എമര്‍ജിങ് കേരളയില്‍ ശബരിമലയും; സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം: സിപിഐ എം
പത്തനംതിട്ട: എമര്‍ജിങ് കേരളയില്‍ ശബരിമല മാസ്റ്റര്‍പ്ലാനും ആറന്മുള വിമാനത്താവളവും ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ പ്രസ്താവനയില്‍ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വികസനകാര്യങ്ങള്‍ നടപ്പാക്കാന്‍ ഇവിടെ ദേവസ്വംബോര്‍ഡും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമുണ്ട്. ദേശീയതീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ സഹായവും തേടാം. എന്നാല്‍, ഇവിടെയും സ്വദേശി, വിദേശകുത്തകകളെ കടന്നുകയറാന്‍ അനുവദിച്ച് അഴിമതി നടത്താനും കൊള്ളലാഭം കൊയ്യാനുമാണ് സര്‍ക്കാര്‍ നീക്കം. ശബരിമല തീര്‍ഥാടകര്‍ക്ക് വിരിവെയ്ക്കാന്‍പോലും മതിയായ സൗകര്യമൊരുക്കാത്തവരുടെ ലക്ഷ്യം അഴിമതിയാണെന്നത് വ്യക്തമാണ്. ഒപ്പം ഉള്ള വനംകൂടി ഇല്ലാതാക്കാനും ഇടയാക്കും. എല്ലാവിഭാഗം ജനങ്ങളും എതിര്‍ക്കുന്ന ആറന്മുള വിമാനത്താവളം എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെ രാഷ്ട്രീയ താല്‍പ്പര്യം ഇതിനകം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകഴിഞ്ഞു. പദ്ധതിക്ക് പിന്നില്‍ വന്‍അഴിമതിയും സര്‍ക്കാര്‍ ഭൂമികൈയേറ്റവുമടക്കം നടന്നതായി ബോധ്യപ്പെട്ട ലാന്‍ഡ്റവന്യു കമീഷണര്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. പദ്ധതിക്കെതിരെ പരിസ്ഥിതി കമ്മിറ്റിയും ശാസ്ത്രജ്ഞരുമടക്കം നല്‍കിയ റിപ്പോര്‍ട്ടുകള്‍ക്ക് സര്‍ക്കാര്‍ പുല്ലുവിലപോലും കല്‍പ്പിച്ചിട്ടില്ലെന്നും അനന്തഗോപന്‍ കുറ്റപ്പെടുത്തി
എമര്‍ജിങ് കേരള: കൈയേറ്റം വ്യാപകമെന്ന് റിപ്പോര്‍ട്ട്: ബിനോയ് വിശ്വം
ന്യൂഡല്‍ഹി: എമര്‍ജിങ് കേരളയുടെ മറവില്‍ സംസ്ഥാനത്ത് ഭൂമി കൈയേറ്റം വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് എഡിജിപി സെന്‍കുമാര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായി മുന്‍മന്ത്രി ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നാര്‍, കാന്തല്ലൂര്‍, വട്ടവട എന്നിവിടങ്ങളിലാണ് കൈയേറ്റങ്ങള്‍ ഏറെയും. റിപ്പോര്‍ട്ടിന്‍മേല്‍ നടപടി സ്വീകരിക്കാന്‍ റവന്യൂ, വനം വകുപ്പ് സെക്രട്ടറിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി. എമര്‍ജിങ് കേരളയിലൂടെ വനഭൂമി കൊള്ളക്കാര്‍ക്ക് തീറെഴുതാനാണ് സര്‍ക്കാര്‍നീക്കം. പദ്ധതികള്‍ വിവാദമായപ്പോള്‍ അവയൊക്കെ ആശയങ്ങള്‍മാത്രമാണെന്ന് പറഞ്ഞ് കൈകഴുകുകയാണ് കുഞ്ഞാലിക്കുട്ടി. ഭൂപരിഷ്കരണം സംസ്ഥാന വികസനത്തെ പിറകോട്ടടിപ്പിച്ചെന്നാണ് ഇന്‍കല്‍ മേധാവിയുടെ അഭിപ്രായം. ഇത് സര്‍ക്കാരിന്റെ അഭിപ്രായമാണോ എന്നു വിശദീകരിക്കണം. കേരളത്തെ കൈയേറ്റക്കാര്‍ക്ക് വിട്ടുനല്‍കാനുള്ള നീക്കത്തിനെതിരെ ഇടതുപക്ഷം ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
deshabhimani 060912
No comments:
Post a Comment