Thursday, September 13, 2012
വാര്‍ത്ത തെറ്റിദ്ധാരണാജനകം: എളമരം കരീം
ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് ജനയുഗം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയെപ്പറ്റി മുന്‍ വ്യവസായവകുപ്പ് മന്ത്രി എളമരം കരീം നല്കുന്ന വിശദീകരണം
ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് 'ജനയുഗം' പത്രത്തില്‍ 11.09.2012-ന് വന്ന വാര്‍ത്തയില്‍ തെറ്റിദ്ധാരണാജനകമായ ചില കാര്യങ്ങളുണ്ട്. അത് ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ കത്ത്.
ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയത് എല്‍ ഡി എഫ് മന്ത്രിസഭയാണ്. ഇത് വ്യവസായ വകുപ്പ് മുന്നോട്ടുവച്ച പദ്ധതിയല്ല. മന്ത്രിസഭ മുമ്പാകെ പദ്ധതി സമര്‍പ്പിച്ചതും വ്യവസായ വകുപ്പല്ല. നിലവിലുള്ള നിയമങ്ങള്‍ പാലിച്ചുകൊണ്ട് വിമാനത്താവള നിര്‍മാണത്തിന് തത്വത്തില്‍ അംഗീകാരം നല്കുന്നു എന്നാണ് മന്ത്രിസഭാ തീരുമാനം. ഈ പദ്ധതിക്കായി വ്യവസായവകുപ്പ് എന്തെങ്കിലും പ്രത്യേകം താല്‍പ്പര്യം കാണിച്ചുവെന്നുപറയുന്നത് അടിസ്ഥാനരഹിതമാണ്. ജനയുഗം വാര്‍ത്തയില്‍ അത്തരം ഒരു പരാമര്‍ശം വന്നത് ഖേദകരമാണ്.
ആറന്മുള വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കല്‍, റവന്യൂ-കൃഷിവകുപ്പുമന്ത്രിമാര് അറിയാതെ വ്യവസായ വകുപ്പ് 'നോട്ടിഫൈ' ചെയ്തു എന്ന പരാമര്‍ശവും വസ്തുതാവിരുദ്ധമാണ്. ആറന്മുളയില് ഒരിഞ്ച് ഭൂമിയും വിമാനത്താവളത്തിനായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയിട്ടില്ല. വിമാനത്താവള സംരംഭകര്‍ സ്വന്തമായി വാങ്ങിയ ഭൂമിയിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്. പ്രസ്തുത ഭൂമി അവര്‍ വാങ്ങിയത്, സര്‍ക്കാരിന്റെ അറിവോടെയാണോ എന്ന് എനിക്കറിയില്ല. ഏതായാലും സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് നല്കിയതല്ല. ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിറക്കാന്‍ വ്യവസായവകുപ്പിന് അധികാരവുമില്ല. ഈ പദ്ധതിയുടെ ഒരു ഘട്ടത്തിലും സംരംഭകര്‍ വ്യവസായവകുപ്പുമായി ബന്ധപ്പെട്ടിരുന്നില്ല.
മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്ന് പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് പ്രസ്തുത പദ്ധതിക്ക് ''ഏകജാലക സംവിധാന''ത്തിലൂടെ അനുമതികള്‍ ലഭ്യമാക്കുന്നതിന്, സിംഗിള്‍ വിന്റോക്ലിയറന്സ് ആക്ട് അനുസരിച്ച് നോട്ടിഫൈ ചെയ്യണമെന്ന ആവശ്യമാണ് വ്യവസായ വകുപ്പിന്റെ മുന്നില്‍ വന്നത്. മന്ത്രിസഭ അംഗീകാരം നല്കിയ ഒരു പദ്ധതി നടപ്പാക്കാന്‍ നിയമാനുസൃതമുള്ള ഒരു നടപടിയാണ്, വ്യവസായവകുപ്പ് കൈക്കൊണ്ടത്. സിംഗിള്‍ വിന്റോ ക്ലിയറന്‍സ് ആക്ട് അനുസരിച്ച് നോട്ടിഫിക്കേഷന്‍ ഇറക്കേണ്ടത് വ്യവസായവകുപ്പ് സെക്രട്ടറിയാണ്. പ്രസ്തുത ഫയല്‍ മറ്റ് വകുപ്പുകള്‍ കാണേണ്ടതില്ല.
ഏകജാലക ക്ലിയറന്‍സ് എന്ന് പറയുന്നത്, ഒരു നിയമത്തിലും ഇളവോ, ഒഴിവോ നല്‍കുന്നതല്ല. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഒരു പദ്ധതിക്ക് വേഗത്തില്‍ അനുമതി നല്കുന്ന സംവിധാനം മാത്രമാണ്. സംരംഭകര്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് നിലവിലുള്ള നിയമം അനുസരിച്ച് അനുമതിക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കണം. അനുമതി നല്‍കണമോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കുന്നത് അതാത് വകുപ്പുകളാണ്. ഇന്റസ്ട്രിയല്‍ ഏരിയ ആയതുകൊണ്ട് ഒരു നിയമത്തിലും ഇളവ് നല്കുന്ന വ്യവസ്ഥകള്‍ നിലവിലില്ല. പദ്ധതി പ്രദേശം നെല്‍വയലുകളോ തണ്ണീര്‍ത്തടങ്ങളോ ആണെങ്കില്‍ പദ്ധതിക്ക് അനുമതി നല്‍കുന്നത് ബന്ധപ്പെട്ട നിയമത്തിന്റെ നിബന്ധനകള്‍ അനുസരിച്ചാണ്. ഇന്റസ്ട്രിയല്‍ ഏരിയാ നോട്ടിഫിക്കേഷന്‍ ഉള്ളതിനാല്‍ പ്രസ്തുത നിയമത്തില്‍ നിന്ന് ഒഴിവ് ലഭിക്കില്ല. വ്യവസായ വകുപ്പിന്റെ കീഴിലുള്ള 'കിന്‍ഫ്ര'യുടെ ഉടമസ്ഥതയിലുള്ള തൃശൂര്‍ പുഴക്കല്‍ പാടത്തെ ഭൂമി നികത്താന്‍ പോലും ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
വസ്തുതകള്‍ ഇതായിരിക്കെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ വ്യവസായവകുപ്പ് എന്തോ അപരാധം ചെയ്തുവെന്ന മട്ടിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് വായനക്കാരില്‍ തെറ്റിദ്ധാരണയുണ്ടാക്കാനിടയുണ്ട്. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഇതാണെന്ന് ശ്രദ്ധയില്‍പ്പെടുത്തുന്നു.
പത്രാധിപര്‍ janayugom 130912
Labels:
നുണപ്രചരണം
Subscribe to:
Post Comments (Atom)
ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് 'ജനയുഗം' പത്രത്തില്‍ 11.09.2012-ന് വന്ന വാര്‍ത്തയില്‍ തെറ്റിദ്ധാരണാജനകമായ ചില കാര്യങ്ങളുണ്ട്. അത് ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ കത്ത്.
ReplyDelete