Wednesday, September 5, 2012
നിര്‍ഭയമായി നേരിടും
ദേശാഭിമാനി പിറന്നിട്ട് എഴുപതു വര്‍ഷം തികയുകയാണിന്ന്. 1942 സെപ്്തംബര്‍ ആറിനാണ് കോഴിക്കോട്ടുനിന്ന് വാരികയായി ദേശാഭിമാനി പ്രസിദ്ധീകരണമാരംഭിച്ചത്. അന്നുതൊട്ടിന്നുവരെ ഒരു ഭീഷണിക്കും വഴങ്ങാതെ, ഒരുതരത്തിലുള്ള അടിച്ചമര്‍ത്തലിനും കീഴ്പ്പെടാതെ, നേരു നെഞ്ചിലേറ്റി സഞ്ചരിച്ച പാരമ്പര്യമാണ് ദേശാഭിമാനിയുടേത്. സത്യത്തിന്റെ നിര്‍ഭയമായ ശബ്ദത്തെ ഭീഷണികൊണ്ട് അമര്‍ച്ചചെയ്യാമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ ധിക്കാരപരമായ കണക്കുകൂട്ടലാണ് ദേശാഭിമാനിക്കെതിരെ ഇപ്പോള്‍ വന്നിട്ടുള്ള പൊലീസ് കേസ്. സത്യം പുറത്തുവരുന്നതിനെ അസത്യത്തിന്റെ ശക്തികള്‍ ഭയക്കും. ആ ഭയം സമനിലവിട്ടുള്ള പെരുമാറ്റങ്ങളിലേക്ക് അവരെ നയിക്കും. അത്തരത്തിലുള്ള ഒന്നായേ ദേശാഭിമാനി ഇതിനെ കാണുന്നുള്ളൂ. ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന ഭരണാധികാരത്തിന്റെ മൂഢചിന്തയെ തൃണവല്‍ഗണിച്ചുകൊണ്ട് സത്യത്തിന്റെ സൂര്യോദയത്തിനായുള്ള യത്നങ്ങളില്‍ ദേശാഭിമാനി തുടര്‍ന്നും അനവരതം ഏര്‍പ്പെട്ടുകൊണ്ടേയിരിക്കും എന്ന് ഈ കേസിന്റെ പശ്ചാത്തലത്തില്‍ അധികൃതരെ ആവര്‍ത്തിച്ചറിയിക്കട്ടെ.
ഭയന്ന് പിന്മാറുമെന്ന് കരുതേണ്ട. കൂടുതല്‍ കരുത്തോടെ നേരിടുകതന്നെചെയ്യും. അത് വായനക്കാരോടുള്ള ദേശാഭിമാനിയുടെ പ്രതിബദ്ധതകൂടിയാണ്. ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസ് കേസ് എടുത്തത് നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്തതിന്റെ പേരിലല്ല, മറിച്ച് പൊലീസിന്റെ നിയമവിരുദ്ധമായ പ്രവൃത്തി തുറന്നുകാട്ടിയതിനാണ്. നിയമവിരുദ്ധവും കോടതിയലക്ഷ്യവും സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെ നഗ്നമായ ലംഘനവുമായ പ്രവൃത്തിയിലേര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ദേശാഭിമാനി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു ഉത്തരവാദിത്തബോധമുള്ള ഭരണാധികാരിയായിരുന്നെങ്കില്‍ ജനാധിപത്യവ്യവസ്ഥയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയ്യേണ്ടിയിരുന്നത്. അതിന് അദ്ദേഹത്തിന് ധൈര്യമില്ല. കാരണം, പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുത്താല്‍ അടുത്ത പടിയായി പുറത്തുവരിക നിയമവിരുദ്ധ കൃത്യങ്ങള്‍ അവരെക്കൊണ്ട് ചെയ്യിച്ചതിലുള്ള തന്റെ ഭരണഘടനാ വിരുദ്ധമായ പങ്കായിരിക്കുമെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെ തെറ്റുചെയ്തവനെ വിട്ട് അത് കണ്ടെത്തിയവനെ പിടിക്കാന്‍ അദ്ദേഹം പുറപ്പെടുന്നു.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ രാഷ്ട്രീയലക്ഷ്യത്തോടെ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാകത്തില്‍ അന്വേഷണച്ചുമതലയുള്ള പൊലീസ് ഓഫീസര്‍മാര്‍ മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്ന് ദേശാഭിമാനി എഴുതിയിരുന്നു. പൊലീസ് മാധ്യമങ്ങളെ ബന്ധപ്പെട്ടിട്ടേയില്ല എന്നതായിരുന്നു ഇതിനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ മറുപടി. പ്രശ്നം കോടതിയിലെത്തിയപ്പോള്‍ തങ്ങള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നില്ലെന്ന് അന്വേഷണസംഘത്തില്‍പ്പെട്ട ഡിവൈഎസ്പി ജോസി ചെറിയാന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോടതിയിലടക്കം പൊലീസ് പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതായിരുന്നു ദേശാഭിമാനി വാര്‍ത്ത. അന്വേഷണ ഉദ്യോഗസ്ഥന്‍ മൂവായിരം തവണ മാധ്യമങ്ങളെ വിളിച്ചതിന്റെ തെളിവ് ദേശാഭിമാനി പുറത്തുവിട്ടു. ഈ തെളിവ് സത്യവിരുദ്ധമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ അദ്ദേഹത്തിന്റെ ആഭ്യന്തരവകുപ്പിനോ അഭിപ്രായമില്ല. ആ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി ചെയ്യേണ്ടത് കോടതിയെ തെറ്റിദ്ധരിപ്പിച്ച് അസത്യവാങ്മൂലം സമര്‍പ്പിച്ച ഡിവൈഎസ്പിക്കെതിരെ നടപടി എടുക്കുകയല്ലേ? ഭരണഘടനാപരമായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ ആഭ്യന്തരമന്ത്രി കോടതിയലക്ഷ്യം ബോധ്യപ്പെട്ടശേഷവും അത് ചെയ്തവരെ പരിരക്ഷിക്കുകയാണോ വേണ്ടത്? അങ്ങനെ ചെയ്യുന്നയാള്‍ മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനാണോ? ഇത്തരം ചോദ്യങ്ങള്‍ക്ക് നാളെ തിരുവഞ്ചൂരിന് സമാധാനം പറയേണ്ടിവരും. അത് തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ഇവിടെ തിരുവഞ്ചൂര്‍ ചെയ്യേണ്ടത് ചെയ്തില്ല എന്നുമാത്രമല്ല, ചെയ്യരുതാത്തത് ചെയ്യാന്‍ പച്ചക്കൊടി വീശുക എന്ന കൃത്യം ചെയ്യുകകൂടി ചെയ്തു. അതിന്റെ ഫലമാണ് ഈ കേസ്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍- അന്വേഷണഘട്ടത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കരുത് എന്നത്- ലംഘിക്കല്‍ മുതല്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകവരെ ചെയ്ത പൊലീസിനെ സംരക്ഷിച്ചുകൊണ്ട്, പൊലീസിന്റെ കുറ്റകൃത്യം പുറത്തുകൊണ്ടുവന്ന ദേശാഭിമാനിക്കെതിരെ കേസെടുക്കാന്‍ അനുമതി നല്‍കി. പൊലീസിനെ ഉപയോഗിച്ച് കള്ളക്കളി നടത്തിയതിന്റെ ജാള്യം മറയ്ക്കാന്‍ ഇതാണോ വഴി?
മദിരാശി സര്‍ക്കാരിന്റെയും കൊച്ചി സര്‍ക്കാരിന്റെയും ദിവാന്‍ ഭരണത്തിന്റെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തന്നെയും നിരോധനങ്ങളെയും ശിക്ഷകളെയും മറികടന്ന് വളര്‍ന്നുവന്ന പാരമ്പര്യമുള്ള പത്രമാണ് ദേശാഭിമാനി. രാജന്‍ കക്കയംക്യാമ്പില്‍ നടന്ന ഭേദ്യത്തില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും വര്‍ഗീസിനെ കസ്റ്റഡിയില്‍ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നും ഒക്കെ കേരളത്തോട് ആദ്യം പറഞ്ഞ പത്രമാണിത്. ആ പാരമ്പര്യം ഞങ്ങള്‍ നിര്‍ഭയം നിരന്തരം തുടരുകതന്നെ ചെയ്യും. കൂടുതല്‍ ഉറക്കെ, കൂടുതല്‍ കരുത്തോടെ; കൂടുതല്‍ നിര്‍ഭയത്വത്തോടെ. ഈ കേസ് ദേശാഭിമാനിക്കെതിരെ മാത്രമുള്ളതല്ല, സത്യം അറിയാനുള്ള കേരളീയരുടെ അവകാശത്തിനാകെ എതിരായുള്ള കേസാണ്. അതിനെ അര്‍ഹിക്കുന്ന വിധത്തില്‍തന്നെ നേരിടാനുള്ള കരുത്ത് ദേശാഭിമാനിക്കുണ്ട്; അതിനു പിന്നിലുള്ള പ്രസ്ഥാനത്തിനുണ്ട്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അത് തിരിച്ചറിയുന്നെങ്കില്‍ അവര്‍ക്ക് നന്ന്.
deshabhimani editorial 060912
Subscribe to:
Post Comments (Atom)

ReplyDelete