Thursday, September 6, 2012
വില്‍ക്കാനുണ്ട് പാളയം സ്റ്റേഡിയവും പിന്നെ സ്വിമ്മിംഗ് പൂളും
നാഷണല്‍ ഗെയിംസ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ തലസ്ഥാനത്തിന്റെ കായിക ഭൂപടത്തിലെ പ്രധാന കേന്ദ്രമായ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം വിറ്റു തുലയ്ക്കാന്‍ എമര്‍ജിംഗ് കേരളയില്‍ പദ്ധതി. ലോകോത്തര നിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്ററാക്കി മാറ്റുമെന്നാണ് പദ്ധതി വാഗ്ദാനം.
എട്ടു കോടി രൂപ മുതല്‍ മുടക്കില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുക. ജില്ലാ വ്യവസായ കേന്ദ്രമാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതി എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കുന്നത്.
ഏതാണ്ട് 40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം പ്രതിവര്‍ഷം ഒരു കോടി രൂപയ്ക്ക് 15 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് നീക്കം. പാട്ടത്തുകയ്ക്ക് അഞ്ചു വര്‍ഷത്തെ മോറട്ടോറിയം അനുവദിക്കണമെന്ന കല്‍പ്പനയും പ്രോജക്റ്റ് റിപ്പോര്‍ട്ടിലുണ്ട്.
ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം അടുത്തിടെ കായിക പരിപാടികള്‍ക്കൊന്നും തന്നെ ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചതെന്ന് വ്യവസായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പകരം സ്‌പോണ്‍സേര്‍ഡ് മെഗാ ഈവന്റുകള്‍ മാത്രം നടക്കുന്ന സ്‌റ്റേഡിയം കണവെന്‍ഷന്‍ സെന്ററാക്കിയാല്‍ സംസ്ഥാനത്തിന്റെ ബിസിനസ് രംഗത്തും ടൂറിസം രംഗത്തും വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമത്രേ. ജനങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു മേല്‍ക്കൂരയ്ക്കുള്ളില്‍ ലഭ്യമാക്കാനും കഴിയുമെന്നും വ്യവസായ വകുപ്പ് പറയുന്നു. പാളയത്ത് എന്തു ടൂറിസമെന്ന് ഇതിനിടെ ചോദ്യമുയരുന്നു.
നെഹറുകപ്പ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റു വരെ നടന്ന ഈ സ്റ്റേഡിയത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളികളുമായി ഉയര്‍ത്തിയത് ഡി ജി പിയായിരുന്ന അന്തരിച്ച എം കെ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു. ക്രമേണ അത്ഭുത രോഗശാന്തി ശുശ്രൂഷയടക്കമുള്ള പരിപാടികള്‍ക്കായി വാടകയ്ക്കുകൊടുത്ത സ്റ്റേഡിയം കുത്തിക്കുഴിച്ചു കുളമാക്കിയിട്ടിരിക്കുകയായിരുന്നു.
ഈ വര്‍ഷം കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ പ്രധാന വേദികളിലൊന്നാകേണ്ടതാണ് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം. ഇതിനായി സിന്തറ്റിക് ട്രാക്ക് അടക്കമുള്ളവ നിര്‍മ്മിക്കുന്നുണ്ട്. നാലു കോടി രൂപ ചെലവില്‍ സിന്തറ്റിക് ട്രാക്ക് ഒരുക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിച്ചു വരികയാണെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍ സ്‌റ്റേഡിയം കണ്‍വെന്‍ഷന്‍ സെന്ററാക്കുന്നത് തെറ്റായ തീരുമാനം ആണെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസിലെ ആദ്യ ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്ന എന്‍ ചന്ദ്രശേഖരന്‍ നായരുടെ പേരില്‍ 1956ല്‍ സ്ഥാപിച്ചതാണ് സ്‌റ്റേഡിയം. ചാരിറ്റബിള്‍ ആക്ട് പ്രകാരം കേരള പൊലീസ് സര്‍വീസ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പേരിലാണ് സ്‌റ്റേഡിയം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം സ്‌റ്റേഡിയം കണ്‍വെന്‍ഷന്‍ സെന്ററാക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു അറിവും ഇല്ലെന്ന് കേരള പൊലീസ് സര്‍വീസ് വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഇതുകൂടാതെ വെള്ളയമ്പലത്തെ ജലഅതോറിറ്റിയുടെ സ്ഥലത്തുള്ള സ്വിമ്മിംഗ് പൂളിലും കണ്‍വെന്‍ഷന്‍ സെന്റര്‍ വരുന്നുണ്ട്. കേരളത്തിന്റെ തന്നെ അഭിമാനമായ സ്വിമ്മിംഗ് പൂള്‍ പുതുക്കിപ്പണിയാനായി മാസങ്ങള്‍ക്കുമുന്‍പേ പൊളിച്ചിട്ടിരിക്കുകയാണ്. ഇവിടെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍് പണിയാനാണ് ജില്ലാ വ്യവസായ വകുപ്പിന്റെ പദ്ധതി. തലസ്ഥാനത്ത് സ്ഥിരമായി പ്രദര്‍ശനകേന്ദ്രം കൊണ്ടുവരാനാണ് ജില്ലാ വ്യവസായ കേന്ദ്രം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നാഷണല്‍ ഗെയിംസിനായി പുതുക്കിപണിയാനാണ് സ്വിമ്മിംഗ് പൂള്‍ അടച്ചത്. അധികൃതരുടെ ഈ നീക്കത്തിനെതിരെ വ്യാപകമായ പരാതികള്‍ ഉയരുന്നുണ്ട്.
