഞു. ഒടുവില്‍ പ്രതിനിധികളും കാഴ്ചക്കാരായി വരുന്ന വിദേശരാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമടക്കം 1000-1200 എന്നായി. കൃത്യം കണക്കെടുപ്പ് പരിപാടി കഴിഞ്ഞേ ഉണ്ടാവൂ എന്ന് ഇപ്പോള്‍.

    ReplyDelete