Thursday, September 13, 2012

എമര്‍ജിങ് കേരള: പ്രതിഷേധം ആര്‍ത്തിരമ്പി

സംസ്ഥാനത്തിന്റെ ഭൂമിയും പ്രകൃതിസമ്പത്തും സംസ്കാരവും കച്ചവടത്തിനുവച്ച എമര്‍ജിങ് കേരളയ്ക്കെതിരെ കൊച്ചിയിലും പരിസരങ്ങളിലും പ്രതിഷേധം ആര്‍ത്തിരമ്പി. ഉദ്ഘാടനം തുടങ്ങുന്ന സമയം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചുകളിലും കൂട്ടായ്മകളിലും ജനരോഷം ആളിപ്പടര്‍ന്നു. ഉദ്ഘാടനവേദിയായ ലെ മെറിഡിയന്‍ ഹോട്ടലിലേക്ക് ഡിവൈഎഫ്ഐ, എഐവൈഎഫ്, എഐഎസ്എഫ്, വിവിധ സംഘടനകളുടെ പൊതുവേദിയായ ജനകീയ കൂട്ടായ്മ തുടങ്ങിയവ മാര്‍ച്ച് നടത്തി. മാര്‍ച്ച് വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് തടഞ്ഞു. തമ്മനത്തും ഹൈക്കോടതി ജങ്ഷനിലുമായിരുന്നു പ്രതിഷേധ കൂട്ടായ്മകള്‍.

തൊഴില്‍സാധ്യത ഇല്ലാതാക്കുന്ന മുഴുവന്‍ പദ്ധതികളും എമര്‍ജിങ് കേരളയില്‍നിന്ന് ഒഴിവാക്കുക, സംസ്ഥാനത്തിന്റെ മണ്ണും പുഴയും കാടും വിറ്റുതുലയ്ക്കുന്ന പദ്ധതി ബഹിഷ്കരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ഡിവൈഎഫ്ഐ മരട് നഗരസഭാ കവാടത്തില്‍നിന്ന് ലെ മെറിഡിയന്‍ ഹോട്ടലിലേക്കു നടന്ന മാര്‍ച്ച് 200 മീറ്റര്‍ മുന്നോട്ടു നീങ്ങിയപ്പോള്‍തന്നെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ധര്‍ണ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍ ഉദ്ഘാടനംചെയ്തു. എ യു വിജു അധ്യക്ഷനായി. പി വി ശശി, പി എസ് ബിജു, കെ ടി സാജന്‍ എന്നിവര്‍ സംസാരിച്ചു.

എഐവൈഎഫും എഐഎസ്എഫും ലെ മെറിഡിയനിലേക്കു നടത്തിയ മാര്‍ച്ച് തൈക്കൂടം പാലത്തിനു സമീപം പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ കുത്തിയിരുന്നു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് ഉദ്ഘാടനംചെയ്തു. വൈറ്റില ജങ്ഷനില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സെക്രട്ടറി കെ പി സന്ദീപ്, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി സി സന്‍ജിത്, പ്രശാന്ത് രാജന്‍, ടി എം ഹാരിസ് എന്നിവര്‍ സംസാരിച്ചു. പതിനഞ്ച് സംഘടകളുടെ പൊതുവേദിയായ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ നൂറുകണക്കിനുപേര്‍ അണിനിരന്നു. എംജി റോഡിലെ ജോസ് ജങ്ഷനില്‍നിന്നാരംഭിച്ച മാര്‍ച്ച് വളഞ്ഞമ്പലത്ത് പൊലീസ് തടഞ്ഞു.

എമര്‍ജിങ് കേരള "വികസനത്തിനല്ല വിനാശത്തിന്" എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സിപിഐ എംഎല്‍, സിപിഐ എംഎല്‍ റെഡ്ഫ്ളാഗ്, യുവജനവേദി, അതിവേഗ റെയില്‍വേവിരുദ്ധ ജനകീയസമിതി, ദേശീയപാത വികസനവിരുദ്ധസമിതി, പ്ലാച്ചിമട സമരസമിതി, ബിഒടിവിരുദ്ധ സമിതി, മുരിയാട് സംരക്ഷണസമിതി, പെരിയാര്‍ സംരക്ഷണസമിതി, ആറന്മുള്ള വിമാനത്താവള സമരസമിതി, സ്വദേശി ജഗരണ്‍ മഞ്ച് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ നിരവധി സ്ത്രീകളും പങ്കെടുത്തു. പ്ലാച്ചിമട സമരസമിതി പ്രവര്‍ത്തകരായ കന്നിയമ്മ, പാപ്പമ്മ എന്നീ ആദിവാസിസ്ത്രീകള്‍ ചേര്‍ന്നാണ് മാര്‍ച്ച് ഉദ്ഘാടനംചെയ്തത്. സിപിഐ എംഎല്‍ സംസ്ഥാനകമ്മിറ്റി ഹൈക്കോടതി ജങ്ഷനില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഡോ. പി ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. കേരളത്തെ വില്‍ക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തമ്മനത്ത് പ്രതിരോധ സമ്മേളനം ആരംഭിച്ചു. അഡ്വ. പി എ പൗരന്‍ എമര്‍ജിങ് കേരള പരിപാടിയുടെ ബ്രോഷര്‍ കത്തിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍ സുബ്രഹ്മണ്യന്‍ അധ്യക്ഷനായി.

deshabhimani 130912

1 comment:

  1. സംസ്ഥാനത്തിന്റെ ഭൂമിയും പ്രകൃതിസമ്പത്തും സംസ്കാരവും കച്ചവടത്തിനുവച്ച എമര്‍ജിങ് കേരളയ്ക്കെതിരെ കൊച്ചിയിലും പരിസരങ്ങളിലും പ്രതിഷേധം ആര്‍ത്തിരമ്പി. ഉദ്ഘാടനം തുടങ്ങുന്ന സമയം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചുകളിലും കൂട്ടായ്മകളിലും ജനരോഷം ആളിപ്പടര്‍ന്നു.

    ReplyDelete