എമര്‍ജിംഗ് കേരളയില്‍ ചീമേനി പ്ലാന്റേഷനും
കാസര്‍കോട്: എമര്‍ജിംഗ് കേരള എന്ന പേരില്‍ അതീവ തന്ത്രപ്രധാന പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഭൂമാഫിയകള്‍ക്ക് ചുളുവിലയ്ക്ക് വിറ്റഴിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ കാസര്‍കോട് ചീമേനിയിലെ അതിമനോഹരപ്രദേശമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍സ്ഥലവും.
ചീമേനിയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വാതകാധിഷ്ഠിത വൈദ്യുതപ്ലാന്റിന്റെ പേരിലാണ് ആഗോള നിക്ഷേപ സംഗമത്തിന്റെ മറവില്‍ തട്ടിപ്പു നടത്താന്‍ സാധ്യത തെളിയുന്നത്. പരമാവധി 200 ഏക്കര്‍ സ്ഥലംമാത്രം മതിയെങ്കിലും എമര്‍ജിംഗ് കേരളയിലൂടെ സംരംഭകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് 1612 ഏക്കര്‍ ഭൂമിയാണ്. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനേയും (കെ എസ് ഐ ഡി സി) സംസ്ഥാന വൈദ്യുതി ബോര്‍ഡിനെയുമാണ് (കെ എസ് ഇ ബി) സര്‍ക്കാര്‍ പദ്ധതിയുടെ ചുമതല ഏല്‍പിച്ചിരിക്കുന്നത്. ഇതുവഴി സ്വകാര്യ മേഖലയ്ക്ക് ഭൂമി കൈമാറാനുള്ള നീക്കവും നടക്കുന്നതായാണ് വിവരം. സംസ്ഥാനത്തിന് പുറത്തേക്ക് വൈദ്യുതി വില്‍ക്കാനും ചീമേനി പദ്ധതിയില്‍ അനുവാദം നല്‍കുന്നു.
1200 മെഗാവാട്ട് വൈദ്യുതിയാണ് ചീമേനിയിലെ വാതകാധിഷ്ഠിത പദ്ധതിയില്‍നിന്നും ഉദ്ദേശിക്കുന്നത്. അതേസമയം ബ്രഹ്മപുരത്തുള്ള 1028 മെഗാവാട്ടിന്റെ വാതകാധിഷ്ഠിത പദ്ധതി വെറും 60 ഏക്കര്‍ സ്ഥലത്താണ് സംസ്ഥാന വൈദ്യുതിബോര്‍ഡുതന്നെ നടപ്പാക്കിവരുന്നത്. വൈപ്പിനില്‍ പെട്രോനെറ്റുമായി ചേര്‍ന്നു നടപ്പാക്കുന്ന 1200 മെഗാവാട്ടിന്റെ പദ്ധതിക്കുള്ളത് 150 ഏക്കര്‍ ഭൂമിയാണ്. വ്യവസായ വികസനത്തിന്റെ പേരിലാണ് ഇത്തരം ഭൂ ഇടപാടുകള്‍ നടത്തുന്നതെങ്കിലും അനുവദിച്ച സ്ഥലത്തിന്റെ പത്തുശതമാനംപോലും വികസനത്തിന് ആവശ്യമില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ചീമേനിയില്‍ സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ പേരിലും വന്‍ഭൂകച്ചവടമാണ് ഉദ്ദേശിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
janayugom 060912 cartoon from deshabhimani 060912
Subscribe to:
Post Comments (Atom)
നാഷണല്‍ ഗെയിംസ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ തലസ്ഥാനത്തിന്റെ കായിക ഭൂപടത്തിലെ പ്രധാന കേന്ദ്രമായ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം വിറ്റു തുലയ്ക്കാന്‍ എമര്‍ജിംഗ് കേരളയില്‍ പദ്ധതി. ലോകോത്തര നിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്ററാക്കി മാറ്റുമെന്നാണ് പദ്ധതി വാഗ്ദാനം.
ReplyDelete